റസൂല്‍(ﷺ) പറയുകയുണ്ടായി: നീയെവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തെറ്റുകള്‍ സംഭവിച്ചാല്‍ ഉടനെ പകരമായി നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. അത് തിന്മയെ മായ്ക്കുന്നതാണ്. ജനങ്ങളോട് സല്‍സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക.

നബി(ﷺ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹാ യം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നി നക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു. (തിര്‍മിദി ഉദ്ധരിക്കുകയും സ്വഹീഹും ഹസനുമായ പരമ്പരയാണ് വിധിക്കുകയും ചെയ്തത്) തിര്‍മുദിയുടെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പി ല്‍ കണ്ടെത്താം. ഐശ്വര്യമുണ്ടാകുമ്പോള്‍ നീ അല്ലാഹുവിനെ അറിയുക, എന്നാല്‍ പ്രയാസം വരുമ്പോള്‍ നിന്നെ അവന്‍ അറിയുന്നതാണ്. നീ മനസ്സിലാക്കുക, നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് ലഭിക്കേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നില്‍ നിന്ന് വിട്ടൊഴിയുമായിരുന്നില്ല. ക്ഷമയോടൊപ്പമാണ് വിജയമെന്ന് നീ അറിയുക. ദുരിതത്തിന് ശേഷമാണ് ആശ്വാസമെന്നതും ഞെരുക്കത്തിനൊപ്പം എളുപ്പമുണ്ടെന്നും നീ അറിയുക.

 

റസൂല്‍(ﷺ) പറഞ്ഞു: തന്റെ ശരീരത്തെ കീഴൊതുക്കി ജീവിക്കുകയും പരലോക വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനത്രേ ബുദ്ധിയുള്ളവന്‍. ദേഹേഛ കള്‍ക്കൊത്ത് ജീവിക്കുകയും അല്ലാഹുവില്‍ നിന്ന്‌ അനര്‍ഹമായത് കൊതിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവനാകുന്നു ദുര്‍ബലന്‍. (തിര്‍മിദി )

 

റസൂല്‍(ﷺ) പറഞ്ഞു: താനുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നത് ഒരാളുടെ ഇസ്‌ലാമിക മേന്മയില്‍ പെട്ടതാണ്. (തിര്‍മിദി )