കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് ‘അദബ്’ പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍)
അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന് ഏറെ ഇഷ്ടപ്പെട്ട നാമങ്ങളാണെന്ന് നബി (സ്വ)പറഞ്ഞിരിക്കുന്നു. (സ്വഹീഹ് മുസ് ലിം) അപ്രകാരം തന്നെ മുഹമ്മദ് എന്ന് നാമകരണം ചെയ്യുന്നതില്‍ ഉന്നതമായ നിരവധി ഗുണങ്ങളുണ്ടെന്ന് ഹദീസുകളില്‍ വന്നിരിക്കുന്നു.(തുഹ്ഫ 9-373) എന്നോടുള്ള സ്‌നേഹത്തിന്റെ പേരിലും ബറകത്തിന് വേണ്ടിയും പുത്രന് മുഹമ്മദ് എന്ന് പേരിട്ടാല്‍ ആ പിതാവും പുത്രനും സ്വര്‍ഗ്ഗത്തിലെത്താന്‍ അത് കാരണമാകുമെന്ന് നബ (സ്വ) പറഞ്ഞിട്ടുണ്ട്. (അഹ് മദ്,ഇബ്‌നു അസാകിര്‍)ഒരാള്‍ക്ക് മൂന്ന് ആണ്‍മക്കള്‍ ജനിച്ചു.ഒരാള്‍ക്ക് മുഹമ്മദ് എന്ന് പേരിട്ടില്ല. എങ്കില്‍ അവന്‍ വിവരമില്ലാത്ത ‘ജാഹിലാ’ണെന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിക്കുന്നു. മുഹമ്മദ്, അഹ് മദ്, ഹാമിദ്, മഹ് മൂദ്, അബ്ദുല്ല, റഊഫ്, രഹീം, ഹാശിര്‍ തുടങ്ങിയ വിവിധ നാമങ്ങള്‍ റസൂല്‍കരീം (സ്വ) തങ്ങള്‍ക്കുണ്ട്. മുത്ത് നബി (സ്വ) യുടെ നാമങ്ങളിലൊന്ന് കുട്ടിക്ക് നല്‍കല്‍ സുന്നത്താണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ബുജൈരിമി അലല്‍ ഖത്വീബ് -39)
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളോടൊപ്പം ‘അബ്ദ്’ എന്ന പദം ചേര്‍ത്തി കൊണ്ടുള്ള നാമങ്ങള്‍ ഉത്തമനാമങ്ങളാണ്. നിങ്ങള്‍ പേരിടുമ്പോള്‍ അല്ലാഹുവിന്റെ അടിമകളാണെന്ന് അടയാളപ്പെടുത്തുന്ന പേരുകള്‍ വെക്കുകഎന്ന് ഇമാം ത്വബ്‌റാനി ഉദ്ധരിച്ച ഹദീസിലുണ്ട്.അബ്ദുല്ല, അബ്ദുറഹീം, അബ്ദുല്‍ കരീം, അബ്ദുസ്സ്വമദ് തുടങ്ങിയവയെല്ലാം ഈ വകുപ്പില്‍ പെട്ടതാണ്.
അതേ സമയം അല്ലാഹു അല്ലാത്തവരിലേക്ക് ‘അബ്ദ്’ എന്ന പദം ചേര്‍ത്തി പേര് വെക്കുന്നത് ശരിയല്ല. അബ്ദുല്‍ കഅ്ബ, അബ്ദുല്‍ ഹുസൈന്‍, അബ്ദു അലി തുടങ്ങിയ പേരുകള്‍ ഈ വകുപ്പില്‍ പെട്ടതാണ്. കഅ്ബയുടെ അടിമ, ഹുസൈന്റെ അടിമ, അലിയുടെ അടിമ എന്നിങ്ങനെയാണ് ഈ പേരുകളുടെ അര്‍ത്ഥങ്ങള്‍. ഇത്തരം പേരുകള്‍ ഹറാമാണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിരിക്കുന്നു. (തുഹ്ഫ 9-373)
അമ്പിയാഅ്, സ്വഹാബികള്‍, ഔലിയാഅ്, സ്വാലിഹീങ്ങള്‍ എന്നിവരുടെ സ്മരണയും ബറകത്തും ഉദ്ദേശിച്ച് അവരുടെ നാമങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ട്. അപ്രകാരം തന്നെ സച്ചരിതരായ പൂര്‍വ്വ പിതാക്കളുടെയും മാതാക്കളുടെയും പേരുകള്‍ സ്വീകരിക്കുന്നതിനും പ്രാധാന്യമുണ്ട്. നബി (സ്വ) പുത്രന് ഇബ്‌റാഹീം എന്ന് പേര് വെച്ചത് അവിടുത്തെ പിതാമഹനായ ഇബ്‌റാഹീം (അ) ന്റെ നാമം നിലനിറുത്താന്‍ വേണ്ടിയായിരുന്നുവെന്ന് ഇമാം ഇബ്‌നുഹജര്‍ (റ) എഴുതിയിട്ടുണ്ട്. (തുഹ്ഫ 9-373)
പെണ്‍കുട്ടികള്‍ക്ക് ഫാത്വിമ, ആഇശ,ഖദീജ,ആമിന, സേനബ,ജമീല, ജുവൈരിയ തുടങ്ങിയവ ശ്രേസഷ്ഠനാമങ്ങളാണ്. നബി (സ്വ)നിര്‍ദ്ദേശിച്ചതും ഇഷ്ടപ്പെട്ടതുമായ പേരുകളാണിവ.
ഹര്‍ബ് (യുദ്ധം,കലഹം) ശിഹാബി (തീജ്വാല) ശൈത്വാന്‍ (പിശാച്) ളാലിം (അക്രമി) ഹിമാര്‍ (കഴുത) മുര്‍റ: (കയ്പുരസം) തുടങ്ങിയവ നിരോധിക്കപ്പെട്ട പേരുകളാണ്. നിഷേധം ദുര്‍ലക്ഷണമായി കണക്കാക്കപ്പെടുന്ന നാമങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക്, നജീഫ്, റബാഹ്, അഫ്‌ലാഹ്, ബര്‍റ: തുടങ്ങിയവ ഈ ഗ്രൂപ്പില്‍പെട്ട പേരുകളാണ്. ഇത്തരം പേരുകള്‍ കറാഹത്താണെന്ന് കര്‍മ്മശാസ്ത്ര ഇമാമുകള്‍ വ്യക്തമാക്കിയിരിക്കുന്നു. (തുഹ്ഫ 9 – 373, നിഹായ 8-148)
റഹ് മത്ത്, ബറകത്ത് തുടങ്ങിയ പേരുകള്‍ നല്‍കിയാല്‍ റഹ് മത്ത്/ ബറകത്ത് അവിടെ ഉണ്ടോ എന്ന് ചോദിക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ ഇല്ലെന്ന് പറയേണ്ടതായിവരും. ഈ നിഷേധം ലക്ഷണക്കേടായിവിലയിരുത്തപ്പെടുന്നതാണ്. അതിനാലാണ് ഇത്തരം പേരുകള്‍ നിേേരാധിക്കപ്പെട്ടത്.
സമുറത്ബ്‌നു ജുന്‍ദുബ് (റ) നിവേദനം, റസൂലുല്ലാഹി (സ്വ) പറഞ്ഞു. റബാഹ്, യസാര്‍, നാഫ്അ്, നജീബ് എന്നിവനിന്റെ കുട്ടിക്ക് പേരായി നിശ്ചയിക്കരുത്. കാരണം അവന്‍ അവിടെ ഉണ്ടോ എന്ന് ചോദിക്കപ്പെടും. അവന്‍ അവിടെ ഉണ്ടാവുകയില്ല.അപ്പോള്‍ ഇല്ലെന്ന് പറയേണ്ടതായിവരു.(മുസ്‌ലിം)
നിരോധിക്കപ്പെട്ട പേരുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റം ചെയ്യേണ്ടാതാണന്ന് നബി (സ്വ) പലരുടെയും പേരുകള്‍ മാറ്റം ചെയ്തതായി സ്വഹീഹായ ഹദീസുകളുണ്ട്. ഒരു സ്ത്രീയുടെ പേരിനര്‍ത്ഥം അനുസരിക്കാത്തവര്‍ എന്നായിരുന്നു. നബി (സ്വ) അത് മാറ്റി അവള്‍ക്ക് ജമീല എന്ന പേര് നിര്‍ദ്ദേശിച്ചു. (മുസ്‌ലിം) ബര്‍റ: എന്ന പേര് മാറ്റി സൈനബ എന്നാക്കി (മുസ്‌ലിം) ബര്‍റ: എന്ന് പേരുള്ള മറ്റൊരു സ്ത്രീയുടെ പേര് ജുവൈരിയ എന്നാക്കി മാറ്റി. (മുസ് ലിം) ആസ്വി എന്ന പേര് മാറ്റി അബ്ദുല്ല എന്ന് നാമകരണം ചെയ്തി. (ബൈഹഖി)
പേരുകള്‍ അറബി ഭാഷയിലാവണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അറബി ഭാഷയാണ് ഇസ് ലാമിന്റെ ഔദ്യോഗിക ഭാഷ. പ്രധാനപ്പെട്ട പല ആരാധനാ കര്‍മ്മങ്ങള്‍ക്കും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും,അറബി ഭാഷയാണ്.വിശുദ്ധ ഖുര്‍ആനിന്റെയും മുത്ത് നബി (സ്വ) യുടെയും ഭാഷ അറബിയാണല്ലോ. അറബി ഭാഷയോടുള്ള അടുപ്പവും ഇഷ്ടവും പ്രതിഫലാര്‍ഹമാണെന്നാണ് ഇസ്‌ലാമിക പാഠം. അതിനാല്‍ അറബി ഭാഷയിലുള്ള പേരുകള്‍ തെരഞ്ഞടുക്കുന്നതിന് പ്രാധാന്യമുണ്ട്. ഈമാനും ഇസ്‌ലാമും അടയാളപ്പെടുത്തുന്ന നാമങ്ങളാണ് ഏറെ നല്ലതെന്ന് പറയേണ്ടതില്ല.
കേവലം നല്ല അര്‍ത്ഥം എന്നതല്ല പേരിടുമ്പോള്‍ പരിഗണിക്കേണ്ടത്. റഹ്മത്ത്, ബറകത്ത് എന്നിവ അനുഗ്രഹം, അഭിവൃദ്ധി എന്നിങ്ങനെ നല്ല അര്‍ത്ഥങ്ങളുള്ള പേരുകളാണ്. പക്ഷേ അവ നിരോധിക്കപ്പെട്ടിരിക്കുന്നു. അര്‍ത്ഥം നന്നാവുക എന്നതിനപ്പുറം പലതും പേരുകളില്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഇസ്‌ലാമിക പാഠങ്ങളറിയുന്ന ഉത്തമനായ വ്യക്തിയോടന്യേഷിച്ച് അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പേര് സ്വീകരിക്കലാണ്.
പ്രവാചക ശിഷ്യരായ സ്വഹാബികള്‍ സന്താനങ്ങള്‍ക്ക് പേരിടാന്‍ നബി (സ്വ) യെ സമീപിക്കുകയും അവിടുന്ന് പേര് നിര്‍ദ്ദേശിക്കുകയും ചെയ്യലായിരുന്നു പതിവ്. ഹദീസ് പാഠങ്ങള്‍ വിശദീകരിച്ചു കൊണ്ട് പ്രമുഖനായ ഇമാം നവവി(റ) എഴുതുന്നു. നല്ല പേര് കണ്ടെത്തി പേര് നിശ്ചയിക്കാന്‍ ഉത്തമനായ ഒരു വ്യക്തിയെ ഏല്‍പിക്കല്‍ സുനനത്താണെന്ന് ഹദീസ് പാഠങ്ങളിലുണ്ട്. (ശറഹ് മുസ് ലിം 7-343)
പ്രസവത്തിന്റെ ഏഴാം ദിവസം പേരിടലാണ് സുന്നത്ത്. ഏഴിന് മുമ്പ് പേരിടുന്നത് തെറ്റല്ല. പ്രസവ ദിവസം തന്നെ പേര് നിശ്ചയിച്ചതും ഹദീസുകളിലുണ്ട്. അഖീഖ: അറവ് ഉദ്ദേശമുണ്ടെങ്കില്‍ ഏഴാം ദിവസത്തിലും ഇല്ലെങ്കില്‍ പ്രസവത ദിവസവുമാണ് നാമകരണത്തിന് നല്ലെതെന്ന് വിശദീകരിച്ച ഇമാമുകളുണ്ട്. (നിഹായ 8-148 കാണുക)
പിതാവ്,പിതാമഹന്‍ തുടങ്ങിയ രക്ഷിതാക്കള്‍ക്കാണ് പേര് നശ്ചയിക്കാനുള്ള അവകാശം. അവര്‍ നല്ല പേര് കണ്ടെത്തുകയോ ഉത്തമനായ മറ്റൊരാളെ ഏല്‍പിക്കുകയോ ചെയ്യണം. പേരിടുന്നതിന് മുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്താണ്. ജീവന്‍ ലഭിക്കുന്ന സമയമായതിന് ശേഷം ജീവനില്ലാതെ പ്രസവിക്കപ്പെട്ട കുട്ടിക്കും പേര് നിശ്ചയിക്കല്‍ സുന്നത്ത് തന്നെയാണ്.