ഉമര്‍ (റ) നിവേദനം: ഒരു ദിവസം ഞങ്ങള്‍ നബി(സ)ക്ക് ചുറ്റുമിരിക്കുമ്പോള്‍ കറുകറുത്ത മുടിയുള്ള ശുഭ്രവസ്ത്രധാരിയായ ഒരാള്‍ കടന്ന് വന്നു. ഞങ്ങളില്‍ ഒരാള്‍ക്കും അയാളെ പരിചയമുണ്ടായിരുന്നില്ല. അയാളില്‍ യാത്രയുടെ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ അയാളുടെ കാല്‍മുട്ടുകള്‍ നബി(സ)യുടെ കാല്‍മുട്ടുകളോട് ചേര്‍ത്ത് വെച്ച് അയാളുടെ തുടകളില്‍ കൈകളും വെച്ചു. എന്നിട്ട് അയാള്‍ ചോദിക്കുകയുണ്ടായി: മുഹ മ്മദ് (സ), ഇസ്‌ലാമിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ) പറയുകയുണ്ടായി: ഇസ്‌ലാമെന്നാല്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി(സ)അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും നീ സാക്ഷ്യം വഹിക്കുക, നമസ്‌കാരം കൃത്യതയോടെ നിര്‍വ്വഹിക്കുക, സകാത്ത് നല്‍കുക, റമളാനിലെ വൃതമനുഷ്ഠിക്കുക, സാധിക്കുന്നവര്‍ ഹജ്ജ് നിര്‍വ്വഹിക്കുക എന്നിവയാണ്. അപ്പോള്‍ അയാള്‍ പറയുകയുണ്ടായി: നിങ്ങള്‍ പറയുന്നത് ശരിതന്നെയാണ്. അത് കേട്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. അയാള്‍ ചോദ്യം ചോദിക്കുകയും ഉത്തരം കേള്‍ക്കുമ്പോള്‍ ശരിയാണന്ന് പറയുകയും ചെയ്യുന്നതെന്ത് കൊണ്ടാണ്. അയാള്‍ വീണ്ടും ചോദി ക്കുകയുണ്ടായി: ഈമാനിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ)പറയുകയുണ്ടായി അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും, അവന്റെ ദൂതരിലും, അന്ത്യദിനത്തിലും, നന്മയും തിന്മയും അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും വിശ്വസിക്കലാകുന്നു. അപ്പോള്‍ അയാള്‍ പറയുകയുണ്ടായി: നിങ്ങള്‍ പറയുന്നത് ശരിതന്നെയാണ്. അയാള്‍ വീണ്ടും ചോദിക്കുകയുണ്ടായി: ഇഹ്‌സാനിനെ ക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. നബി(സ)പറയുകയുണ്ടായി: നീ അല്ലാഹുവിനെ കാണുന്ന രൂപത്തില്‍ ആരാധന നിര്‍വ്വഹിക്കലാണ് ഇഹ്‌സാന്‍. അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും അവന്‍ നിന്നെക്കാണു ന്നുണ്ട് . അയാള്‍ വീണ്ടും ചോദിക്കുകയുണ്ടായി: അന്ത്യനാളിനെക്കുറിച്ച് നിങ്ങള്‍ എനിക്ക് പറഞ്ഞ് തരിക. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: ചോദിക്കുന്നവനെക്കാള്‍ മറുപടി പറയുന്നവന് തദ്‌വിഷയത്തെക്കുറിച്ച് അറിയില്ല. അയാള്‍ ചോദിച്ചു: എന്നാല്‍ അതിന്റെ അടയാളങ്ങളെക്കുറിച്ച് പറഞ്ഞ് തരിക. അപ്പോള്‍ നബി(സ)പറയുകയുണ്ടായി: അടിമ സ്ത്രീ യജമാനത്തിയെ പ്രസവിക്കുന്നതും, നഗ്‌ന പാദരും വിവസ്ത്രരും ദരിദ്രരുമാ യ ആട്ടിടയന്മാര്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതില്‍ മത്സരിക്കുന്നത് നീ കാണുന്നതുമാണ് . അങ്ങിനെ അയാള്‍ പോവുകയും ഞാന്‍ അല്പ സമയം അവിടെ തങ്ങുകയും ചെയ്തു. അപ്പോള്‍ നബി(സ)ചോദിക്കുകയുണ്ടായി: ഉമര്‍ , ആരാണ് ആ ചോദ്യകര്‍ത്താവെന്ന് നിങ്ങള്‍ക്കറിയുമോ? ഞാന്‍ പറഞ്ഞു: അല്ലാഹു വിനും തിരു ദൂതനുമറിയാം. നബി(സ)പറയുകയുണ്ടായി: അയാള്‍ ജിബ്‌രീല്‍(അ) ആയിരുന്നു. നിങ്ങളുടെ മതത്തെക്കുറിച്ച് നിങ്ങള്‍ക്ക് പഠിപ്പിച്ച് തരാന്‍ വന്നതാണ്. (മുസ്‌ലിം)