അനസ്(റ)വില്‍ നിന്ന് നിവേദനം:
അബൂത്വല്‍ഹത്തിന്റെ(റ) ഒരുകുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്ന സന്ദര്‍ഭത്തില്‍ ആ കുട്ടി മരിക്കുകയും ചെയ്തു. അബൂത്വല്‍ഹ(റ) വന്നപ്പോ ള്‍ കുട്ടിക്കെങ്ങിനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോള്‍ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു. അവര്‍ നല്കിയ അത്താഴം കഴിച്ച ശേഷം അവര്‍ വേഴ്ച നടത്തുകയും ചെയ്തു. അത് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. കുട്ടിയെ മറവ് ചെയ്യൂ എന്ന്. നേരം പുലര്‍ന്നപ്പോള്‍ അബൂത്വല്‍ഹ(റ) ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ)ചോദിച്ചു: നിങ്ങള്‍ ഇന്നലെ ഭാര്യയുമായി കിടപ്പറ പങ്കിട്ടിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ)അരുളി: കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബറകത്ത് നല്കട്ടെ. അങ്ങിനെയവര്‍ പ്രസവിച്ചപ്പോള്‍ കുട്ടിയേയുമെടുത്ത് നബി(സ)യുടെ അടുത്ത് ചെല്ലുവാന്‍ അബുത്വല്‍ഹ(റ) എന്നോട് പറഞ്ഞു. അവന്റെ കൂടെ അല്പം ഈത്തപ്പഴം കൂടി തന്നിട്ടുണ്ടായിരുന്നു. നബി(സ) ചോദിച്ചു: അവന്റെ കൂടെ വല്ലതുമുണ്ടോ? അതെ, ഈത്തപ്പഴമുണ്ടെന്ന് പറഞ്ഞു. നബി(സ)അതെടുത്ത് വായിലിട്ട് ചവച്ചരച്ച ശേഷം കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കുകയും അവന് അബ്ദു ല്ല എന്ന് പേരിടുകയും ചെയ്തു. (മുത്തഫഖുന്‍ അലൈഹി)
ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ കൂടിയുണ്ട് ; ഇബ്നു ഉയയ്ന(റ) പറയുന്നു: ഒരു അന്‍സാരി പറയുന്നു: ഖുര്‍ആന്‍ പഠിച്ച ഒന്‍പതു കുട്ടികള്‍ – അബ്ദുല്ലാക്ക് – ജനിച്ചു വളര്‍ന്നത് ഞാന്‍ കാണുകയുണ്ടായി.
മുസ്ലിമിന്റെ ഒരു റിപ്പോര്‍ട്ടിലുളളത്: അബൂത്വല്‍ഹക്ക് (റ)ഉമ്മുസുലൈം എന്ന ഭാര്യയിലുളള ഒരു കുട്ടി മരിക്കുകയുണ്ടായി. അപ്പോള്‍ ആ മഹതി വീട്ടുകാരോട് പറഞ്ഞു: മകന് മരിച്ച വിവരം ഞാന്‍അബൂത്വല്‍ഹ(റ)യോട് പറയുന്നത് വരെ നിങ്ങളാരും പറയരുത്. അദ്ദേഹം വന്ന പ്പോള്‍ അവള് അത്താഴഭക്ഷണം കഴിക്കാന്‍ നല്കി. അദ്ദേഹം അത് കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു. അനന്തരം ആ മഹതി ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങി. അങ്ങനെ അദ്ദേഹം അവളെ പ്രാപിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിനെ വേണ്ട ത്ര സന്തോഷിപ്പിച്ചശേഷം മഹതി ഇങ്ങനെ പറഞ്ഞു: അബൂത്വല്‍ഹാ(റ) ഞാന്‍ ഒരു കാര്യം ചോദിക്ക ട്ടെ, ആളുകള്‍ അവരുടെ സൂക്ഷിപ്പുസ്വത്ത് വല്ല വീട്ടുകാരെയും ഏല്‍പ്പിക്കുകയും പിന്നീടത് അവര്‍ തിരിച്ചു ചോദിക്കുകയും ചെയ്താല്‍ ആ വീട്ടുകാര്‍ക്ക് അവരുടെ സൂക്ഷിപ്പുസ്വത്ത് തടഞ്ഞുവെക്കാന്‍ അവകാശ മുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. അന്നേരം അവള് പറഞ്ഞു: എങ്കില്‍ താങ്കളുടെ പുത്രന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ പ്രതിഫലമോര്‍ത്ത് ക്ഷമിക്കൂ. തദവസരത്തില്‍ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇങ്ങനെ പറഞ്ഞു: ഞാന്‍ വേഴ്ച്ചനടത്തി എല്ലാം കഴിഞ്ഞതിന് ശേഷമല്ലേ നീ ഈ വിവരം പറഞ്ഞത്? അദ്ദേഹം പ്രവാചകന്റെയടുത്ത് ചെന്ന് ഈ സംഭവങ്ങളെല്ലാം വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കഴിഞ്ഞ രാത്രിയില്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. നിവേദകന് പറയുന്നു: അങ്ങനെ അവര്‍ ഗര്‍ഭിണിയായിരുന്നു. നബി(സ)യുടെ ഒരു യാത്രയില്‍ അവരും കൂടെയുണ്ടായി രുന്നു. അവര്‍ മദീനയോടടുക്കാറായപ്പോള്‍ അല്‍പ്പം വിശ്രമിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ യാതൊരു മുന്നറീയിപ്പുമില്ലാതെ നബി(സ) മദീനയില്‍ പ്രവേശിച്ചിരുന്നില്ല. അപ്പോഴാണ് മഹതിക്ക് പ്രസവവേദനയുണ്ടായത്. അങ്ങനെ അബൂത്വല്‍ഹ(റ)യും അവരോ ടൊപ്പം അവിടെ തന്നെ തങ്ങി. പ്രവാചകന്(സ) പുറപ്പെടുകയും ചെയ്തു. അബൂത്വല്‍ഹ(റ) പ്രാര്‍ത്ഥിച്ചു. എന്റെ റബ്ബേ പ്രവാചക(സ)ന്റെ കൂടെ യാത്ര പുറപ്പെടുന്നതും അവിടുത്തോടൊപ്പം തന്നെ തിരിച്ചെത്തുന്നതുമാണ് എനിക്കിഷ്ടം എന്നാല്‍ ഞാനിപ്പോള്‍ തങ്ങേണ്ടി വന്നത് നീ കാണുന്നുവല്ലോ. ഉമ്മുസുലൈം പറഞ്ഞു: അബൂത്വല്‍ഹാ(റ), എനിക്ക് നേരെത്തെയുണ്ടാ യിരുന്ന വേദന ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. അതിനാല്‍ പുറപ്പെട്ടോളൂ. അങ്ങനെ അവര്‍ യാത്ര പുറപ്പെട്ടു. മദീനയില്‍ എത്തിയ പ്പോള്‍തന്നെ അവര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അപ്പോള്‍ ഉമ്മ എന്നോട് പറഞ്ഞു: അനസേ പ്രവാചക(സ)ന്റെയടുത്ത് കൊണ്ട് പോകുന്നതുവരെ കുഞ്ഞിന് മുലകൊടുക്കാന്‍ പറ്റില്ല. നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ കുഞ്ഞിനെയുമായി നബി(സ)യുടെ അടുത്തെത്തി.