പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പുറപ്പെടുന്ന രക്തം നിഫാസോ അതോ ഇസ്തിഹാളതോ? പരിഗണനയുടെ മാനദണ്ഡം എന്താണ്?
പ്രസ്തുത രക്തം നിഫാസായാണ് പരിഗണിക്കുക. പ്രസവം കാരണം ഗര്‍ഭപാത്രം കാലിയായതിനു ശേഷം 15 ദിവസത്തിന് മുമ്പ് പുറപ്പെടുന്ന രക്തമായത് കൊണ്ട് ആ രക്തം നിഫാസായി പരിഗണിക്കപ്പെടുന്നതാണ് (തുഹ്ഫതുല്‍ മുഹ്താജ്–ഹാശിയ സഹിതം 1/408).
ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുലൈമാനു ബ്നു മുഹമ്മദ് അല്‍ബുജൈരിമി(റ) എഴുതി: നിഫാസിന്റെ ആരംഭം രക്തം കാണുന്നത് മുതലാണ്. പ്രസവം മുതലല്ല. അപ്രകാരമല്ലായിരുന്നുവെങ്കില്‍ പ്രസവത്തെ തൊട്ട് രക്തം വരല് പിന്തിയാല്‍ അഥവാ 15-ല്‍ താഴെ ദിവസം കഴിഞ്ഞതിന് ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കില്‍ രക്തം വരുന്നതിന് മുമ്പുള്ള ശുദ്ധിയുള്ള ദിവസങ്ങള്‍ നിഫാസാണെന്ന് പറയേണ്ടതായി വരും. അതിനാല്‍ പ്രസ്തുത സമയത്ത് സ്ത്രീകള്‍ നിസ്കാരം ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും പറയേണ്ടിവരും.
അതേസമയം ഇമാം നവവി(റ)യുടെ ഗ്രന്ഥമായ മജ്മൂഇല്‍ ഇങ്ങനെ സ്വഹീഹായി വന്നിട്ടുണ്ട്: പ്രസവം കഴിഞ്ഞ ഉടനെ കുളിക്കല്‍ സ്വഹീഹാകുന്നതാണ്. അഥവാ രക്തം വരുന്നതിന് മുമ്പുള്ള സമയം. അവള് പ്രസവം നടന്നതിനു ശേഷം നിഫാസ് രക്തം വരുന്നതിനു മുമ്പുള്ള സന്ദര്‍ഭത്തില്‍ നിസ്കാരം നിര്‍വഹിക്കണമെന്നാണ് ഈ വാചകം തേടുന്നത് (ബുജൈരിമി: 1/301).