അമുസ്ലിം സ്ത്രീകളുടെ മുന്നിൽ മുസ്ലിം സ്ത്രീകളുടെ ഔറത്ത് ഏതാണ്? ജോലി സമയത്ത് വെളിവാകുന്ന ഭാഗം ഒഴികെയുള്ളതെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. എന്നാൽ, ഈയടുത്ത് ഒരു നല്ല മുസ്ലിയാരുടെ ക്ലിപ്പിൽ അതു മദ്ഹബിൽ പ്രബലമല്ലെന്നും മദ്ഹബിന്റെ ആധികാരിക വാക്ക് ഇമാം നവവിയുടെ അഭിപ്രായത്തിനെതിരാണെന്നും അന്യപുരുഷന്മാരെപ്പോലെ ശരീരം മുഴുവനുമാണ് പ്രബലാഭിപ്രായ പ്രകാരം അമുസ്ലിം സ്ത്രീക്കു മുന്നിൽ മുസ്ലിം സ്ത്രീകളുടെ ഔറത്തെന്നും ഇതു വിശുദ്ധ ഖുർആനിന്റെ (സൂറത്തുന്നൂർ) ‘വ നിസാഇഹിന്ന’ എന്ന വാക്യത്തിൽ നിന്നു വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. നുസ്രത്തിന്റെ മറുപടി?
സാധാരണ ജോലി വേളയിൽ വെളിപ്പെടുന്ന സ്ഥലങ്ങൾ അമുസ്ലിം സ്ത്രീകൾക്ക് മുസ്ലിം സ്ത്രീയിൽ നിന്നു കാണൽ അനുവദനീയമാണെന്നും മറ്റു ഭാഗങ്ങളാണ് നോക്കൽ നിഷിദ്ധമെന്നും ഇമാം നവവി(റ)യും റാഫിഈ(റ)യും റൗളയിലും അസ്’ലു റൗളയിലും പ്രബലപ്പെടുത്തിയതാണ്. നബി തിരുമേനി(സ) യുടെ സഹധർമ്മിണികളായ ഉമ്മഹാതുൽ മുഅ്മീനീങ്ങളുടെ വീടുകളിൽ അമുസ്ലിം സ്ത്രീകൾ പ്രവേശിച്ചിരുന്നതും തത്സമയത്ത് അവർ പ്രത്യേകം മറ പാലിച്ചതായി പറഞ്ഞിട്ടില്ലാത്തതും ഇതിന് മതിയായ തെളിവാണ്. അതേ സമയം, ചോദ്യത്തിൽ പറഞ്ഞ പോലെയും ഒരു സംഘം പ്രബലമാക്കിയിട്ടുണ്ട്. അമുസ്ലിം സ്ത്രീകൾ അന്യപുരുഷനെപ്പോലെയാണെന്ന്. പക്ഷേ, ഇമാം നവവിയും റാഫിഈയും പ്രബലപ്പെടുത്തിയതു തന്നെയാണ് മദ്ഹബിൽ പ്രബലാഭിപ്രായം. വ നിസാഇഹിന്ന എന്ന ഖുർആൻ വാക്യത്തിൽ മറിച്ചു വ്യക്തമാണെങ്കിൽ അതിനെതിരെ ഇമാം നവവിയും റാഫിഈയും പ്രബലമാക്കുമോ?! തുഹ്ഫ: 7-200 നോക്കുക.