വലിയ അശുദ്ധിയുള്ള സമയത്ത് ഹദ്ദാദില്‍ ചൊല്ലുന്ന സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും പാരായണം ചെയ്യല്‍ അനുവദനീയമാണോ?

അതേ. അനുവദനീയമാണ്. പതിവായി ചൊല്ലുന്ന ദിക്റുകള്‍ ഉപേക്ഷിക്കേണ്ടതില്ല. മാത്രമല്ല ഹദ്ദാദ് പോലുള്ള റാത്തീബുകളിലും വിര്‍ദുകളിലും സൂറത്തുല്‍ ഫാത്തിഹയും ആയത്തുല്‍ കുര്‍സിയ്യും മറ്റു ഖുര്‍ആന്‍ വചനങ്ങളും ദിക്റുകള്‍ തന്നെയാണ്.

അബ്ദുല്ലാഹി ബ്നു അഹ്മദ് പറയുന്നു: റാത്തീബുല്‍ ഹദ്ദാദില്‍ 25 ദിക്റുകളാണുള്ളത്. ഒന്നാമത്തെ ദിക്റ് സൂറത്തുല്‍ ഫാത്തിഹയാണ്. (ദഖീറതുല്‍ മആദ് ബി ശറഹി റാത്തീബില്‍ ഹദ്ദാദ്: 1/56).

അത്കൊണ്ട് തന്നെ സൂറത്തുല്‍ ഫാത്തിഹ ഹദ്ദാദിന്‍റെ ദിക്റുകളുടെ കൂട്ടത്തില്‍ പാരായണം ചെയ്യല്‍ വലിയ അശുദ്ധിയുള്ളവര്‍ക്ക് അനുവദനീയമാണ്.

ഖത്തീബു ശിര്‍ബീനി(റ) കുറിച്ചു: ഖുര്‍ആനാണെന്ന ഉദ്ദേശ്യമില്ലാതെ ഖുര്‍ആനിലെ ദിക്റുകളും ഉല്‍ബോധനങ്ങളും ചരിത്രവര്‍ണനകളും വിധികളുമൊക്കെ അനുവദനീയമാണ്. അതായത് യാത്ര പുറപ്പെടുമ്പോള്‍ ‘സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹൂ മുഖ്രിനീന്‍’ എന്നും വിപത്തുകളുണ്ടാകുമ്പോള്‍ ‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’ എന്നുമൊക്കെ ചൊല്ലല്‍. അതുപോലെ ഖുര്‍ആന്‍ ഉദ്ദേശ്യമില്ലാതെ നാവിലൂടെ കടന്നുവരുന്ന ആയത്തുകളൊക്കെ അനുവദനീയമാണ്.

ഖുര്‍ആന്‍ മാത്രം ഉദ്ദേശിച്ചോ ദിക്റിനോടൊപ്പം ഖുര്‍ആന്‍ കൂടി ഉദ്ദേശിച്ചോ ചെയ്താല്‍ വലിയ അശുദ്ധിക്കാരന് ഹറാമാണ്. എന്നാല്‍ ഒന്നും ഉദ്ദേശിക്കാതെ പാരായണം ചെയ്താല്‍ ഹറാമില്ല. ഇക്കാര്യം അദ്ദഖാഇഖ് എന്ന ഗ്രന്ഥത്തില്‍ ഉണര്‍ത്തിയതായി കാണാം. ഖുര്‍ആന്‍ ഉദ്ദേശിക്കാതിരിക്കുമ്പോള്‍ ഖുര്‍ആനിന്‍റെ പവിത്രതക്ക് ഭംഗംവരില്ല എന്നത് കൊണ്ടാണ് ഹറാമില്ലാത്തത്. കാരണം ഉദ്ദേശ്യമില്ലെങ്കില്‍ അത് ഖുര്‍ആനാവില്ലല്ലോ. ഈ വിഷയം ഇമാം നവവി(റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (മുഗ്നില്‍ മുഹ്താജ്: 1/72).

ഇബ്നു ഹജര്‍(റ) പറയുന്നു: ഖുര്‍ആനിലല്ലാതെ ഘടന(പദശൈലി) എത്തിക്കപ്പെടാത്ത സൂറത്തുല്‍ ഇഖ്ലാസ് പോലുള്ള സൂറത്തുകള്‍ പാരായണം ചെയ്യല്‍ നിരുപാധികം ഹറാമാണെന്നാണ് മുന്‍ഗാമികളായ ഒരു സംഘം പണ്ഡിതരുടെ അഭിപ്രായം. ഇത് പ്രമാണബദ്ധമാണുതാനും. ഇതുകൊണ്ടാണ് ഖുര്‍ആനാണെന്നു കരുതിയാലും ഇല്ലെങ്കിലും ഖുര്‍ആന്‍ വാക്യങ്ങള്‍ പാരായണം നിഷിദ്ധമാണെന്ന് ചില പണ്ഡിതര്‍ പ്രബലമാക്കിയത്. അതേസമയം ഖുര്‍ആനിലെ ദിക്റുകളായാലും അല്ലെങ്കിലും ഖുര്‍ആനെന്ന ഉദ്ദേശ്യമില്ലാതെ അവ പാരായണം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം നവവി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത അഭിപ്രായത്തെ അനേകം പണ്ഡിതന്മാര്‍ അവലംബമാക്കുകയും ചെയ്തിട്ടുണ്ട് (തുഹ്ഫതുല്‍ മുഹ്താജ്: 1/288 ശര്‍വാനി ഉള്‍പ്പെടെ കാണുക).