ഹിജ്റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്നു അബ്ദില്‍ മലികിന്റെ കാലത്തായിരുന്നു. താബിഉകള്‍ക്ക് ശേഷം ദാറുല്‍ ഹിജ്റ(മദീന)യിലെ ഇമാമായി അദ്ദേഹം നിലകൊണ്ടു. യമനികളായ അറബികളിലേക്കാണ് അദ്ദേഹത്തിന്റെ വംശപാരമ്പര്യം എത്തിച്ചേരുന്നത്.
ഇമാം മാലികിന്റെ മാതാവ് അറബി വംശജയായ ആലിയ ബിന്‍ത് ശുറൈക് ആയിരുന്നു. മാലികിന്റെ പാണ്ഡിത്യത്തെയും പ്രാഗല്‍ഭ്യത്തെയും വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് മദീനയാണ്. കുട്ടിക്കാലം മുതലേ താബിഉകളുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ സഹവാസം. റസൂലിന്റെ പള്ളിയുള്‍പ്പെടെയുള്ള വിജ്ഞാന സദസ്സുകള്‍ അവിടെ വ്യാപകമായിരുന്നു. ഓരോ സദസ്സിലും ഒരു മുഖ്യ പണ്ഡിതവര്യനാണ് നേതൃത്വം വഹിക്കുന്നത്. റബീഅത്ബ്നു ഉബയ്യും ഇബ്നു ഷിഹാബും ഇബ്നു ഹര്‍മൂസും ഈ ഗണത്തില്‍ പെട്ടവരാണ്. അതുകൊണ്ടു തന്നെ വൈജ്ഞാനികാന്തരീക്ഷത്തിലാണ് ഇമാം യുവത്വത്തിലേക്ക് നടന്നടുത്തത്. വളരെയേറെ കഷ്ടപ്പാടുകള്‍ സഹിച്ചു കൊണ്ടാണ് തന്റെ വിദ്യാഭ്യാസത്തെ ഇമാം മുന്നോട്ടു നയിച്ചത്. അതിനു വേണ്ടി തന്റെ വീടിന്റെ കഴുക്കോല്‍ പോലും ഇമാമിന് വില്‍ക്കേണ്ടി വന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫത്വ നല്‍കുന്നതിനെ സംബന്ധിച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “ഫത്വ നല്‍കാന്‍ ഞാന്‍ യോഗ്യനാണെന്ന് എഴുപത് പണ്ഡിതന്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ഞാന്‍ ഫത്വ നല്‍കുവാന്‍ ആരംഭിച്ചത്”.
900-ത്തിലധികം ഗുരുക്കന്മാരില്‍ നിന്ന് ഇമാം മാലിക് വിജ്ഞാനദാഹം തീര്‍ത്തതായി ചരിത്രം രേഖപ്പെടുത്തുന്നു. അവരില്‍ പ്രസിദ്ധരായവര്‍ താഴെപറയുന്നവരാണ്.
1) റബീഅതുറഅ്യ്:
മാലികിന്റെ ബാല്യകാലത്ത് മദീനയിലായിരുന്നപ്പോള്‍ അദ്ദേഹം ആദ്യമായി ശിഷ്യത്വം സ്വീകരിച്ചത് ഇദ്ദേഹത്തില്‍ നിന്നായിരുന്നു. യുവത്വം വരെ ഇത് തുടര്‍ന്നു. ഹിജ്റ 130 ാം വര്‍ഷം അദ്ദേഹം മരണപ്പെടുന്നതു വരെ മാലിക് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. മാലികിന്റെ കര്‍മശാസ്ത്ര നിഗമനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളായിരുന്നു.
2)അബ്ദൂല്ലാഹിബ്നു ഹുര്‍മൂസ്
കാലഗണനയുടെ അടിസ്ഥാനത്തില്‍ മാലികിന്റെ രണ്ടാമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. ഏകദേശം 7 വര്‍ഷത്തോളം അബ്ദുല്ലയുടെ ശിഷ്യത്വത്തില്‍ ഇമാം മാലിക് ജീവിച്ചു. ഹിജ്റ128-ല്‍ അദ്ദേഹം മദീനയില്‍ അന്തരിച്ചു.
3)നാഫിഅ് അദ്ദൈലമി
കര്‍മശാസ്ത്രപണ്ഡിതനും ഹദീസ് വിജ്ഞാനിയുമായിരുന്നു അദ്ദേഹം. ഉഷ്ണ കാലത്തും കഠിന ചൂടിനെ വകവെക്കാതെ മാലിക്(റ) അദ്ദേഹത്തെയും കാത്ത് വഴിയിലിരിക്കുമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഹിജ്റ:117-ലാണ് അദ്ദേഹം നിര്യാതനായെന്നാണ് പ്രബലമായ അഭിപ്രായം.
4)ഇബ്നുശിഹാബ് അസ്സുഹ്രി
നബി(സ)യുടെ ബന്ധത്തിലേക്ക് എത്തിച്ചേരുന്നതാണ് ഇദ്ദേഹത്തിന്റെ വംശപരമ്പര. വായനയെ അതിയായി സ്നേഹിച്ചിരുന്ന അദ്ദേഹത്തിന് ഗൃഹലൈബ്രറിയും ഉണ്ടായിരുന്നു.
5)ജഅ്ഫര്‍ സ്വാദിഖ്
ഇമാം ജഅ്ഫറിബ്നു മുഹമ്മദിബ്നു അലിയ്യിബ്നു ഹുസൈന്‍ എന്നാണ് യഥാര്‍ത്ഥ പേര്. ഇദ്ദേഹത്തില്‍ നിന്ന് ധാരാളം ഹദീസുകള്‍ മാലിക്(റ)തന്റെ പ്രസിദ്ധ ഗ്രന്ഥമായ മുവത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഹിജ്റവര്‍ഷം 149-ല്‍ അദ്ദേഹം അന്തരിച്ചു.
മാലികിന്റെ ഫിഖ്ഹീസംജ്ഞകളില്‍ സുപ്രധാന പങ്ക്വഹിച്ചവരാണ് മുകളില്‍ പറയപ്പെട്ടത്. സമകാലീനരായിരുന്ന പണ്ഡിതന്‍മാരെല്ലാം അദ്ദേഹത്തിന്റെ ഗുരുക്കന്മാരുടെ ഗണത്തില്‍പ്പട്ടവരാണ്. സഈദ്ബ്നുല്‍ മുസയ്യബും അബ്ദുല്ലാഹിബുനു സിക്വാനും ഈ ഗണത്തില്‍പ്പെടുന്നവരാണ്.
ഇമാം മാലിക് ഹദീസ് സ്വീകരിക്കുന്ന കാര്യത്തില്‍ വളരെ സൂക്ഷ്മാലുവായിരുന്നു. ഹദീസ് പരമ്പര സംശയാസ്പദമാണെങ്കില്‍ അതിനെ അദ്ദേഹം തള്ളിക്കളയും. ഇമാം മാലികിന്റെ ശിഷ്യനായിരുന്ന ഇമാം ശാഫിഈ(റ)യുടെ വാക്കുകള്‍ അതിനെ ബലപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: ‘ഇമാം മാലിക് ഹദീസില്‍ വല്ല സംശയവും തോന്നിയാല്‍ ആ ഹദീസ് തള്ളിക്കളയുമായിരുന്നു’.
ഇമാം സംസാരിക്കാനായി ഒരുമ്പെട്ടാല്‍ അംഗശുദ്ധി വരുത്തി വിരിപ്പില്‍ ഇരിക്കും. അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നബി(സ)യുടെ വചനങ്ങളെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്’. വഴിയില്‍ നിന്നുകൊണ്ടും ധൃതിപ്പെട്ടും സംസാരിക്കുന്നതിനെ വെറുത്തിരുന്ന ഒരാളായിരുന്നു അദ്ദേഹം.
മതവിധികള്‍ നല്‍കുന്നതില്‍ വളരെ സൂക്ഷ്മദര്‍ശിയായിരുന്നു ഇമാം മാലിക്. അദ്ദേഹത്തിന് പ്രത്യേകമായ ചില നിലപാടുകളും ഉണ്ടായിരുന്നു. ശരിയാണെന്ന് ഉറച്ച ബോധ്യമുണ്ടെങ്കില്‍ മാത്രമേ അദ്ദേഹം മതവിധികള്‍ നല്‍കാറുണ്ടായിരുന്നുള്ളൂ. അതിനെക്കുറിച്ച് ഇമാം ഇങ്ങനെ പ്രതിവചിക്കുന്നു: ‘എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ ആദ്യം സ്വര്‍ഗനരകങ്ങളെ അവന്‍ മുമ്പില്‍ കാണട്ടെ. പിന്നെ അതിന് ഉത്തരം നല്‍കുകയും ചെയ്യട്ടെ. നാം അവരെ മനസ്സിലാക്കുന്നത്, തീര്‍ച്ചയായും അവരിലൊരാള്‍ ചോദിക്കപ്പെടുന്നതിനേക്കാള്‍ ഉത്തമം അവന് മരണമാണ്’. ഈ പ്രസ്താവനയില്‍ നിന്നു തന്നെ മതവിധികളുടെ ഗൌരവത്തെ നമുക്കു ഗ്രഹിക്കാം.
മാലികിന്റെ വിജ്ഞാനസദസ്സുകള്‍ വളരെ ഗാംഭീര്യമുള്ളവയായിരുന്നു. അതിനെക്കുറിച്ച് ഇമാം വാഖിദി പറയുന്നു: അദ്ദേഹത്തിന്റെ സദസ്സ് വിജ്ഞാനത്തിന്റേതും ആദരവിന്റേതുമായിരുന്നു. അതിനെ ശബ്ദകോലാഹലങ്ങള്‍ മലിനമാക്കിയിരുന്നില്ല. അദ്ദേഹത്തോട് വല്ലതും ചോദിക്കപ്പെട്ടാല്‍ ആ ചോദ്യത്തിന്റെ ഉത്ഭവം നോക്കാതെ ഉത്തരം നല്‍കുമായിരുന്നു.
ഇസ്ലാമിക പണ്ഡിതന്‍ എന്ന നിലക്ക് രാഷ്ട്രീയ ഇടപെടലുകളിലും നിലപാടുകളിലും ആദര്‍ശാധിഷ്ഠിതമായ ഒരു നിലപാടേ അദ്ദേഹം എപ്പോഴും സ്വീകരിച്ചിട്ടുള്ളൂ. ശരീഅത്ത് വിധികള്‍ക്കനുസൃതമായ നിലപാടുകളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഇമാം മാലികിന് ഉമയ്യാ വംശത്തോട് ചായ്വുള്ളതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ബനൂ ഉമയ്യയെയോ അബ്ബാസികളെയോ ഖിലാഫത്തില്‍ പിന്തുണച്ചിരുന്നില്ല. അതിനുള്ള കാരണം അദ്ദേഹം ഇങ്ങനെ പറയുന്നു: “ഈ ഭരണകൂടങ്ങളെല്ലാം ഇസ്ലാമികാധ്യാപനങ്ങളില്‍ നിന്നും വിദൂരമാണ്”.
ഹിജ്റ വര്‍ഷം: 145-ല്‍ ഇമാം മുഹമ്മദ്ബ്നു അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തോടെയാണ് അബൂ അബ്ദില്ല എന്ന് വിളിപ്പേരുള്ള ഇമാം മാലിക് പ്രസിദ്ധനായിത്തീര്‍ന്നത്. ഹിജ്റ: 145-ല്‍ മുഹമ്മദ്ബ്നു അബ്ദൂല്ലായുടെ കീഴില്‍ മദീന ജയിച്ചടക്കിയപ്പോള്‍ മന്‍സ്വൂറിന് നല്‍കിയ അനുസരണ പ്രതിജ്ഞയില്‍ നിന്ന് ഇമാം മാലിക് അടക്കം മദീനയിലെ ഭൂരിഭാഗം ആളുകളും പിന്മാറി. വിപ്ളവം പരാജയപ്പെട്ടതിന് ശേഷം മന്‍സ്വൂര്‍ മാലികിനെ പിടികൂടുകയും കഠിനമായി പീഡിപ്പിക്കുകയുംചെയ്തു. തന്റെ ജയില്‍വാസത്തിനിടെ രോഗബാധിതനാവുകയും അവിടെ വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു.
അദ്ദേഹത്തെക്കുറിച്ചുള്ള ചില പണ്ഡിതവചനങ്ങള്‍ നമുക്കിങ്ങനെ വായിക്കാം. ഇമാം ശാഫിഈ(റ) ഇങ്ങനെ പറയുന്നു: ‘മാലിക് എന്റെ ഗുരുവര്യനാണ്, ഞാന്‍ അദ്ദേഹത്തില്‍ നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. എന്റെയും പരിശുദ്ധ നാഥന്റെയും ഇടയിലുള്ള രേഖയാണദ്ദേഹം. മാലിക്കിനേക്കാള്‍ എന്നോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാളുമില്ല. പണ്ഡിതന്മാര്‍ സ്മരിക്കപ്പെടുമ്പോള്‍ അതിലെ നക്ഷത്രമാണ് ഇമാം മാലിക്’.
അദ്ദേഹത്തിന്റെ വൈഭവത്തെക്കുറിച്ച് ഇബ്നു മുഈന്‍ പറയുന്നത് ഇങ്ങനെയാണ്: ‘അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തിനുള്ള തെളിവാണ് ഇമാം മാലിക്’.
വൈജ്ഞാനിക മേഖലയിലെ അര്‍പ്പണബോധത്തിന്റെ ഉദാത്തമാതൃകയായിരുന്നു ഇമാം മാലിക്. താന്‍ നേടിയെടുത്ത അറിവില്‍നിന്ന് സ്വന്തം ജീവിതത്തെ നെയ്തെടുത്തു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ബുദ്ധിശക്തിക്ക് കര്‍മ്മസാക്ഷ്യം നല്‍കുകയെന്നത് പണ്ഡിതന്മാരുടെ അപൂര്‍വ്വ വ്യതിരിക്തതയാണ്. ഒളിമങ്ങാതെ എക്കാലത്തും ലോകമുസ്ലിം ജനതയ്ക്ക് വെളിച്ചം പകരുന്ന അദ്ദേഹത്തെപ്പോലുള്ള സാരഥികള്‍ ലോകവസാനംവരെ സ്മരിക്കപ്പെടുമെന്നകാര്യം വിതര്‍ക്കിതമാണ്