നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബിക മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ വീടുകള്‍ക്കരികിലൂടെ നടന്നുപോകുന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണം മൂലം തേനീച്ചയുടെ മുഴക്ക ത്തോട് സമാനമായ ശബ്ദം കേള്‍ക്കാമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ പഠനത്തിനു വേണ്ടി നബി(സ്വ) അവര്‍ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. വീട് വിദൂരത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി അവിടുന്ന് തന്നെ സ്വഹാബികളെ നിയമിച്ചിട്ടുമുണ്ട്.

ഹിജ്റക്കു മുമ്പ് മദീനയിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും വേണ്ടി മിസ്അബ് ബ്നു ഉമൈര്‍(റ), ഇബ്നു ഉമ്മി മക്തൂം(റ) എന്നിവരെയാണ് നിയമിച്ചത്. ഹിജ്റക്കു ശേഷം മക്കയിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും ഹൃദിസ്ഥമാക്കിക്കൊടുക്കാനും വേണ്ടി മുആദ്ബനു ജബല്‍(റ)നെയും അയക്കുകയുണ്ടായി. അങ്ങനെ നബി(സ്വ)യുടെ കാലത്ത് തന്നെ നിരവധി സ്വഹാബികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ളവരായിത്തീര്‍ന്നു.

ഖലീഫമാര്‍(റ), ത്വല്‍ഹ(റ), സഅദ്(റ), ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ), സാലിം(റ), അബൂ ഹുറൈറ(റ), ഇബ്നു ഉമര്‍(റ), ഇബ്നു അബ്ബാസ്(റ), അംറു ബ്നുല്‍ ആസ്വ്, പുത്രന്‍ അബ്ദുല്ല(റ), മുആവിയ(റ), ഇബ്നു സുബൈര്‍(റ), അബ്ദുല്ലാഹി ബ്നു സാഇബ്(റ), ആഇശ (റ), ഹഫ്സ(റ), ഉമ്മുസലമ(റ) തുടങ്ങിയവരെല്ലാം മുഹാജിറുകളില്‍ പെട്ട ഹാഫിളുകളാണ്. ഉബയ്യു ബ്നു കഅ്ബ്(റ), മുആദ് ബ്നു ജബല്‍(റ), സൈദുബ്നു സാബിത്ത്(റ), അബുദ്ദര്‍ദാഅ്(റ), മജ്മഉബ്നു ഹാരിസ(റ), അനസുബ്നു മാലിക്(റ), അബൂസൈദ്(റ) തുടങ്ങിയവരെല്ലാം അന്‍സ്വാറുകളില്‍ പെട്ട ഹാഫിളുകളും.

വിശുദ്ധ ഖര്‍ആനിന്‍റെ മനഃപാഠം മൂലമുള്ള ക്രോഡീകരണത്തിനു പുറമെ എഴുതിയിട്ടുള്ള ക്രോഡീകരണവും നബി(സ്വ)യുടെ ജീവിത കാലത്തു തന്നെയുണ്ടായിട്ടുണ്ട്. ‘നിങ്ങള്‍ എന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാത്ത മറ്റൊന്നും എഴുതി വെക്കരുത്’ എന്ന് നബി(സ്വ) നിര്‍ദേശിക്കുന്ന ഹദീസ് ഇമാം നസാഇ(റ) രേഖപ്പെടുത്തിയിട്ടുണ്ട് (സുനനുല്‍ കുബ്റാ).

വഹ്യ് എഴുതിവെക്കാന്‍ വേണ്ടി തിരുനബി(സ്വ) തന്നെ പ്രത്യേകം ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), അബാനുബ്നു സഈദ്(റ), ഖാലിദ്ബ്നു വലീദ്(റ), ഉബയ്യുബിനു കഅ്ബ്(റ), സൈദ്ബ്നു സാബിത്(റ), സാബിതുബ്നു ഖൈസ്(റ) തുടങ്ങിയ സ്വഹാബികളായിരുന്നു പ്രസ്തുത എഴുത്തുക്കാര്‍. ഞങ്ങള്‍ നബി(സ്വ)യുടെ സമീപത്തു വെച്ച് പലകകളില്‍ ഖുര്‍ആനിനെ ക്രോഡീകരിക്കാറുണ്ടായിരുന്നുവെന്ന് സൈദുബ്നു സാബിത്ത്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഹാകിം(റ)വും ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്തദ്റക്).

ഖുര്‍ആനിലെ സൂക്തങ്ങളെ ക്രമപ്പെടുത്തിയുള്ളതായിരുന്നു ഈ ക്രോഡീകരണം. അതാകട്ടെ ജിബ്രീല്‍(അ) നബി(സ്വ)യോട് നിര്‍ദ്ദേശിച്ചതനുസരിച്ചും. ഇത് അവിടെ വെക്കുക അത് ഇവിടെ വെക്കുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ജിബ്രീല്‍(അ) പലപ്പോഴും തിരുനബിക്ക് നല്‍കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസ്(റ)വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇങ്ങനെ: നബി(സ്വ) ഓരോ അധ്യായം അവതീര്‍ണമാകുമ്പോഴും എഴുതുന്നവരെ വിളിച്ചു വരുത്തി പറയും: ഈ അധ്യായത്തെ ഇന്നാലിന്ന സ്ഥലത്ത് വെക്കണം (അബൂദാവൂദ്). മട്ടലുകളിലും തോലുകളിലും എല്ലുകളിലുമായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നത്. ഇങ്ങനെ എഴുതിക്കഴിഞ്ഞവ നബി(സ്വ)യുടെ വീട്ടില്‍ തന്നെ സൂക്ഷിക്കുകയുമാണ് പതിവ്.

സ്വഹാബികളും അവര്‍ക്കു  സാധ്യമാവുന്ന രീതിയില്‍ ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. ഒട്ടകത്തിന്‍റെയോ ആടിന്‍റെയോ ഉണങ്ങിയ എല്ലുകളും മറ്റുമാണ് അതിനു വേണ്ടി അവര്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍ അധ്യായങ്ങളുടെ ക്രമവും തുടര്‍ച്ചയും പാലിക്കാന്‍ പലപ്പോഴും അവര്‍ക്കു സാധിച്ചിരുന്നില്ല. കാരണം അവതീര്‍ണ്ണമായ സൂറത്ത് മനഃപാഠമാക്കുകയോ എഴുതിവെക്കുകയോ ചെയ്യുന്നതിനിടയില്‍ സൈന്യങ്ങളിലും മറ്റും വിവിധ പ്രദേശങ്ങളിലേക്ക് അവര്‍ക്ക് പോകേണ്ടി വരാറുണ്ട്. തിരിച്ചുവരുന്ന സ്വഹാബികള്‍ വന്നതിനു ശേഷം അവതീര്‍ണ്ണമായ സൂറത്തുകള്‍ മനഃപാഠമാക്കുകയും എഴുതിവെക്കുകയുമാണ് ചെയ്യുക. പിന്നീടാണ് അവരുടെ അഭാവത്തില്‍ അവതരിച്ച ഭാഗങ്ങള്‍ എഴുതിവെക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ശ്രമം നടത്തുന്നത്. അങ്ങനെ അവര്‍ക്കു കഴിയുന്ന രീതിയില്‍ അവ ക്രോഡീകരിക്കുകയും ചെയ്യും.  അതുകൊണ്ടു തന്നെ അവരുടെ ക്രമീകരണത്തില്‍ ആദ്യം വരേണ്ടത് അവസാനത്തിലും അവസാനം വരേണ്ടത് ആദ്യത്തിലുമൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ സ്വഹാബികളുടെ കൂട്ടത്തില്‍ തന്നെ മനഃപാഠത്തില്‍ മാത്രം ശ്രദ്ധ കൊടുത്ത് ഖുര്‍ആന്‍  തീരെ എഴുതി വെക്കാത്തവരുമുണ്ടാ യിരുന്നു. അതാണ് അറബികളുടെ പതിവും. തങ്ങളുടെ വംശ പരമ്പരയും അഭിമാനത്തിനു നിദാനമായ കാര്യങ്ങളും കവിതകളുമെല്ലാം അവര്‍ മനഃപാഠമാക്കി വെക്കുകയാണ് ചെയ്യുക. എഴുതിവെക്കാറില്ല (മനാഹിലുല്‍ ഇര്‍ഫാന്‍ 1/203).

തിരുനബി(സ്വ)യുടെ ജീവിത കാലത്തു തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതപ്പെട്ടിരുന്നുവെന്നതാണ് ചുരുക്കം. അതേസമയം അവ ഒരിടത്ത് സമാഹരിക്കുകയോ അധ്യായങ്ങള്‍ ക്രമപ്പെടുത്തുകയോ ചെയ്തിരുന്നില്ല (അല്‍ ഇത്കാന്‍  1/76).

എന്നാല്‍ നബി(സ്വ)യുടെ കാലത്ത് ഖുര്‍ആന്‍ ഏടുകളിലോ മുസ്വ്ഹഫുകളിലോ ക്രോഡീകരികൃതമാവാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ഒന്നാമതായി, അബൂബ ക്കര്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖുര്‍ആന്‍ ഏടുകളില്‍ എഴുതിവെക്കേണ്ടി വന്നത് പോലെയോ ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ മുസ്വ്ഹഫുകളുടെ പകര്‍പ്പ് കോപ്പികള്‍ തയ്യാറാക്കേണ്ടി വന്നത് പോലെയോ ഉള്ള ഒരാവശ്യവും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ല. മുസ്ലിംകളുടെ ഏറ്റവും ശോഭന കാലമായിരുന്നു അത്. ഹാഫിളുകള്‍ ധാരാളമുണ്ടായിരുന്നു. ഫിത്നയും നിര്‍ഭയം. മാത്രമല്ല, എഴുത്തുപകരണങ്ങള്‍ അത്ര സാര്‍വത്രികവുമായിരുന്നില്ല. രണ്ടാമതായി, ഖുര്‍ആനിലെ വല്ല സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടോ എന്ന വഹ്യും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവിടുന്ന്. മൂന്നാമതായി, ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ഒറ്റത്തവണയായിട്ടല്ല. പ്രത്യുത, ഇരുപതിലധികം വര്‍ഷങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായാണ്. നാലാമതായി, ഖുര്‍ആനിലെ അധ്യായങ്ങളുടേയും സൂക്തങ്ങളുടേയും ക്രമം അവയുടെ അവതരണത്തിന്‍റെ ക്രമത്തിലല്ല. അവതരണങ്ങള്‍ ഒരോ സാഹചര്യങ്ങള്‍ക്കനുസൃതമായിരുന്നു.

ഇത്തരമൊരു അവസ്ഥയില്‍ ഖുര്‍ആനിനെ ഏടുകളിലോ മുസ്ഹ ഫുകളിലോ ആയി ക്രോഡീകരിച്ചിരുന്നുവെങ്കില്‍ അവ ഇടക്കിടെ വെട്ടിയും മാറ്റിയും തിരുത്തിയെഴുതേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുകയും തിരു നബി(സ്വ)യുടെ വഫാത്തുണ്ടാവുകയും ദുര്‍ബലപ്പെടുത്തലില്‍ നിന്ന് നിര്‍ഭയമാവുകയും സൂക്തങ്ങളുടേയും അധ്യായങ്ങളുടേയും ക്രമം ഉറപ്പാവുകയും അവ ഏടുകളിലും മുസ്ഹഫുകളിലുമായി സൂക്ഷിച്ചു വെക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍ ഖുലഫാഉ റാഷിദുകളിലൂടെ അല്ലാഹു ആ ദൗത്യം നിര്‍വഹിച്ചത്. വിശുദ്ധ ഖുര്‍ആനിന്‍റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തതുമാണല്ലോ. ‘നാം തന്നെയാണ് ഈ ഉദ്ബോധനം (ഖുര്‍ആന്‍) ഇറക്കിയത്. നാം തന്നെ അതിനെ കാത്ത് സംരക്ഷിക്കുകയും ചെയ്യും’ (സൂറത്തുല്‍ ഹിജ്ര്‍/9).