റസൂലിന്റെ സന്ദേശം യഥാ സമയത്തു തന്നെ കേരളക്കരയിലും എത്തി. അറബി – മലബാര്‍ ബന്ധം അത്രക്കും സുദൃഢം; മാത്രമല്ല സാമൂഹികസ്ഥിതിയോ അത്രക്കു അനുയോജ്യം. പെരുമാള്‍ മതം മാറും വരേയോ മാലിക് ദീനാറും കൂട്ടരും പളളി പണിയും വരെയോ ഇസ്‌ലാമിന് കാത്തിരിക്കേണ്ടി വന്നിട്ടില്ല; ആ സംഭവങ്ങളെല്ലാം ഇസ്‌ലാമിക വിപ്ലവത്തെ ദ്രുത ഗതിയിലാക്കിയ മഹാ ഘടകങ്ങളാണെന്ന് മാത്രം. ഇതിനാല്‍ ഇസ്‌ലാമിന്റെ തുടക്കം ചേരമാനിലോ മാലികുദീനാറിലോ കൊണ്ടെത്തിക്കുന്നത് ശാസ്‌ത്രീയമാവില്ല. ചേരമാനിന്റെ പരിവര്‍ത്തനം ഇസ്‌ലാമിക പ്രബോധനത്തെ സുഗമമാക്കി; മാലികുദീനാറിന്റെ പ്രവര്‍ത്തനം പ്രബോധനത്തെ ശാസ്‌ത്രീയമാക്കി, ഇതാണ് വസ്‌തുത.
പെരുമാളിന്റെ പരിവര്‍ത്തനം പാരമ്പര്യം പാടിക്കേള്‍പ്പിച്ച ഒരു കഥയാക്കി തളളുന്നവരുണ്ട്. അതേസമയം അതിന്റെ പൊരുളറിയാന്‍ പാടുപെടുന്നവരുമുണ്ട്. മതം മാറിയവരും മതം പടച്ചവരുമായ ഭരണാധികാരികള്‍ ബുദ്ധനും അശോകനും ഒടുവില്‍ മഹാനായ അക്‌ബറും നമുക്കുണ്ട്. പലതും കഥകളാണ്. എല്ലാം അപ്പടി നിരാകരിക്കുന്നതിന് പകരം വസ്‌തുതകള്‍ തേടി വിയര്‍പ്പൊഴുക്കുന്നവനാണ് ചരിത്രാന്വേഷി.
പുതിയ പഠനങ്ങള്‍ പറയുന്നത് ഒന്നിലധികം പെരുമാക്കത്താര്‍ ഇസ്‌ലാം വിശ്വസിച്ച് അറേബ്യയില്‍ പോയെന്നാണ്. ഒന്ന് പ്രവാചക സന്നിധിയില്‍ വെച്ച് താജുദ്ധീനായ പളളിബാണപെരുമാള്‍. ഇദ്ദേഹം അറേബ്യയില്‍ തന്നെ (ശഹര്‍ മുഖല്ല) മരണപെട്ടുവെത്രേ. പളളിബാണന്റെ നാലമത്തെയോ അഞ്ചാമത്തെയോ തലമുറയില്‍ പെട്ട ചേരമാന്‍ (രാമ വര്‍മ്മ കുല ശേഖരന്‍)പെരുമാള്‍ മതം മാറി മക്കത്തേക്ക് ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ പോയി. ഖാളിയെ നിയമിക്കാനുളള അധികാരം കോഴിക്കോട്ടെ തമ്പൂരാന് നല്‍കിയാണ് പോയത്. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് മാലികുദീനാറും കൂട്ടരും കേരളത്തില്‍ വരുന്നത്. മാലികു ദീനാര്‍ വരും മുമ്പ് തന്നെ കോഴിക്കോട്ട് പളളിയും ഖാളിയും ഉണ്ടാവണമെന്നാണല്ലോ മനസ്സിലാക്കേണ്ടത്. രേഖകളുമായി ബന്ധപെടുത്തുമ്പോള്‍ ഈ പഠനത്തിന് കൂടുതല്‍ സ്വീകാര്യത തോന്നുന്നു.
പ്രവാചകന്റെ സന്ദേശം മലബാറിലെത്തിച്ച് ഇവിടെ മതപ്രബോധനത്തിന് തുടക്കമിട്ട മഹാന്‍ ആരാണെന്ന് നമുക്കറിവില്ല. പളളിബാണന്‍ മതം മാറുംമുമ്പ് സാധാരണക്കാര്‍ ആരൊക്കെയോ മതം മാറിയിരിക്കണം. അക്കാര്യത്തില്‍ അന്ന് പൂര്‍ണ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ബുദ്ധമതത്തിന്റെ പതനശേഷം ആശ്രയമറ്റ ജനം ഏതൊരു മാനവികാശയത്തേയും സ്വീകരിക്കാന്‍ സന്നദ്ധമായിരുന്നു. സാധാരണക്കാരുമായി ബന്ധപ്പെട്ട് സാമൂഹിക പരിവര്‍ത്തനത്തിനിറങ്ങിയ അജ്ഞാതനായ ആ സാത്വികനാവണം മലബാറിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പ്രഥമ കണ്ണി. അതോടൊപ്പം പളളിബാണനോട് റസൂലിന്റെ അത്ഭുത സിദ്ധികള്‍ പറഞ്ഞ് കൊടുത്ത ശൈഖ് ളഹീറുദ്ദീന്‍ മദനിയും ഈ പാരമ്പര്യത്തിന്റെ കണ്ണി തന്നെ. മലബാറിലെ രാജാവിനും പ്രജക്കും ഇസ്‌ലാം ബോധ്യപ്പെട്ടു എന്നതിന്റെ നഗ്നമായ തെളിവുകള്‍ ആണ് ഇതൊക്കെ. പളളി ബാണനും ചേരമാന്‍ പെരുമാളും തമ്മിലുളള ഇടവേള നൂറിലധികം കൊല്ലം വരും. ഇതിനിടക്ക് ഒട്ടേറേ പേര്‍ ഇസ്‌ലാം വിശ്വസിച്ചു. പലയിടത്തും മുസ്‌ലിം കേന്ദ്രങ്ങളും വന്നിരിക്കണം. ആരോക്കെയാണ് ഇക്കാലത്തെ പ്രബോധകര്‍ എന്ന് നമ്മുക്കറിയില്ല. എന്തായാലും ചേരമാന്‍ മക്കത്തേക്ക് പോകുമ്പോഴേക്കും കോഴിക്കോടിന്റെ പരിസരത്ത് ഖാളിയുണ്ടെന്നും ഖാളിയെ നിശ്ചയിക്കാനുളള അവകാശം പെരുമാള്‍ അവിടത്തെ തമ്പുരാന് നല്‍കിയെന്നും കേരളോല്‍പത്തിയില്‍ പറഞ്ഞിരിക്കുന്നു. ആരാണീ ഖാളിമാരെന്ന് പറയാന്‍ വയ്യെങ്കിലും മാലികുദീനാര്‍ വരെയുളള ഇസ്‌ലാമിക പാരമ്പര്യം അവരുടെ കൈകളിലാണ്
ചേരമാന്‍ പെരുമാള്‍ മക്കയില്‍ താമസിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് പോരവേ രോഗശയ്യയിലായി. തന്റെ സഹകാരികളായ മാലിക് ദീനാറും കൂട്ടരും പെരുമാള്‍ക്കൊപ്പം മലബാറിലേക്ക് പോരാന്‍തയ്യാറാവുകയും ചെയ്‌തിരുന്നു. ഞാന്‍ മരിച്ചാലും നിങ്ങള്‍ മലബാറില്‍ പോവണമെന്ന് രാജാവ് നിര്‍ദ്ദേശിക്കുകയും ആവശ്യമായ കത്തുകള്‍ നല്‍കുകയും ചെയ്‌തു. ചക്രവര്‍ത്തി മരിച്ചപ്പോള്‍ നിര്‍ദേശമനുസരിച്ച് മാലിക് ദീനാറും കൂട്ടരും യാത്രയായി. ശറഫുബ്‌നു മാലിക്, മാലിക്‌ബ്‌നു ദീനാര്‍, മാലിക്‌ബ്‌നു ഹബീബ്, എന്നീ പ്രധാനികളടക്കം മൊത്തം നാല്‍പ്പത്തിനാല് പേര്‍ കടലും താണ്ടി മലബാറില്‍ അണഞ്ഞു. സ്‌ത്രീകളും കുട്ടികളും ഖുര്‍ആന്‍ ഹൃദ്യസ്‌തമാക്കിയവരും ഈ സംഘത്തിലുണ്ട്. ഈ സംഘത്തിന്റെ നേതൃത്വം പന്ത്രണ്ട് പേര്‍ക്കായിരുന്നു. ഇതാണ് മാലിക് ദീനാറും പന്ത്രണ്ടാളും എന്ന് പറയുന്നത്.
കൊടുങ്ങല്ലുരില്‍ എത്തിയ സംഘം രാജാവിനെ മുഖം കാണിച്ച് കാഴ്‌ച കളര്‍പ്പിച്ചു. പെരുമാളിന്റെ കത്ത് നല്‍കി സഹിഷ്‌ണുവായ രാജാവ് പഴയൊരു ബൌദ്ധ ക്ഷേത്രം ആരാധനക്കായി നല്‍കി. ഇത് ആദ്യത്തെ മുസ്‌ലിം പളളിയായി, പില്‍കാലത്ത് ചേരമാന്‍ പളളിയെന്ന് അറിയപെടുകയും ചെയ്‌തു. പത്ത് കേന്ദ്രങ്ങളില്‍ സംഘം പളളി പണിതുവെത്രെ. പത്തും ഇസ്‌ലാമിക പ്രഭവ കേന്ദ്രങ്ങളായി. പക്ഷെ, കോഴിക്കോട്ടാണ് പച്ചപിടിച്ചത്. കോഴിക്കോട്ടെ നെയ്‌ത്തു കേന്ദ്രമായ ചാലിയം പ്രബോധനത്തിന്റെ മുഖ്യ കേന്ദമായി. പിന്നെ പന്തലായനിയും. ദീനാറിന്റെ സഹോദര പുത്രന്‍ മാലിക്‌ബ്‌നു ഹബീബാണ് ഇവിടങ്ങളില്‍ പ്രബോധനത്തിന് നേതൃത്വം നല്‍കിയത്. പ്രബോധകരുടെ സ്വഭാവഗുണം അധ:സ്ഥിത വിഭാഗങ്ങളെ ഹഠാദാകര്‍ഷിച്ചു. അടിച്ചമര്‍ത്തപെട്ടവര്‍ക്ക് ഇവര്‍ രക്ഷകരായി. ഉന്നത ബ്രാഹ്‌മണ കുടുംബങ്ങളും സാധാരണക്കാര്‍ക്കൊപ്പം ഇസ്‌ലാമിനെ ആശ്ലേഷിച്ചു. ചാലിയത്തെ പുഴക്കരയില്‍ ഏകദൈവത്തെ ആരാധിക്കാനൊരു ഇടമുണ്ടായി; കോഴിക്കോട്ടെ ആദ്യത്തെ പളളി. മുഹമ്മദ്‌ബ്‌നു മാലിക്‌ബ്‌നു ഹബീബ് അവിടത്തെ ഖാളിയുമായി. കോഴിക്കോട്ടെ ഖാളിമാരുടെ ഒന്നാമത്തെ കണ്ണി ഇദ്ദേഹമാണ്. പെരുമാളിന്റേയും മന്ത്രിയായ കൃഷ്‌ണ മുന്‍ജാദിന്റേയും കുടുംബങ്ങള്‍ മലിക്‌ബ്‌നു ഹബീബിന്റെ സന്നിധിയില്‍ വന്ന് മതം മാറി. അവര്‍ പുതിയ മതത്തിന് താങ്ങും തണലുമായി.
ദീനാറും കൂട്ടരും പണിത പളളികള്‍ സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളായി. ദീനാറിന്റെ പിന്‍ഗാമികള്‍തന്നെ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മലബാറിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കേരളീയ ശൈലിയിലുളള മനോഹര ദേവാലയങ്ങളുയരുകയായി. പരിവര്‍ത്തനത്തിന്റെ വിളംബരം കേട്ട മലബാറിന്റെ മക്കള്‍ മതം മാറ്റത്തിലൂടെ വിപ്ലവത്തിന് വിധേയരായി.
മതം മാറ്റം കേവലം വിശ്വാസ പരമായ ഒരാചാരമായിരുന്നില്ല. അത് സമൂഹികവും സാംസ്‌കാരികവുമായ അടിമത്വത്തില്‍ നിന്നുളള മേചനമായിരുന്നു. ബ്രാഹ്മണിസവും ജത്തിത്വവും സൃഷ്‌ടിച്ച അസമത്വത്തിന്റെ കോട്ടകള്‍ തകര്‍ത്ത ശക്തിയാണ് ഈ മതംമാറ്റം. മനുഷ്യത്വം മോഹിച്ച ജനത്തിന് ആശ്വാസം നല്‍കിയ പാരതന്ത്ര്യത്തിന്റെ കടമുറിച്ച പരിവര്‍ത്തനം. മലബാറിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഈ മതംമാറ്റപ്രക്രിയ സൃഷ്‌ടിച്ച മാറ്റം ഒരു മഹാവിപ്ലവം ആയിരുന്നല്ലോ.
മലബാറിലെ ഇസ്‌ലാമിക പരമ്പര്യം ഏറെക്കാലം കോഴിക്കോട്ടെ ഖാളിമാരാണ് സംരക്ഷിച്ചത്. മാലിക്‌ബ്‌നു ഹബീബിന്റെ പരമ്പരയില്‍ ഒട്ടേറെ മഹാരഥത്താര്‍ കോഴിക്കോട്ടെ ഖാളി പദം അലങ്കരിച്ചു. മാലിക്‌ബ്‌നു ഹബീബ്, ജാഫറുബ്‌നു സുലൈമാന്‍, ഫഖ്‌റുദ്ധീന്‍ ഉസ്‌മാന്‍, അബൂബക്കറുബ്‌നു റമളാന്‍, ഖാളി മുഹമ്മദ് മുഹ്‌യുദ്ധീന്‍ ഒന്നാമന്‍, മുഹ്‌യുദ്ധീന്‍ മൂന്നാമന്‍ ഇങ്ങനെ പണ്‌ഡിത ശ്രേഷ്‌ടരായ ഖാളിമാര്‍ മലബാറില്‍ ഇസ്‌ലാമിക ദൌത്യത്തിന് കാവലാളായി. സാമൂതിരി തിരുമനസ്സിന്റെ മഹാ മനസ്‌കതയാല്‍ ഇവര്‍ക്ക് സകല സൌകര്യങ്ങളും ലഭിച്ചു. പളളി നിര്‍മ്മാണത്തിനും പരിപാലനത്തിനും സാമൂതിരി തന്നെ സകല സൌകര്യങ്ങളും നല്‍കി. മാലിക് ദീനാര്‍സംഘം പണിത പത്ത് പളളികളിലും ഖാളിമാരുണ്ടായിരുന്നു. കേരളത്തില്‍ ഇസ്‌ലാമിന്ന് പൈതൃകം തീര്‍ക്കുന്നതില്‍ ഈ പ്രബോധകരൊക്കെ നിര്‍ണായക പങ്ക് വഹിച്ചു.
പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ രൂപവും ഭാവവും മാറി. ഇസ്‌ലാമിന്റെ പ്രഭവ കേന്ദ്രം കോഴിക്കോട്ടുനിന്ന് പൊന്നാനിയിലേക്ക് മാറി. മഖ്‌ദൂമുമാര്‍ വന്നതോടെ ഇസ്‌ലാം ഒന്നുകൂടെ ചലനാത്മകമായി. യമനില്‍ നിന്ന് കായല്‍പട്ടണം, കൊച്ചി വഴി പൊന്നാനിയിലെത്തിയ ശൈഖ് സൈനുദ്ധീന്‍ അലി (റ) ആണ് ആദ്യത്തെ മഖ്‌ദൂം. കൃസ്‌താബദം 1522 ല്‍ മരിച്ച സൈനുദ്ധീന്‍ അലി മികച്ചൊരു വിദ്യഭ്യാസ വിചക്ഷനായിരുന്നു. ഇസ്‌ലാമിക പഠനത്തിനായി അദ്ദേഹം ഒരു അക്കാദമി സ്ഥാപിച്ചു. പൊന്നാനിയിലെ വലിയ പളളിയില്‍ വിദ്യയുടെ വിളക്കു തെളിഞ്ഞു. നാലു പാടുനിന്നും ഒട്ടേറെ പേര്‍ വിദ്യയും തേടി വലിയ പളളിയിലെ വിളക്കത്തെത്തി. അദ്ധ്യാത്മിക പാതയായ ഖാദിരിയ്യത്തിന്റെ ഗുരുവര്യര്‍ കൂടിയായിരുന്നു മഖ്‌ദൂം. മഖ്‌ദൂമിന്ന് മുമ്പ് തന്നെ ശൈഖ് ജിലാനിയുടെ ശിഷ്യനായ ഫരീദുദ്ദീന്‍ അബ്‌ദുല്‍ ഖാദിര്‍ ഖുറാസാനി പൊന്നാനിയില്‍ അധ്യാത്മിക പ്രഭ പരത്തിയിരുന്നു. ഇവിടത്തെ ദര്‍ഗയില്‍ നിന്ന് അനുഗ്രഹം വാങ്ങിയാണ് മഖ്‌ദൂം തന്റെ യജ്ഞം തുടങ്ങിയത്. പൊന്നാനിയെ കേരള മുസ്‌ലിം സംസ്‌കാരത്തിന്റെ തറവാടാക്കാന്‍ മഖ്‌ദൂമിന് കഴിഞ്ഞു. തന്റെ പുത്ര–പൌത്രത്താര്‍ ത്യാഗപൂര്‍വ്വം ഈ സംരംഭത്തെ സമ്പന്നമാക്കി. അബ്‌ദുല്‍ അസീസ്, സൈനുദ്ധീന്‍ മഖ്‌ദൂം സഗീര്‍, അബ്‌ദുറഹ്‌മാന്‍, കുഞ്ഞഹമ്മദ്, കുട്ടിഹസന്‍, പുതിയകത്ത് അബ്‌ദുറഹ്‌മാന്‍, പുതിയകത്ത് അഹ്‌മദ്, മമ്മിക്കുട്ടി ഹാജി, പുതിയകത്ത് ചെറിയ ബാവ മുസ്‌ലിയാര്‍, വലിയ മുസ്‌ലിയാര്‍, പഴയകത്ത് ബാവ മുസ്‌ലിയാര്‍ തുടങ്ങിയ നിരവധി പേര്‍ മഖ്‌ദൂമി പരമ്പരയെ ജ്ഞാന ധന്യമാക്കി.
പരിഷ്‌കരിച്ചൊരു പാഠ്യപദ്ധതിയും ദര്‍സ് സമ്പ്രദായവും മഖ്‌ദൂം നടപ്പാക്കി. ദര്‍സിലെ അന്തേവാസികളില്‍ രണ്ട്‌പേര്‍ക്ക് വീതം ഓരോ വീട്ടിലും ചെലവ് നല്‍കണമെന്നായിരുന്നു ചട്ടം. ഈ പേര്‍ഷ്യന്‍ മാതൃകക്ക് കേരളത്തില്‍ നല്ല സ്വീകാര്യത ലഭിച്ചു. പഠിതാവും മുല്ലയും പഠിത്തം തീര്‍ന്നാര്‍ മുസ്‌ലിയാരുമായി. മുല്ലമാരുടെ ജന സമ്പര്‍ക്കം മതത്തെ ചൈതന്യവത്താക്കി. പ്രാപ്‌തരാവുന്ന മുല്ലമാരെ ദര്‍സിലെ വലിയ വിളക്കിന് ചുറ്റുമിരുത്തി മഖ്‌ദൂം നേരിട്ട് ചൊല്ലികൊടുത്തു. ഓത്ത് മുഴുവനായാല്‍ പിന്നെ മുസ്‌ലിയാരായി. മുസ്‌ലിയാമാരെ നാടിന്റെ നാലു ഭാഗത്തേക്കും മത പ്രബോധനത്തിന് നിയമിച്ചു. പൊന്നാനിയില്‍ തെളിഞ്ഞ വിളക്കിന്റ വെളിച്ചം മലബാറിലാകമാനം പരന്നു. ദര്‍സിന്റേയും പളളിയുടേയും ദൈനംദിന ചെലവ് മുസ്‌ലിംങ്ങള്‍ മാത്രമല്ല നിര്‍വ്വഹിച്ചത്. നാടുവാഴി തിരുമനശ്ശേരി തമ്പുരാനും സാമൂതിരിപ്പാടും സ്വത്തും പണവും നല്‍കിവന്നു.
അധ്യാത്മിക–അക്കദമിക തലങ്ങളില്‍ മാത്രമല്ല മഖ്‌ദൂമുമാര്‍ ഇസ്‌ലാമിക പാരമ്പര്യം ഉയര്‍ത്തിപിടിച്ചത്. മലയാളക്കരയില്‍ തന്നെ മത നേതൃത്വത്തെ വളര്‍ത്തിയതിനോടൊപ്പം സ്വന്തമായ ഗ്രന്ഥ രചനകള്‍ക്കും ഇവര്‍ മുന്നോട്ടുവന്നു. തസവ്വുഫ്, ഫിഖ്‌ഹ്, താരീഖ് തുടങ്ങി സര്‍വ്വ വിഷയങ്ങളിലും വിശേഷപ്പെട്ട ഗ്രന്ഥങ്ങള്‍ വന്നു. ഇര്‍ശാദുല്‍ ഇബാദ്, അദ്‌കിയ്യ, ഫത്‌ഹുല്‍മുഈന്‍, തുഹ്‌ഫതുല്‍ മുജാഹിദീന്‍, എന്നിവ ഈ ഗ്രന്ഥ പരമ്പരയിലെ പ്രഥമ സംഭാവനകളാണ്. മഖ്‌ദൂമുമാരുടെ ഗ്രന്ഥങ്ങള്‍ മലയാളത്തിനപ്പുറത്തും പ്രസിദ്ധി നേടി. ഇന്നു കേരള മുസ്‌ലിം പാരമ്പര്യത്തിന് അഭിമാനമായി ഈ ഗ്രന്ഥങ്ങള്‍ ചന്ദ്രനെപ്പോല്‍ വിളങ്ങി നില്‍കുന്നു. വിദ്യാരംഗത്ത് മാത്രമല്ല മലയാളി മുസ്‌ലിമിന്റെ നിത്യജീവിതത്തിനും ഈ ഗ്രന്ഥങ്ങള്‍ ചെലുത്തുന്ന സ്വാദീനം അതുല്യമാണ്.
പതിനഞ്ചാം നൂറ്റാണ്ടിന്ന് കേരള ചരിത്രത്തില്‍ വേറെയും പ്രത്യേകതയുണ്ട്. അക്രമത്തിനും അധര്‍മ്മത്തിനുമെതിരെ ആയുധമേന്താന്‍ തുടങ്ങിയത് അന്നു തൊട്ടാണ്. മതത്തിനും മണ്ണിനുമെതിരെ പറങ്കികള്‍ പോര്‍വിളിച്ചപ്പോള്‍ ധര്‍മ്മ യുദ്ധത്തിന്റെ വിജയ ധ്വജമേന്തി പടക്കളത്തിലിറങ്ങിയതും ഈ മഹാ പണ്‌ഡിതരാണ്. ‘തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍’ എന്ന വിഖ്യാതമായ യുദ്ധ കാവ്യത്തിലൂടെ പറങ്കി പരിശുകള്‍ക്കെതിരെ പടയണി ചേരാന്‍ ഇവര്‍ ഉമ്മത്തുകള്‍ക്ക് ഹിമ്മത്ത് നല്‍കി. സാമ്രജ്യത്വ ശക്തികള്‍ക്കെതിരെ പണ്‌ഡിതത്താര്‍ തുടങ്ങിവച്ച ഈ സമര പാരമ്പര്യം നൂറ്റാണ്ടുകള്‍ നിലനിന്നു. കോഴിക്കോട്ടെ ഖാസി അബ്‌ദുല്‍ അസീസ് മഖ്‌ദൂം അബ്‌ദുല്‍ വഫ മാമുക്കോയ, പുതുയകത്ത് അഹ്‌മദ് കോയ മഖ്‌ദൂം, മമ്പുറം സൈദലി ഖോജ, ഉമര്‍ ഖാളി തങ്ങള്‍, പാണക്കാട് ഹുസൈന്‍ തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരൊക്കെ ആ സമര പാരമ്പര്യത്തിലെ തിളക്കമാര്‍ന്ന കണ്ണികളാണ്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഇസ്‌ലാം കൂടുതല്‍ വെല്ലുവിളിള്‍ക്കിരയായി. ടിപ്പുവിനെ തോല്‍പിച്ച് മലബാറിനെ വെളളക്കാരന്‍ താവളമാക്കിയ കാലം. തീരദേശത്തെ ആധിപത്യം തകര്‍ന്ന മുസ്‌ലിംകള്‍ ഉള്‍നാടുകളില്‍ ചെന്ന് മണ്ണിനോട് മല്ലടിക്കുകയാണ്. പൊന്നാനിയുടെ പ്രതാപം മങ്ങിതുടങ്ങിയിരിക്കുന്നു. എങ്കിലും അവിടത്തെ വെളളി നക്ഷത്രങ്ങളാണ് നാടിന്റെ നാനാഭാഗത്തും ദീനിന്റെ പൊന്‍പ്രഭ വിതറുന്നത്. ടിപ്പുവിന്റെപതനത്തോടെ ശക്തിയാര്‍ജിച്ച ഭൂപ്രഭുക്കള്‍ മാപ്പിള കുടിയാന്‍മാരോട് വിരോധം തീര്‍ത്ത് തുടങ്ങി. വെളളക്കാരന്റെ നിര്‍ലോഭമായ പിന്തുണയും അവര്‍ക്ക് ലഭിച്ചു.
യമനിലെ ഹളര്‍ മൌത്തില്‍നിന്നും 1746 ല്‍ കോഴിക്കോട്ടെത്തിയ ശൈഖ് ജിഫ്രിയുടെ കുടുംബം ഇക്കാലത്തെ കേരള ഇസ്‌ലാമിന്ന് ശക്തിപകര്‍ന്നു. ശൈഖിന്റെ കുടുംബത്തിലെ സയ്യിദ് ഹൈദ്രോസ് തങ്ങള്‍ മഖ്‌ദൂമി കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച് പൊന്നാനിയുടെ മങ്ങിയ പ്രതാപത്തെ വീണ്ടെടുത്തു. പൊന്നാനി–ജിഫ്രി ബന്ധം ആത്മീയ അക്കാദമിക മേഖലകളെ സംയോജിപ്പിച്ച് ശക്തിപ്പെടുത്തി. ആത്മീയോല്‍ക്കര്‍ഷത്തിന്റെ പാരമ്യംപൂണ്ട മമ്പുറത്തിന്റെ ശിഷ്യന്‍ ഖുതുബുസ്സമാന്‍ ചലനമറ്റ പണ്‌ഡിത നേതൃത്വത്തെ ചൈതന്യവത്താക്കി. ദൈന്യതമുറ്റിയ മുസ്‌ലിം മനസ്സുകള്‍ക്ക് നവോത്ഥാനത്തിലൂടെ നവോത്തേഷം നല്‍കി. ആത്മീയതയുടെ ജീവജലം ലഭിച്ച മുസ്‌ലിം ഉമ്മത്തിന് ഉയര്‍ത്തെഴുനേല്‍പ്പുണ്ടായി. അക്രമത്തിനെതിരെ ആയുധമണിഞ്ഞ വിശ്വസികളുടെ ആത്മാക്കള്‍ സ്വര്‍ഗത്തിലെ പച്ച പക്ഷികളായി. പച്ച പടച്ചട്ടയണിഞ്ഞ ചേറൂരിലെ പടക്കുതിരയുടെ തൃക്കരങ്ങള്‍ കേരളത്തിലെ മുസ്‌ലിം മക്കള്‍ക്കനുഗ്രഹമായി. മമ്പുറത്തെ മുരീദത്താരായ വെളിയങ്കോട്ടെ വീര പുരുഷന്‍ ഉമര്‍ ഖാളിയും പരപ്പനങ്ങാടിയിലെ അവുക്കോയ മുസ്‌ലിയാരും നിരവധി പണ്‌ഡിതരും അക്രമ ഭരണത്തിനെതിരെ മതവിധികളുമായി രംഗത്ത് വന്നു. പാമരനും പണ്‌ഡിതനും ആത്മീയോത്തേഷത്തിന്റെ ഉത്താദ ലഹരിയില്‍ സ്വയം അലിഞ്ഞ് ചേര്‍ന്നു. ഏറനാട്ടിലെ ശുദ്ര സന്തതികള്‍ ബ്രഹ്മണിസത്തിന്റെ ചങ്ങലയില്‍ നിന്ന് മോചിതരായി. തൌഹീദിന്റെ ശക്തി അവരുടെ ദുര്‍ബല ഹസ്‌തങ്ങളെ ധര്‍മ്മ യുദ്ധത്തിന്റെ ഖഡ്‌ഗങ്ങളാക്കി മമ്പുറത്തെ തൃപ്പാദങ്ങളില്‍ പതിനായിരങ്ങള്‍ മുഹമ്മദീയ പ്രഭാവത്തിന്റെ ജ്യോതിസ് കണ്ട് സായൂജ്യരായി. സയ്യിദ് ഫള്‌ലിനെ നാടുകടത്തി ശത്രുത തീര്‍ക്കാന്‍ നോക്കിയ കാനോലി സയ്‌പിനും പ്രഭൃതികള്‍ക്കും ശിക്ഷയായി സ്വന്തം രക്തം നല്‍കേണ്ടി വന്നു.
വെല്ലുവിളികള്‍ക്കൊപ്പം ഇക്കാലം വളര്‍ച്ചയുടെ വസന്ത കാലം കൂടിയായിരുന്നു. ലോകമെങ്ങും തസവ്വുഫ് പ്രസ്ഥാനം പടര്‍ന്ന് പന്തലിച്ചിരുന്നു. നിസ്വാര്‍ത്തരായ സൂഫി പുണ്യാളന്‍മാര്‍ സ്‌നേഹത്തിലൂടെയും ഭക്തിയിലൂടെയും ഇസ്‌ലാമിന്ന് ശക്തി പകര്‍ന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിലും സൂഫികള്‍ പര്‍ണ്ണശാലകളും ഭജന മന്ദിരങ്ങളും പണിതു പ്രബോധത്തില്‍ വ്യാപൃതരായി.
ഒമ്പതാം നൂറ്റാണ്ട് തൊട്ട് സൂഫികള്‍ ഒറ്റക്കായി പലഭാഗത്തും പ്രവര്‍ത്തിച്ച് വന്നിരുന്നു. പെരിങ്ങത്തൂരിലെ കനക മലയില്‍ ഒമ്പതാം നൂറ്റാണ്ടില്‍ കൂഫക്കാരനായ ശൈഖ് അലി പ്രബോധനം നടത്തിയിരുന്നു. ഇതേ കാലത്ത് തന്നെ പൊന്നാനിയില്‍ ശൈഖ് ഫരീദും ഫലപ്രദമായി പ്രവര്‍ത്തിച്ചു. വളപ്പട്ടണത്തെ സയ്യിദ് അബൂബക്കര്‍, മുഹമ്മദ് ഖാളി, ഏഴിമലയിലെ അബ്‌ദുല്ലത്തീഫ്, മാടായിയിലെ മാലിക്‌ബ്‌നു അബ്‌ദുറഹ്‌മാന്‍, കണ്ണൂരിലെ സയ്യിദ് മൌല, ചാലിയത്തെ ശൈഖ് നൂറുദ്ധീന്‍, കോഴിക്കോട്ടെ ശൈഖ് ശിഹാബുദ്ധീന്‍, അബുല്‍ വഫ മാമുക്കോയ ഗാസറൂണി, കൊല്ലത്തെ ഫഖ്‌റുദ്ധീന്‍, താനൂരിലെ ശൈഖ് അബ്‌ദുറഹ്‌മാന്‍, ഉളളാള്‍ മദനി, പുറത്തീല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍, മലപ്പുറം ശൈഖ് ഹാജീയാര്‍ പാപ്പ, പൊന്നാനിയിലെ അബ്‌ദുറഹ്‌മാന്‍ ഹൈദ്രസ്, മഞ്ഞക്കുളത്തെ ഹുസൈന്‍ മദനി, ബീമാപളളിയിലെ ബീമാബീവി, ശൈഖ് മാഹീന്‍, കാഞ്ഞിരമറ്റത്തെ ശൈഖ് ഫരീദുദ്ധീന്‍, കാസര്‍ഗോഡ് മാലിക് മുഹമ്മദ്, പെരുമ്പടപ്പിലെ ശൈഖ് കുഞ്ഞഹമ്മദ് ഇങ്ങിനെ എത്രയെത്ര ജ്ഞാനധനത്താര്‍, ഭക്തിധന്യത്താര്‍ സര്‍വവും സര്‍വ്വാധി നാഥന് സമര്‍പ്പിച്ച മഹാത്യാഗികള്‍. കേരളത്തിലെ ഇസ്‌ലാമിക പരമ്പര്യത്തിലെ സുവര്‍ണ്ണ താരകങ്ങള്‍.
ഇസ്‌ലാമിക പാരമ്പര്യം ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ മുസ്‌ലിം നേതൃത്വതിന് മുമ്പില്‍ കടമ്പകള്‍ കൂടിവന്നു. സാമ്രജ്യത്വ ശക്തികളില്‍ നിന്ന് മുക്തി നേടി സ്വരാജ്യം സൃഷ്‌ടിക്കാനുളള ദൌത്യം അവര്‍ ഏറ്റെടുത്തു. മുസ്‌ലിം ലോകത്തിന്റെ കേന്ദ്ര ബിന്ദുവായ തുര്‍ക്കി ഖിലാഫത്തിനേയും മാതൃഭൂമിയായ ഇന്ത്യ മഹാരാജ്യത്തേയും സാമ്രജ്യത്വത്തില്‍ നിന്നും രക്ഷപെടുത്താനുളള ഖിലാഫത്ത് പ്രസ്ഥാനത്തില്‍ കേരള മുസ്‌ലിം നേതൃത്വം പങ്കാളികളായി.
ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ചോമ്പ്രശ്ശേരി തങ്ങള്‍, സീതിക്കോയ തങ്ങള്‍, കൊന്നാര തങ്ങള്‍, അവോക്കര്‍ മുസ്‌ലിയാര്‍, പരീക്കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, തയ്യില്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആവേശമായി. മറ്റൊരു വശത്ത് ഇസ്‌ലാമിന്റെ വിദ്യാഭ്യാസ വശത്ത് ചൈതന്യം പകരാന്‍ മമ്പുറം അബ്ദുല്ലക്കോയ തങ്ങളും പൊന്നാനിയിലെ കുഞ്ഞന്‍ ബാവ മുസ്‌ലിയാരും തട്ടാന്‍കര കുട്ട്യാമു മുസ്‌ലിയാരും പുറത്തീല്‍ തങ്ങളും മമ്മുട്ടി മുസ്‌ലിയാരും ബൈതാന്‍ മുഹമ്മദ് മുസ്‌ലിയാരും നാവരകുളങ്ങരകത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാരും ശൈഖ് അഹ്‌മദ് മഖ്‌ദൂമും തലശ്ശേരി അബ്‌ദുല്ല മുസ്‌ലിയാരും പുതുവിശ്വസികളുടെ സംസ്‌കരണ കേന്ദ്രമായി. മലപ്പുറത്തെ പൂക്കോയതങ്ങള്‍ സമാധാനത്തിന്റെ വെളളരിപ്രാവായി. മൌലാന ചാലിലകത്ത് വിദ്യാഭ്യാസ പരിഷ്‌കണങ്ങളുമായി കുതിച്ചു.
തൊളളായിരത്തി ഇരുപത്തിഒന്ന് കേരള ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭം മലബാറില്‍ ഒരു ധര്‍മ്മ യുദ്ധമായിമാറി. പണ്‌ഡിതത്താരും സയ്യിദന്‍മാരും സാവേശം സമര രംഗത്ത് വന്നു. ഒട്ടേറെ മുസ്‌ലിങ്ങള്‍ മലബാറിനെ രക്തം കൊണ്ട് ചുവപ്പിച്ചു. കലാപം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെപ്പോഴേക്കും സമുദായത്തിന്റെ ഊര്‍ജം ചോര്‍ന്ന് പോയിരുന്നു. കോണ്‍ഗ്രസ് മാപ്പിളമാരോട് കാണിച്ച ചിറ്റമ്മ നയം മുസ്‌ലിം നേതാക്കത്താര്‍ക്കും പണ്‌ഡിതത്താര്‍ക്കും സഹിച്ചില്ല. സാമ്പത്തിക രംഗത്ത് മുസ്‌ലിങ്ങളൊക്കെ തളര്‍ന്നിരുന്നു. വറ്റിവരണ്ട നെല്‍പാടങ്ങളും നശിപ്പിക്കപെട്ട തോപ്പുകളും മാപ്പിള മനസ്സുകളില്‍ നിരാശയുടെ നിഴല്‍ പരത്തി. നിരവധി അനാഥകള്‍ ആരോരുമില്ലാതെ വലഞ്ഞു. മതസ്ഥാപനങ്ങളും ദറസുകളും നിര്‍ജ്ജീവമാവുകയാണ്. ഒപ്പം പകര്‍ച്ച വ്യാധികള്‍ നിരവധി പേരെ മയ്യിത്താക്കി. ഈ ദുസ്ഥിതിക്കൊരു പരിഹാരം കാണാന്‍ പലരും മുന്നോട്ടു വന്നു. ചിലര്‍ ഐക്യ സംഘം എന്ന സംഘടനക്ക് രൂപം നല്‍കി. ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ നടത്തി. ഈ സംഘം പിന്നീട് അന്ധവിശ്വാസ നിര്‍മാര്‍ജ്ജനത്തിന്റെ മറവില്‍ മുസ്‌ലിംലോകം അംഗീകരിച്ച വിശ്വാസാചാരങ്ങള്‍ക്കെതിരെ നീങ്ങി. ‘രിസാലത്തുന്‍ ഫീ ബാങ്ക്’ എന്ന കൊച്ചു കൃതിയിലൂടെ പലിശയെ ന്യയീകരിച്ചു. പണ്‌ഡിതത്താര്‍ സംഘത്തോട് വിടചൊല്ലി. ഇതില്‍ വഹാബി ആശയങ്ങളോട് അനുഭാവമുളളവര്‍ കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി. ഇവര്‍ പാരമ്പര്യത്തില്‍ നിന്ന് വഴിപിരിഞ്ഞു.
പോക്കര്‍ സഹിബ്, സത്താര്‍ സേട്ട്, അബ്‌ദുറഹ്‌മാന്‍ സഹിബ് തുടങ്ങിയവര്‍ മുസ്‌ലിം മജിലിസ് സ്ഥാപിച്ചു. ഇതില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബ് മരുമക്കത്തായത്തെ വിമര്‍ശിച്ച് പ്രസംഗിച്ചതിനാല്‍ കുഴപ്പമായി. അവസാനം എങ്ങുമെത്താതെ മജ്‌ലിസ് നാമാവശേഷമായി. ഇവരില്‍ ഒരുവിഭാഗം പിന്നീട് മുസ്‌ലിം ലീഗില്‍ സജീവമായി. മജ്‌ലിസ് കോണ്‍ഗ്രസിന്റെ ഭാഗമായി.
ഇസ്‌ലാമിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ ശപഥം ചെയ്‌ത് കൊണ്ട് ഒരു ഉയര്‍ത്തെഴുനേല്‍പിന് പണ്‌ഡിതത്താര്‍ തയ്യാറായി. കോഴിക്കോട് പുതിയങ്ങാടിയിലെ വരക്കല്‍ സയ്യിദ് അബ്ദുറഹ്‌മാനുബ്‌നു മുഹമ്മദുബ്‌നു അലവി മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പണ്‌ഡിതത്താര്‍ ഒരു പുനര്‍ജീവനായ് പുനരര്‍പ്പണം ചെയ്‌തു. ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ തങ്ങളവറുകള്‍ സര്‍ക്കാരിനും ദേശീയ പ്രസ്ഥാനക്കാര്‍ക്കും അമുസ്‌ലിങ്ങള്‍ക്കും സുസമ്മതനായിരുന്നു. ഖിലാഫത്തിന് പിന്തുണ നല്‍കിയെങ്കിലും ഒരു സമരത്തിനു പക്വതയും പാകതയുമില്ലാത്ത മുസ്‌ലിംകള്‍ കലാപത്തിലേക്കെടുത്ത് ചാടി ആത്മനാശം വരിക്കുന്നതിനോട് ആ സൂഫിവര്യന് യോജിപ്പുണ്ടായിരുന്നില്ല. സമുദായത്തില്‍ പരിക്ഷ്‌ക്കരണങ്ങളുടെ മറവില്‍ ശിഥില ചിന്തകള്‍ ഉടലെടുക്കുന്നതിന്റെ ഭവിഷത്തും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാരമ്പര്യ മതത്തിന്റെ നായകനായി മുല്ലക്കോയ തങ്ങള്‍ വാഴ്‌ത്തപെട്ടു. 1925 ല്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന വട വൃക്ഷത്തിന് അദ്ദേഹം വിത്ത്‌പാകി. കേരള മുസ്‌ലിങ്ങളെ വിശ്വാസത്തിലടിയുറപ്പിച്ച് ഐക്യപെടുത്തുന്നതിനുളള ദൃഢപ്രതിജ്ഞയുമായി സമസ്‌ത രംഗത്തുവന്നു. പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, തിരവാലി മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍, വാളക്കുളം അബ്‌ദുല്‍ബാരി മുസ്‌ലിയാര്‍, പുതിയാപ്ല അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ തുടങ്ങി പണ്‌ഡിത ലോകത്തെ വെളളിനക്ഷത്രങ്ങള്‍ സമസ്‌തക്ക് കരുത്ത് പകര്‍ന്നു. സമസ്‌തയുടെ കാല്‍വെപ്പുകള്‍ കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യത്തിന് തിളക്കം കൂട്ടി.