പ്രശ്നം: ഒരു നിസ്കാരം നടത്തിക്കഴിഞ്ഞാൽ മറ്റു നിസ്കാരത്തിനുവേണ്ടി സ്ഥലം മാറിനിൽക്കൽ സുന്നത്തുണ്ടോ? അതൊഴിവാക്കിയാൽ കറാഹത്തു വരുമോ? തറാവീഹു നമസ്കാരം ഇരുപത് റക്അത്താണല്ലോ. അതിലും വിത്റിലും ഇപ്രകാരം ചെയ്യൽ സുന്നത്തുണ്ടോ?

ഉത്തരം: ഒരു നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ – അതു ഫർളാകട്ടെ സുന്നത്താകട്ടെ- മറ്റൊരു നമസ്കാരത്തിനു വേണ്ടി സ്ഥലം മാറൽ സുന്നത്താണ്. അല്ലെങ്കിൽ മറ്റൊരാളോട് സംസാരിക്കുക പോലുള്ളതു കൊണ്ട് രണ്ടു  നമസ്കാരങ്ങൾക്കിടിയിൽ വേർപിരിക്കണം. ഇതുരണ്ടാലൊന്നു ചെയ്യാതെ ഒരേസ്ഥലത്തുവച്ച് രണ്ടു നമസ്കാരം ചേർത്തു നിർവ്വഹിക്കുന്നതിനെ തൊട്ട് നബി(സ) തങ്ങൾ വിരോധിച്ചിട്ടുണ്ട്. അപ്പോൾ രണ്ടാലൊന്ന് ചെയ്യാതിരിക്കൽ കറാഹത്തായിരിക്കും. തറാവീഹ്, വിത്റ് പോലുള്ള അധികം റക്അത്തുള്ള നിസ്കാരങ്ങളും ഈ രണ്ടു റക്അത്തുകളായി നമസ്കരിക്കുമ്പോൾ ഓരോ ഈരണ്ടു റക്അത്തിലും ഇങ്ങനെ സ്ഥലം മാറലോ സംസാരം കൊണ്ട് പിരിക്കലോ സുന്നത്തു തന്നെയാണ്. എന്നാൽ, ഒന്നാം സ്വഫ്ഫിന്റെ പുണ്യം നഷ്ടപ്പെടുക, സ്വഫ്ഫുകൾ കീറികടക്കേണ്ടിവരിക പോലുള്ള പ്രയാസങ്ങൾ നേരിടുകയില്ലെന്നു കണ്ടാലേ ഇങ്ങനെ സ്ഥലം മാറൽ സുന്നത്തുള്ളൂ. തറാവീഹ് പോലുള്ളത് ജമാഅത്തായി നമസ്കരിക്കുമ്പോൾ ഓരോ രണ്ടു റക്അത്തിലും സ്ഥലം മാറുന്നതുകൊണ്ട് ഇത്തരം വിഷമങ്ങൾ വരുമല്ലോ. അപ്പോൾ സ്ഥലം മാറൽ സുന്നത്തുമില്ല. തുഹ്ഫ: ശർവാനി സഹിതം: 2- 106,107 നോക്കുക.