പ്രശ്നം: റമളാനിൽ തറാവീഹു നിസ്കാരം കഴിഞ്ഞാൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരു നിസ്കാരം ജമാഅത്തായി നിർവ്വഹിച്ചു വരുന്നുണ്ട്. ഖിയാമുല്ലൈൽ എന്നാണിതിനു പേർ പറയുന്നത്. ഇങ്ങനെ ഒരു നിസ്കാരമുണ്ടോ? വിത്റും ഇതും തമ്മിൽ വ്യത്യാസമുണ്ടോ? സൂറത്തുകളും മറ്റും ഓതുമ്പോൾ ഇവിടെ ശബ്ദത്തോടെ കരയുന്നതും കേൾക്കാം. ഇതുകൊണ്ടു നിസ്കാരം ബാത്വിലാകുകയില്ലേ?

ഉത്തരം: ഖിയാമുല്ലൈൽ എന്നു രാത്രിയിലെ സുന്നത്തു നമസ്കാരങ്ങൾക്കെല്ലാം പറയാം. എങ്കിലും പ്രത്യേകം സമയം നിശ്ചയിക്കപ്പെട്ടത് (റാതിബത്) അല്ലാത്ത രാത്രിയിലെ സുന്നത്തു നമസ്കാരങ്ങൾക്കാണ് (നഫ്ൽ മുത്വ്’ലഖ്) അങ്ങനെ സാധാരണമായുപയോഗിച്ചു വരുന്നത്. നമ്മുടെ മദ്ഹബിൽ തറാവീഹും വിത്റുമല്ലാതെ റമളാനിന്റെ രാത്രികളിൽ ജമാഅത്തായി നിസ്കരിക്കൽ സുന്നത്തുള്ള ഒരു സുന്നത്തു നമസ്കാരവും ഇല്ല. ഉറക്കത്തിൽ നിന്നുണർന്ന ശേഷം സുന്നത്തുള്ള നമസ്കാരമുണ്ട്. ഇതിനു തഹജ്ജുദ് എന്നു പ്രത്യേകം പറയും. ഇതിന്റെ റക്അത്തുകൾക്കു ക്ലിപ്തമായ എണ്ണമില്ല. അതു തനിച്ചു നിസ്കരിക്കുകയാണു പുണ്യവും. നമ്മുടെ ഫിഖ്ഹു കിതാബുകളിൽ ഇതു വിവരിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും തറാവീഹു നിസ്കാരം കഴിഞ്ഞു നിർവ്വഹിക്കപ്പെടുന്ന ജമാഅത്തായ ‘ഖിയാമുല്ലൈൽ’ അവരുടെ മദ്ഹബു പ്രകാരം സുന്നത്തുള്ള തഹജ്ജുദാകാം. മാലികീ മദ്ഹബാണ് അവിടെ ഔദ്യോഗിക ഫിഖ്ഹു നിയമമെന്നാണ് അറിവ്. മാലികീ മദ്ഹബിൽ തഹജ്ജുദെന്നാൽ രാത്രിയിലെ സുന്നത്തു നിസ്കാരമെന്നേ അർത്ഥമുള്ളൂ. ഉറക്കവും ഉറക്കമില്ലായ്മയും വ്യത്യാസമില്ല. രാത്രിയിലെ അവസാനത്തെ ⅓ ഭാഗത്തിലാണ് ഇത് ഏറെ ശ്രേഷ്ഠമായത്. ഒറ്റ റക്അത്തായി നിസ്കരിക്കുന്ന വിത്റിനും അതിനു മുന്നോടിയായുള്ള രണ്ടു റക്അത്തിനും (ശഫ്അ്) പുറമെ പത്തു റക്അത്താണ് ഈ തഹജ്ജുദിൽ വാരിദായ രീതികളിൽ ഏറ്റവും പുണ്യമുള്ളത്. അതായത് മൊത്തം 13 റക്അത്ത്, ശർഹുദ്ദർദീർ ഹാശിയ: ബുൽഗത്തുസ്സാലിക് സഹിതം 1-124 നോക്കുക. ഇതാകാം ഹറമൈനിൽ റമളാനിൽ ജമാഅത്തായി നിസ്കരിക്കുന്നത്. അവരുടെ വീക്ഷണത്തിൽ വിത്റ് എന്നാൽ ഒറ്റ റക്അത്തുള്ള നിസ്കാരമാണ്. അതിന്റെ മുമ്പ് ഇരട്ടയായ രണ്ടു റക്അത്ത് (ശഫ്അ്) വിത്റിന്റെ പൂർണ്ണതക്കു നിബന്ധനയുണ്ട്. (മേൽ ഗ്രന്ഥം 1-125) നമ്മുടെ മദ്ഹബിൽ, ഏറ്റവും ചുരുങ്ങിയത് ഒരു റക്അത്തും കൂടിയാൽ 11 റക്അത്തുമുള്ളതും ഇശാക്കു ശേഷം വിത്റെന്ന കരുത്തോടെ നിർവ്വഹിക്കേണ്ടതുമായ ഒരു റാതിബത്ത് നിസ്കാരമാണ് വിത്റ്. റക്അത്തുകൾ ക്ലിപ്തമല്ലാത്തതും ഉറങ്ങിയതിനു ശേഷം നിസ്കരിക്കപ്പെടുന്നതുമായ നിസ്കാരം തഹജ്ജുദും. ഇത് ഉറക്കുണർന്ന ശേഷം വിത്റ് നിസ്കരിച്ചും നിർവ്വഹിക്കാം. ഫത്ഹുൽ മുഈൻ ഓതുന്നതിൽ ശ്രദ്ധിച്ചോ ആഖിറത്തെ പേടിച്ചോ കരയുന്നതായാലും അതുകൊണ്ടു രണ്ടക്ഷരം വെളിവായാൽ നമസ്കാരം ബാത്വിലാകും. തുഹ്ഫ ശർവാനി സഹിതം: 2-140. ഇതുപക്ഷേ, ശാഫിഈ മദ്ഹബാണ്. മക്കത്തെയും മദീനത്തെയും ഇമാമിന് ഇതു ബാധകമല്ല. അവരുടെ മാലികീ മദ്ഹബു പ്രകാരം അല്ലാഹുവിനെ പേടിച്ചോ നരകത്തെ പേടിച്ചോ ഉള്ള നിലവിളി കൊണ്ടു നമസ്കാരം ബാത്വിലാവുകയില്ല. ശർഹുൽ മുഹദ്ദബ് 4-89.