പ്രശ്നം: ഞാൻ സമുദ്രത്തിൽ മുങ്ങി ജോലിചെയ്യുന്നവനാണ്. കടലിൽ മുങ്ങി കട്ക്ക പെറുക്കുകയാണു ജോലി. മുങ്ങുന്ന അവസരത്തിൽ വായ, മൂക്ക്, ചെവി എന്നീ ദ്വാരത്തിലൂടെ വെള്ളം പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ്. എന്നാൽ, ഇങ്ങനെ നോമ്പുനോറ്റവനായി മുങ്ങിയാൽ നോമ്പുമുറിയുമെന്ന് ഒരു മുസ്’ലിയാർ പറഞ്ഞു. ചെവി, മൂക്ക്, വായ എന്നിവയല്ലാത്ത മറ്റു ദ്വാരങ്ങളിലൂടെ വെള്ളം പ്രവേശിക്കുമെന്നും അതിനാൽ നോമ്പുമുറിയുമെന്നുമാണ് ആ ഉസ്താദു പറയുന്നത്. പക്ഷേ, അതിലുടെ വെള്ളം പ്രവേശിക്കുന്നതായിട്ട് അനുഭവപ്പെടാറുമില്ല. ഒരു ശരിയായ മറുപടി തന്നു സഹായിക്കണം. കാരണം, ഞങ്ങളുടെ ഒരു മാസത്തെ ജോലി നിർത്തിവയ്ക്കേണ്ടിവരുകയാണ്. ഇതിന് ഒരു പരിഹാരം വേണമല്ലോ.

ഉത്തരം: *_ചെവി, മൂക്ക്, മുൻദ്വാരം, പിൻദ്വാരം പോലുള്ള തുറക്കപ്പെട്ട ദ്വാരങ്ങളുടെ ഉള്ളിലേക്കു വെള്ളം പ്രവേശിക്കുന്നില്ലെങ്കിൽ തണുപ്പിനുവേണ്ടി മുങ്ങിക്കുളിക്കുന്നതുകൊണ്ടുപോലും നോമ്പുമുറിയുകയില്ല. താങ്കളാകട്ടെ, ജീവിതനിവൃത്തിക്കുവേണ്ടിയുള്ള ജോലിയുടെ ഭാഗമായി മുങ്ങുന്നതാണ്. ജീവിക്കാൻ അതല്ലാതെ വഴിയില്ലെങ്കിൽ താങ്കൾക്ക് ആ ജോലി നിർബന്ധമാണല്ലോ. ഇങ്ങനെ നിർബന്ധമായി മുങ്ങുമ്പോൾ നിയന്ത്രണാതീതമായി ദ്വാരങ്ങളിലേക്കു വെള്ളം കടക്കാനിടയായാൽ തന്നെ നോമ്പുമുറിയുകയില്ല. ഫത്ഹുൽമുഈൻ പേ: 191, 194 നോക്കുക. അതിനാൽ ദ്വാരങ്ങളിലൂടെ വെള്ളം കടക്കുമെന്ന ഊഹത്തിന്റെ പേരിൽ താങ്കളും താങ്കളെപ്പോലുള്ളവരും ജോലിയുപേക്ഷിക്കേണ്ടതില്ല._*