ചോദ്യം: നമസ്കാരം ഖളാ ആയവന് തറാവീഹ് നമസ്കരിച്ചാൽ കൂലി കിട്ടുകയില്ല എന്നു പറയുന്നു. ഒന്നു വിശദീകരിച്ചാലും.

 

ഉത്തരം: ഫർളു നമസ്കാരം കാരണം കൂടാതെ ഖളാഉള്ളവന് തന്റെ ഉറക്കം, ബാദ്ധ്യതപ്പെട്ട ആശ്രിതരുടെ ചെലവിനുള്ള വക സംഭരിക്കൽ, സമയം നഷ്ടമാകുമെന്നു ഭയമുള്ള മറ്റു നിർബ്ബന്ധ കടമ നിർവ്വഹിക്കൽ പോലോത്ത നിർബ്ബന്ധാവശ്യങ്ങൾക്കുള്ള സമയം കഴിച്ച് ബാക്കി സമയം മുഴുവൻ നമസ്കാരം ഖളാ വീട്ടുവാൻ വിനിയോഗിക്കൽ നിർബ്ബന്ധമാണ്. അവയല്ലാത്ത മറ്റെന്ത് പ്രവൃത്തിയിലേർപ്പെടലും ഹറാമുമാണ്. അതിൽ സുന്നത്തായ കർമ്മങ്ങളും പെടുമെന്ന് മാത്രം. തുഹ്ഫ: 1-440. പക്ഷേ, ചിലർ ഫർള് ഖളാഉള്ളവന് സുന്നത്തു നമസ്കാരം മാത്രം ഹറാമെന്നു ധരിച്ച് തറാവീഹ് പോലോത്ത സുന്നത്ത് നമസ്കാരങ്ങൾ ഒഴിവാക്കുകയും വെറുതെ സൊറ പറഞ്ഞും മറ്റും സമയം ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് കാണാം. ഇത് ഏറെ നഷ്ടമാണ്. കാരണം, ഖളാ ഉള്ളതോടെ സുന്നത്ത് നമസ്കരിക്കുമ്പോൾ ഫർള് ഖളാ വീട്ടേണ്ട സമയം അതിലേക്കു തിരിക്കാതെ സുന്നത്തിനു മിനക്കെട്ടുവെന്ന കുറ്റമുണ്ടെങ്കിലും എടുത്ത് സുന്നത്തിന്റെ കൂലി കിട്ടുമെന്ന് ഒരു അപ്രബല അഭിപ്രായമെങ്കിലുമുണ്ട്. ജംഅ്: 1-202 നോക്കുക. അത് പ്രവർത്തിക്കാതെ വെറുതെയിരിക്കുകയോ മറ്റു മുബാഹായ(അനുവദനീയ) കാര്യങ്ങളിലേർപ്പെടുകയോ ആണെങ്കിൽ ആ പുണ്യവും ലഭിക്കാനിടയില്ലല്ലോ. അതിനാൽ ഫർള് ഖളാ ഉള്ളതിന്റെ പേരിൽ തറാവീഹ് ഒഴിവാക്കുന്നവർ ആ സമയവും മറ്റും ഖളാ വീട്ടുവാൻ ഉപയോഗിക്കുകയാണു വേണ്ടത്.