ചോദ്യം: രോഗികൾക്ക് നോമ്പ് ഒഴിവാക്കൽ അനുവദനീയമാണെന്നും നിർബ്ബന്ധമില്ലെന്നുമായിരുന്നു ഞാൻ പഠിച്ചിരുന്നത്. ഇതുപ്രകാരം രോഗമുള്ളപ്പോൾ മരുന്നുകളൊഴിവാക്കി നോമ്പനുഷ്ഠിക്കാറുമുണ്ടായിരുന്നു. എന്നാൽ, അതു ശരിയല്ലെന്നും രോഗികൾ നോമ്പൊഴിവാക്കൽ നിർബ്ബന്ധമാണെന്നും ഒരുസ്താദ് പറഞ്ഞു. ഇതു ശരിയാണോ? രോഗമുള്ളപ്പോൾ നോറ്റ നോമ്പുകൾ ശരിയായിട്ടില്ലേ? അവ മടക്കേണ്ടതുണ്ടോ?
ഉത്തരം: നോമ്പു മൂലം തയമ്മും അനുവദനീയമാകുന്ന വിധം കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിൽ രോഗികൾ നോമ്പനുഷ്ഠിക്കരുത്. റമളാനടക്കമുള്ള നിർബ്ബന്ധ നോമ്പുകൾ പോലും ഒഴിവാക്കൽ അവർക്കു നിർബ്ബന്ധമാണ്. എന്നാൽ, അങ്ങനെ കടുത്ത വിഷമം സഹിച്ച് അനുഷ്ഠിച്ച നോമ്പുകൾ സാധുവാകുന്നതുമാണ്. കാരണം, നോമ്പനുഷ്ഠിക്കുകയെന്നത് സ്വന്തം നിലയിൽ കുറ്റകരമല്ലല്ലോ, ശരീരത്തിനു കടുത്ത വിഷമമുണ്ടാക്കുന്നുവെന്നതാണ് ഇവിടെ കുറ്റകരം. അതിനാൽ, നിർവ്വഹിച്ച നോമ്പുകൾ മടക്കേണ്ടതില്ല. തുഹ്ഫ:3-429