ചോദ്യം: നിസ്കാരത്തിന്റെ നിയ്യത്തിൽ ഉസ്വല്ലീ.. എന്നാണു പറയാറുള്ളത്. എന്നാൽ, നോമ്പിന്റെ നിയ്യത്തിൽ നവയ്തു എന്നതിനു പകരം അസൂമു സൗമഗദിൻ എന്നു പറഞ്ഞാൽ പോരേ? പോരായെങ്കിൽ കാരണമെന്ത്?

ഉത്തരം: നോമ്പിനും നമസ്കാരത്തിനും അനിവാര്യമായ നിയ്യത്ത് ഹൃദയം കൊണ്ടാണ്. പറയൽ കൊണ്ടല്ല. ഹൃദയം കൊണ്ട് കരുതാൻ സഹായകമാവുമെന്ന നിലക്കാണ് കരുതുന്നതെന്തോ അത് മൊഴിയൽ സുന്നത്തായത്. നിസ്കാരത്തിൽ പ്രവേശിക്കുന്ന തക്ബീറോടൊപ്പമാണ് അതിന്റെ നിയ്യത്ത്. അതുകൊണ്ട് തന്നെ ഞാൻ നിസ്കരിക്കുന്നുവെന്നാണല്ലോ കരുതുക. അതു മൊഴിയുമ്പോൾ ഉസ്വല്ലീ.. (ഞാൻ നിസ്കരിക്കുന്നു) എന്നു മൊഴിയുന്നു. നോമ്പിന്റെ നിയ്യത്താകട്ടെ നോമ്പനുഷ്ടിക്കുന്ന പകലിലല്ല നിർവ്വഹിക്കുന്നത്. രാത്രിയിലാണല്ലോ. അത് നിർബ്ബന്ധവുമാണ്. അതിനാൽ പിറ്റേന്നാൾ നോൽക്കാൻ കരുതുക മാത്രമേ രാത്രി ചെയ്യാൻ സാധിക്കുകയുള്ളൂ. അതിന് സഹായകമാവും വിധം നാളെ നോമ്പനുഷ്ടിക്കാൻ കരുതി എന്ന് മൊഴിയുന്നു. അതുകൊണ്ടാണ് നമസ്കാരം പോലെ നോമ്പിന് അസ്വൂമു (ഞാൻ നോമ്പനുഷ്ടിക്കുന്നു) എന്നു കരുതാത്തതും മൊഴിയാത്തതും അതിനു പറ്റാത്തതും.