പ്രശ്നം: ഉടമസ്ഥന്റെ തൃപ്തിയില്ലാതെ ഗർഭിണിയായ മൃഗത്തെ സക്കാത്തായി പിടിക്കരുതെന്നും അവർ തൃപ്തിപ്പെട്ടു നല്കുകയാണെങ്കിൽ പറ്റുമെന്നും നല്ലതാണെന്നും കാണുന്നു. പ്രത്യേകം തീറ്റ കൊടുത്ത് വളർത്തുന്ന മൃഗത്തെപ്പോലെത്തന്നെ ഇതിനും മുന്തിയ സ്ഥാനവും വിലയും ഉള്ളതുകൊണ്ട് ഇതിനെ പിടിക്കുമ്പോൾ ഉടമസ്ഥന് വിഷമകരമാകുമെന്നതാണ് ഇതിനു കാരണം പറയുന്നത്. എന്നാൽ ഇവിടെ മുന്തിയതും നല്ലതുമായി ഗണിക്കുന്ന ഗർഭിണിയായ മൃഗം ഉളുഹിയ്യത്തിന് പറ്റില്ലെന്ന് പറഞ്ഞതിന്റെ കാരണമെന്ത്?
ഉത്തരം: അറക്കപ്പെടുന്ന മൃഗത്തിന്റെ മാംസമാണ് ഉളുഹിയ്യത്തിന് ലക്ഷ്യമാക്കുന്നത്. ഗർഭിണിയുടെ മാംസം താഴ്ന്നതും ജനങ്ങൾ വെറുക്കുന്നതുമാണല്ലോ. ഇതുകൊണ്ടാണു ഗർഭിണിയെ ഉള്ഹിയ്യത്തിന് പറ്റില്ലെന്നും ന്യൂനതയാണെന്നും പറഞ്ഞത്. സകാത്തിൽ മാംസമെന്നോ മറ്റോ ഉപാധികളില്ലാതെ മൃഗത്തിൽ നിന്നുണ്ടാകുന്ന നേട്ടങ്ങളാണു ലക്ഷ്യം. വില കൂടുതലാവുക പോലുള്ള നേട്ടങ്ങൾ ഗർഭിണിയിൽ അധികമാണെന്നു വ്യക്തമാണല്ലോ. അപ്പോൾ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. തുഹ്ഫ :3-227.