പ്രശ്നം: ഒരു മഹല്ലിൽ ഉളുഹിയ്യത്തറക്കാൻ കൂടുതൽ മൃഗങ്ങളുണ്ട്. അതിനടുത്ത ഒരു മഹല്ലിൽ ഉളുഹിയ്യത്തിനു മൃഗങ്ങളൊന്നുമില്ല. എന്നാൽ, കൂടുതലുള്ള മഹല്ലിൽ നിന്ന് ഇല്ലാത്ത മഹല്ലിലേക്ക് തന്റെ മൃഗത്തെ കൊണ്ടുപോയി ഉടമസ്ഥൻ അവിടെ വച്ച് അറത്തു വിതരണം ചെയ്യാമോ? ഒരു മഹല്ലിൽ അറത്ത ഉളുഹിയ്യത്തിന്റെയും അഖീഖത്തിന്റെയും മാംസം മറ്റൊരു മഹല്ലിൽ താമസിക്കുന്ന ബന്ധുക്കൾക്കു കൊണ്ടുപോയി കൊടുക്കാമോ?
ഉത്തരം: *പ്രശ്നത്തിൽ പറഞ്ഞ രണ്ടു മഹല്ലുകളും വ്യത്യസ്ത നാടുകളാണെങ്കിൽ തന്നെ, കൂടുതൽ മൃഗങ്ങളുള്ള നാട്ടിൽ നിന്ന് അതിന്റെ ഉടമസ്ഥന്മാർക്ക് മൃഗമില്ലാത്ത നാട്ടിലേക്കു തങ്ങളുടെ മൃഗങ്ങളെ കൊണ്ടു പോയി ഉളുഹിയ്യത്തറക്കാവുന്നതും മാംസം അവിടെ വിതരണം ചെയ്യാവുന്നതുമാണ്. കാരണം, ഉളുഹിയ്യത്തിന്റെ കാര്യത്തിൽ അറക്കുന്നവന്റെ നാടാണ് പരിഗണനീയമെങ്കിലും ഒരാൾക്കു തന്റെ മൃഗത്തെ മറ്റൊരു നാട്ടിൽ കൊണ്ടുപോയി അറക്കുന്നതിനും മാസം അവിടെ വിതരണം ചെയ്യുന്നതിനും വിരോധമൊന്നുമില്ല. മാംസ വിതരണത്തിന് ഏറ്റവും നല്ലത് അറക്കുന്നവന്റെ നാടാണ് എന്നു മാത്രമേയുള്ളൂ. പ്രശ്നത്തിൽ പറഞ്ഞ പരിതസ്ഥിതിയിൽ ഇതിനേക്കാൾ പ്രധാനമായ ഒരു കാരണം നാടുമാറ്റി അറക്കുന്നതിലുണ്ടല്ലോ. അതിനാൽ അതിൽ ഒരു കുഴപ്പവുമില്ല. ഫതാവൽകുബ്റാ :4-257 നോക്കുക.* *ഒരു നാട്ടിൽ അറത്ത ഉളുഹിയ്യത്തു സുന്നത്താണെങ്കിൽ ആ നാട്ടിലെ നിർദ്ധനർക്കു വിതരണം ചെയ്യൽ നിർബന്ധമായ ഭാഗം കഴിച്ച് ബാക്കി മാംസം മറ്റൊരു നാട്ടിലേക്കു കൊണ്ടുകൊടുക്കുന്നതിനോ കൊടുത്തയക്കുന്നതിനോ വിരോധമില്ല. നിർബന്ധമായ ഉളുഹിയ്യത്താണെങ്കിൽ അതിന്റെ മാംസം മറ്റൊരു നാട്ടിലേക്ക് കൊടുത്തയക്കൽ അനുവദനീയമല്ലെന്നാണു പ്രബല വീക്ഷണം. അപ്പോളും മറ്റുനാട്ടിലെ ബന്ധുക്കളെ ഉളുഹിയ്യത്തിന്റെ നാട്ടിലേക്കു വിളിച്ചു വരുത്തി അവർക്ക് വിതരണം ചെയ്യാവുന്നതാണ്. ശർവാനി:9-365 നോക്കുക.*