പ്രശ്നം: ഉള്ഹിയ്യത്ത് മൃഗത്തെപ്പറ്റി ‘ഇത് ഉള്ഹിയ്യത്താണ’ന്നു പറഞ്ഞാൽ അത് നിർബന്ധമാകുമല്ലോ. എന്നാൽ, ഉള്ഹിയ്യത്തറക്കുന്ന വേളയിൽ ‘ബിസ്മില്ലാഹി അല്ലാഹുമ്മ ഹാദിഹീ ഉള്ഹിയ്യത്തീ’ എന്നു പറഞ്ഞാൽ അത് നിർബന്ധമായ ഉള്ഹിയ്യത്താകുമോ? ഈ ഉള്ഹിയ്യത്തിൽ നിന്ന് ഉടമസ്ഥന് തിന്നാനും ഉപയോഗിക്കാനും പറ്റുകയില്ലേ?

ഉത്തരം: പറ്റും. ‘ഇത് ഉള്ഹിയ്യത്താണ്’ എന്ന വാക്യം ഉച്ചരിച്ചു കൊണ്ട് ഒരു ബലിമൃഗത്തെ ഉള്ഹിയ്യത്തായി നിശ്ചയിക്കുന്നതു പോലെയല്ല അറുക്കുന്ന നേരത്ത് ചോദ്യത്തിൽ പറഞ്ഞ വാക്യം ചൊല്ലൽ. ബിസ്മില്ലാഹി’ എന്നുച്ചരിച്ചു കൊണ്ടുള്ള പ്രസ്തുത വാക്യം തന്റെ ഉള്ഹിയ്യത്ത് കർമ്മം സ്വീകരിക്കുന്നതിനായുള്ള ദുആ ആണെന്നു വ്യക്തമാണ്. അതിനാൽ പ്രസ്തുത പ്രാർത്ഥനാ വാക്യം കൊണ്ട് അത് നിർബന്ധമായ ഉള്ഹിയ്യത്തായി മാറുകയില്ല. ഉടമസ്ഥന് തിന്നാനും ഉപയോഗിക്കാനും പറ്റും. സുന്നത്തായ ഉള്ഹിയ്യത്ത് തന്നെയാണത്. തുഹ്ഫ:9-356 നോക്കുക.