പ്രശ്നം: ഉളുഹിയ്യത്ത് അറക്കുമ്പോൾ എപ്പോഴാണ് നിയ്യത്തു ചെയ്യേണ്ടത്? ഒരു പണ്ഡിതന്റെ ഹജ്ജു പഠന ക്ലാസിൽ ഹജ്ജിന്റെ ബലി കർമ്മങ്ങളിൽ മാംസം വിതരണം ചെയ്യുമ്പോൾ നിയ്യത്ത് ചെയ്യണമെന്നു പറഞ്ഞു കേട്ടു. എങ്കിൽ ഉളുഹിയ്യത്തിലും അങ്ങനെ മതിയോ? ഇല്ലെങ്കിൽ ഹജ്ജിന്റെ ബലിയും ഉളുഹിയ്യത്തും തമ്മിൽ വ്യത്യാസമെന്ത്?

ഉത്തരം: ഹജ്ജിന്റെ കർമ്മങ്ങൾ നഷ്ടപ്പെട്ടതിനു പരിഹാരമായോ വിലക്കപ്പെട്ട കാര്യം ചെയ്തതിന്റെ പ്രായശ്ചിത്തമായോ നടത്തപ്പെടുന്ന അറവുകളിൽ മാംസം വിതരണം ചെയ്യുന്ന നേരത്തോ അതിനു മുമ്പോ ആണ് നിയ്യത്ത് വേണ്ടതെന്ന് ഇമാം നവവി(റ) തന്റെ ശർഹുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതുപ്രകാരമാവാം താങ്കൾ ഹജ്ജു ക്ലാസിൽ അങ്ങനെ കേൾക്കാനിടയായത്. എന്നാൽ ഉള്ഹിയ്യത്തിലും ഹറമിനുള്ള ഹദ്’യിലും ഇതു പോരാ. അറവിന്റെ നേരത്താണ് ഇവ രണ്ടിലും നിയ്യത്തു ചെയ്യേണ്ടത്. അറവിന്റെ മുമ്പ് കരുതുന്നതിനും വിരോധമില്ല. അറവു കഴിഞ്ഞ ശേഷം വിതരണം ചെയ്യുമ്പോളോ മറ്റോ കരുതിയാൽ മതിയാവുകയില്ല. മുകളിൽ പറഞ്ഞ ഹജ്ജിന്റെ അറവുകളും ഉള്ഹിയ്യത്തും തമ്മിൽ വിധി വ്യത്യാസം വരാൻ ന്യായമുണ്ട്. എന്തു കൊണ്ടെന്നാൽ ഉള്ഹിയ്യത്തിലും ഹദ്’യിലും ലക്ഷ്യമാക്കപ്പെടുന്നത് സ്വന്തം ശരീരത്തിന് ദണ്ഡമായി രക്തം വീഴ്ത്തുകയെന്നതാണ്. ഇതു നടക്കുന്നത് അറവിന്റെ സമയത്താണല്ലോ. അപ്പോൾ ആ സമയത്താണ് അടിസ്ഥാനപരമായി ഇബാദത്തിന്റെ കരുത്ത് വേണ്ടത്. മുകളിൽ പറഞ്ഞ ഹജ്ജിന്റെ ബലികളിൽ ഹജ്ജിനു സംഭവിച്ച വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. സാധുക്കൾക്ക് മാംസം നല്കിക്കൊണ്ടാണ് ഈ പരിഹാരം നിർവ്വഹിക്കപ്പെടുന്നത്. അപ്പോൾ ഇവിടെ മാംസവിതരണത്തിന്റെ സമയത്താണ് അടിസ്ഥാനപരമായി നിയ്യത്തു വേണ്ടതെന്നു പറയുന്നതിനു ന്യായമുണ്ട്. തുഹ്ഫ:9-361 നോക്കുക.