മുദ്ദ്, സ്വാഅ് എന്നിവയൊക്കെ അളവുകളാണ്, തൂക്കങ്ങളല്ല. അത് കൊണ്ട് തന്നെ ഒരു മുദ്ദ് എന്നത് കൃത്യമായി എത്ര കിലോഗ്രാം ആണെന്ന് പറയുക സാധ്യമല്ല. പണ്ട് കാലത്ത് അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു പ്രത്യേകതരം അളവുപാത്രമാണ് അത്. അതിൽ കൊള്ളാവുന്ന അളവ് അരി എടുത്ത് തൂക്കി നോക്കിയാൽ അരിയുടെ ഭാരത്തിനനുസരിച്ച് വ്യത്യാസം വരുന്നതായി കാണാം. ഭാരമുള്ള അരി ആണെങ്കിൽ ഒരു മുദ്ദ് ചിലപ്പോൾ മുക്കാൽ കിലോയോളം വന്നേക്കാം. എന്നാൽ ഭാരമില്ലാത്ത അരിയാണെങ്കിൽ അറുനൂറ്റമ്പത് ഗ്രാം തികയണമെന്നുമില്ല. അഥവാ, ഒരു മുദ്ദ് എത്ര കിലോയാണെന്നത് അരിയുടെ തൂക്കത്തിനെ ആശ്രയിച്ചിരിക്കും എന്നർത്ഥം. കാരണം ഒന്ന് അളവ് മറ്റൊന്ന് തൂക്കവുമാണെന്നത് കൊണ്ട് സാധാരണഗതിയിൽ ഇത് 600 ഗ്രാം
മുതൽ 750 ഗ്രാം വരെ
വ്യത്യാസപ്പെടാറുണ്ട്. നാല് മുദ്ദാണ് ഒരു സ്വാഅ്. അത് കൊണ്ട് തന്നെ, ഒരു സ്വാഅ് എന്നത് 2.600kg മുതൽ 3 കിലോ വരെ ആവാറുണ്ട്. സൂക്ഷ്മത പാലിച്ച് ഫിത്റ് സകാതിൽ മൂന്നുകിലോ വരെ ചിലർ നൽകുന്നതും അതുകൊണ്ട് തന്നെ. മുദ്ദ് നബി എന്ന പേരിൽ ഈ അളവ് പാത്രം ഇന്നും ലഭ്യമാണ്. കൃത്യമായി കൊടുക്കണമെന്നുണ്ടെങ്കിൽ, നൽകാൻ ഉദ്ദേശിക്കുന്ന അരി അതിൽ അളന്ന് തൂക്കി നോക്കി കണ്ടെത്തുക തന്നെ വേണം.