| ഫള്ലുറഹ്മാൻ സുറൈജ് സഖാഫി തിരുവോട്

ഇന്ന് നമുക്ക്
ഇബ്റാഹിം അദ്ഹമിൻ്റെ(റ)
ചരിത്രം വായിക്കാം.
മഹാൻ വനമേഖലയിലൂടെയുള്ള യാത്രയിലാണ്, പോകുന്ന വഴിക്ക് അദ്ധേഹത്തെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കണ്ടു , ചോദ്യം ചെയ്തു.
“എവിടെയാണ് നിൻ്റെ വീട് ”
ഖബറിസ്ഥാൻ്റെ ഭാഗത്തേക്ക് ചൂണ്ടി അദ്ധേഹം മറുപടി പറഞ്ഞു
” അതാ.. അവിടെയാണ് ”
ആ മറുപടി പോലീസിനത്ര രസിച്ചില്ല, ഇയാൾ എന്നെ പരിഹസിക്കുകയാവുമെന്ന ചിന്ത അയാളെ കുപിതനാക്കി,
അരിശം കയറിയ അയാൾ മഹാനെ
പൊതിരെ മർദിച്ചു,
അന്നേരം ആ വഴി മറ്റു ചിലർ കൂടി വരുന്നുണ്ടായിരുന്നു
ഈ രംഗം കണ്ട അവർ ഉദ്യോഗസ്ഥനോട് കയർത്തു “ആരെയാണ് നിങ്ങൾ മർദിച്ചതെന്നറിയോ?
ഖുറാസാനിലെ പ്രമുഖ
പ്രധാനിയായ ഇബ്റാഹിം അദ്ഹമാണത്”

ഉദ്യോഗസ്ഥൻ നിന്ന് വിറക്കാൻ തുടങ്ങി

ശോ, അതറിഞ്ഞില്ലല്ലോ? വല്ലാത്ത അമളിയായിപ്പോയി

അയാൾ മഹാനെയും തേടി പുറപ്പെട്ടു
ഒടുവിൽ കണ്ടെത്തി, മാപ്പ് ചോദിച്ചു.

ഇടയിലൊരു ചോദ്യം ചോദിക്കട്ടെ നിങ്ങളാണെങ്കിൽ ഈ സന്ദർഭത്തെ എങ്ങനെയാണ് പ്രതിരോധിക്കുക?

ഊറി ചിരിച്ചു കൊണ്ട് ഇബ്റാഹിം അദ്ഹം(റ) പറഞ്ഞു “നിങ്ങളെന്നെ മർദിക്കുമ്പോൾ ഞാൻ
നിങ്ങൾക്ക് സ്വർഗം കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു ”

“അതെന്തിന്!?”

ഉദ്യോഗസ്ഥൻ്റെ ആശ്ചര്യത്തെ ഭേദിച്ച്
മഹാൻ തുടർന്നു
” അകാരണമായ ഈ പീഡനത്തിന് എനിക്ക് പ്രതിഫലം ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. നിങ്ങൾ കാരണം എനിക്ക് പ്രതിഫലവും ഞാൻ കാരണം നിങ്ങൾക്ക് ശിക്ഷയും ലഭിക്കുന്നത് എങ്ങനെ സഹിക്കാനാവും? അതെനിക്കൊട്ടുമിഷ്ടല്ല. അതിനാൽ നിങ്ങൾക്കും സ്വർഗ്ഗം കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു ഞാൻ”

ഈ മറുപടിക്ക് മുമ്പിൽ ആരായാലുമൊന്ന്
സ്തംഭിക്കില്ലെ.?

കൊടുങ്കാറ്റുകളുകളെ നിർമ്മിക്കാൻ കടലിലെ ന്യൂനമർദ്ദത്തിന് കഴിയുംപോലെ സാഹചര്യങ്ങളെ കത്തിക്കാൻ ഒരുപാടൊന്നും ചിന്തിക്കേണ്ടി വരില്ല. മർദ്ദത്തിൻ്റെ ഏറ്റക്കുറച്ചിലുകളെ സന്തുലിതമായ് കൊണ്ടുപോകാനുള്ള കഴിവാണ് ആർജിക്കേണ്ടത്. എത്ര ലളിതമായാണ് ഒരു വാഗ്വാദത്തിൻ്റെ സാധ്യതയെ വലിയൊരു പാഠപുസ്തകമാക്കിയതല്ലേ?

ആളുന്ന പ്രശ്നത്തെ കെടുത്താൻ വേണ്ടത് സൽസ്വഭാവമാണ്.ആളുകൾക്ക് നമ്മെ കൊണ്ട് കൊടുക്കാൻ സാധിക്കുന്ന അമൂല്യ വസ്തുവും അതു തന്നെ
വ്യക്തിജീവിതം, സമൂഹത്തോടുള്ള സംവേദനങ്ങൾ, ആദാന പ്രധാനങ്ങൾ,ഇടപഴക്കങ്ങൾ എല്ലാം അളവു തെറ്റാതെ നിർവ്വഹിക്കപ്പെടുമ്പോഴാണ് സ്വഭാവം നന്നാവുക. ആ അനുപാതം കൃത്യമായ് പാലിക്കുന്നവരെയാണ് സമൂഹത്തിനു വേണ്ടത്, അല്ലാത്തവർ അധികപറ്റാണ്; അമിതഭാരമാണ്. തിരു നബി(സ)യുടെ നിയോഗം തന്നെ
സൽസ്വഭാവത്തിൻ്റെ ആഗോള വ്യാപനത്തിനു വേണ്ടിയായിരുന്നു.(സൽസ്വഭാവത്തിൻ്റെ പൂർത്തീകരണത്തിന് വേണ്ടിയാണ് എൻ്റെ നിയോഗമെന്ന തിരുനബി(സ)യുടെ വാക്ക് മുവത്വയിലുണ്ട്)
തിരുദൂതരുടെ പ്രബോധനത്തിൻ്റെ മാർഗ രേഖ
ഖുർആനുമായിരുന്നു(അവിടുത്തെ സ്വഭാവമെന്താണെന്ന് ആഇശ ബീവി(റ) യോട് ചോദിച്ച സന്ദർഭവും ഖുർആനെന്ന് ഉത്തരം നൽകിയതും നമുക്ക് സുപരിചിതമാണ്)

സ്വഭാവം കൃത്രിമ വസ്തുവല്ല; വ്യക്തിയിലെ സഹജഭാവമാണ്. ‘എൻ്റെ തനി സ്വഭാവം നീ മനസ്സിലാക്കിയില്ല ‘ എന്ന വാക്കിലുണ്ട് സ്വഭാവത്തിൻ്റെ ജനിതക രൂപം. സ്വകാര്യ ജീവിതത്തിലും പൊതുജീവിതത്തിലും സ്വഭാവത്തിന് പ്രാധാന്യമുണ്ട്. ഒറ്റക്കിരിക്കുമ്പോഴുള്ള ആലോചനകളും പ്രവൃത്തികളുമാണ് നമ്മളെയോരോരുത്തരുടെയും വ്യക്തിത്വം നിർണ്ണയിക്കുന്നത്.ആ വ്യക്തിത്വമാണ് സമൂഹത്തിന് കൈമാറാനുള്ളത്.
സ്വകാര്യ ജീവിതം ശുദ്ധമല്ലാത്തവൻ്റെ
സ്വഭാവത്തിൽ കാപട്യത്തിൻ്റെ മൊശട് വാടയുണ്ടാവും. അവൻ്റെ വാക്കിനോ ഇടപഴക്കത്തിനോ ഉത്പാദനക്ഷമതയുണ്ടാവില്ല.
വാക്ക് ഫലിക്കുന്നതിൻ്റെ കാരണമായി
ഇമാം ശീറാസി എണ്ണിയ കാര്യമാണ് സൽസ്വഭാവം.
ഇഹ് യ യിലെ സ്വഭാവത്തെ കുറിച്ച് പറയുന്ന ഭാഗം കൂടി ചേർത്തുവായിക്കാം”ഖുൽഖ് (സ്വഭാവം ), ഖൽഖ് (സൃഷ്ടിപ്പ്) എന്നീ പദങ്ങൾ സാധാരണ ഒപ്പമാണ് പ്രയോഗിക്കാറ്
ഉദാ:- ‘ഫുലാനുൻ ഹസനുൽ ഖുൽഖി വൽ ഖൽഖി’ അയാൾ അകവും പുറവും നല്ലവനാണെന്നർഥം. ഖൽഖിൻ്റെ ഉദ്ദേശ്യം ബാഹ്യ രൂപവും ഖുൽഖിൻ്റെ ഉദ്ദേശ്യം ആന്തരിക രൂപവുമാണെന്ന് ഇതിൽ നിന്ന് വ്യക്തം.
ദേഹവും ദേഹിയും ചേർന്നതാണ് മനുഷ്യൻ.
ദേഹത്തെ ദൃഷ്ടി കൊണ്ടും ദേഹിയെ ഉൾക്കാഴ്ച കൊണ്ടുമാണ് തിരിച്ചറിയുന്നത്.ഇവ ഓരോന്നിനും സവിശേഷമായ രൂപവും ഭാവവുമുണ്ട്. അവസുന്ദരമാവാം വിരൂപമാവാം. മനസ്സിൽ ഉറച്ചു പോയ ഭാവത്തിൽ നിന്ന് അനായാസകരമായും സ്വാഭാവികമായും പുറപ്പെടുന്ന ചെയ്തികളാണ് സ്വഭാവങ്ങൾ. മനസ്സിൽ ഉറച്ച ഭാവമെന്ന് പ്രത്യേകം പറയാൻ കാരണം, ആരെങ്കിലും യാദൃശ്ചികമായി ചെയ്യുന്ന പ്രവർത്തനത്തെ അയാളുടെ സ്വഭാവമായി വിശേഷിപ്പിക്കാനാവില്ല എന്നതാണ്. താൽക്കാലികാവശ്യത്തിന് പണം ചെലവഴിക്കുന്നവനെ ഔദാര്യവാനെന്നും യാദൃഛികമായി കളവ് പറഞ്ഞവനെ നുണയൻ എന്നും വിളിക്കുന്നത് ഉചിതമാവില്ല. മനസ്സിൽ ഉറച്ച ഭാവം നല്ല കർമ്മങ്ങളായി രൂപപ്പെടുമ്പോഴാണ് സൽസ്വഭാവിയെന്ന് വിശേഷിക്കാവൂ

“റബ്ബേ, എന്നെ സൽസ്വഭാവത്തിലേക്ക് നയിക്കേണമേ, നീയല്ലാതെ സൽസ്വഭാവത്തിലേക്ക് നയിക്കുന്നവനില്ല.
എന്നെ ദുസ്സ്വഭാവത്തിൽ നിന്ന് അകറ്റേണമേ,
നീ അല്ലാതെ ദുസ്വഭാവത്തിൽ നിന്ന് അകറ്റുന്നവനില്ല” എന്ന് തിരുനബി(സ)യുടെ നിരന്തര പ്രാർത്ഥനയായിരുന്നു.
സ്വഭാവ രൂപീകരണത്തെ കുറിച്ച് യാതൊരു കാഴ്ചപ്പാടോ നിലപാടോ ഇല്ലാത്ത ജനതയെയാണ് പ്രഫുല്ലമായ സ്വഭാവ വികാസത്തിലേക്കും അതിഗംഭീരമായ നാഗരികതയിലേക്കും പ്രവാചകർ നയിച്ചത്.ഗുണ്ടാതലവനിൽ നിന്നും ശാന്തസുന്ദരമായ രാഷ്ട്രത്തിൻ്റെ സാരഥ്യത്തിലേക്കുള്ള ഉമർ(റ)ൻ്റെ
ദൂരമളന്നാൽ നമുക്കത് പകൽ പോലെ ബോധ്യപ്പെടും.
വിശ്വാസത്തിൻ്റെ പൂർണ്ണത സാധ്യമാവുന്നത് സൽസ്വഭാവമുണ്ടാവുമ്പോയാണ്.

സൽസ്വഭാവത്തിൻ്റെ ബന്ധം പ്രധാനമായും മൂന്ന് തരത്തിലെണ്ണാം

1. സൃഷ്ടാവ് സൃഷ്ടികളോട് കാണിക്കുന്നത്: അല്ലാഹുവിൻ്റെ വിശുദ്ധനാമങ്ങൾ തന്നെ അവൻ്റെ ചൈതന്യവത്തായ സ്വഭാവങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്. സ്നേഹ വാത്സല്യങ്ങടക്കമുള്ള സർവ്വ സദ്ഭാവങ്ങളെയും സൃഷ്ടിച്ചതവനാണ്. സ്നേഹം,നീതി, വിശ്വസ്തത, ക്ഷമ, സഹനം, കരുണ, വിട്ടുവീഴ്ച, സഹാനുഭൂതി, വിശാല മനസ്സ്, ഔധാര്യബോധം, സാമൂഹ്യ പ്രതിപത്തി, രഹസ്യ സൂക്ഷിപ്പ്, മാന്യത, ഹൃദയങ്ങളെ ശുദ്ധീകരിക്കൽ, നല്ല സംസാരം, യുക്തിബോധം, തുടങ്ങി അല്ലാഹുവിൻ്റെ വശ്യ സ്വഭാവങ്ങളായി ഖുർആനെണ്ണിയനിര നീണ്ടു പോവുന്നു. അത്തരം വിശേഷണങ്ങളെ എടുത്ത് പറഞ്ഞിട്ടുള്ളത് അതിൻ്റെ പ്രതിഫലനങ്ങൾ നമ്മുടെ ജീവിതത്തിൽ രൂപപ്പെടുത്താനാണ്.
“അല്ലാഹു വിൻ്റെ സ്വഭാവങ്ങളണിയൂ” എന്ന തിരുമൊഴി അതിലേക്കുള്ള ചുണ്ടുവിരലാണ്.

2. മനുഷ്യൻ ഇതര ചരാചരങ്ങളോട് കാണിക്കുന്നത്: സൃഷ്ടികളിൽ സവിശേഷ സ്ഥാനമുള്ള മനുഷ്യൻ്റെ ഉത്തരവാദിത്വങ്ങളിൽ പെട്ടതാണ് എല്ലാറ്റിനോടുമുള്ള സന്തുലിത സമീപനം. നബിയേ.. ഇതര ജീവജാലങ്ങളെ ശ്രദ്ധിച്ചിട്ടെന്തേലും നേട്ടമുണ്ടോ എന്ന സ്വഹാബത്തിൻ്റെ ചോദ്യത്തിന് തിരുനബി നൽകിയ മറുപടി “പച്ചക്കരളുള്ള എല്ലാറ്റിനോടു മുള്ള നല്ല സമീപനങ്ങൾക്ക് പ്രതിഫലമുണ്ട് ” എന്നായിരുന്നു. സംഹാര സ്വഭാവത്തിലുള്ള ഇടപഴക്കം ഒന്നിനോടുമരുത്. ഭൗമ ലോകത്ത് ക്രമം തെറ്റി നടക്കരുതെന്നതും നശീകരണ നടപടികൾ കൈകൊള്ളരുതെന്നും വേദോപദേശമാണ്. നാം പ്രകൃതിയോട് കാണിച്ച സ്വഭാവ വൈകൃതങ്ങളാണ് ആഗോള താപനമായും കാലാവസ്ഥാ വ്യതിയാനമായും ക്ഷാമമായും വംശനാശ ഭീഷണികളായും പ്രതിസന്ധികളുയർത്തുന്നത്. നമുക്ക് തോന്നിയ നടപടികൾക്കു പകരം സൃഷ്ടാവിൻ്റെ നിർദ്ദേശത്തിന് പ്രാമുഖ്യം കൽപ്പിക്കുകയെന്നതാണ് ഈ പ്രതിസന്ധികൾക്കുള്ള ശാസ്ത്രീയ പരിഹാരം.

3. മനുഷ്യർക്കിടയിൽ പരസ്പരം സംഭവിക്കുന്നത്:
പരസ്പരാശ്രിതത്വം കൂടാതെ മനുഷ്യന് ജീവിതം സാധ്യമല്ല. സാമൂഹ്യ ജീവി എന്നതാണവൻ്റെ പ്രകൃതം.അതുകൊണ്ട് തന്നെ നാമോരോരുത്തരും ശ്രദ്ധാലുക്കളാവേണ്ടത് ഈ തലത്തിലാണ്. അന്ത്യദിനത്തിൽ സത്യവിശ്വാസിയുടെ തുലാസിൽ ഏറ്റവും കനം വെച്ച് തൂങ്ങുന്നത് സൽസ്വഭാവമാണ്. അനാശാസ്യങ്ങളും അവിവേകങ്ങളും കൊണ്ടു നടന്നവർ വിരലു കിടക്കുന്ന ഘട്ടമായിരിക്കുമത്.
സാമൂഹ്യ ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനുമാത്രമേ സൃഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ, ആ ദൈവ സാമീപ്യമുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടുള്ളൂ അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സൃഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ഹൃദയം മലിനമാക്കപ്പെടുകയും ചെയ്യും. പരസ്പര
ശണ്ഡകളില്ലാതെ തെറ്റുകളോട് രാജിയായി അവിവേകങ്ങളുപേക്ഷിച്ച് വിട്ടുവീഴ്ചയും ക്ഷമാപണവും കൂടെ കൂട്ടി ആക്ഷേപങ്ങൾക്ക് ഇടവരുത്താതെ ന്യൂനതകൾ ഒളിച്ചുവെച്ച് സർവ്വരോടും തെളിഞ്ഞ മുഖം കാണിച്ച്
കീഴാള-മേലാള വ്യത്യാസമില്ലാതെ മൃദുല സംസാരം കൈമാറി തരളിതമായ സ്വഭാവത്തിനിടയിൽ തളിർക്കുമ്പോഴാണ് വിശ്വാസി അവൻ്റെ മേൽവിലാസത്തോട് നീതി കാണിക്കുന്നത്
ഒരുപാട് സംഭവങ്ങൾ..
വശ്യമായ സ്വഭാവത്തിനു മുമ്പിൽ ഹൃദയം പൂത്തുലഞ്ഞ ചരിത്രങ്ങൾ
നിങ്ങൾ കേൾക്കുന്നുണ്ടോ
തെറി വിളിയുടെ മുഴക്കമല്ലേ ആ കേൾക്കുന്നത്.
ആരെയാണ് തെറി വിളിക്കുന്നത്?
ഏതോ ഒരുവൻ അഹ് നഫ് ഇബ്നു ഖൈസിനെ തെറി വിളിക്കുകയാണ്.അദ്ധേഹം ഒന്നും മിണ്ടുന്നില്ല. മഹാൻ അവിടുത്തെ നാടെത്താറായപ്പോൾ തെറി വിളിക്കുന്നവനോട് ഉണർത്തി: “ഇനി വല്ലതും ബാക്കിയുണ്ടെങ്കിൽ വേഗം പറയോ? എൻ്റെ നാടെത്താറായി, നാട്ടിലുള്ളവർ കേട്ടാൽ നിങ്ങളെ വെച്ചേക്കില്ല”
ആഹാ അത്രക്കായോ
വെറുതെ വിടരുത്
പറയാനറിയാഞ്ഞിട്ടല്ല
എന്ന് അരിശം കത്തിച്ച് വരുന്ന മനസ്സിനെ വരുതിയിലാക്കി വെച്ചത് എത്ര സർഗ്ഗാത്മകമായാണ്!?
സൗമ്യ സമീപനം ഏതു കാര്യത്തെയും മനോഹരമാക്കുകയേയുള്ളൂ. പാരുഷ്യം ഏതിനെയും വികൃതമാക്കും.
സത്യവിശ്വാസി അവൻ്റെ സ്വഭാവം കൊണ്ട് നോമ്പുകാരൻ്റെയും നമസ്കാരക്കാരൻ്റെയും പദവി കരസ്ഥമാക്കുമെന്ന് തിരുനബി(സ) പറഞ്ഞതാണ്. അഥവാ നിരന്തരം രാപകൽ ആരാധിക്കുന്നവൻ്റെ ഫലമാണ് നല്ല സമീപനത്തിനെന്നർത്ഥം. വിശ്വാസിയെ കുറിച്ച് ഖുർആൻ പറഞ്ഞത് അവർ കോപം അടക്കി വെക്കുന്നവരും അന്യരുടെ കുറ്റങ്ങൾ പൊറുക്കുന്നവരുമാണെന്നാണ് (ആലു ഇംറാൻ 134)
പ്രവാചകരേ, കനിവിൻ്റെയും വിട്ടുവീഴ്ചയുടെയുടെയും സരണി സ്വീകരിക്കുക. നന്മ ഉപദേശിക്കുക. മൂഢൻമാരോട് തർക്കിക്കാതിരിക്കുക (അൽ അഅറാഫ് 199) എന്നാണ് തിരുനബി(സ)യോടുള്ള നിർദ്ദേശം.
പറഞ്ഞ് ശരിപ്പെടുത്തിക്കളയാമെന്ന
ധാരണയിൽ നമ്മൾ പറയാൻ മുതിർന്ന മൂർച്ചയുള്ള വാക്ക്
വലിയ പ്രത്യാഘാതമാവുമെന്ന് ഓർക്കാറില്ല.
സ്റ്റാൻ്റേഡ് കുറയേണ്ടെന്ന് കരുതി
വിരിച്ചു വെച്ച നെഞ്ചെളവും
കനപ്പിച്ച മുഖവും വിലയിടിച്ചു കളയുമെന്നും ആലോചിക്കാറില്ല.
ആരും കാണാനില്ലെന്ന് കരുതി
അരുതാത്തത് ചെയ്യുമ്പോൾ
സ്വയം വ്യക്തിത്വമലിനീകരണം നടത്തുകയാണെന്നും ചിന്തിക്കാറില്ല.

അതു കൊണ്ട് മനസ്സിനെ ഇടക്കിടെ കഴുകിവെടിപ്പാക്കണം. അങ്ങനെ സജ്ജമായ
സൗമ്യ മനസ്സിനാണ് മധുരോദാരമായ സ്വഭാവം സൃഷ്ടിക്കാനാവുള്ളൂ…
അല്ലാഹു അനുഗ്രഹിക്കട്ടെ