“റമള്വാന്‍ രാത്രിയില്‍ ഭാര്യയെ സമീപിക്കുന്നതില്‍ നിങ്ങള്‍ക്ക് ഇളവ് തന്നിരിക്കുന്നു. നിങ്ങളുടെ ഭാര്യമാര്‍ക്കു നിങ്ങള്‍ വസ്ത്രസമാനമാകുന്നു. അവര്‍തിരിച്ചും. പ്രഭാതം വരെ ഇനി നിങ്ങള്‍ക്കു അന്നപാനാദികള്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.” (അല്‍ബഖറ 187) ഈ പുതിയ വിധി വന്നപ്പോള്‍ സ്വഹാബികള്‍ സന്തോഷഭരിതരായി. നിരുപാധികമായി ലഭിച്ച ഈ ആനുകൂല്യത്തിനു വലിയ വിലയുണ്ട്. ആ വില ബോധ്യപ്പെടുത്തുന്ന നിയമമാണ് വ്രത സമയത്തെ ലൈംഗിക ബന്ധത്തിനു നല്‍കേണ്ട പ്രായശ്ചിത്തം. നോമ്പുകാരനായിരിക്കെ റമള്വാന്‍ പകലില്‍ ഭാര്യാഭര്‍ത്താക്കള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കടുത്ത പ്രായശ്ചിത്തം നിര്‍വ്വഹിക്കണം. അതിന്റെ നിയമവശം ശ്രദ്ധിക്കുക.

ലൈംഗിക ബന്ധം കാരണം നോമ്പ് മുറിഞ്ഞാലാണ് കഫ്ഫാറത് നിര്‍ബന്ധമാവുക. ഇതനുസരിച്ച് മറ്റേതെങ്കിലും കാര്യത്താല്‍ നോമ്പ് മുറിഞ്ഞവന്‍ പിന്നീട് ഭാര്യയുമായി ബന്ധപ്പെട്ടാല്‍ ആ പേരില്‍ പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. സംസര്‍ഗം മൂലം ഇന്ദ്രിയസ്ഖലനം നടക്കണമെന്ന നിബന്ധനയില്ല. ഭോഗിക്കുന്നത് മൃഗത്തെയോ ശവത്തെയോ ആയാലും ഈ വിധി ബാധകമാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നാണ് ഭോഗം നടത്തിയതെങ്കില്‍ കഫ്ഫാറത്ത് ബാധകമല്ല. ബലാല്‍ക്കാരത്തിനു വിധേയമായി ചെയ്തവര്‍ക്കും പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പിനു രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നവര്‍ പകല്‍ ഇംസാക് പുലര്‍ത്തുന്ന വേളയില്‍ ചെയ്താലും കഫ്ഫാറത് നല്‍കേണ്ടതില്ല.

റമള്വാന്‍ നോമ്പ് സമയത്ത്, ഹറാമാണെന്നറിവുണ്ടായിരിക്കെ അത് ചെയ്ത് വ്രതം മുറിച്ചാലാണ് കഫ്ഫാറത് നിര്‍ബന്ധമാകുന്നത്്. ഈ അറിവില്ലാത്തവന് മേല്‍പ്പറഞ്ഞ വിധി ബാധകമല്ല. എന്നാല്‍ അതു നിഷിദ്ധമാണെന്നറിവുണ്ട്. കഫ്ഫാറത്ത് വേണമെന്ന കാര്യത്തിലാണ് അറിവില്ലാത്തതെങ്കില്‍ കഫ്ഫാറത്ത് നിര്‍ബന്ധം തന്നെയാണ്.

സ്വയംഭോഗം നിമിത്തം ഇന്ദ്രിയസ്ഖലനം സംഭവിച്ചാല്‍ കഫ്ഫാറത്ത് ആവശ്യമില്ല. സ്ത്രൈ ണാവയവത്തിലല്ലാതെ നടത്തുന്ന ക്രീഡകള്‍ നിമിത്തം സ്ഖലനം സംഭവിച്ചാലും കഫ്ഫാറത്ത് വേണ്ടതില്ല. നേര്‍ച്ച, പ്രായശ്ചിത്തം, ഖളാഅ് തുടങ്ങിയ നിര്‍ബന്ധ വ്രതങ്ങള്‍ ജിമാഅ് കാരണം നഷ്ടപ്പെട്ടാലും കഫ്ഫാറത്ത് ബാധകമല്ല. എന്നാല്‍ ഗുദഭോഗം നടത്തിയതിന് അത് പുരുഷനെയായിരുന്നാലും കഫ്ഫാറത്ത് നിര്‍ബന്ധമാണ്. ഗുദഭോഗത്തിന് വിധേയനായ പുരുഷന് പ്രായശ്ചിത്തം നിര്‍ബന്ധമില്ലെന്ന് പണ്ഢിതന്മാരില്‍ പ്രബലവിഭാഗം അഭിപ്രായപ്പെടുന്നു.അതുപോലെ തന്നെ ഭോഗിക്കപ്പെട്ട പെണ്ണിനും കഫ്ഫാറത്തിന്റെ വിധി ബാധകമല്ലെന്ന് ഇവര്‍ പറയുന്നു. ഇവര്‍ക്ക് കഫ്ഫാറത്ത് സുന്നത്താണെന്നാണ് ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണം.

യാത്രക്കാരന്‍, രോഗി തുടങ്ങി നോമ്പനുഷ്ഠിക്കുന്നതില്‍ ആനുകൂല്യം നല്‍കപ്പെട്ടവര്‍ ഈ ആ നുകൂല്യം മുതലെടുത്ത് ജിമാഅ് ചെയ്തു നോമ്പ് മുറിച്ചാലും കഫ്ഫാറത്ത് ബാധകമല്ല. വ്യഭിചാരത്തിനും കഫ്ഫാറത്തിന്റെ വിധി ബാധകമാണ്. രാത്രിയാണെന്ന ധാരണയില്‍ ജിമാഅ് ചെയ്യുകയും പ്രഭാതമായിരുന്നെന്ന് പിന്നീട് ബോധ്യപ്പെടുകയും ചെയ്താല്‍ കഫ്ഫാറത്ത് വിധി ബാധകമല്ല. സൂര്യനസ്തമിച്ചു എന്ന ധാരണയില്‍ ജിമാഅ് ചെയ്താലും ഇങ്ങനെ തന്നെയാണ് വിധി. നോമ്പുണ്ടെന്ന കാര്യം മറന്നു വ്യഭിചരിച്ചാല്‍ കഫ്ഫാറത് നിയമം ബാധകമല്ല. ജിമാഇലൂടെ നഷ്ടപ്പെടുത്തിയ ഓരോ റമള്വാന്‍ നോമ്പിനും വെവ്വേറെ കഫ്ഫാറത്ത് നിര്‍ബന്ധമാണ്. ഒരു ദിവസം പലതവണ ഭോഗം നടത്തിയാലും ഒരു കഫ്ഫാറത്ത് മതിയാകും. ബന്ധപ്പെടുന്നത് വ്യത്യസ്ത ഭാര്യമാരുമായാലും ഇതാണ് നിയമം. സംഭോഗം നടന്നതിനു പിറകെ നോമ്പിന്റെ നിര്‍ബന്ധത്തിനു ഭംഗം വരുത്തുന്ന മതപരിത്യാഗമോ യാത്രയോ സംഭവിച്ചാലും കഫ്ഫാറത്ത് നിര്‍ബന്ധം തന്നെയാണ്. കാരണം ജിമാഅ് നടക്കുന്ന സമയത്ത് ഇവര്‍ക്ക് നോമ്പ് നിര്‍ബന്ധമായിരുന്നല്ലോ.

എന്നാല്‍ ജിമാഅ് ചെയ്തു നോമ്പ് നഷ്ടപ്പെടുത്തിയവര്‍ക്ക് പിന്നീട് ഭ്രാന്തനാവുകയോ മരണപ്പെടുകയോ ചെയ്താല്‍(അത് ആത്മഹത്യയാണെങ്കിലും) അവരെ കഫ്ഫാറത്തി ന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുക്തരായി വിധിക്കേണ്ടതാകുന്നു. കാരണം, മരണവും ഭ്രാന്തും പ്രസ്തുത ദിവസത്തെ വ്രതത്തെ പാടേ നിഷ്ഫലമാക്കുന്നതാണ്. രോഗം കാ രണം നോമ്പ് മുറിക്കേണ്ടിവരുന്നത് നേരത്തേ നടത്തിയ ജിമാഇന്റെ കഫ്ഫാറത്തില്‍ നിന്നൊഴിവു നല്‍കുന്നില്ല.

സ്ത്രീക്കും കഫ്ഫാറത്ത് നിര്‍ബന്ധമാണെന്ന ഒരഭിപ്രായത്തെപ്പറ്റി മുകളില്‍ സൂചിപ്പിച്ചിരുന്നു. സംഭോഗത്തിനു വിധേയയായത് അവളുടെ അറിവോടും സമ്മതത്തോടും കൂടിയാണെങ്കിലാണ് ഈ വിധി. ഉറക്കത്തിലോ നോമ്പില്ലാത്ത ഘട്ടത്തിലോ ആണ് അവള്‍ ഭോഗത്തിന് വിധേയയായതെങ്കില്‍ കഫ്ഫാറത്ത് നിര്‍ബന്ധമില്ല. എന്നാല്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നവര്‍ ഭോഗസമയത്ത് ഉണരുകയും സമ്മതമെന്നോണം കിടക്കുകയും ചെയ് താല്‍ പ്രസ്തുത വിധിപ്രകാരം കഫ്ഫാറത്ത് നിര്‍ബന്ധമാകും. കഫ്ഫാറത്ത് നിര്‍വഹിച്ചാലും നഷ്ടപ്പെടുത്തിയ വ്രതം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.

എന്താണ് കഫ്ഫാറത്ത്?

മറ എന്നര്‍ഥമുള്ള കഫ്ര്‍ എന്നതില്‍ നിന്നാണ് കഫ്ഫാറത് എന്ന പദത്തിന്റെ ഉത്പത്തി. ഈ അടിസ്ഥാനത്തില്‍ കുറ്റത്തെ മറച്ചുവെക്കുന്നത്, പാപത്തെ ഇല്ലാതാക്കുന്നത് എന്നെല്ലാമാണ് ഇതിന്റെ വിവക്ഷ. സത്യവിശ്വാസി യായ ഒരു അടിമയെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കലാ ണ് പ്രായശ്ചിത്തം. ഇത് അസൌകര്യമായാല്‍ (അടിമയെ  ലഭിക്കാത്ത നമ്മുടെ രാജ്യം പോലെ) തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ് (അറുപത് ദിവസമെന്നാണുദ്ദേശ്യം). രോഗം, വാര്‍ധക്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഇത് അസാധ്യമായാല്‍ അറുപത് അഗതികള്‍ക്കോ ദരിദ്രര്‍ക്കോ നാട്ടിലെ പ്രധാന ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് ഒരു മുദ്ദ് വീതം നല്‍കലാണ് നിര്‍ബന്ധമായത് (ഫത്ഹുല്‍ മു’ഈന്‍ പേജ് 195 – 197 നോക്കുക).

ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസ് കാണുക. അബൂഹുറയ്റ(റ) പറയുന്നു: ഞങ്ങളൊരിക്കല്‍ പ്രവാചക സന്നിധിയിലിരിക്കുമ്പോള്‍ ഒരു വ്യക്തി കടന്നുവന്നു ആവലാതി പറഞ്ഞു. ‘പ്രവാചകരേ ഞാന്‍ നശിച്ചു.’ നബി(സ്വ) ചോദിച്ചു. എന്താണ് നിങ്ങള്‍ക്ക് പറ്റിയത്’?

ആഗതന്‍: ഞാന്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടുപോയി. നബി(സ്വ): നിങ്ങളുടെ കൈയില്‍ സ്വതന്ത്രരാക്കാന്‍ പറ്റിയ അടിമയുണ്ടോ? ആഗതന്‍: ഇല്ല നബിയേ.

നബി(സ്വ): എങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ കഴിയുമോ? ആഗതന്‍: സാധിക്കില്ല തിരുദൂതരേ.

നബി(സ്വ): അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ നിനക്കു സാധിക്കുമോ?. ആഗതന്‍: അതും എനിക്ക് അസാധ്യമാണ്. അല്‍പ്പസമയം കഴിഞ്ഞു. ആരോ നബിക്ക് അല്‍പ്പം കാരക്ക കൊണ്ടുവന്നുകൊടുത്തു. ഉടന്‍ നബി(സ്വ) ആരാഞ്ഞു? ‘എവിടെ ആ മനുഷ്യന്‍’. ഞാനിതാ നബിയേ എന്നുപറഞ്ഞ് അയാള്‍ മുന്നോട്ടുവന്നു. നബി(സ്വ): ഇതാ നിങ്ങള്‍ ഇതു സ്വദഖ ചെയ്യൂ’.

ആഗതന്‍: നബിയേ ഞാനിതു ദാനം ചെയ്യേണ്ടത് എന്നെക്കാള്‍ പാവപ്പെട്ടവര്‍ക്കല്ലേ. മദീനയില്‍ എന്നെക്കാള്‍ ദരിദ്രനായ മറ്റൊരാളുണ്ടാകില്ല നബിയേ. എന്റെ വീട്ടുകാര്‍ തന്നെയാണ് ഈ ദാനം വാങ്ങാന്‍ ഏറ്റവും അര്‍ഹന്‍. ഇതുകേട്ട പ്രവാചകര്‍ ചിരിച്ചു. അവിടത്തെ പല്ലുകള്‍ പുറത്തു കാണുന്നതുവരെ ചിരി പടര്‍ന്നു. അവസാനം നബി(സ്വ) പറഞ്ഞു. ‘എങ്കില്‍ ഇത് കൊണ്ടുപോയി നിങ്ങള്‍ വീട്ടുകാരെ ഭക്ഷിപ്പിക്കുക’.

ഈ ഹദീസില്‍ നിന്നു കഫ്ഫാറത്ത് സംബന്ധമായി കുറേ വിധികള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കര്‍മ്മശാസ്ത്ര വിശാരദന്മാരുടെ വീക്ഷണത്തിലൂടെ അത് വിശദീകരിക്കാം. കഫ്ഫാറത്തില്‍ മുന്‍ഗണന നല്‍കേണ്ടത് അടിമ മോചനത്തിനാണ്. അതിനു കഴിയില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണ ദാനം. പ്രസ്തുത കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കിലും കഫ്ഫാറത്ത് ഒഴിവാകുന്നതല്ല. സാധ്യമായ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമായി പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. വീട്ടിയില്ലെങ്കില്‍ അല്ലാഹുവിന് ബാധ്യതപ്പെട്ട ഒരു കടമയായി അത് അവശേഷിക്കുന്നതാണ്. കഫ്ഫാറത്തിന് അശക്തനാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്നൊഴിവാകില്ലെന്നതിന് മതിയായ തെളിവാണ് നബി(സ്വ)യുടെ അടുക്കല്‍ വന്നു ചോദിച്ചയാള്‍ ഒന്നി നും സാധിക്കാത്ത ആളായിരുന്നിട്ടും നബിതങ്ങള്‍ അയാളെ വിടാതെ പിടിച്ചുനിര്‍ത്തിയതും നബിക്ക് ലഭിച്ച കാരക്ക ദാനം ചെയ്യാന്‍ ആജ്ഞാപിച്ചതും.

നിശ്ചിത സമയത്ത് പ്രായശ്ചിത്തം നല്‍കാന്‍ കഴിയാത്തവര്‍ കഴിവുണ്ടായാല്‍ പെട്ടെന്നുതന്നെ അത് നിര്‍വഹിക്കേണ്ടതാണ്. ഒരാള്‍ ആദ്യം ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ മുതി ര്‍ന്നു. പിന്നീട് നോമ്പനുഷ്ഠിക്കാന്‍ സാധിക്കുമെന്ന ധാരണ വന്നാല്‍ അന്നദാനം നിര്‍ ത്തി നോമ്പനുഷ്ഠിക്കല്‍ സുന്നത്താകുന്നു. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതുവരെ ചെയ്ത അന്നദാനം ഐച്ഛിക കര്‍മ്മത്തിന്റെ പരിധിയില്‍ പെടുത്തുന്നതും പ്രതിഫലം ലഭിക്കുന്നതുമാണ്.

കഫ്ഫാറത്തായി വ്രതം തുടങ്ങിയാല്‍ രണ്ടുമാസം തുടര്‍ച്ചയായിത്തന്നെ അത് നിര്‍വ്വഹിക്കണം. ഇടക്ക് ഒരു ദിവസം വിട്ടുപോയാല്‍ പിന്നെയുംആദ്യം മുതല്‍ തുടങ്ങേണ്ടതായിവരും.

കഫ്ഫാറത്തായി നല്‍കുന്ന ഭക്ഷണ സാധനം വാങ്ങാന്‍ അര്‍ഹതയുള്ളവരുടെ ഗണത്തില്‍ ഫഖീറും പെടും. എന്നാല്‍ ഫഖീറിനും മസ്കീനിനും തന്റെ തന്നെ കഫ്ഫാറത്ത് സ്വന്തം ഭാര്യാസന്താനങ്ങള്‍ക്കു സമ്മാനിക്കാവുന്നതല്ല. പ്രസ്തുത ഹദീസില്‍ നബിതങ്ങള്‍ ആഗതനോട് തന്റെ ഭാര്യാസന്താനങ്ങള്‍ക്കു തന്നെ നല്‍കാന്‍ പറഞ്ഞത് കാണുന്നു. തുഹ്ഫയില്‍ ഇക്കാര്യം പറയുന്നുണ്ട്. നബിതങ്ങള്‍ തനിക്കു ലഭിച്ച ദാനം പ്രായശ്ചിത്തമായി നല്‍കാന്‍ തന്നെയാണ് സ്വഹാബിക്ക് സമ്മാനിച്ചത്. എന്നാല്‍ മദീനയില്‍ അത് വാങ്ങാന്‍ തന്നെക്കാള്‍ അര്‍ഹരില്ലെന്നു പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥ അറിഞ്ഞ നബി(സ്വ) അത് സ്വയം വിനിയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അല്ലാതെ കഫ്ഫാറതെന്ന വ്യവസ്ഥ പ്രകാരമല്ല.