സുലൈമാൻ നബി (അ)ന്റെ കാലം അത് സുവർണ കാലഘട്ടമായിരുന്നു ഇസ്രാഈലികളുടെ മനസ്സിൽ സന്തോഷം നൽകുന്ന ഓർമയായി അതിന്നും നിലനിൽക്കുന്നു ഭൂലോക ചക്രവർത്തി ആ ചക്രവർത്തി ഒരു പ്രവാചകനായിരിക്കുക സത്യവും നീതിയും നടപ്പാക്കുന്ന നബി നബിയും രാജാവും ഒരാൾ തന്നെ പ്രജകൾക്ക് ഇതിൽപരം ഒരു സൗഭാഗ്യം വരാനുണ്ടോ ? പക്ഷികളും മൃഗങ്ങളും പ്രവാചകനോട് സംസാരിക്കുക ഉറുമ്പുകളുടെ പോലും സംഭാഷണം ശ്രദ്ധിക്കുക മത്സ്യങ്ങളോട് വർത്തമാനം പറയുക അത്തരത്തിലുള്ള ആളായിരുന്നു സുലൈമാൻ (അ) മുതിർന്നവർ ഇളംതലമുറകൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു ഭൂലോക ചക്രവർത്തിയുടെ കഥകൾ കുട്ടികൾ അത്ഭുത കഥകൾ കേട്ട് അന്തംവിട്ട് നിന്നുപോയി സുവർണ കാലഘട്ടത്തിനേറെ ഓർമ്മകൾ അയവിറക്കുന്ന സമൂഹം ആ സമൂഹത്തെ ഇന്ന് ഭരിക്കുന്നത് ഏത് രാജാവ് ? ഫിസ്ഖിയാ രാജാവ് സുലൈമാൻ നബി (അ)ന്റെ വംശക്കാരൻ ദയാലുവായ രാജാവ് ജനങ്ങളെ സ്നേഹിക്കുന്ന നല്ല മനസുള്ള രാജാവ് ആരോടും ക്രൂരത കാണിക്കാറില്ല പ്രജകളിൽ പലരും പരുക്കൻ സ്വഭാവക്കാരാണ് രാജാവ് അവരെ വെറുത്തില്ല അവർക്കെതിരെ ക്രൂര നടപടികൾ സ്വീകരിച്ചില്ല അവരോടും കരുണ കാണിച്ചു

 

അക്കാലത്ത് അവരിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ പേര് പറയാം ശഹ്യാഹ് (അ) സമൂഹത്തിലെ പൗരപ്രമുഖനാണ് അമീസ്വാ അദ്ദേഹത്തിന്റെ പുത്രനാണ് ശഹ്യാഹ് (അ)

ശഹ്യാഹ് (അ) എന്ന പേര് ചില രേഖകളിൽ അശ്ഇയാ എന്നു കാണുന്നുണ്ട്

 

ശഹ്യാഹ് (അ) ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു ദുനിയാവിന്റെ പ്രലോഭനങ്ങളിൽ മയങ്ങിപ്പോയ സമൂഹം വഴികേടിലേക്കു വിളിക്കുന്ന പിശാച് അവർക്കൊപ്പമുണ്ടായിരുന്നു പിശാചിനോട് ചേർന്നുനിൽക്കാനായിരുന്നു സമൂഹത്തിനാഗ്രഹം തൗഹീദിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ അവർ മടിച്ചു തന്റെ ദൗത്യം തുടരാൻ പ്രവാചകന് വളരെയേറെ സാഹസപ്പെടേണ്ടിവന്നു കഴിഞ്ഞകാല പ്രവാചകന്മാരെക്കുറിച്ചെല്ലാം ശഹ്യാഹ് (അ) വിശദമായി പറയുന്നുണ്ട് കഥ കേൾക്കുന്ന കുട്ടികളുടെ ആകാംക്ഷയോടെ പലരും അത് കേൾക്കുന്നുണ്ട് വിസ്മയം പ്രകടിപ്പിക്കുന്നുമുണ്ട് നബിമാരെ പിൻപറ്റിയവർക്ക് കിട്ടിയ പദവികൾ നബിമാരെ തള്ളിപറയുകയും ഉപദ്രവിക്കുകയും ചെയ്തവർക്കു കിട്ടിയ വേദനാജനകമായ ശിക്ഷകൾ എല്ലാം വിവരിച്ചു പറഞ്ഞു വരാനിരിക്കുന്ന നബിമാരെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു ഈസാ(അ) ,മുഹമ്മദ് മുസ്തഫ (സ)തങ്ങൾ

 

ഈസ്രാഈലി സമൂഹത്തിലെ അവസാനത്തെ പ്രവാചകനാണ് ഈസാ (അ)

 

ഈസാ (അ)ന്റെ ജീവിതത്തെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം നൽകി

 

ആകാശത്തിലേക്കുയർത്തപ്പെടും അന്ത്യനാളിനോടനുബന്ധിച്ചു ഇറങ്ങി വരും മനുഷ്യവർഗത്തിന്റെ വിമോചകനായി അല്ലാഹു നിയോഗിക്കുന്നു അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ) തങ്ങൾ അതിന് ശേഷം നബിയില്ല പ്രവാചകന്മാരില്ലാത്ത കാലം വരും അല്ലാഹുവിനെ അറിഞ്ഞ ആരിഫീങ്ങൾ മഹാന്മാരായ ഔലിയാക്കൾ അവരാണ് അക്കാലത്തെ ദീനിനെ സംരക്ഷിക്കുക

 

ശഹ്യാഹ് (അ)ന്റെ വാക്കുകൾ ഫിസ്ഖിയാ രാജാവിനെ വല്ലാതെ ആകർഷിച്ചു രാജാവ് പ്രവാചക വചനങ്ങളെല്ലാം വിശ്വസിച്ചു നബി സംസാരിക്കാൻ തുടങ്ങിയാൽ രാജാവ് ശ്രദ്ധയോടെ കേട്ടിരിക്കും എല്ലാം കേട്ട് മനസ്സിലാക്കും ശരിക്ക് മനസ്സിലാവാത്ത കാര്യങ്ങൾ ചോദിക്കും ആവശ്യമായ വിശദീകരണം ലഭിക്കും സമാധാനവും

 

രാജാവിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി പ്രവാചകൻ ശഹ്യാഹ് (അ) തന്നെ രാജാവിന്റെ സുപ്രധാനമായ ചില കാര്യങ്ങൾക്കുവേണ്ടി നബി അല്ലാഹുവിനോട് പ്രാർത്ഥിച്ചു അല്ലാഹുവിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടുമുണ്ട് രാജാവ് ഏറെ സന്തുഷ്ടനാവുകയും ചെയ്തു താൻ കടപ്പെട്ടിരിക്കുന്നത് അല്ലാഹുവിനോടാണ് ആ കടപ്പാട് എങ്ങനെ പ്രകടിപ്പിക്കും ? അല്ലാഹുവിന്റെ പ്രവാചകനെ സഹായിച്ചു കൊണ്ട് ദൗത്യ നിർവഹണത്തിന് സഹായിക്കുക തന്റെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രാജാവ് ഉപദേശിച്ചു നബിയുടെ വാക്കുകൾ വിശ്വസിക്കുക നബിയുടെ നിർദേശമനുസരിച്ച് ജീവിക്കുക ചിലരൊക്കെ അനുസരിച്ചു പലരും നിരാകരിച്ചു ചിലർ നിശബ്ദരായി

 

ശഹ്യാഹ് നബിയെക്കുറിച്ച് മുഹമ്മദ്നു ഇസ്ഹാഖ് ഇങ്ങനെ രേഖപ്പെടുത്തുന്നു:

 

സകരിയ്യ (അ), യഹ്യ (അ) എന്നീ പ്രവാചകന്മാർ വരുന്നതിന് മുമ്പായിരുന്നു ശഹ്യാഹ് (അ) കാലം ഈസാ (അ), മുഹമ്മദ് മുസ്തഫ (സ) എന്നീ പ്രവാചകന്മാരുടെ ആഗമനത്തെക്കുറിച്ചു ശഹ്യാഹ് (അ) സന്തോഷവാർത്ത അറിയിക്കുകയുണ്ടായി അക്കാലത്ത് ഇസ്രാഈല്യരുടെ രാജാവ് ഫിസ്ഖിയ ആയിരുന്നു ശഹ്യാഹ് (അ) കൽപിച്ച കാര്യങ്ങൾ രാജാവ് അനുസരിച്ചു തിരസ്കരിക്കാൻ പറഞ്ഞതെല്ലാം ഒഴിവാക്കുകയും ചെയ്തു

 

ജനങ്ങളെ വഴിതെറ്റിക്കാൻ പിശാച് കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നബിയുടെ പ്രസംഗ സദസ്സുകളിൽ നിന്നവർ ഒഴിഞ്ഞുനിന്നു പലരും രാജാവിനെ ഭയന്നാണ് സദസ്സുകളിൽ എത്തിയിരുന്നത് കാലങ്ങനെ കടന്നുപോയി ഒരു ദിവസം കൊട്ടാരങ്ങളിൽ നിന്ന് ദുഃഖ വാർത്ത പുറത്ത് വന്നു രാജാവിന്ന് നല്ല സുഖമില്ല ദുഷ്ടബുദ്ധികൾ സന്തോഷിച്ചു സജ്ജനങ്ങൾ സങ്കടപ്പെട്ടു സൽഭരണം കാഴ്ചവെച്ച രാജാവാണ് ജനങ്ങളെ കളങ്കമില്ലാതെ സ്നേഹിച്ച ഭരണാധികാരി

 

റബ്ബേ …സൽഗുണ സമ്പന്നനായ രാജാവിന്റെ രോഗം മാറ്റിക്കൊടുക്കേണമേ

 

നല്ല മനുഷ്യരെല്ലാം സങ്കടത്തോടെ പ്രാർത്ഥിച്ചു രാജാവിന്റെ കാലിന് അസുഖം പിടിപ്പെട്ടു വൃണം പഴയതുപോലെ നടക്കാൻ വയ്യ രാജ കൽപനകൾ അനുസരിക്കാൻ ചിലർ വിമുഖത കാണിച്ചു അവർ താന്തോന്നികളായി ജീവിച്ചു ഒരു വിഭാഗം നാട്ടിൽ കുഴപ്പങ്ങളുണ്ടാക്കി കൊള്ളയും പിടിച്ചു പറിയും വർധിച്ചു പലവിധത്തിലുള്ള പീഡനങ്ങൾ നടമാടി രാജാവ് രോഗിയായി ദുർബലനായി നാട്ടിൽ അരക്ഷിതാവസ്ഥയായി കുഴപ്പക്കാരുടെ കൂട്ടങ്ങൾ നാട് നിയന്ത്രിച്ചു ശഹ്യാഹ് നബിയുടെ ഉപദേശങ്ങൾ അവർ തള്ളിക്കളഞ്ഞു നബിയെ ഭീഷണിപ്പെടുത്തി

 

ഒരു ജനത പരീക്ഷണങ്ങൾക്ക് വിധേയരാവാൻ പോവുകയാണ് പിശിചിന്റെ നിയന്ത്രണത്തിൽപെട്ട ജനത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും ചരിത്രം അതാണ് ഓർമപ്പെടുത്തുന്നത് ആ ഓർമപ്പെടുത്തലുകൾ ശ്രദ്ധിക്കാൻ വഴിപിഴച്ചവരെ പിശാച് അനുവദിക്കില്ല ബാബൽ എന്ന സമ്പന്നമായ രാജ്യം മുഴുവൻ പേര് ബാബിലോണിയ ആ രാജ്യം ഭരിക്കുന്ന ശക്തനായ രാജാവ് സൻഹാരിബ് ചില രേഖകളിൽ സഞ്ചരിച്ചു

 

ക്രൂരനായ രാജാവ് പിശാച് അയാളുടെ മനസ്സിൽ ദുഷ്ട ചിന്ത ഇട്ടുകൊടുത്തു

 

വൻ സൈന്യവുമായി ഫലസ്തീനിലേക്ക് പോവുക ഇസ്രാഈല്യരുടെ ആരാധനാലയമായ ബൈത്തുൽ മുഖദ്ദസ് തകർക്കുക എതിർക്കാൻ വരുന്നവരെയെല്ലാം കൊന്നൊടുക്കുക

 

മുഹമ്മദ്ബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ് ആറ് ലക്ഷം പട്ടാളക്കാരുമായി സൻഹാരിബ് ഫലസ്തീനിലേക്കു പുറപ്പെട്ടു ഫലസ്തീനിലെ അവസ്ഥ ഉൽക്കണ്ഠാജനകമാണ് രാജാവ് രോഗബാധിതനായി കിടക്കുന്നു ജനങ്ങൾ സകല തോന്നിവാസങ്ങളും കാണിക്കുന്നു

 

ശഹ്യാഹ് നബി (അ) അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ പാടുപെടുന്നു

 

ബാബിലോണിയൻ സൈന്യം പുറപ്പെട്ടു കഴിഞ്ഞു അവർ നിങ്ങളെ കൊന്നൊടുക്കും അതിന് മുമ്പ് നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക ചെയ്തുപോയ തെറ്റുകൾക്ക് അല്ലാഹുവിനോട് തൗബ ചെയ്യുക അവൻ പൊറുത്തുതരും നിങ്ങളെ സഹായിക്കും ഒരു കാര്യം ഓർത്തു കൊള്ളുക അല്ലാഹു അല്ലാതെ നിങ്ങൾക്കൊരു സഹായിയില്ല അവന്റെ സഹായം നിങ്ങൾ തേടിക്കൊള്ളുക നബി ഉൽക്കണ്ഠയോടെ ഉപദേശം തുടരുന്നു ആര് കേൾക്കാൻ? അവർ നീചവൃത്തികൾ തുടരുകയാണ് ആ ജനതക്കുവേണ്ടി നബി പ്രാർത്തിക്കുന്നു രോഗിയായ രാജാവും പ്രാർത്ഥിക്കുന്നു പ്രാർത്ഥന ഫലിക്കുമോ ?

 

ജനങ്ങൾ ദുഷിച്ച വഴിയിൽ നിന്ന് മടങ്ങിയില്ല തൗബ ചെയ്തില്ല അല്ലാഹുവിനോട് പ്രാർത്ഥിച്ചില്ല വല്ലാത്തൊരു സന്നിഗ്ദഘട്ടം ഈ ഘട്ടത്തിൽ അല്ലാഹു എന്ത് നിലപാട് സ്വീകരിക്കും അതറിയാതെ നബിയും രാജാവും ഉൽക്കണ്ഠാകുലരായി ദിവസങ്ങൾ തള്ളി നീക്കുകയാണ് അവശനായ രാജാവിനെ സന്ദർശിക്കാൻ ശഹ്യാഹ് നബി (അ) കൊട്ടാരത്തിലെത്തി സുഖവിവരങ്ങൾ അന്വേഷിച്ചു ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ല

 

രാജാവ് വലിയ ഉൽക്കണ്ഠയോടെ ഇങ്ങനെ ചോദിച്ചു : അല്ലാഹുവിന്റെ നബിയേ ബൈത്തുൽ മുഖദ്ദസ് തകർക്കാൻ തുനിഞ്ഞിറങ്ങിയ ക്രൂരനായ സൻഹാരിബ് രാജാവിന്റെ കാര്യങ്ങളിൽ അങ്ങേക്ക് ദിവ്യസന്ദേശം (വഹ്യ്യ് ) വല്ലതും വന്നിട്ടുണ്ടോ ?

 

അക്കാര്യത്തിൽ ദിവ്യസന്ദേശം വന്നിട്ടില്ല നബി ശാന്തമായി മറുപടി പറഞ്ഞു

 

രാജാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി സങ്കടത്തോടെ അദ്ദേഹം പ്രാർത്ഥിച്ചു

 

സർവശക്തനായ അല്ലാഹുവേ നിന്റെ പരിശുദ്ധ ഭവനമാണ് ബൈത്തുൽ മുഖദ്ദസ് അത് നശിപ്പിക്കാൻ വേണ്ടിയാണ് സൻഹാരിബ് രാജാവും സൈന്യവും എത്തിയിരിക്കുന്നത് അവരോട് യുദ്ധം ചെയ്യാൻ ഇന്നത്തെ അവസ്ഥയിൽ എനിക്ക് കഴിയില്ല ഞാൻ രോഗിയാണ് അവശനാണ് എന്റെ റബ്ബേ ഞാൻ കൽപിച്ചാൽ ജനങ്ങൾ അനുസരിക്കില്ല എന്റെ വാക്കുകൾക്ക് വില കൽപിക്കുന്നില്ല നിന്റെ പരിശുദ്ധനായ പ്രവാചകനെയും അവർ തള്ളിപ്പറയുന്നു അവർ തികഞ്ഞ ധിക്കാരികളായിരിക്കുന്നു നിന്റെ പ്രവാചകനിൽ വിശ്വസിച്ചവർ വളരെ കുറച്ചു പേർ മാത്രമാണ് അല്ലാഹുവേ നീ സർവശക്തനാണ് നിന്റെ പരിശുദ്ധ ഭവനമായ ബൈത്തുൽ മുഖദ്ദസിനെ സംരക്ഷിക്കാൻ നിനക്കൊരു പ്രയാസവുമില്ല നിന്റെ പരിശുദ്ധ ഭവനത്തെ നീ തന്നെ രക്ഷിക്കേണമേ എന്റെ ജനതയെ നീ സന്മാർഗത്തിലാക്കേണമേ അവശനായൊരു രാജാവിന്റെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയാണിത് അല്ലാഹുവേ നീ ദയാലുവാണ് നീ ഈ പ്രാർത്ഥന സ്വീകരിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ

 

✍🏻അലി അഷ്ക്കർ

(തുടരും)

 

📲9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣

ശഹ്യാഹ് (അ) ചരിത്രം

➖➖➖➖➖➖➖➖

ഭാഗം- 2

➖➖➖➖➖➖➖➖

പ്രവാചകനെ വധിച്ചവർ

➖➖➖➖➖➖➖➖

അല്ലാഹുവിൽ നിന്ന് ശഹ്യാഹ് നബിക്ക് ദിവ്യസന്ദേശം വന്നു അത് ഇപ്രകാരമായിരുന്നു

 

രാജാവിന്റെ അന്ത്യം അടുത്തിരിക്കുന്നു നാട് ഭരിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കാൻ അദ്ദേഹത്തോടാവശ്യപ്പെടുക നബി കൊട്ടാരത്തിലെത്തി ദിവ്യസന്ദേശം അറിയിച്ചു അത് കേട്ടതോടെ മനസ്സിളകിമറിഞ്ഞു തന്റെ ആയുസ് അവസാനിച്ചിരിക്കുന്നു പിൻഗാമിയെ നിയോഗിക്കാൻ കൽപന വന്നിരിക്കുന്നു രാജാവ് പൊട്ടിക്കരയാൻ തുടങ്ങി അദ്ദേഹം ഖിബ്ലക്കുനേരെ തിരിഞ്ഞുനിന്നു നിസ്കരിച്ചു തസ്ബീഹ് ചൊല്ലി ദുആ ഇരന്നു അപ്പോഴൊക്കെ കരയുകയായിരുന്നു

അല്ലാഹുവേ യാ റബ്ബൽ അർബാബ് യാ റഹ്മാൻ യാ റഹീം യാ മൻ ലാ തഹ്ഖുദുഹു സിനത്തുൻ വലാ നൗം (മയക്കവും ഉറക്കവും ബാധിക്കാത്തവനേ) എന്റെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും നിനക്കറിയാം നിന്റെ അടിമകളായ ഇസ്രാഈല്യരോട് ഞാൻ നല്ല നിലയിൽ പെരുമാറിട്ടുണ്ടെന്ന് നിനക്കറിയാം ഞാൻ എല്ലാ കാലത്തും അവർക്ക് നന്മ മാത്രമേ കാംക്ഷിച്ചിട്ടുള്ളൂ എന്റെ എല്ലാ രഹസ്യവും നിനക്കറിയാം എന്റെ പാപങ്ങൾ പൊറുത്തുതരേണമേ

 

കാലിലെ വൃണം അത് വളർന്നിരിക്കുന്നു കാലിൽ നീര് കെട്ടിയിരിക്കുന്നു വല്ലാത്ത വേദന

 

ശഹ്യാഹ് നബി (അ) ന് വഹ്യ്യ് ഇറങ്ങി അതിപ്രകാരമായിരുന്നു

 

രാജാവിനെ സന്തോഷവാർത്ത അറിയിക്കുക അദ്ദേഹത്തിന്റെ കരച്ചിലും പ്രാർത്ഥനയിലും അല്ലാഹു സ്വീകരിച്ചിരിക്കുന്നു അദ്ദേഹത്തിന്റെ മരണം പതിനഞ്ച് വർഷത്തേക്ക് നീട്ടി വെച്ചിരിക്കുന്നു ഭൂമിയിൽ പതിനഞ്ച് വർഷം കൂടി ജീവിച്ച് രാജ്യം ഭരിക്കാം

 

സൻഹാരിബ് രാജാവിന്റെ വൻ സൈന്യത്തെ അല്ലാഹു ഉടനെ നശിപ്പിക്കും ശത്രുക്കളിൽ നിന്ന് ഫലസ്തീൻ രാജ്യത്തെ രക്ഷപ്പെടുത്തും

 

ശഹ്യാഹ് നബി (അ) ദിവ്യസന്ദേശം രാജാവിനെ അറിയിച്ചു അതിശയകരമായ വാർത്ത മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ദുഃഖവും ബേജാറും ഒഴുകിപ്പോയി പകരം സന്തോഷം നിറഞ്ഞു സന്തോഷംകൊണ്ട് കരഞ്ഞുപോയി എങ്ങനെ നന്ദി പറയും അതിന് വാക്കുകളില്ല നിസ്കാരം തുടങ്ങി സുജൂദിൽ കിടന്നു ദീർഘമായി ദുആ ചെയ്തു കണ്ണീരുകൊണ്ട് മുസ്വല്ല നിറഞ്ഞു അല്ലാഹുവേ നീ ഉദ്ദേശിക്കുന്നവർക്ക് നീ രാജാധികാരം നൽകുന്നു നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ രാജാധികാരം എടുത്തുമാറ്റുകയും ചെയ്യുന്നു

 

അല്ലാഹുമ്മ അൻതല്ലദീ തുഹ്ത്വിൽ മുൽക മൻ തശാഉ വ തൻസിഉഹു മിമ്മൻ തശാഉ

 

നീ ഉദ്ദേശിക്കുന്നവരെ പ്രതാപവാന്മാരാക്കുന്നു നീ ഉദ്ദേശിച്ചവരെ നിന്ദ്യരാക്കുന്നു

 

വതുഇസ്സു മൻ തശാഉ വ തുദില്ലു മൻ തശാഉ

 

അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ നീയാകുന്നു നീയാണ് കാരുണ്യവാൻ പ്രയാസപ്പെടുന്നവരുടെ വിളി കേൾക്കുന്നവനും നീ തന്നെ ദീർഘനേരത്തെ പ്രാർത്ഥന കഴിഞ്ഞ് രാജാവ് തല ഉയർത്തി അപ്പോൾ ശഹ്യാഹ് നബി (അ)ന് ദിവ്യസന്ദേശവും വന്നു

 

രാജാവിന്റെ കാലിലെ വൃണത്തിൽ അത്തിനീര് പുരട്ടുക സുഖപ്പെടും രാജസേവകന്മാർ വിവരമറിഞ്ഞു പുറത്തേക്കോടി അത്തിനീര് കൊണ്ടുവന്നു വളരെ ശ്രദ്ധപൂർവം അത്തിനീര് (മാഉത്തീൻ) വൃണത്തിൽ പുരട്ടി രാജാവിന്റെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് മാറാൻ തുടങ്ങുകയാണ് മനസ്സ് നിറയെ ആവേശം നന്മ ചെയ്യുന്നവർ രാജാവിന്റെ ജീവിതം വലിയ മാതൃകയാണ് ജനങ്ങൾ വിവരമറിഞ്ഞു അറിഞ്ഞപ്പോൾ അവരുടെ ചിന്തയിലും മാറ്റങ്ങളുണ്ടായി ഏതാനും ദിവസങ്ങൾ കടന്നുപോയി രാജാവ് പൂർണ ആരോഗ്യം വീണ്ടെടുത്തു ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു അവർ സന്തോഷഭരിതരായി

 

രാജാവിന്റെ കാലിലെ വൃണം പൂർണമായി സുഖപ്പെട്ടു സുമുഖനും ആരോഗ്യവാനുമായ രാജാവ്

 

ഒരു രാത്രിയിൽ ശഹ്യാഹ് നബി (അ) വന്നു സന്തോഷവാർത്ത അറിയിച്ചു

 

സൻഹാരീബ് രാജാവിന്റെ സൈന്യത്തെ അല്ലാഹു നശിപ്പിച്ചിരിക്കുന്നു

 

സൻഹാരിബും അഞ്ച് പ്രമുഖന്മാരും മാത്രം ബാക്കിയായി രാജാവിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല നേരം പുലരുംവരെ രാജാവ് ഇബാദത്തിൽ മുഴുകി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരുന്നു നേരം പുലരുകയാണ് കൊട്ടാരത്തിൽ ആഹ്ലാദം അലയടിക്കുന്നു പ്രഭാത പ്രാർത്ഥന കഴിഞ്ഞു രാജാവും പരിവാരങ്ങളും പുറത്തിറങ്ങി മുമ്പോട്ട് ഗമിച്ചു വിശാലമായ മൈതാനം ചത്തുവീണു കിടക്കുന്ന ശത്രുക്കൾ ഭീതി ജനിപ്പിക്കുന്ന കാഴ്ച സൻഹാരിബ് രാജാവിനെയും അഞ്ച് പ്രമുഖന്മാരെയും ചങ്ങലയിൽ ബന്ധിച്ചു എത്ര അപമാനകരമായ അവസ്ഥ ബന്ധിതരിൽ ഒരാൾ ലോകപ്രസിദ്ധനാണ് ബുഖ്ത്തുന്നസ്വർ രണ്ട് രാജാക്കന്മാർ പരസ്പരം കണ്ടുമുട്ടിയ ചരിത്ര നിമിഷങ്ങൾ നന്മകളുടെ വിളനിലമായ ഫിസ്ഖിയാ രാജാവ് അഹങ്കരംകൊണ്ട് മതിമറന്ന സൻഹാരിബ് രാജാവ് ഫിസ്ഖിയ രാജാവ് വിനയം വിടാതെ ചോദിച്ചു: ബാബിലോണിയയുടെ ഭരണാധികാരിയായ സൻഹാരിബ് രാജാവേ സർവശക്തനായ അല്ലാഹുവിന്റെ കരുത്തിനെക്കുറിച്ച് താങ്കൾക്കു ബോധ്യംവന്നില്ലേ ?

 

സൻഹാരിബ് രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു

 

ഇങ്ങോട്ടു പുറപ്പെടുമ്പോൾ തന്നെ വിജയം താങ്കൾക്കായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു യാത്ര പുറപ്പെടാൻ നേരത്ത് ജോത്സ്യന്മാരെ വരുത്തി ഉപദേശം തേടിയിരുന്നു അവരാണ് യുദ്ധത്തിൽ തോൽക്കുമെന്ന് പ്രവചിച്ചത് ജോത്സ്യന്മാർ പറയുന്നത് കേട്ട് പിന്തിരിയാൻ അദ്ദേഹം തയ്യാറായില്ല

 

ആറ് ലക്ഷം പേരുള്ള സൈന്യം എങ്ങനെ പരാജയപ്പെടും അതും ദുർബലനും രോഗിയുമായ രാജാവിനു മുമ്പിൽ അദ്ദേഹം ഇത്രകൂടി പറഞ്ഞു :

 

നിർഭാഗ്യം എന്റെ സൈന്യത്തിന്റെ കൂടെയായിരുന്നു

അല്ലാഹുവാണ് പരമ ശക്തൻ അവന്റെ ഭവനമാണ് ബൈത്തുൽ മുഖദ്ദസ് അത് സംരക്ഷിക്കാൻ കരുണയുള്ള രാജാവ് കേണപേക്ഷിക്കുകയായിരുന്നു അല്ലാഹു ആ പ്രാർത്ഥന കേട്ടു

 

പിൽക്കാലത്ത് ബുഖ്ത്തുന്നസ്വർ ആർത്തിരമ്പി വരുന്ന ഒരു രംഗമുണ്ട് അന്നത്തെ രാജാവ് നന്മ കുറഞ്ഞവരായിരിക്കും ബൈത്തുൽ മുഖദ്ദസിന്റെ പ്രധാന ഭാഗങ്ങൾ തകർന്നുവീഴുന്നതിന് ആ കാലഘട്ടം സാക്ഷ്യം വഹിക്കേണ്ടിവരും മനുഷ്യരുടെ കർമശുദ്ധിക്കനുസരിച്ചാണ് ഫലം സൻഹാരീബ് രാജാവും അഞ്ച് അനുയായികളും ചങ്ങലയിൽ തന്നെയാണ് ആ നിലയിൽ അവരെക്കൊണ്ട് എഴുപത് ദിവസം ബൈത്തുൽ മുഖദ്ദസ് പ്രദക്ഷിണം ചെയ്യിച്ചു കനത്ത ചങ്ങല വഹിച്ചുകൊണ്ട് മസ്ജിദിനു ചുറ്റും നടക്കുക ഒരു ദിവസത്തെ ആഹാരം രണ്ട് റൊട്ടി മാത്രം വിശപ്പും ദാഹവും സഹിച്ചുള്ള നടത്തം നാളുകൾ നീങ്ങിയപ്പോൾ അവർക്ക് ജീവിതം മടുത്തുതുടങ്ങി മരിച്ചാൽ മതി എന്നു ചിന്തിക്കാൻ തുടങ്ങി ഓരോ ദിവസവും ശിക്ഷ കഴിഞ്ഞാൽ ജയിലിൽ കൊണ്ടാക്കും എഴുപത് ദിവസങ്ങൾ കടന്നുപോയി

 

ഒരു ദിവസം ശഹ്യാഹ് നബി (അ) ന് വഹ്യ്യ് വന്നു

 

ശിക്ഷ മതിയാക്കുക സൻഹാരിബ് രാജാവിനെയും അനുയായികളെയും താക്കീത് നൽകി ബാബിലോണിയയിലേക്ക് അയക്കുക അവർക്ക് എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ അറിയട്ടെ

 

ശഹ്യാഹ് നബി (അ) കൊട്ടാരത്തിലെത്തി രാജാവിനെ കണ്ടു രാജാവ് സന്തോഷത്തോടെ നബിയെ സ്വീകരിച്ചു അല്ലാഹുവിന്റെ കൽപ്പന അറിയിച്ചു

 

അടുത്ത ദിവസം തന്നെ രാജാവ് ബന്ദികളെ കാണാനെത്തി ശക്തമായ ഭാഷയിൽ താക്കീത് നൽകി അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് ജീവിക്കണം അത് തെറ്റിച്ച് ധിക്കാരം കാണിച്ചാൽ ഈ ലോകത്തും പരലോകത്തും നന്ദ്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും

 

നിങ്ങളെ ബാബിലോണിയായിലേക്ക് തിരിച്ചയക്കാൻ അല്ലാഹു കൽപിച്ചിരിക്കുന്നു അവിടെ ചെന്ന് ജനങ്ങളോട് ഇവിടെ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു പറഞ്ഞു കൊടുക്കണം അല്ലാഹുവിനെ അനുസരിച്ചു ജിവിക്കാൻ അവരോടാവശ്യപ്പെടണം

 

 

രാജാവും അഞ്ച് അനുയായികളും സ്വതന്ത്രരാക്കപ്പെട്ടു ചങ്ങലകൾ അഴിച്ചു മാറ്റപ്പെട്ടു അവർ രാജ്യം വിട്ടുപോയി രാപ്പകലുകൾ തുടർച്ചയായി യാത്ര ചെയ്തു നന്നെ ക്ഷീണിക്കുമ്പോൾ എവിടെയെങ്കിലും വിശ്രമിക്കും വെള്ളം കുടിക്കും കിട്ടിയത് കഴിക്കും മൃഗങ്ങൾക്കും വെള്ളവും ആഹാരവും നൽകുംവീണ്ടും അവയുടെ പുറത്ത് കയറി യാത്ര മരണത്തിൽ നിന്ന് മടങ്ങിവന്നവരുടെ മനോഭാവം സ്വന്തം നാടെത്തുകയാണ് നാട്ടിന്റെ മണം വന്നുതുടങ്ങി പ്രിയപ്പെട്ട ബാബിലോണിയ

 

ബാബിലോണിയായിലെ മണൽത്തരികൾ അവിടത്തെ കുന്നുകളും മലഞ്ചെരിവുകളും മനംമയക്കുന്ന താഴ് വരകളും നീർച്ചാലുകളും ആഹ്ലാദകരമായ വാർത്ത പെട്ടെന്ന് നാട്ടിലാകെ പരന്നു സൻഹാരിബ് രാജാവും അഞ്ച് അനുയായികളും തിരിച്ചെത്തിയിരിക്കുന്നു ആറ് ലക്ഷം സൈനികർ അവരുടെ നാശം നാട്ടിനെ നടക്കി ബന്ധുക്കളുടെ കൂട്ടക്കരച്ചിൽ നടൊന്നൊക്കെ ഒഴുകിവന്നിരിക്കുന്നു വൻ സദസ്സ് രൂപംകൊണ്ടു ആ സദസ്സിനോട് രാജാവ് സംഭവങ്ങൾ വിവരിച്ചു മാരണക്കാരും ജോത്സ്യന്മാരും സദസ്സിന്റെ മുൻനിരയിൽതന്നെയാണ് അവർ പറഞ്ഞതിങ്ങനെ :

 

മഹാരാജാവേ ഞങ്ങൾ അങ്ങേക്ക് മുന്നറിയിപ്പ് തന്നിരുന്നില്ലേ ? യുദ്ധമുണ്ടായാൽ അവർ വിജയിക്കും നാം പരാജയപ്പെടും എന്ന് പറഞ്ഞിരുന്നില്ലേ ?

 

അവർക്കു ദൈവസഹായമുണ്ട് പ്രവാചകന്റെ പ്രാർത്ഥനയുണ്ട് അത് തടുക്കാൻ നമുക്കാവില്ല ആർക്കുമാവില്ല

 

ഞങ്ങൾ പറഞ്ഞത് കേട്ടില്ല എന്നിട്ടെന്തുണ്ടായി ? യുദ്ധം നടക്കാതെ തന്നെ നമ്മുടെ സൈന്യം പറ്റെ നശിച്ചുപോയി അവർക്കു ദൈവിക സഹായമുണ്ടായി സദസ്സ് ദുഃഖത്തോടെ പിരിഞ്ഞു

 

സൻഹാരിബ് രാജാവ് സിംഹാസനത്തിലിരുന്നു രാജഭരണം തുടങ്ങി ബാബിലോണിയ സാധാരണ നിലയിലേക്കു മടങ്ങി ജീവിതം സമാധാനത്തോടെ ഒഴുകി പുതിയ പ്രതീക്ഷകൾ പുതിയ പദ്ധതികൾ ഏഴ് വർഷം കൂടി സൻഹാരിബ് ഭരണം നടത്തി ഇഹലോക ജീവിതത്തിന്റെ സമയം തീർന്നു സൻഹാബ് രാജാവ് മരണപ്പെട്ടു ബാബിലോണിയ ദുഃഖമൂകമായി ആ വൻ പരാജയത്തിന്റെ ദുഃഖവും നിരാശയും മരണംവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു വരുംതലമുറകൾ ആ കഥകൾ വീണ്ടും അയവിറക്കും കാരണം അത് ചരിത്രത്തിന്റെ ഭാഗമാണ്

 

ഫിസ്ഖിയാ രാജാവിന്റെ പിന്നീടുള്ള ഭരണകാലം ഐശ്വര്യപൂർണമായിരുന്നു നാട്ടിൽ സമാധാനം നിലനിന്നു കൃഷി വർധിച്ചു എവിടെയും സന്തോഷം

 

ശഹ്യാഹ് (അ)ന്റെ പ്രസംഗം കേൾക്കാൻ ധാരാളമാളുകൾ തടിച്ചുകൂടി നബി അവരോട് ആവേശപൂർവം സംസാരിച്ചു അവർ അല്ലാഹുവിന്റെ കൽപനകൾ പാലിച്ചുകൊണ്ട് ജീവിച്ചു പാപങ്ങൾ കുറഞ്ഞു നബിക്കും സത്യവിശ്വാസികൾക്കും ആശ്വാസം രാവും പകലും മാറിമാറി വരും ഇരുട്ടും വെളിച്ചവും വരും ദുഃഖവും സന്തോഷവും മാറിമാറി വരും ദുനിയാവിലെ അവസ്ഥ അങ്ങനെയാണ്

 

ശഹ്യാഹ് നബി (അ) യുടെയും സത്യവിശ്വാസികളുടെയും സന്തോഷവും സമാധാനവും ഏറെക്കാലം നീണ്ടുനിന്നില്ല സന്തോഷം ദുഃഖത്തിന് വഴിമാറി സമാധാനം അസ്വസ്ഥതക്കു വഴിമാറി അതാണ് കാലം പിന്നെ കാണുന്നത് പതിനഞ്ച് വർഷങ്ങൾ കടന്നുപോയി ഫിസ്ഖിയാ രാജാവിന്റെ രോഗം മാറിയിട്ട് പതിനഞ്ച് വർഷങ്ങൾ കടന്നുപോയി രിക്കുന്നു ദുനിയാവിലെ താമസം അവസാനിച്ചു ഇനി അങ്ങേ ലോകത്തേക്ക് യാത്ര ആ നിമിഷങ്ങളെത്തി റൂഹ് വേർപിരിഞ്ഞു രാജാവ് മണ്ണിലേക്കു മടങ്ങി ഓർമ്മകൾ ബാക്കിയായി കാലമേറെ ചെന്നാലും മനുഷ്യമനസ്സുകളിൽ രാജാവിന്റെ ഓർമ്മകൾ ബാക്കിനിൽക്കും

 

ദാവൂദ് നബി (അ)ന്റെ സന്താന പരമ്പരയിലെ ധാരാളം രാജാക്കന്മാർ വന്നിട്ടുണ്ട് അവരിൽ അവസാനത്തെ രാജാവായിരുന്നു ഫിസ്ഖിയ എന്ന് കാണുന്നു കാലമേറെ ചെന്നില്ല ജനങ്ങളുടെ മട്ടു മാറി അവർക്ക് ഭൗതിക സുഖങ്ങൾ വേണം ആഡംബരം വേണം തന്നിഷ്ടപ്രകാരം ജീവിക്കണം നബിയുടെ ഉപദേശങ്ങൾ വേണ്ട

 

ഇബ്നു ഇസ്ഹാഖ് റിപ്പോർട്ട് ചെയ്യുന്നു

 

ഫിസ്ഖിയാ രാജാവിന്റെ മരണത്തോടെ കാര്യങ്ങൾ കലങ്ങിമറിഞ്ഞു ജനങ്ങളുടെ മനോഭാവം മാറിപ്പോയി അവർ നബിയെ വെറുത്തു ഉപദേശങ്ങൾ മടുത്തു കലാപങ്ങൾ വർധിച്ചു ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകുക അല്ലാഹുവിന്റെ കൽപന വന്നു ശഹ്യാഹ് (അ) ജനമധ്യത്തിൽ വന്നു പ്രസംഗിച്ചു

 

എന്റെ പ്രിയപ്പെട്ട ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക അവനിലേക്കു മടങ്ങുക പാപങ്ങൾ പൊറുക്കാൻ പശ്ചാത്തപിക്കുക നിങ്ങൾ താന്തോന്നികളായി ജീവിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിറങ്ങും ആ ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ എനിക്ക് കൽപന വന്നിരിക്കുന്നു

 

അവർ കോപത്തോടെ ഓടിയടുത്തു നീ കള്ളനാണ് നിന്നെ ഞങ്ങൾ കൊല്ലും ആയുധങ്ങളുമായി ക്രൂരന്മാർ ഓടിയടുത്തു നബി ഓടി പിന്നാലെ ആൾക്കൂട്ടവും ഓടുന്നു കല്ലെറിയുന്നു വഴിയിൽ ഒരു വൻ മരം അതിന്റെ തടി പിളർന്നുനിൽക്കുന്നു നബി അതിലേക്ക് കയറി മരം പൂർവസ്ഥിതിയിലായി ഇതിന്നിടയിൽ ശൈത്വാൻ നബിയുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിച്ചു വലിച്ചു ആ അറ്റം മരത്തിന്റെ വെളിയിൽ കാണപ്പെട്ടു അക്രമികൾ ഈർച്ചവാളുമായി ഓടിയടുത്തു അവർ മരം ഈർന്നു മുറിച്ചു നബിയുടെ ശരീരവും അതോടൊപ്പം മുറിയുകയാണ് നബിയുടെ രക്തമൊഴുകി മണൽത്തരികൾ വീണു ശഹ്യാഹ് നബി (അ) രക്തസാക്ഷിയായി ഇസ്രാഈലികൾ ആ പാപഭാരം ചുമന്നു ശിക്ഷ വരാറായി ബുഖ്ത്തുന്നസ്വർ വരും വൻ സൈന്യവുമായി നബിയുടെ ഘാതകന്മാർക്കും ആ സമൂഹത്തിനും ബുഖ്ത്തുന്നസ്വറിന്റെ കൈയിലൂടെ കൊടും ശിക്ഷ വരവായി