ശഹ്യാഹ് (അ) ന് ശേഷം ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് അർമിയാഹ് (അ) സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്നു അർമിയാഹ് (അ) തന്റെ ജനതയോട് അളവറ്റ സ്നേഹം കാണിച്ചു അവരിൽ ശിക്ഷ വരുന്നത് സഹിക്കാൻ കഴിയുന്നില്ല അത് തട്ടി നീക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു പക്ഷെ ശിക്ഷ നിർണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു അത് വരിക തന്നെ ചെയ്യും ആ ജനതയുടെ ക്രൂരത വർധിച്ചു കൊണ്ടിരുന്നു നബി ഉപദേശിച്ചാൽ അവർ ബഹളം വെക്കുംനബിയെ ദേഹോപദ്രവം ചെയ്തു അടിച്ചു അർമിയാഹ് (അ) നെ ഒരിക്കലവർ പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോയി കയർ കൊണ്ടുവന്നു ഒരു മരത്തിൽ ചേർത്തു കെട്ടിയിട്ടു ദിവസങ്ങളോളം നാളുകൾക്കു ശേഷം ആരോ മോചിപ്പിച്ചു കൊടും ശിക്ഷ വരികയാണെന്ന് മുന്നറിയിപ്പ് നൽകാൻ അല്ലാഹു കൽപിച്ചു അർമിയാഹ് (അ) അവരുടെ മുമ്പിലെത്തി ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകി അവർ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി നബിയുടെ സങ്കടം വർധിച്ചു ഈ ജനതയെ എങ്ങനെ കാര്യം പറഞ്ഞു മനസ്സിലാക്കും ? പല പ്രമുഖരോടും സംസാരിച്ചുനോക്കി ഫലമില്ല സാധാരണക്കാരോടും ഇടത്തരക്കാരോടും സംസാരിച്ചു

ഇതെന്തൊരു ശല്യം ശിക്ഷ ശിക്ഷ ഇനിയിത് മിണ്ടിപ്പോവരുത് അവർ നബിയെ വിലക്കി

നബി സംസാരം തുടർന്നു അപ്പോൾ അവർ ഒരു തീരുമാനമെടുത്തു നബിയെ ജയിലിൽ അടക്കുക നബിയെ പിടികൂടി നടത്തിച്ചു കൊണ്ടുപോയി ജയിലിൽ അടച്ചു ഇനി ശല്യമില്ല മുന്നറിയിപ്പുമായി വരില്ല ദുഷ്ടന്മാരുടെ ക്രൂര ചെയ്തികൾ തുടരുകയാണ് ഇസ്രാഈല്യർ രണ്ടു തവണ ഭൂമിയിൽ വൻ കുഴപ്പങ്ങളുണ്ടാക്കുമെന്ന് വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട് അവയിൽ ആദ്യത്തെ കുഴപ്പത്തിന്റെ കാലമാണിത് ശഹ്യാഹ് (അ) വധിക്കപ്പെട്ടതോടെ കുഴപ്പം മൂർച്ചിച്ചു അക്കാലത്ത് അഞ്ചു നബിമാർ രംഗത്തുണ്ടായിരുന്നുവെന്ന് രേഖകളിൽ കാണുന്നു അവരുടെ നേതാവായിരുന്നു ശഹ്യാഹ് (അ)

അർമിയാഹ് (അ), ദാനിയാൽ (അ) എന്നിവർ അക്കൂട്ടത്തിൽ പെടുന്നു പിന്നാലെ വരുന്നു ഉസൈർ (അ)

ഇസ്റാഹ് സൂറത്തിലെ വചനങ്ങൾ ശ്രദ്ധിക്കാം

നിങ്ങൾ ഭൂമിയിൽ രണ്ട് പ്രാവശ്യം കുഴപ്പമുണ്ടാക്കുമെന്നും വലിയ അഹംഭാവം കാണിക്കുമെന്നും തൗറാത്ത് മുഖേന ഇസ്രാഈല്യരെ നാം അറിയിച്ചു (17:4)

അങ്ങനെ ആ രണ്ടിൽ ആദ്യത്തേതിന്റെ വാഗ്ദത്തം (ശിക്ഷാവിധി )വന്നാൽ നമ്മുടെ കടുത്ത ശൗര്യശാലികളായ ചില അടിയന്മാരെ നാം നിങ്ങളുടെ മേൽ നിയോഗിച്ചയക്കുന്നതാണ് എന്നിട്ടവർ നിങ്ങളുടെ വാസസ്ഥലങ്ങൾക്കിടയിലൂടെ നിങ്ങളെ തേടിത്തിരഞ്ഞു നടക്കുന്നതാണ് അത് നടപ്പിൽ വരുത്തുന്ന ഒരു തീരുമാനം തന്നെയാകുന്നു (17:5)

ഇസ്രാഈല്യർ ഒരുപാട് തവണ ഭൂമിയിൽ കുഴപ്പങ്ങളുണ്ടാക്കിയിട്ടുണ്ട് അതിൽ പ്രധാനപ്പെട്ട രണ്ട് കുഴപ്പങ്ങൾ എടുത്തു പറഞ്ഞിരിക്കുകയാണ്

ഒരു പ്രവാചകനെ വധിക്കുക എത്ര വലിയ പാതകമാണത് അത് ഇസ്രാഈല്യർ ചെയ്തു ശഹ്യാഹ് (അ)നെ വധിച്ചുകളഞ്ഞു അതിന്റെ കൊടും ശിക്ഷ വരാറായിരിക്കുന്നുവെന്ന് അർമിയാഹ് (അ) മുന്നറിയിപ്പ് നൽകി അർമിയാഹ് (അ)നെ അക്കാരണത്താൽ അവർ കാരാഗ്രഹത്തിലടച്ചു

രണ്ടാം കുഴപ്പം നടക്കുന്നത് പിൽക്കാലത്താണ് അതിൽ രണ്ട് പ്രവാചകന്മാരെ വധിച്ചു കളഞ്ഞു സകരിയ്യ (അ), യഹ്യ (അ) അപ്പോഴും അവർക്ക് ക്രൂരമായ ശിക്ഷ തന്നെ ലഭിച്ചു

ശഹ്യാഹ് നബി (അ)നെ വധിച്ച ശേഷം വന്ന ശിക്ഷയെക്കുറിച്ച് ആദ്യം പറയാം

സൻഹാരീബ് രാജാവ് ഇസ്രാഈല്യരെ രണ്ടാം തവണ ആക്രമിക്കാൻ വരുന്നുവെന്നാണ് ഒരഭിപ്രായം

ക്രിസ്തുവിന് മുമ്പ് 701- ആം വർഷം സൻഹാരീബ് വൻ സൈന്യവുമായി വന്നു ശാം അക്രമിച്ചു നാൽപത്താറ് കോട്ടകൾ പിടിച്ചടക്കി രണ്ട് ലക്ഷം ജനങ്ങളെ പിടിച്ച് അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി പിന്നീട് ജറൂസലം പട്ടണം ആക്രമിച്ചു വധിക്കപ്പെട്ടവർക്ക് കണക്കില്ല ഇതാണ് ഒരഭിപ്രായം

മിക്ക ചരിത്രകാരന്മാരും ഉദ്ധരിക്കുന്നത് മറ്റൊരു സംഭവമാണ് ബുഖ്ത്തുന്നസ്വർ (നബൂഖദ് നേസർ ) നടത്തിയ അതിക്രൂരമായ ആക്രമണം ആറ് ലക്ഷം സൈനികരുമായിട്ടാണ് ബുഖ്ത്തുന്നസ്വർ ശാമിലെത്തിയത് കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരുന്ന ഇസ്രാഈല്യർ ഭയന്ന് വിറച്ച് പരക്കം പായാൻ തുടങ്ങി അർമിയാഹ് (അ) മുന്നറിയിപ്പ് നൽകിയ ശിക്ഷ വന്നുകഴിഞ്ഞു ഇതിന്നിടയിൽ അർമിയാഹ് ( അ) ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടു ഇസ്രാഈല്യരുടെ താമസസ്ഥലത്തുകൂടെ ശത്രുക്കൾ പാഞ്ഞുനടന്നു കണ്ണിൽപെട്ടവരെയെല്ലാം പിടിച്ചു ബന്ധിച്ചു അബലകളായ സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കെട്ടി ലക്ഷക്കണക്കായ അടിമകൾ വിലപിടിപ്പുള്ള സ്വത്തുതന്നെ

ആദ്യഘട്ടത്തിൽ പുരുഷന്മാരെ കൂട്ടക്കുരുതി നടത്തുകയായിരുന്നു പിന്നെ പ്രതിരോധം ദുർബലമായി നിസ്സഹായരായ പുരുഷന്മാരെ ബന്ധികളാക്കി തകർന്നു തരിപ്പണമായ സമൂഹം തൗറാത്ത് ഹൃദിസ്ഥമാക്കിയ നിരവധി പണ്ഡിതന്മാർ വധിക്കപ്പെട്ടു തൗറാത്തിന്റെ പ്രതികളെല്ലാം നശിപ്പിച്ചു കളഞ്ഞു അഗ്നിയിൽ അവ എരിഞ്ഞു തീർന്നു ബൈത്തുൽ മുഖദ്ദസിലെ സ്വർണ്ണവും വെള്ളിയും വിശേഷപ്പെട്ട രത്നങ്ങളും കവർച്ച ചെയ്തു അതിനുശേഷം ആ വിശുദ്ധ ഭവനം കത്തിച്ചു കളഞ്ഞു എഴുപതിനായിരം കുട്ടികൾ ബന്ധികളാക്കപ്പെട്ടു ഇസ്രാഈല്യരുടെ ജനസംഖ്യയിൽ മൂന്നിലൊന്ന് വധിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട് പലവിധത്തിൽ പരുക്കേറ്റവർ അതിലുമെത്രയോ കൂടുതലാണ് ബന്ധികളാക്കപ്പെട്ടവർ ലക്ഷക്കണക്കിൽ വരും അവരെ ബാബിലോണിയായിലേക്ക് കാലികളെ കൊണ്ടു പോകുംപോലെ കൊണ്ടു പോയി അവിടെ അടിമകളായി കഠിനമായി ജോലി ചെയ്തു ജീവിക്കേണ്ടി വന്നു

അർമിയാഹ് (അ)ന്റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കിൽ ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു എന്നവർക്ക് അപ്പോൾ തോന്നി ഒരു സംഘം ഇസ്രാഈല്യരോടൊപ്പം അർമിയാഹ് ( അ) ഈജിപ്തിലേക്ക് പലായനം ചെയ്തു എല്ലാം നഷ്ടപ്പെട്ടവരുടെ പലായനം ഈജിപ്തിലെ രാജാവ് അവർക്ക് അഭയം നൽകി രാജാവിന് അത് വിനയായിത്തീർന്നു ബുഖ്ത്തുന്നസ്വർ ഈജിപ്തിനെ ആക്രമിച്ചു തിരിച്ചടിക്കാൻ രാജാവിന് കഴിഞ്ഞില്ല ഇസ്രാഈല്യരെ ബന്ധികളാക്കി ബന്ദികളുടെ കൂട്ടത്തിൽ അർമിയാഹ് (അ) ഉണ്ടായിരുന്നു

ബുഖ്തുന്നസ്വർ അർമിയാഹ് (അ)നെ വിട്ടയച്ചു ബാക്കിയുള്ളവരെ ബാബിലോണിയയിലേക്ക് കൊണ്ടുപോയി ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം

ബാബിലോണിയയിലേക്ക് കൊണ്ടുപോയ ഇസ്രാഈല്യർ അവിടെ അടിമകളായി കഴിഞ്ഞു പിറന്ന മണ്ണ് ഒരിക്കൽ കൂടി കാണാൻ അവർക്കാഗ്രഹമുണ്ടായിരുന്നു നൂറ് വർഷങ്ങൾക്കു ശേഷമാണ് അവർക്കതിന്നവസരമുണ്ടായത് അപ്പോഴേക്കും ഒട്ടനേകം പേർ മരിച്ചു പോയിരുന്നു അവർ തൗറാത്തിൽ മാറ്റത്തിരുത്തലുകൾ വരുത്തിയിരുന്നു അത് വലിയ കുറ്റം തന്നെയാണ് ശഹ്യാഹ് നബി (അ)നെ വധിക്കുകയും ചെയ്തു ഈ തെറ്റുകൾക്കു ലഭിച്ച ശിക്ഷ എത്ര കഠോരം തൗറാത്തിന്റെ ശരിയായ കോപ്പി ഒന്നേ ഉണ്ടായിരുന്നുളൂ അതു ശത്രുക്കൾ കത്തിച്ചു കളഞ്ഞു ബൈത്തുൽ മുഖദ്ദസും കത്തിച്ചാമ്പലായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങുന്നതങ്ങനെയാണ് ജനം ദുഷിച്ചാൽ എല്ലാം നശിക്കും തൗറാത്ത് ഇല്ലാത്ത ലോകം സാക്ഷാൽ തൗറാത്തുപോലും ശത്രുക്കൾ അഗ്നിക്കിരയാക്കി കാലം കുറെ കടന്നുപോയി തൗറാത്ത് മനഃപാഠമുള്ള ആരും ജീവിച്ചിരിപ്പില്ല ഉസൈർ നബി (അ) ന്റെ കാലം വന്നു അക്കാലത്ത് ഓർമയിൽ നിന്നെടുത്ത് വീണ്ടും എഴുതപ്പെട്ടു അങ്ങനെ തൗറാത്ത് വീണ്ടും നിലവിൽ വന്നു പിന്നീട് ചരിത്രഗതി മാറുന്നു അതിദാരുമായ തോൽവിക്കുശേഷം ആ ജനത ഉണരുകയാണ് മുൻകാല സമൂഹങ്ങൾ ശിക്ഷിക്കപ്പെട്ടതെങ്ങനെയെന്ന് അവർക്കറിയാം പ്രളയം ശിക്ഷയായി വന്നിട്ടുണ്ട് ഭൂമികുലുക്കമുണ്ടായിട്ടുണ്ട് ഘോര ശബ്ദം കൊണ്ട് നശിപ്പിക്കപ്പെട്ടിട്ടുണ്ട് ചാവുകടൽ അവർക്ക് നല്ല പരിചയമാണ്

ലൂത്വ് നബി (അ)ന്റെ ജനത വഴിപിഴച്ചുപോയി സ്വവർഗ ഭോഗികളായി അത് കൊടും പാപമാണ് ആ പാപത്തിന് കിട്ടിയ ശിക്ഷയാണ് ചാവുകടലായത്

ഇവിടെ ശിക്ഷ വന്നത് ശത്രുക്കളുടെ കൈകളിലൂടെയാണ് യുദ്ധം ഒരു ശിക്ഷ തന്നെയാണ് യുദ്ധം ചവച്ചു തുപ്പിയ ജനത ഉണർന്നെഴുന്നേൽക്കുന്നു അവർ തൗറാത്ത് പാരായണം ചെയ്തു തെറ്റും ശരിയും തിരിച്ചറിഞ്ഞു അവരെ നേർമാർഗത്തിലേക്കു നയിക്കാൻ അല്ലാഹു അർമിയാഹ് (അ) നോട് കൽപിക്കുന്നു ബൈത്തുൽ മുഖദ്ദസ് പുനർനിർമ്മിക്കാനും അല്ലാഹു നബിയോട് കൽപ്പിച്ചു

✍🏻അലി അഷ്ക്കർ
(തുടരും)

📲9⃣5⃣2⃣6⃣7⃣6⃣5⃣5⃣5⃣5⃣
അർമിയാഹ് (അ) ചരിത്രം
➖➖➖➖➖➖➖➖
ഭാഗം- 2
➖➖➖➖➖➖➖➖
ഐശ്വര്യം വന്നു
➖➖➖➖➖➖➖➖
ഒരു ജനത സന്മാർഗത്തിലേക്കു വന്നാൽ അല്ലാഹു അവരെ വളരെ വേഗത്തിൽ ശക്തിപ്പെടുത്തുന്നതാണ് അവരുടെ ജനസംഖ്യ വർധിപ്പിക്കും വിഭവങ്ങളിൽ വളർച്ച നൽകും ശാന്തിയും സമാധാനവും നൽകും ധൈര്യശാലികളെ നൽകും ഭീരുത്വവും നിന്ദ്യതയും നീക്കിക്കൊടുക്കും

ഇസ്രാഈല്യരിൽ ഈ രംഗമാണ് നാം പിന്നീട് കാണുന്നത് വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ

പിന്നീട് അവരെ തിരിച്ചടിക്കുവാൻ നിങ്ങൾക്കു നാം അവസരം നൽകി ധനംകൊണ്ടും സന്താനങ്ങളെക്കൊണ്ടും നിങ്ങളെ നാം സഹായിക്കുകയും ചെയ്തു നിങ്ങളെ ജനസംഖ്യ വളരെ വർധിച്ച ഒരു സമുദായമാക്കുകയും ചെയ്തു (17:6)

ഇസ്രാഈല്യർ സമ്പന്ന സമൂഹമായി മാറി അവരിൽ ശക്തരായ രാജാക്കന്മാരുണ്ടായി പ്രവാചകന്മാരുണ്ടായി പല വിജയങ്ങൾ അവർ കൈവരിച്ചു

ഇത് മനുഷ്യവർഗത്തിന് പാഠമാണ്

മനുഷ്യൻ നന്മ ചെയ്യണം അപ്പോൾ അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞുതരും മനുഷ്യർ നന്മ ചെയ്താൽ അവർക്കുതന്നെയാണ് ഗുണം മനുഷ്യർ തിന്മ ചെയ്താൽ അതിന്റെ ദോഷവും അവർക്കുതന്നെ നിങ്ങൾ നന്മ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കു വേണ്ടി തന്നെയാണത് തിന്മ ചെയ്താലും അങ്ങനെ തന്നെ നിങ്ങളെന്താണോ ആവർത്തിക്കുന്നത് അത് തന്നെ നാമും ആവർത്തിക്കും

മനുഷ്യന്റെ മസ്തിഷ്കത്തെ ആട്ടിയുണർത്തേണ്ട ദിവ്യവചനങ്ങൾ നന്മക്കു നന്മ തിന്മക്കു തിന്മ അല്ലാഹുവിന്റെ നിലപാട് അതാണ് പിന്നെ മനുഷ്യനെന്തിന് അസ്വസ്ഥനാവണം ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :

ബുഖ്ത്തുന്നസ്വർ ഇസ്രാഈൽ സമൂഹത്തെ തല്ലിത്തകർത്തു തരിപ്പണമാക്കിക്കളഞ്ഞു ആ സമൂഹം ചിന്നിച്ചിതറിയപ്പോൾ അവരിൽ ഒരു വിഭാഗം വിദൂരമായ ഹിജാസിൽ വന്ന് താമസമാക്കി മറ്റൊരു വിഭാഗം യസ്രിബിൽ വന്ന് താമസിച്ചു മൂന്നാമതൊരു വിഭാഗം വാദിൽ ഖുറായിൽ എത്തിച്ചേർന്നു എല്ലായിടത്തും യാതനകളും വേദനകളും ഏറെ സഹിക്കേണ്ടിവന്നു ഇവരുടെയെല്ലാം മനസ്സിൽ ജന്മനാടിനെക്കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകളുണ്ടായിരുന്നു പിന്നെ അവർ ആ സന്തോഷവാർത്ത കേൾക്കുന്നു

ബൈത്തുൽ മുഖദ്ദസ് പുതുക്കിപ്പണിയാൻ അർമിയാഹ് (അ)ന് അല്ലാഹു കൽപ്പന നൽകിയിരിക്കുന്നു ആ പുണ്യകർമത്തിൽ പങ്കാളികളാവണം സമ്പത്തുകൊണ്ടോ അദ്ധ്വാനം കൊണ്ടോ സഹായിക്കണം ഒരു തീർത്ഥാടനം പോലെ ആളുകൾ വരാൻ തുടങ്ങി തകർന്നു പോയ സമൂഹം കൈവശം കാര്യമായിട്ടൊന്നുമില്ല പൊരിവെയിലിൽ അദ്ധ്വാനിക്കാൻ സന്നദ്ധരാണ് മസ്ജിദിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങൾ എടുത്തുനീക്കുമ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു തങ്ങളുടെ ധിക്കാരത്തിന് കിട്ടിയ ശിക്ഷ മലഞ്ചെരിവിൽ കല്ല് വെട്ടി പാകപ്പെടുത്തുകയാണ് ചിലർ ചുമന്നുകൊണ്ട് വരുന്നു മറ്റു ചിലർ ഒരു സാധാരണ തൊഴിലാളിയെപ്പോലെ അർമിയാഹ് (അ) ഓടിനടന്നു ജോലി ചെയ്യുന്നു എല്ലാവരും വിയർത്തൊഴുകുന്നു ദാഹിക്കുമ്പോൾ ശുദ്ധജലം ഒഴിച്ചു കുടിക്കുന്നു

അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിന്റെ ചുമരുകൾ ഉയർന്നുവരികയാണ് അത് കണ്ട് ആവേശം കൊള്ളുന്ന ജനക്കൂട്ടം കത്തിജ്ജ്വലിച്ചു നിന്ന സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നു പോയി ഭൂതലത്തിൽ പ്രകാശം മങ്ങിത്തുടങ്ങി വലിയ കുന്നുകളുടെ നീണ്ട നിഴലുകൾനീങ്ങിപ്പോയി ഇനി ഇരുട്ടിന്റെ ആധിപത്യമാണ് വരുന്നത് അതിനു മുമ്പെ പണി നിർത്തി പണിയായുധങ്ങൾ കൂട്ടിവെച്ചു കുളിച്ചു ശുദ്ധിയായി

അംഗശുദ്ധി വരുത്തി അർമിയാഹ് (അ) നോടൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു നശിപ്പിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് അവർ വേദനയോടെ ഓർത്തു അഹങ്കാരികളുടെ അന്ത്യം എത്ര ദയനീയമായിപ്പോയി അർമിയാഹ് (അ)ന്റെ കവിളിലൂടെ കണ്ണുനീർതുള്ളികൾ ഒഴുകിവന്നു ശിക്ഷ ഇറങ്ങുന്നതിന് മുമ്പുള്ള ചില ദിവസങ്ങൾ ആ ദിവസങ്ങളിൽ അല്ലാഹുവുമായി എത്രയോ തവണ സംഭാഷണങ്ങൾ നടന്നിട്ടുണ്ട് കരഞ്ഞ്, കെഞ്ചി യാചിച്ചിട്ടുണ്ട് ഈ സമൂഹത്തിന് വേണ്ടി ശിക്ഷ വരിക തന്നെ ചെയ്തു കാലം ഒഴുകിപ്പോയി ബൈത്തുൽ മുഖദ്ദസിന്റെ പണി തീർന്നു വിശുദ്ധ ഭവനം പുതുമോടിയിൽ ഉയർന്നുനിൽക്കുന്നു അതിൽ ഭക്തജനങ്ങൾ പ്രാർത്ഥന നടത്തുന്നു അവിടെ അർമിയാഹ് (അ) സദുപദേശം നൽകുന്നു ശ്രോതാക്കൾ കേൾക്കുന്നു കരയുന്നു അർമിയാഹ് (അ) മുന്നൂറ് കൊല്ലം ജീവിച്ചു വെന്ന് റിപ്പോർട്ടുണ്ട് ഒരു സമൂഹത്തിന്റെ ഉയർച്ചയും തകർച്ചയും കണ്ടു ഇപ്പോൾ ഉയർത്തെഴുന്നേൽപും കണ്ടു അതിന്നിടയിൽ ആയുസ്സ് ഒഴുകിത്തീർന്നു പോയി സമയമായി ഇനിമടക്കയാത്ര എല്ലാവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആ വാർത്ത ഒഴുകിവന്നു നബിയുല്ലാഹി അറിമിയാഹ് (അ)വഫാത്തായി ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്ത് സ്വന്തം വിയർപ്പുതുള്ളികൾ വീണ മണ്ണിലേക്ക് അർമിയാഹ് (അ) അന്ത്യയാത്രയായി