സന്താനം വലിയ സമ്പത്താണ്. സന്താനോല്പാദനത്തെയും അതിനു കാരണമാകുന്ന വിവാഹത്തെയും ഇസ്ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചു. ‘നിങ്ങള്‍ വിവാഹം കഴിക്കുകയും സന്താനങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ വര്‍ധനവ് കാരണത്താല്‍ പൂര്‍വ്വിക സമുദായങ്ങളോട് ഞാന്‍ പെരുമപറയും. ചാപ്പിള്ളയെക്കൊണ്ടുപോലും’ (ഹദീസ്).
അനസ്(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) വിവാഹംകൊണ്ട് കല്പിക്കുകയും വിവാഹം ഉപേക്ഷിക്കുന്നതിനെ ശക്തമായി വിരോധിക്കുകയും ചെയ്യുമായിരുന്നു. അവിടുന്ന് പറഞ്ഞു: വാത്സല്യവതിയും അധികരിച്ച് പ്രസവിക്കുന്നവളുമായ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യുക. അന്ത്യനാളില്‍ നിങ്ങളെകൊണ്ട് പൂര്‍വ്വ പ്രവാചകന്മാരോട് ഞാന്‍ പെരുമപറയും (അഹ്മദ് 3/158).
അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: രക്ഷിതാവേ! ഞങ്ങളുടെ ഇണകില് നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ ഞങ്ങള്‍ക്ക് നീ തരേണമേ എന്നു പ്രാര്‍ത്ഥിക്കുന്നവരാണ് അവര്‍ (അല്‍ഫുര്‍ഖാന്‍).
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ലാഹുവിന്റെ ഔദാര്യമാണ്. രണ്ടിലും ഒരുപോലെ സന്തോഷിക്കുന്നവനാണ് വിശ്വാസി. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍ അമിത സന്തോഷം പ്രകടിപ്പിക്കുന്നതും പെണ്‍കുട്ടികളുണ്ടാവുമ്പോള്‍ ദുഃഖിക്കുന്നതും വിശ്വാസിയുടെ ലക്ഷണമല്ല. ജാഹിലിയ്യാ സ്വഭാവമാണ്. ഖുര്‍ആന്‍ പറഞ്ഞു: ”അവന് ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ ഔദാര്യം ചെയ്യും. അവനുദ്ദേശിക്കുന്നവര്‍ക്ക് ആണ്മക്കളെയും ഔദാര്യം ചെയ്യും” (ശൂറാ 49).
രണ്ടും ഒരുപോലെ പ്രസ്താവിച്ചതു മാത്രമല്ല, പെണ്‍കുട്ടികളുടെ കാര്യമാണ് ആദ്യം പറഞ്ഞത്. പെണ്‍കുട്ടികളുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രയാസം പരിഹരിക്കുന്നതിന് വേണ്ടിയാണിതെന്നാണ് പണ്ഡിതവിശദീകരണം. മാത്രമല്ല, ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പ്രസവം പെണ്‍കുഞ്ഞാകുന്നത് സ്ത്രീയുടെ ബറകത്തിന്റെ അടയാളമാണ് എന്ന് ഇമാം ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട് (ഖുര്‍തുബി 16/48).
സ്കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിച്ച് പെണ്കുഞ്ഞാണെന്നു കണ്ടാല്‍ അലസിപ്പിക്കുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. ഇങ്ങനെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെയാണ് വര്‍ഷാവര്‍ഷം നശിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പുള്ള ജാഹിലിയ്യാ സംസ്കാരത്തിന്റെ തനി പകര്‍പ്പാണിത്. ഇസ്ലാം അതിനെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നബി(സ്വ) പറഞ്ഞു: ”ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളോ സഹോദരിമാരോ ഉണ്ടാവുകയും അവരെ വളര്‍ത്തുകയും അഭയം നല്‍കുകയും വിവാഹം ചെയ്തുകൊടുക്കുകയും ചെയ്താല്‍ അവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. സ്വഹാബത്ത് ചോദിച്ചു: നബിയേ, രണ്ടു പെണ്‍മക്കളായാലോ? അവിടുന്ന് പ്രതികരിച്ചു: രണ്ടായാലും” (അബ്ദുര്‍റസാഖ് 10/457).
ഒരാള്‍ക്ക് സന്താനഭാഗ്യം ലഭിച്ചാല്‍ സന്തോഷവാര്‍ത്ത അറിയിക്കലും ആശംസ അറിയിക്കലും പ്രത്യേകം സുന്നത്തുണ്ട്. ”ഇബ്റാഹിം നബിക്ക് സഹനശീലനായ കുട്ടിയെ കൊണ്ട് നാം സന്തോഷവാര്‍ത്ത അറിയിച്ചു” (സ്വഫാത്ത് 101). നന്മ നേര്‍ന്നുകൊണ്ടും ബറകത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ആശംസിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രം ആശംസിക്കുന്ന സ്വഭാവമായിരുന്നു ജാഹിലിയ്യത്തിന്റേത്. നബി(സ്വ) അത് വിലക്കി. ‘അല്ലാഹുമ്മ ബാരിക് ലഹും വബാരിക് അലൈഹിം (അവര്‍ക്കും അവരുടെ മേലും നീ സമൃദ്ധി ചൊരിയേണമേ) എന്നു പറയാന്‍ അവിടുന്ന് കല്പിച്ചു’ (നസാഈ 6/128).
പിതാവിനെയും തന്റെ സഹോദരനെപ്പോലോത്ത അടുത്ത ബന്ധുക്കളെയും ബാറകല്ലാഹുലക എന്ന് ആശംസിക്കലും അവന് ജസാകല്ലാഹു ഖൈറന്‍ എന്നു മറപടി പറയലും സുന്നത്താണ് (തുഹ്ഫ 9/376). സന്താനങ്ങള്‍ മഹാ സമ്പത്താണെന്നതില്‍ സംശയമില്ല. പക്ഷേ, അവര്‍ നല്ലവരായി വളരണമെന്ന് മാത്രം. ”ഞങ്ങളുടെ ഭാര്യാമക്കളില്‍ നിന്ന് കുളിര്‍മ്മയാകുന്നത് ഞങ്ങള്‍ക്ക് നീ ഔദാര്യമായി തരേണമേ’ എന്ന് ദുആ ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ നന്നാകണമെങ്കില്‍ ഇണകളെ തെരഞ്ഞെടുക്കുന്നത് മുതല്‍ തന്നെ ഇസ്ലാമിക നിയമങ്ങള്‍ പാലിക്കണം. സന്താനങ്ങള്‍ നന്നാകുന്നതിലും മോശമാകുന്നതിലും നല്ലൊരു പങ്ക് രക്ഷിതാക്കള്‍ക്കാണ്. സന്താന സംസ്കരണത്തിന് അവര്‍ ചെയ്തുകൊടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണ്. പ്രമാണങ്ങളുടെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടെ വിവരിക്കുന്നത്.
സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രതികൂലമായ ഇന്ന് പ്രസവ സമയത്തുള്ള സുന്നത്തുകളില്‍ പലതും നടപ്പിലാക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെ ശ്രമകരമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സുന്നത്തുകളെ ജീവിപ്പിക്കുന്നതിന് നൂറ് രക്തസാക്ഷിയുടെ പ്രതിഫലനമുണ്ടെന്ന് നബി(സ്വ) ദീര്‍ഘവീക്ഷണം ചെയ്തത്. ഇന്ന് പ്രസവങ്ങള്‍ പൂര്‍ണ്ണമായും ഹോസ്പിറ്റലുകളില്‍ നിന്നാണല്ലോ. ഇത്തരം സുന്നത്തുകള്‍ സൗകര്യമാകുന്ന ഹോസ്പിറ്റലുകള്‍ തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ നല്ല ഭാവിക്ക് ഗുണംചെയ്യും.