ചേലാകര്‍മം ചെയ്യല്‍
ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് തങ്ങള്‍ക്കു നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). പ്രകൃതി സ്വഭാവത്തില്‍ പെട്ട പത്ത് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു. പുരുഷന്റെ ലിംഗാഗ്ര ചര്‍മ്മവും സ്ത്രീയുടെ യോനിയുടെ മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.
ചേലാകര്‍മം പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുക. എന്നാല്‍ പ്രസവിച്ച് ഏഴാം ദിവസം തന്നെ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. ഇത് മുമ്പ് വിവരിച്ച പേരിടല്‍, അറവ്, മുടികളയല്‍ എന്നിവക്ക് വിരുദ്ധമായാണ്. അവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മയിലേക്ക് പരമാവധി ഉളരാന്‍ വേണ്ടിയാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ). ഏഴിനുമുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200).
പുരുഷന്മാരുടെ ചേലാകര്‍മം പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).

ശാസ്ത്രീയ പഠനങ്ങള്‍
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ചേലാകര്‍മ സംബന്ധമായ പഠനങ്ങളില്‍ അത് എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന രൂപങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു.
ഒന്ന്: എയ്ഡ്‌സ് പ്രധാനമായും പകരുന്നത് ലിംഗത്തിലൂടെയായതിനാല്‍ ലിംഗ ഛേദികള്‍ക്ക് ഛേദിക്കാത്തവരെക്കാള്‍ എയ്ഡ്‌സ് സാധ്യത കുറവാണ്.
രണ്ട്: ലിംഗം ഛേദിക്കുന്നവര്‍ക്ക് എയ്ഡ്‌സിനെതിരെ ശക്തമായ പ്രതിരോധമുണ്ടെന്ന് നാല്‍പതിലേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മൂന്ന്: ഉഗാണ്ടയില്‍ എയ്ഡ്‌സ് ബാധിതരായ ഭാര്യമാര്‍ക്കൊപ്പം താമസിക്കുന്ന ചേലാകര്‍മികളായ 50 പുരുഷന്മാരില്‍ 30 മാസത്തെ വൈവാഹിക ജീവിതത്തിനു ശേഷവും രോഗം ബാധിച്ചതായി കണ്ടില്ല. എന്നാല്‍ ചേലാകര്‍മം ചെയ്യാത്ത പുരുഷന്മാരില്‍ 137ല്‍ മുപ്പതും രോഗത്തിനിരയായി.
നാല്: എച്ച്‌ഐവിയെ സ്വീകരിക്കുന്ന ‘ലാംഗര്‍ഹാന്‍സ്’ ചേലാകര്‍മത്തോടെ ഇല്ലാതെയാവുന്നു.
മൂത്രം പൂര്‍ണമായി വിസര്‍ജ്ജിക്കാതെ മൂത്ര സഞ്ചിയില്‍ കെട്ടിക്കിടക്കാന്‍ ഇടവരികയും പിന്നീടത് വൃക്കയിലേക്കെത്തുന്നതോടെ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, അഗ്രചര്‍മം നീങ്ങാതിരിക്കുന്നത് ദാമ്പത്യബന്ധത്തിന് വിഷമം സൃഷ്ടിച്ചേക്കും. ഇതെല്ലാം സുന്നത്ത് ചെയ്യിപ്പിക്കുന്നതോടെ നിസാരമായി പരിഹരിക്കാമെന്ന് ഡോ. കെപി ജോര്‍ജ്ജ് വിശദീകരിക്കുന്നു (നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, പേ 54).
പുരുഷ ജനനേന്ദ്രിയത്തിന്റെ തൊലിക്കട്ടിയില്‍ അടിഞ്ഞുകൂടുന്ന ‘സ്‌മെഗ്മ’ എന്ന വെളുത്തുകൊഴുത്ത സ്രവം ഗര്‍ഭാശയ കാന്‍സറിന് കാരണമാണ്. പരിഛേദനം നടത്തിയാല്‍ ഈ സ്രവം ഗര്‍ഭാശയമുഖത്ത് എത്താനുള്ള സാധ്യതകുറവാണ്. അതുകൊണ്ട് ഗര്‍ഭാശയ കാന്‍സര്‍ കുറയാന്‍ ചേലാകര്‍മം കാരണമാകുമെന്ന് ഡോ. സി ജോസഫ് വിശദീകരിക്കുന്നുണ്ട്. വിശുദ്ധമതത്തിന്റെ മുഴുവന്‍ ആചാരാനുഷ്ഠാനങ്ങളും ശാസ്ത്രീയവും ആരോഗ്യത്തിന് ഗുണകരവും പ്രകൃതിദത്തവുമാണെന്ന് ഉണര്‍ത്തട്ടെ.

ചേലാകര്‍മം ചെയ്തില്ലെങ്കില്‍
ചേലാകര്‍മം നിര്‍ബന്ധമാണെന്ന് നാം മുമ്പ് വായിച്ചു. അത് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ലിംഗാഗ്ര ചര്‍മത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് ഗണിക്കുക. അതുകൊണ്ടുതന്നെ നിര്‍ബന്ധകുളിയില്‍ ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. അല്ലാതെ കുളി പൂര്‍ണമാവുകയില്ല. നിസ്‌കാരാദി ആരാധനകള്‍ സ്വീകാര്യമാവുകയല്ല. മയ്യിത്തിനെ കുളിപ്പിക്കുമ്പോഴും ഇത് പ്രശ്‌നമാണ്. ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത പക്ഷം തയമ്മും അതിനായി ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാകും. കുട്ടികളും വലിയവരും ഇതില്‍ വ്യത്യാസമില്ല (ഫത്ഹുല്‍ മുഈന്‍ 151).