ചോദ്യം: ഇസ് ലാമിന്റെ അനുഷ്ഠാന കർമ്മങ്ങളായ നമസ്കാരം, നോമ്പ് മുതലായ സംഗതികൾ നിർവ്വഹിക്കാതെ ഒരു മുസ് ലിം  സുമാർ 40 വയസ്സുവരെ ജീവിക്കുകയും പിന്നീട്  ഈ ജീവിതം ശരിയല്ലെന്ന് സ്വയം അയാൾക്ക് തോന്നുകയും നോമ്പ് നമസ്കാരാദി കർമ്മങ്ങൾ ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് അയാൾ ദൃഢനിശ്ചയം ചെയ്ത് റമളാനിൽ നോമ്പ് പിടിക്കുകയും ക്രമപ്രകാരം നമസ്കരിക്കുകയും ഓരോ വഖ്തിലും സാധിക്കുന്ന വിധം ഖസാ വീട്ടുകയും തറാവീഹ് നമസ്കരിക്കുകയും ചെയ്തു. എന്നാൽ ഇയാൾ തറാവീഹ് നമസ്കരിക്കൽ ഹറാമോ ഹലാലോ? അത് സ്വഹീഹോ ഫാസിദോ? അയാൾക്ക് അത് കാരണമായി രക്ഷയോ ശിക്ഷയോ? മറ്റുസുന്നത്ത് നമസ്കാരം നോമ്പ് സ്വദഖ ഇവകൾ തറാവീഹ് പോലെ തന്നെയാണോ? ഇതൊന്നു വ്യക്തമാക്കിയാലും!

 

ഉത്തരം: ചോദ്യത്തിൽ പറഞ്ഞ വ്യക്തി തറാവീഹ് നമസ്കരിക്കൽ ഹറാമാണ്. നമസ്കരിച്ചാൽ അത് സ്വഹീഹുമാണ്. ഉദ്റ് കൂടാതെ നഷ്ടപ്പെട്ട നമസ്കാരം ഖസാ വീട്ടുവാനുള്ളവർ സുന്നത്ത് നമസ്കാരം പോലത്തവയ്ക്ക് സമയം ചെലവഴിക്കാൻ പാടില്ല. ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ ചെലവിന്റെ വഹകൾ സംഭരിക്കൽ, ഉറക്കം, വാജിബായ മറ്റ്ക്രിയകൾ എന്നീ അത്യാവശ്യ കാര്യങ്ങളൊഴിച്ച് ബാക്കി എല്ലാ സമയവും ഖസാ വീട്ടുവാൻ ഉപയോഗിക്കേണ്ടതാണ്. (തുഹ്ഫ:1-440) ആ സുന്നത്ത് നമസ്കാരം സ്വഹീഹാകുന്നതോട് കൂടി അത് കുറ്റവുമാണ് (കുർദി; 1-144) ഒരു നിലയിൽ കുറ്റവും മറ്റൊരു നിലയിൽ  കൂലിയും ലഭിക്കുമെന്ന് ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം ഇമാമീങ്ങളുടെയും അഭിപ്രായം അതിന് കൂലി കിട്ടുകയില്ലെന്നാണ്. (ജംഉൽ ജവാമിഅ്) നമസ്കാരം ഖളാ വീട്ടുന്നതിന് തടസ്സമായി വരുന്ന തറാവീഹ് നമസ്കാരമല്ലാത്ത മറ്റു സുന്നത്തുകളുടെ കാര്യവും തഥൈവ. ഈ ഉത്തരം ഒരു വിശദീകരണത്തിനർഹമാണെന്ന് തോന്നുന്നതിനാൽ അൽപമൊന്ന് വിശദീകരിക്കാം. ഇസ്ലാമിൽ നിരോധിക്കപ്പെട്ട കാര്യങ്ങൾ രണ്ടു വിധേനയുണ്ട്. ഒന്ന് നിരോധിക്കപ്പെട്ട കാര്യം സ്വന്തം തന്നെ നിഷിദ്ധമായിരിക്കുകയോ അല്ലെങ്കിൽ നിഷിദ്ധമായ വല്ല കാര്യങ്ങളും വിട്ട് പിരിയാതെ അതിൽ ഒട്ടി നിൽക്കുകയോ ചെയ്യുന്നത്. വുസൂ ഇല്ലാതെ നമസ്കരിക്കലും കറാഹത്തായ വഖ്ത്തിൽ (മദ്ധ്യാഹ്ന വേളയും അസ്റിന്റെ ശേഷം അസ്തമയം വരെയും സുബ്ഹിന്റെ ശേഷം സൂര്യൻ ഉദിച്ചു പൊങ്ങുന്നത്  വരെയും) സുന്നത്ത് നമസ്കരിക്കലും യഥാക്രമം അതിന്റെ ഉദാഹരണങ്ങളാണ്. വുസു ഇല്ലാതെ നമസ്കരിക്കൽ സ്വയം നിഷിദ്ധമാണ്. കറാഹത്തിന്റെ വഖ്തിലെ സുന്നത്ത് നമസ്കാരം സ്വയം നിഷിദ്ധമല്ലെങ്കിലും വഖ്ത് അതിനനിവാര്യവും അനിവാര്യമായ ആ വഖ്ത് നിഷിദ്ധവുമാണ്. ഇത്തരം കാര്യങ്ങൾ ഹറാമും സ്വഹീഹാകാത്തതുമാണ്. രണ്ട്, നിരോധിക്കപ്പെട്ട ഇതര കാര്യങ്ങൾ അതിൽ വന്നു ചേരുന്നത്. ഭർത്താവിന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ട് ഭാര്യ സുന്നത്ത് നോമ്പ് പിടിക്കൽ, ഉദ്റ് കൂടാതെ ഫറളുനമസ്കാരം നഷ്ടപ്പെട്ടവർ, അത് ഖാസാ വീട്ടാതെ തറാവീഹ് മതുലായവ നിർവ്വഹിക്കൽ തുടങ്ങിയ കാര്യങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഭർത്താവിന്റെ നിർദ്ദേശം അവഗണിക്കൽ നിഷിദ്ധമായ കാര്യമാണ്. അതുപലതുകൊണ്ടും സംഭവിക്കാം. സുന്നത്ത് നോമ്പ് കൊണ്ടാകുമ്പോൾ ഭർത്താവിനെ അവഗണിക്കൽ അതിൽ വന്നു ചേരുന്നു. അതുപോലെ ഉദ്റ് കൂടാതെ ഫറളു ഖളാആയാൽ അത്യാവശ്യ കാര്യങ്ങളുടെ സമയം കഴിച്ച് ബാക്കി സമയം ആ ഫറളു ഖളാ വീട്ടുവാനല്ലാതെ വിനിയോഗിക്കൽ നിഷിദ്ധമാണ്. അതിനാൽ തറാവീഹ് നമസ്കരിക്കലും മറ്റ് പ്രവർത്തിയിൽ പ്രവേശിക്കലും നിഷിദ്ധമായിത്തീരുന്നതാണ്. ഇത്തരം കാര്യങ്ങൾ ഹറാമാണെങ്കിലും സ്വഹീഹാകുന്നതാണ്. പക്ഷേ, അതിന് കൂലി ലഭിക്കുകയില്ല. ഈ വിശദീകരണം ജംഉൽ ജവാമിഇൽ നിന്ന് വ്യക്തമാകുന്നതാണ്.