ചോദ്യം: ‘മൻ അസ്വ്ബഹ ജുനുബൻ ഫലാ സ്വൗമ ലഹു’ എന്ന ഹദീസ് സ്വഹീഹാണോ? അതോ ളഈഫോ? സ്വഹീഹാണെങ്കിൽ ജനാബത്തുകാരന്റെ നോമ്പു സ്വഹീഹാണെന്ന് നമ്മുടെ മദ്ഹബിന്റെ നിയമത്തിനോട് ഇത് എതിരാവില്ലേ? ഒരു വിശദീകരണം തന്നാലും?
ഉത്തരം: പ്രസ്തുത ഹദീസ് സ്വഹീഹും ഇമാം ബുഖാരിയും മുസ്ലിമും തങ്ങളുടെ സ്വഹീഹുകളിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളതുമാണ്. പക്ഷേ, നോമ്പുണ്ടായിരിക്കെ നബി(സ) തങ്ങൾ പുലരിക്കു ശേഷം ജനാബത്തു കുളിച്ച സംഭവം നബിതങ്ങളുടെ സഹധർമ്മിണിമാരായ ആഇശ(റ), ഉമ്മുസലമ(റ) എന്നിവർ റിപ്പോർട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ ഹദീസിന്റെ റിപ്പോർട്ടറായ അബൂഹുറൈറ(റ) തന്റെ നിലപാടു വിശദീകരിക്കുകയും സ്വന്തം അഭിപ്രായം തിരുത്തുകയും ചെയ്തിട്ടുള്ളതാണ്. “ഈ വാക്യം ഫള്ലുബ്നു അബ്ബാസിൽ നിന്ന് കേട്ടതാണെന്നും നബിയിൽ നിന്നും കേട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയെങ്കിൽ ഈ വാക്യം മൗഖൂഫ് സ്വഹാബിയുടെ വാക്ക് മാത്രമാണല്ലോ. തിരുനബി(സ)യിൽ നിന്നു വന്ന ഹദീസാണ് ഇതെന്നു വച്ചാലും മൂന്നു നിലക്ക് മറുപടി നൽകി ഇമാമുകൾ ഇതിനെ വിശദീകരിച്ചിട്ടുണ്ട്. ജനാബത്തുകാരൻ പ്രഭാതപുലരിക്കു മുമ്പേ കുളിക്കുകയെന്ന ശ്രേഷ്ഠ രൂപത്തിന് പ്രേരണ നൽകുന്നതിനായി നബി(സ) തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചതാണെന്നു വയ്ക്കാം. ഇതാണ് ഒരു മറുപടി. അങ്ങനെ വരുമ്പോൾ ഹദീസിന്റെ അർത്ഥം ഇപ്രകാരമാകും: ജനാബത്തുകാരനായി ഒരാൾ പുലരിയിൽ പ്രവേശിച്ചാൽ അയാൾക്കു സമ്പൂർണ്ണ നോമ്പില്ല. പുലരിക്കു മുമ്പു കുളിക്കാത്ത ഒരു കുറവ് അയാളുടെ നോമ്പിനുണ്ട്. *രണ്ട്:* ജനാബത്തുണ്ടാകുന്ന പ്രവൃത്തിയിൽ (സംഭോഗം) ഇടപെട്ടവനായി ഒരാൾ പുലരിയിൽ പ്രവേശിക്കുകയും അറിഞ്ഞു കൊണ്ട് അവൻ അതേ പ്രവൃത്തിയിൽ നിലകൊള്ളുകയും ചെയ്താൽ അവന് നോമ്പില്ലെന്നാണ് ഈ ഹദീസിന്റെ സാരം. *മൂന്ന്:* ഈ ഹദീസ് മൻസൂഖാണ്. നോമ്പിന്റെ രാത്രിയിൽ ഉറക്കത്തിനു ശേഷം സംഭോഗം ആദ്യകാലത്തു നിഷിദ്ധമായിരുന്നു. അക്കാലത്തു നബി പറഞ്ഞ ഹദീസാണിത്. പിന്നീട് ആ വിധി ദുർബ്ബലപ്പെട്ടിട്ടുണ്ട്. രാത്രികാല സംഭോഗം അനുവദനീയമായി ആയത്തിറങ്ങിയിട്ടുണ്ട്. ഇതറിയാതെ അബൂഹുറൈറ(റ) ഈ വാക്യം ഉദ്ധരിക്കുകയും തദടിസ്ഥാനത്തിൽ ഫത്വാ നൽകുകയുമായിരുന്നു. വസ്തുത മനസ്സിലാക്കിയപ്പോൾ അദ്ദേഹം ഈ അഭിപ്രായത്തിൽ നിന്നും പിൻവാങ്ങിയിട്ടുമുണ്ട്. ഇങ്ങനെ മൂന്നുവിധത്തിൽ ഈ ഹദീസിനെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അൽഹവാശിൽ മദനിയ്യ: 2-185 നോക്കുക.