ചോദ്യം: ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?
ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്‍ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്‍) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില്‍ ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?”
ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്‍കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കര്‍മശാസ്ത്ര പണ്ഢിതന്മാരുടെ വാക്കുകളുടെ താത്പര്യം സുപ്രസിദ്ധമായ ആയത്തും ഹദീസും ഓതിക്കൊണ്ടുള്ള ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നത് ബിദ്അത്താണെന്നാണ്. കാരണം നബി(സ്വ)യുടെ കാലശേഷമാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ക്കും നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത്, സലാമ് എന്നീ സുന്നത്തുകള്‍ വര്‍ദ്ദിപ്പിക്കാന്‍ ആയത്ത് പ്രചോദനമാകുന്നുവെന്നതാണ് കാരണം. വിശിഷ്യാ വെള്ളിയാഴ്ച ദിവസത്തില്‍. അപ്രകാരം തന്നെ ഖുത്വുബ ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഹദീസും പ്രചോദകമാകുന്നു. ഖുത്വുബ ശ്രദ്ധിക്കാതിരിക്കല്‍ ജുമുഅയുടെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, അത് കുറ്റകരം കൂടിയാണെന്നാണ് കുറേ പണ്ഢിതന്മാരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറയട്ടെ. ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ)  ഹജ്ജത്തുല്‍ വദാഇല്‍ മിനയില്‍ വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങള്‍ ഖുത്വുബ ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് നിര്‍ദേശിക്കാന്‍ (മആശിറ വിളിക്കാന്‍) ഒരാളോടാജ്ഞാപിച്ചു. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില്‍ തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്. എന്നാല്‍പിന്നെ നബി(സ്വ)യുടെ കാലത്ത് മദീനയില്‍ ജുമുഅ ദിവസം പ്രസ്തുത കാര്യം എന്തുകൊണ്ട് നടന്നില്ലെന്ന സംശയത്തിന്  മറുപടി ഇപ്രകാരമാണ്. ശബ്ദകോലാഹലവും അച്ചടക്കരാഹിത്യവും മിനയില്‍ പ്രകടമായപ്പോള്‍ അവിടെ പ്രസ്തുത കാര്യങ്ങളുണര്‍ത്താന്‍ ഒരാളിലേക്കാവശ്യം നേരിട്ടു. മദീനക്കാരുടെ അവസ്ഥ ഇതായിരുന്നില്ല. (നിരന്തരമായി നബി(സ്വ)യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും പൂര്‍ണ നിയന്ത്രണത്തിനും അവര്‍ വിധേയരായതുകൊണ്ട് അച്ചടക്കരാഹിത്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും ഗ്രാമങ്ങള്‍, മലയോരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മിനയില്‍ മേളിച്ച മനുഷ്യ പാരാവാരത്തിന്റെ അവസ്ഥ ഇതല്ലല്ലോ.) മാത്രമല്ല, ഖുത്വുബയില്‍ (ആമുഖത്തില്‍) നബി(സ്വ) ത ന്നെ ഉപര്യുക്ത കാര്യം മിമ്പറില്‍വെച്ച് നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു”(തുഹ്ഫ, 2/461).
ശൈഖ് ഇജ്ലൂനി(റ) എഴുതുന്നു: “അന്‍സ്വിതൂ റഹിമകുമുല്ലാ’ എന്ന വാചകം മുര്‍ഖിയു ടെ സ്വന്തം വാചകമാണെന്നതില്‍ സന്ദേഹമില്ല. ഹദീസിന്റെ നിവേദനങ്ങളിലൊന്നും ഈ വാക്ക് അറിയപ്പെടുന്നില്ല. ഏതായാലും ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നതും മുര്‍ഖി മേല്‍ ഹദീസുദ്ധരിക്കുന്നതുമൊന്നും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നല്ല. നിശ്ചയം അത് ബിദ്അത്തില്‍ പെട്ടതാണ്. ചില പണ്ഢിതന്മാര്‍ അതിനെ നല്ല ബിദ്അത്തായി ഗണിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടെ. ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്. (തുഹ്ഫയുടെ ഉപര്യുക്ത ഉദ്ധരണി ശേഷം അദ്ദേഹം എടുത്തുദ്ധരിച്ചു) (ഇജ്ലൂനി(റ)യുടെ കശ്ഫുല്‍ ഖഫാഅ് 1/94).
ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ അദ്ദുര്‍റുല്‍ മുഖ്താറില്‍ വിവരിക്കുന്നു. അറിയപ്പെട്ട മആശിറ വിളി സമ്പ്രദായം അബൂഹനീഫ ഇമാം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സ്വാഹിബാനിയായ അബൂയൂസുഫ്(റ), മുഹമ്മദ്(റ) എന്നിവര്‍ അതില്‍ പന്തികേടില്ലെന്ന പക്ഷക്കാരാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ ആബിദീന്‍(റ) തുഹ്ഫയുടെ വാക്ക് ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “ഈ അഭിപ്രായമാണ് അല്‍ഖൈറുര്‍റംലി  (റ) പ്രബലമാക്കിയിട്ടുള്ളത്. മാത്രമല്ല, അവര്‍ ഇങ്ങനെയും പറഞ്ഞു. ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
ഇത്രയും വിശദീകരിച്ചതില്‍നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
(1) ജുമുഅ ഖുത്വുബക്ക് മുമ്പ് നബി(സ്വ)യുടെ കാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല. (2) ഈ അടിസ്ഥാനത്തിലാണ് ഇമാം അബൂഹനീഫ(റ) അത് ഇഷ്ടപ്പെടാതിരുന്നതും മറ്റ് കുറേ പണ്ഢിതന്മാര്‍ അത് ബിദ്അത്താണെന്നു പറഞ്ഞതും. (3) ഇതിനെക്കുറിച്ച് നല്ല ബിദ്അത്ത് എന്ന് അവര്‍ പറഞ്ഞത് ശറഇല്‍ വിലക്കപ്പെട്ട ബിദ്അത്തല്ലെന്നതിനും ഭാഷാപരം മാത്രമാണെന്നതിനും തെളിവാണ്. (4) മിനയില്‍വെച്ച് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇത് നടന്നത് കൊണ്ട് ഭാഷാപരമായി തന്നെയും ഇതിനെ ബിദ്അത്തെന്ന് വിശേഷിപ്പിച്ചുകൂടെന്നാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം. (5) മിനയില്‍ നിന്ന് തു ടങ്ങിയ ഈ സമ്പ്രദായം കാലമിതുവരെ ശേഷമുള്ളവര്‍ അംഗീകരിച്ചും അനുഷ്ഠിച്ചും പോന്നിട്ടുണ്ട്. (6) മദീനക്കാര്‍ അവരിലെ പ്രത്യേക പവിത്രത കൊണ്ട് ഇതിലേക്ക് ആവശ്യമായില്ല. (7) മുര്‍ഖി പറയുന്ന കാര്യം നബി(സ്വ) തന്നെ ഖുത്വുബയുടെ ആമുഖത്തില്‍ മിമ്പറില്‍വെച്ച് പറഞ്ഞിരുന്നു.
ഖുത്വുബക്ക് മുമ്പായി ജനങ്ങള്‍ ശാന്തരും നിശ്ശബ്ദരുമായിരിക്കാന്‍ ഉണര്‍ത്തിക്കൊണ്ടുള്ള മആശിറ വിളിയില്‍ സ്വഹാബിവര്യനായ അബൂഹുറയ്റ(റ)യുടെ ഹദീസ് പാരായണം ചെയ്യുന്നതിന്റെ രഹസ്യം സംബന്ധിച്ച് ഇമാം താജുദ്ദീനുസ്സുബ്കി(റ) ഇപ്രകാരം പറയുന്നു.
നബി(സ്വ)യുടെ ഹദീസുകള്‍ കൂടുതലായി അബൂഹുറയ്റ(റ) മനഃപാഠമാക്കിയപ്പോള്‍ അതിന് പ്രതിഫലമായി പില്‍ക്കാല ജനങ്ങളില്‍ അബൂഹുറയ്റ(റ)ക്ക് പ്രശംസയും പ്ര കീര്‍ത്തനവും അല്ലാഹു നല്‍കി. ജുമുഅ ദിവസത്തില്‍ ജനങ്ങള്‍ മേളിക്കുമ്പോല്‍ ഖത്വീബിന് മുമ്പായി മുഅദ്ദിന്‍ എഴുന്നേറ്റു ഇപ്രകാരം പറയുന്നു: “അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. ജുമുഅ ദിവസം ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തന്റെ കൂട്ടുകാരനോട് നിശ്ശബ്ദമായിരിക്കുക എന്ന് പറഞ്ഞാല്‍ നിശ്ചയം അവന്‍ പ്രവര്‍ ത്തിച്ചത് തന്നെ നിഷ്ഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.” എന്നാല്‍ അബൂഹുറയ്റ (റ)യെകുറിച്ചുള്ള ഈ കീര്‍ത്തനം വലിയൊരു സമൂഹത്തിന് മുന്നില്‍ അവരുടെ പേരുപറയല്‍ തുടര്‍ന്നുവന്നു എന്നത് മാത്രമല്ല, മറിച്ച് ഈ ഹദീസ് നിവേദനം ചെയ്യുന്നത് വഴിയായി അവരുടെ പേര് പരാമര്‍ശിക്കുകയും കേള്‍ക്കുന്നവര്‍ തര്‍ളിയത് ചൊല്ലുകയും അവരെ സ്മരിക്കുകയും അതിനെ തുടര്‍ന്ന് വീണ്ടും തര്‍ളിയത് ചൊല്ലുകയും ചെയ്യുന്നു എന്നതാണത്. എത്രമാത്രം പുണ്യകരമാണിത്. ഈ ഹദീസ് കാരണമായി എത്രയെത്ര സ്വാലിഹുകളാണ് അവര്‍ക്കുവേണ്ടി റഹ്മത് കൊണ്ട് പ്രാര്‍ഥന നടത്തിയത്. അപ്രകാരം തന്നെ ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഹദീസിന്റെ ആജ്ഞക്ക് വഴിപ്പെട്ട് ജനങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ ഹദീസോ ഹദീസ് ഉള്‍ക്കൊള്ളുന്ന ആശയമോ അറിയാത്ത എത്രയെത്ര സാധാരണക്കാരാണ് മുഅദ്ദിനില്‍ നിന്ന് ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഇ തിന് വഴിപ്പെട്ട് നിശ്ശബ്ദരായിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ഈ ഹദീസ് എത്തിച്ചുതന്ന വ്യക്തിക്ക് വലിയ പ്രതിഫലമാണ് ലഭ്യമാകുന്നത്. അബൂഹുറയ്റ(റ)യാണ് പ്രസ്തുത വ്യക്തി” (ത്വബഖാത്, 1/31)