ഉസ്മാന്(റ)ന്റെ ഭരണകാലത്താണ് വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ അടുത്ത ഘട്ട മുണ്ടാവുന്നത്. ഇസ്ലാമിക വിജയങ്ങള്‍ വര്‍ധിക്കുകയും മുസ്ലിംകള് വിവിധ നാടുകളില്‍ വ്യാപിക്കുകയും ചെയ്ത കാലം. ഓരോ നാട്ടുകാരും സ്വഹാബികളില്‍ നിന്ന് പ്രശസ്തരായ ഖാരിഉകളുടെ പാരായണമാണ് സ്വീകരിച്ചിരുന്നത്. സിറിയക്കാര്‍ ഉബയ്യുബ്നു കഅ്ബ്(റ)ന്റെയും കൂഫക്കാര്‍ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന്റെയും ഖിറാഅത്തനുസരിച്ച് പാരായണം നടത്തിയപ്പോള്‍ മറ്റുള്ളവര്‍ അബൂ മൂസല്‍ അശ്അരി(റ)യുടെ ഖിറാഅത്താണ് സ്വീകരിച്ചത്. എന്നാല്‍ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ ശൈലികളിലും രീതികളിലും പിന്നീട് അഭിപ്രായന്തരമുണ്ടായി. മാത്രമല്ല, വിശുദ്ധ ഖുര്‍ആന്‍ അറബിഭാഷയില്‍ തന്നെയുള്ള ഏഴു ശൈലികളിലാണല്ലോ അവതീര്‍ണമായതു തന്നെ.
ഇങ്ങനെ വിവിധ രാജ്യങ്ങളില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുര്‍ആനിനൊരു ഏകീകൃത സ്വഭാവമുണ്ടാകാന്‍ വേണ്ടി എഴുത്ത് ഒരു ഖിറാഅത്തില്‍ മാത്രം ചുരുക്കി അബൂബക്കര്‍(റ)ന്റെ ഭരണ കാലത്ത് ക്രോഡീകരിച്ച മുസ്ഹഫില്‍ നിന്ന് ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കുകയാണ് ഉസ്മാന്(റ) ചെയ്തത്. ഈ വിഷയത്തില്‍ ഉസ്മാന്(റ) വിളിച്ചു ചേര്‍ത്ത പ്രമുഖ സ്വഹാബികളെല്ലാം ഐക്യകണ്ഠേന ഇതംഗീകരിക്കുകയായിരുന്നു. സൈദുബ്നു സാബിത്ത്(റ), അബ്ദുല്ലാഹി ബ്നു സുബൈര്‍(റ), സഈദുബ്നുല്‍ ആസ്വ്(റ), അബ്ദുറഹ്മാനുബ്നുല്‍ ഹാരിസ്(റ) എന്നിവരെയാണ് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ വേണ്ടി ഉസ്മാന്(റ) നിയമിച്ചത്. ഹിജ്റ ഇരുപത്തിനാലാം വര്‍ഷത്തിന്റെ ഒടുക്കത്തിലും ഇരുപത്തിയഞ്ചാം വര്‍ഷത്തിന്റെ തുടക്കത്തിലുമായിരുന്നു ഇത്.
ഉസ്മാന്(റ)ന്റെ ഭരണകാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ പശ്ചാത്തലം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അനസ്(റ)ല്‍ നിന്നു നിവേദനം: ഹുദൈഫതു ബ്നുല്‍ യമാന്‍(റ) ഉസ്മാന്(റ)ന്റെ സമീപത്ത് വന്നു. അര്‍മീനിയ, അദര്‍ബീജാന്‍ എന്നീ നാടുകള്‍ കീഴടക്കുന്നതിനു വേണ്ടി സിറിയക്കാരോട് യുദ്ധം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഇറാഖുകാരുടെ കൂടെ പോയതായിരുന്നു. ഖുര്‍ആന്‍ പാരായണ ശൈലിയിലുണ്ടായ അവരുടെ അഭിപ്രായ വ്യത്യാസം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. ഖലീഫ ഉസ്മാന്(റ) വിനോട് അദ്ദേഹം പറഞ്ഞു: ‘അമീറുല്‍ മുഅ്മിനീന്‍, ജൂത ക്രൈസ്തവര്‍ അഭിപ്രായ വ്യത്യാസത്തിലായതു പോലെ ഈ സമുദായം അഭിപ്രായാന്തരങ്ങളില്‍ പെടുന്നതിനു മുമ്പ് അവരെ നിങ്ങള്‍ പിടിച്ചു നിര്‍ത്തണം’. അങ്ങനെ ഉസ്മാന്(റ) മഹതിയായ ഹഫ്സ്വ(റ)യിലേക്ക് ആളെ വിട്ട് അവരുടെ കൈവശമുള്ള ഖുര്‍ആന്‍ പ്രതി കൊടുത്തയക്കണമെന്നും പകര്‍പ്പു കോപ്പികള്‍ എടുത്ത ശേഷം തിരിച്ചയക്കാമെന്നും അറിയിച്ചു. അതു പ്രകാരം മഹതി ഖുര്‍ആന്‍ പ്രതി ഉസ്മാന് (റ)വിന് കൊടുത്തയക്കുകയും ചെയ്തു. തുടര്‍ന്ന് സൈദുബ്നു സാബിത്ത്, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്(റ) എന്നിവരോട് പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കാന്‍ ഉസ്മാന്(റ) ഉത്തരവിട്ടു. അവരില്‍ പെട്ട ഖുറൈശികളായ മൂന്നു പേരോട് (അബ്ദുല്ലാഹിബ്നു സുബൈര്‍(റ) സഈദു ബ്നുല്‍ ആസ്വ്(റ) അബ്ദു റഹ്മാനുല്‍ ഹാരിസ്-റ) ഖലീഫ പറഞ്ഞു: ‘വല്ല ഖുര്‍ആന്‍ വചനങ്ങളിലും നിങ്ങളും സൈദുബ്നു സാബിത്തും അഭിപ്രായ വ്യത്യാസത്തിലായാല്‍ ഖുറൈശികളുടെ ഭാഷയില്‍ നിങ്ങളത് എഴുതുക. കാരണം ഖുര്‍ആന്‍ അവതരിച്ചത് അവരുടെ ഭാഷയിലാണ്’. അങ്ങനെ അവര്‍ ഏതാനും പകര്‍പ്പു കോപ്പികള്‍ തയ്യാറാക്കി. ശേഷം ഉസ്മാന്(റ) ഖുര്‍ആന്‍ പ്രതി ഹഫ്സ ബീവി(റ)ക്ക് തിരികെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പകര്‍ത്തിയ കോപ്പികളില്‍ നിന്ന് ഓരോ ഭാഗത്തേക്കും ഓരോ കോപ്പി വീതം കൊടുത്ത യക്കുകയുമുണ്ടായി. ഇവയല്ലാത്ത മറ്റു ഏടുകളും മുസ്ഹഫുകളും കരിച്ചു കളയാനും ഉസ്മാന്(റ) ഉത്തരവിട്ടു’ (ബുഖാരി/4987).
നബി(സ്വ)യുടെ കാലഘട്ടത്തിനു ശേഷം നടന്ന ക്രോഡീകരണത്തിന്റെ രണ്ടു ഘട്ടങ്ങളെയും കുറിച്ച് ഇമാം സുയൂത്വി(റ) പറയുന്നു: ‘ഖാരിഉകളുടെയും ഹാഫിളുകളുടെയും മരണം മൂലം ഖുര്‍ആന്‍ തന്നെ നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അബൂബക്കര്‍(റ) ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തയ്യാറായതെങ്കില്‍ ഓരോരു ത്തരും അവരവരുടെ ഭാഷാരീതിയനുസരിച്ച് വ്യത്യസ്ത രൂപങ്ങളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും മറ്റുള്ളവരുടേത് തെറ്റാണെന്ന് പറയുകയും ചെയ്തപ്പോള്‍ ഖുറൈശികളുടെ ഭാഷയനുസരിച്ച് ഒരു മുസ്ഹഫ് തയ്യാറാക്കിക്കൊണ്ട് ഖുര്‍ആന്‍ സംബന്ധമായ അഭിപ്രായാന്തരങ്ങള്‍ തീര്‍ക്കാനായിരുന്നു ഉസ്മാന് (റ)ന്റെ കാലത്തുണ്ടായ ക്രോഡീകരണം’ (അല്‍ ഇത്ഖാന്‍ 1/79).
ഖുര്‍ആനിനെ മുസ്ഹഫ് രൂപത്തിലാക്കുമ്പോള്‍ എഴുതാനുപയോഗിച്ച ലിപി പില്ക്കാലത്ത് റസ്മുല് ഉസ്മാനി എന്ന പേരിലാണ് അറിയപ്പെട്ടത്. അബൂബക്കര്‍(റ)ന്റെ കാലത്തുള്ള ലിപി തന്നെയാണ് ഇതെങ്കിലും ഉസ്മാന്(റ)ന്റെ ഭരണകാലത്ത് അതിനു സര്‍വവ്യാപകമായ ഉപയോഗം വന്നത് കൊണ്ടാണ് പ്രസ്തുത ലിപി ആ പേരില്‍ അറിയപ്പെട്ടത്. അറബി ഭാഷയുടെ സാധാരണമായ ചില നിയമങ്ങളോട് യോജിക്കാത്ത ലിപിയാണത്. എന്നാല്‍ ഖുര്‍ആന്‍ എഴുതുമ്പോള്‍ ഈ ലിപി തന്നെ ഉപയോഗിക്കണമെന്നാണ് പണ്ഡിത മതം. ഇമാം ബൈഹഖി(റ) പറയുന്നു: ‘വല്ലവനും മുസ്ഹഫ് എഴുതുകയാണെങ്കില്‍ സ്വഹാബികള്‍ മുസ്വഹഫുകള്‍ എഴുതിയ ലിപിയില്‍ തന്നെയാവാന്‍ ശ്രദ്ധിക്കണം.അതില്‍ അവരോട് എതിരാവാനോ അവര്‍ എഴുതിയതില്‍ ഒരു മാറ്റവും വരുത്താനോ പാടില്ല’ (ശുഅ്ബുല്‍ ഈമാന്‍).
ഇമാം സുയൂഥ്വി(റ) പറയുന്നു: ‘അശ്ഹബ്(റ) പറഞ്ഞു: മാലിക് ഇമാമിനോട് ഒരു ചോദ്യമുണ്ടായി; ജനങ്ങള്‍ പുതുതായി ഉണ്ടാക്കുന്ന ലിപിയില്‍ മുസ്വ്ഹഫ് എഴുതാന്‍ പാടുണ്ടോ? അതു പറ്റില്ലെന്നും ആദ്യമായി എഴുതിയതു പോലെത്തന്നെ എഴുതണമെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഇമാം അഹ്മദ്(റ) ഇക്കാര്യം ഒന്നുകൂടി സ്പഷ്ടമാക്കിപ്പറയുന്നു: ‘ഉസ്മാന്(റ)ന്റെ മുസ്വഹഫിലെ ലിപിയോട് വാവിലും യാഇലും അലിഫിലും മറ്റുള്ളവയിലും എതിരു വരുന്നത് ഹറാമാണ്’ (അല്‍ ഇത്ഖാന്‍ 2/212,213).