കൈകാലുകളിൽ മൈലാഞ്ചി ഇടുന്നതിന്റെ വിധിയെന്ത്? ഇതിൽ സ്ത്രീ-പുരുഷന്മാർ തമ്മിൽ വ്യത്യാസമുണ്ടോ? സ്ത്രീകളിൽ വിവാഹിതകളും അവിവാഹിതകളും അന്തരമുണ്ടോ? ഇതിന്റെ വിശദനില വിവരിക്കുമല്ലോ?

ഉത്തരം:_ പുരുഷൻ അലങ്കാരത്തിനു വേണ്ടി കൈകാലുകളിൽ മൈലാഞ്ചിയിടൽ ഹറാമാണ്. രോഗം പോലുള്ള അനിവാര്യമായ കാരണങ്ങൾക്കു വേണ്ടി അനുവദനീയമാകുമെന്നു പറയേണ്ടതില്ലല്ലോ. സ്ത്രീ ഭർതൃമതിയെങ്കിൽ കൈകാലുകളിൽ മൈലാഞ്ചിയിടൽ സുന്നത്തും ഭർതൃമതിയല്ലെങ്കിൽ കറാഹത്തുമാണ്. ഭർതൃമതിയായ സ്ത്രീക്കു തന്നെ മൈലാഞ്ചി കൊണ്ടു ചിത്രപ്പണിയും വിരൽ തലപ്പുകളിൽ മാത്രം കറുപ്പുവർണ്ണം ചേർത്ത് അലങ്കാരപ്പണിയും മറ്റും നടത്തൽ ഭർത്താവിന്റെ സമ്മതമുണ്ടെങ്കിലും സുന്നത്തില്ല. കറാഹത്താണ്. ഭർത്താവിന്റെ സമ്മതമോ പൊരുത്തമോ ഇല്ലാതെ ഭർതൃമതി ഇപ്രകാരം അലങ്കരിക്കലും ഭർതൃമതിയല്ലാത്ത സ്ത്രീകൾ ഇതു നടത്തുന്നതും ഹറാമുമാണ്. തുഹ്ഫ: ശർവാനി സഹിതം 4-59.

പ്രായം തികയാത്ത ആൺ കുട്ടികൾ മൈലാഞ്ചിയിടുന്നതു തടയൽ രക്ഷാകർത്താവിന്റെ മേൽ നിർബന്ധമില്ല. ശർവാനി 2-128.