സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു യുവാവിനെ മുത്ത് നബിﷺ യിൽ കാണാൻ കഴിയും. മക്കയിലും പരിസരങ്ങളിലും കാലങ്ങളായി നീണ്ടു നിന്ന ഒരു വംശീയ കലാപം. ‘ഹർബുൽ ഫിജാർ അഥവാ തെമ്മാടികളുടെ യുദ്ധം’ എന്നാണ് ചരിത്രത്തിൽ ഇതറിയപ്പെടുന്നത്. മുത്ത് നബിﷺ ക്ക് അന്ന് പതിനഞ്ച് വയസ്സായിരുന്നു. ഒരു ഭാഗത്ത് ഖുറൈശികളും കിനാന ഗോത്രവും. മറുഭാഗത്ത് ഹവാസിൻ ദേശക്കാരായ ഖയ്സ് -അയലാൻ ഗോത്രങ്ങൾ. ഒന്നാമത്തെ കക്ഷിയുടെ നേതാവ് ഹർബ് ബിൻ ഉമയ്യയായിരുന്നു. മക്കയിലെ പ്രസിദ്ധമായ ഉക്കാള് ചന്തയിൽ ഒരാൾക്കു അഭയം നൽകിയതിനെ തുടർന്നുള്ള തർക്കങ്ങളാണ് യുദ്ധത്തിൽ കലാശിച്ചത്. നാലു പോരാട്ടങ്ങൾ നടന്നു. നാലാമത്തേതിൽ പിതൃസഹോദരങ്ങൾകൊപ്പം നബിﷺ യും യുദ്ധരംഗത്തേക്ക് പോയി. നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തില്ല. തെറിച്ചു പോയ അമ്പുകൾ പെറുക്കി കൊടുക്കാൻ സഹായിച്ചു. അതിനിടയിൽ ചില അമ്പെയ്ത്തുകൾ നടത്തേണ്ടിവന്നു. അതും വേണ്ടിയിരുന്നില്ല എന്ന നിരീക്ഷണം നബിﷺ പിൽക്കാലത്ത് പങ്കുവെച്ചു.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഉച്ചക്ക് മുമ്പ് ഹവാസിൻ കാർക്കായിരുന്നു വിജയം. ഉച്ചക്ക് ശേഷം ഖുറൈശികൾ ജയിച്ചു. ന്യായവും ഖുറൈശീ പക്ഷത്തായിരുന്നു. എന്നിട്ടും ഖുറൈശികൾ തന്നെ സമാധാനശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. എന്നെന്നേക്കും ഈ രക്ത ചൊരിച്ചിൽ അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചു. സേനാ നായകനായ ഉത്ബത്ബിൻ റബീഅ നേരിട്ട് രംഗത്തിറങ്ങി. ഇരു കക്ഷികളും ചില ദൃഢപ്രതിജ്ഞകൾ ചെയ്തു. രംഗം പൂർണ്ണമായും ശാന്തമായി. അപ്പോഴേക്കും നബിﷺക്ക് വയസ്സ് ഇരുപതായി.
ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിട്ടനുഭവിക്കാൻ നബിﷺക്ക് അവസരമുണ്ടായി. തങ്ങളുടെ ധൈര്യവും സാമർത്ഥ്യവും അന്നുള്ളവർക്ക് ബോധ്യമായി. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ മുത്ത് നബി ഈ രംഗങ്ങൾ ഓർക്കാറുണ്ടായിരുന്നു. അനുചരന്മാരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള നാളുകളിൽ മക്കയിൽ ഒരു ഉടമ്പടി രൂപപ്പെട്ടു. ‘ഹിൽഫുൽ ഫുളൂൽ’ എന്നാണ് ഉടമ്പടിയുടെ പേര്. സമാധാന പ്രേമികളായ ഒരു സംഘമാണ് ഇതിന് കളമൊരുക്കിയത്. മേലിൽ യുദ്ധവും അക്രമവും മറ്റും ഒഴിവാക്കാനായിരുന്നു ഇത്. ഉടമ്പടിയിലേക്കെത്തിച്ച സാഹചര്യം ഇതായിരുന്നു. സുബെയ്ദ് ഗോത്രത്തിൽ പെട്ട ഒരാൾ തന്റെ കച്ചവട സാധനങ്ങളുമായി മക്കയിലെത്തി. മക്കയിലെ പ്രതാപിയായ ആസ്വ് ബിൻ വാഇൽ സാധനങ്ങൾക്ക് വില നിശ്ചയിച്ചു കൈപ്പറ്റി. പക്ഷേ ചൂഷകനായ അയാൾ വിലനൽകിയില്ല. തൻ്റെ ഹുങ്കും സ്വാധീനവും അയാൾ പുറത്തെടുത്തു. കഷ്ടത്തിലായ വ്യാപാരി മക്കയിലെ പലപ്രമുഖരോടും ആവലാതി പറഞ്ഞു. പക്ഷേ ബിൻ വാഇലിൽ നിന്ന് അവകാശം വാങ്ങി കൊടുക്കാൻ ആരും സന്നദ്ധരായില്ല. മക്കയിലെ മുതലാളിത്ത ചൂഷണത്തിന്റെ പ്രതീകമായിരുന്നു അയാൾ. ഗതിമുട്ടിയ വ്യാപാരി ഒരടവു പ്രയോഗിച്ചു. അടുത്ത ദിവസം രാവിലെ കഅബയുടെ ചാരത്തുള്ള അബൂഖുബൈസ് പർവ്വതത്തിന്റെ മുകളിൽ കയറി. മക്കയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം ഒരു കവിതയാക്കി ചൊല്ലി. തന്റെ ദുഃഖവും ഒരു മക്കാനിവാസിയുടെ അക്രമവും ഉൾകൊള്ളുന്ന വരികളായിരുന്നു അത്. മക്കയിലെ പ്രമുഖരെല്ലാം കഅബയുടെ തണലിൽ ഒത്തു കൂടി സൊറ പറയുന്ന നേരമായിരുന്നു അത്. എല്ലാവരും ഈ കവിതശ്രദ്ധിച്ചു. മക്കക്കാരനായ ഒരാൾ വിദേശിയായ ഒരു വ്യാപാരിയെ വഞ്ചിച്ച വാർത്ത ഏവർക്കും മാനക്കേടായി. ആത്മാഭിമാനിയായ സുബൈർ ചാടിയെഴുന്നേറ്റു. മുത്ത്നബിയുടെ പിതൃസഹോദരനാണല്ലോ സുബൈർ. ‘ഇനി അയാളെവെറുതേ വിട്ടു കൂടാ’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. മക്കയിലെ പ്രമുഖ ഗോത്രത്തലവന്മാരെയെല്ലാം ക്ഷണിച്ചു വരുത്തി. അബ്ദുല്ലാഹ് ബിൻ ജുദ്ആൻ എന്നയാളുടെ വീട്ടിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.
“മർദ്ദിതർ ആരായിരുന്നാലും അവർക്ക് മക്കയിൽ നീതി ലഭിക്കണം. നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. നമുക്കിടയിൽ ഈ വിഷയത്തിൽ ഒരു ദൃഢ പ്രതിജ്ഞ ഉണ്ടാവണം. സമുദ്രത്തിൽ ഒരു തുള്ളി വെള്ളം ബാക്കിയാകുന്നകാലം ഈ ഉടമ്പടി ഉണ്ടാവണം. ഹിറാ സബീർ പർവ്വതങ്ങൾ ഇളകാത്ത കാലത്തോളം ഉടമ്പടി നിലനിൽക്കണം” വിഷയമവതരിപ്പിച്ചു കൊണ്ട് സുബൈർ പ്രസംഗിച്ചു. എല്ലാ ഗോത്ര നേതാക്കളും ഒത്തു സമ്മതിച്ചു. ഭക്ഷണം കഴിച്ച് കരാറിൽ ഒപ്പു വെച്ചു. ഓരോരുത്തരായി ആസ്വ് ബിൻ വാ ഇലിന്റെ വീട്ടിൽ എത്തി. വ്യാപാരിയുടെ മുഴുവൻ ചരക്കുകളും വാങ്ങിക്കൊടുത്തു. അതോടെ ‘ഹിൽഫുൽ ഫുളൂൽ’ സമാധാന സഖ്യ സന്ധി പ്രായോഗികമായി. ഈ ഉടമ്പടിയിൽ പിതൃസഹോദരനൊപ്പം മുത്ത് നബി ﷺ പ്രധാന സംഘാടകനായി. ലോകം മുഴുവൻ നീതി സ്ഥാപിക്കാനുള്ള മഹത് വ്യക്തി യുവത്വത്തിൽ തന്നെ സമാധാന സന്ധിയുടെ സംഘാടകനാകുന്നു…
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി