(1) ഇമാം ഇബ്നുല്‍ ഹാജ്(റ)എഴുതുന്നു: “തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച് ചോദിച്ച വ്യക്തിക്കുള്ള മറുപടിയില്‍ ഈ മഹത്തായ മാസത്തിന്റെ (റബീഉല്‍അവ്വല്‍) പുണ്യത്തിലേക്ക് നബി(സ്വ)സൂചന നല്‍കുന്നു. നബി പറഞ്ഞു. അന്ന്(തിങ്കള്‍)ഞാന്‍ ജനിച്ച ദിവസമാണ്. അപ്പോള്‍ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉള്‍പ്പെടുത്തുന്നു. അതിനാല്‍ അര്‍ഹമായ രൂപത്തില്‍ ഈ ദിവസത്തെ ബഹുമാനിക്കല്‍ നമുക്ക് നിര്‍ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമതിനെ ശ്രേഷ്ഠമാക്കുന്നു” (അല്‍ മദ്ഖല്‍, വാ :2,പേജ്: 3).

(2) ഇമാം സുയൂഥി(റ)എഴുതുന്നു: “മൌലിദിന്റെ അടിസ്ഥാനം ജനങ്ങള്‍ ഒരുമിച്ചു കൂടുക, ഖുര്‍ആന്‍ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലുായ സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ പാരായണം ചെ യ്യുക, ജനനത്തില്‍ സംഭവിച്ച അല്‍ഭുതങ്ങളെടുത്തുപറയുക  എന്നിവയാണ്…. ഇത് പ്രതിഫലാര്‍ഹമായ സുന്നത്തായ ആചാരങ്ങളില്‍ പെട്ടതാകുന്നു. അതില്‍ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കൊണ്ട്  സന്തോഷിക്കലുമുണ്ട് ”

(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 181, ശര്‍വാനി വാ: 7, പേ:422).

(3) ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറയുന്നു. “നബി ദിനത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണം, അന്നദാനം, ധാനധര്‍മ്മങ്ങള്‍, പ്രവാചകകീര്‍ത്തനങ്ങള്‍, മനസ്സുകള്‍ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണര്‍ത്തിവിടുന്നതുമായ ആത്മീയോപദേശങ്ങള്‍ തുടങ്ങിയവയില്‍ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം”

(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 196).

(4) ഇമാം സുയൂഥി(റ)യില്‍ നിന്ന് ഇസ്മാഈലുല്‍ ഹിഖ്വി(റ)പറയുന്നു.” നബി (സ്വ)യുടെ ജന്മ ദിനത്തില്‍ നന്ദി പ്രകാശനം നമുക്ക് സുന്നത്താക്കപ്പെടും”

(റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(5) ഇസ്മാഈലുല്‍ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുല്‍ ഹൈതമി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. “നല്ല ആചാരം സുന്നത്താണെന്നതില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വേണ്ടി ജനങ്ങള്‍ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്” (റൂഹുല്‍ ബയാന്‍, വാ: 9,പേജ്: 56).

(6) ഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍  നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).

(7) ഇമാം ശൈബാനി(റ)പറയുന്നു. “നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാന്‍ ഏറ്റവും അര്‍ഹമാണ്” (ഹദാഇഖുല്‍ അന്‍വാര്‍, വാ: 1,പേജ്: 19).

(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമായ മാസം കൂടിയാണല്ലോ റബീഉല്‍ അവ്വല്‍ ?. ഈ ചോദ്യത്തിന് ഇമാം സുയൂഥി (റ) മറുപടി പറയുന്നു.  “നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്. നബി(സ്വ)യുടെ വഫാത്ത് നമുക്ക് സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാകുന്നു. അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേല്‍ ക്ഷമിക്കാനുമാണ് ശരീഅത്ത് കല്‍പ്പിക്കുന്നത്”

(അല്‍ ഹാവീ ലില്‍ ഫതാവ, വാ: 1,പേജ്: 256).