മക്കയിൽ നിലനിന്നിരുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായിരുന്നു ബഹുദൈവാരാധന. അതിന്റെ ഭാഗമായി വിഗ്രഹ പൂജയും വ്യാപകമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത ദൈവങ്ങളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഏകനായ പടച്ചവനെ മാത്രം ആരാധിക്കാൻ നിർമിതമായ കഅബാലയം. അതിനുള്ളിലും പരിസരത്തും വരെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. ശരിയായ ഏകദൈവ വിശ്വാസം മക്കയിൽ ഒറ്റപ്പെട്ട ആളുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യോൽപത്തി മുതൽ ഏകനായ അല്ലാഹുവിനെ മാത്രമേ മക്കയിൽ ആരാധിക്കപ്പെട്ടിരുന്നുള്ളൂ. നൂഹ് നബിയുടെ ജനതയിലാണ് ആദ്യമായി ബിംബാരാധന ഉണ്ടായത്. അംറ് ബിൻ ലഹിയ എന്ന ആളാണ് ആദ്യമായി അറബ് ഭൂഖണ്ഡത്തിൽ വിഗ്രഹം സ്ഥാപിച്ചത്. പ്രവാചകന്മാരുടെ പ്രബോധനം ലഭിക്കാതെ വന്ന മക്കയിലെ ജനങ്ങൾ അതിൽ ആകൃഷ്ടരായി. മൂസാ ഇസാ പ്രവാചകന്മാരുടെ അനുയായികൾ സത്യസന്ദേശം നൽകിയെങ്കിലും മക്കക്കാർ അതംഗീകരിച്ചില്ല. ഇങ്ങനെ അരക്ഷിതമായ ഒരു ജനതയിലുടെയാണ് മുത്ത് നബി ﷺ യുടെ യുവത്വം കടന്നു പോകുന്നത്. പക്ഷേ ഒരിക്കൽ പോലും അവിടുന്ന് ബഹുദൈവാരാധനയിൽ പങ്കു ചേർന്നില്ല. ഒരു ബിംബത്തെയും വന്ദിക്കുകയയോ വണങ്ങുകയോ ചെയ്തില്ല. പടച്ചവനിൽ നിന്ന് പ്രത്യേകമായ ഒരു കാവൽ നബിﷺ ക്ക് ഉണ്ടായിരുന്നു. ഇത് സംബന്ധമായ ചില രംഗങ്ങൾ ഇങ്ങനെ വായിക്കാം.
1. അലി(റ) നിവേദനം ചെയ്യുന്നു. മുത്ത് നബിﷺയോട് ഒരാൾ ചോദിച്ചു. അവിടുന്ന് എപ്പോഴെങ്കിലും വിഗ്രഹാരാധന നടത്തിയിട്ടുണ്ടോ? ഇല്ല. എപ്പോഴെങ്കിലും മദ്യപിച്ചിട്ടുണ്ടോ? ഇല്ല, അവർ പുലർത്തിയിരുന്നത് സത്യനിഷേധം (കുഫ്ർ)ആണെന്ന് അന്നേ എനിക്കറിയാമായിരുന്നു. നബി ﷺ വിശദീകരിച്ചു.
2. മുത്ത് നബി ﷺ യുടെ പരിചാരകൻ സൈദ് ബിൻ ഹാരിസ പ്രസ്താവിക്കുന്നു “നബിﷺ ഒരിക്കലും ഒരു വിഗ്രഹത്തേയും വന്ദിച്ചിട്ടില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ തന്നെ അതിനോട് എനിക്ക് വെറുപ്പായിരുന്നു. കഅബയെ പ്രദക്ഷീണം ചെയ്യുന്ന അന്നത്തെ മക്കക്കാർ ഇസാഫ, നാ ഇല എന്നീ വിഗ്രഹങ്ങളെ തൊട്ടു വണങ്ങുമായിരുന്നു. എന്നാൽ പ്രവാചകർ ﷺ അങ്ങനെ പോലും ചെയ്തിട്ടില്ല.”
3. പോറ്റുമ്മ ഉമ്മുഐമൻ വിവരിക്കുന്നു “ഖുറൈശികൾ ‘ബുവാന’ എന്ന വിഗ്രഹത്തെ ആരാധിച്ചിരുന്നു. വർഷം തോറും അതിന്റെ സന്നിധാനത്തിൽ ഒരു ഉത്സവം സംഘടിപ്പിക്കും. ബലിയറുത്ത് തലമുണ്ഡനം ചെയ്യും. ഉത്സവ ദിവസം രാത്രി വരെ അവിടെ ഭജനയിൽ കഴിയും.” അബൂത്വാലിബ് കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടി അതിൽ പങ്കെടുക്കുമായിരുന്നു. മുത്ത് നബി ﷺ യെ പലതവണ ക്ഷണിച്ചപ്പോഴും വിസമ്മതിച്ചു മാറി നിന്നു. അബൂത്വാലിബിന് അതിഷ്ടമായില്ല. അമ്മായിമാർ പറഞ്ഞു. എന്താണ് മോനെ നമ്മുടെ കുടുംബക്കാർ ഒത്തുകൂടുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്.? നമ്മുടെ ദൈവത്തെ നിരാകരിക്കുന്നത്? നമ്മുടെ അംഗബലം കാണിക്കേണ്ട ഈ സന്ദർഭത്തിൽ ഒക്കെ മോൻ വിട്ടു നിൽക്കുകയാണോ?
മനസ്സില്ലാ മനസ്സോടെ അവർക്കൊപ്പം പുറപ്പെടാമെന്ന് വിചാരിച്ചു. മുത്തുനബി ﷺ അവർ നടന്ന ദിശയിൽ നടന്നു. ഉമ്മു ഐമൻ പറയുകയാണ്. അൽപനേരത്തേക്ക് മുഹമ്മദ് ﷺമോൻ അപ്രത്യക്ഷനായി. പിന്നീട് ഭയന്ന് വിറച്ച് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അമ്മായിമാർ ചോദിച്ചു മോനെ എന്ത് പറ്റി ? എനിക്കെന്തോ ഒരു വല്ലായ്മ അനുഭവപ്പെടുന്നു. മോൻ പറഞ്ഞു. അവർ തുടർന്നു. “മോനെ മോന് ഒരിക്കലും പിശാച് ബാധയൊന്നും ഏൽക്കുകയില്ല. കാരണം മോന്റെ നടപ്പുരീതികൾ അങ്ങനെയാണ്. ഇപ്പോഴെന്താണുണ്ടായതെന്ന് പറയൂ..” ഞാൻ ഉത്സവ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് എത്താനായപ്പോഴേക്കും ഒരു വെള്ള വസ്ത്രധാരി പ്രത്യക്ഷപ്പെട്ടു. ദീർഘകായനായ അയാൾ ശബ്ദമുയർത്തിപറഞ്ഞു. “ഓ മുഹമ്മദ് ﷺ പിന്നോട്ട് മാറൂ ബിംബത്തിനടുത്തേക്കു പോകരുത്.” പിന്നീടൊരിക്കലും അത്തരം ഉത്സവ സ്ഥലത്തേക്ക് പോലും പോയിട്ടില്ല.
4 . മധുവിധുവിന്റെ നാളുകളിൽ മണവാളൻ മുഹമ്മദ് ﷺ പ്രിയ പത്നി ബീവി ഖദീജയോട് പറഞ്ഞു. ഞാൻ ലാതയെയും ഉസ്സയെയും ഒരു കാലത്തും ആരാധിക്കുകയില്ല. അവക്ക് ഞാൻ വണങ്ങുകയുമില്ല. ബീവി പറഞ്ഞു. അവിടുന്ന് ലാത്തയെയും ഉപേക്ഷിച്ചോളൂ ഉസ്സയേയും ഉപേക്ഷിച്ചോളൂ.
പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേയുള്ള പരിശുദ്ധിയുടെ പ്രമാണങ്ങൾ. ഇരുൾ നിറഞ്ഞ ചുറ്റുപാടുകൾക്കിടയിൽ സ്വർണശോഭയോടെ നടന്ന് നീങ്ങുന്ന മുഹമ്മദ്ﷺഎന്ന യുവാവ്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും നീതിയും ധൈര്യവും അടയാളപ്പെടുത്തുകയും ചെയ്ത രംഗങ്ങളാണിനി വായിക്കാനുള്ളത്.
(തുടരും)