പൊന്നുമോനെയും മക്കയും വിട്ടു പിരിയാൻ അബൂത്വാലിബിന് ഇഷ്ടമില്ല. പക്ഷേ, കുടുംബ പ്രാരാബ്ദങ്ങൾ കാരണം വ്യാപാരയാത്ര നടത്താതിരിക്കാൻ കഴിയില്ല. മക്കയിലെ ആളുകളുടെ പ്രധാന ഉപജീവനം കച്ചവടമാണ്. സീസണുകളിലെ വ്യാപാരയാത്രകളാണ് മക്കയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്.
തൽകാലം മകനെ മറ്റുള്ളവരെ ഏൽപിച്ചു പോകാം. അതേ മാർഗമുള്ളൂ. ഉത്തരവാദിത്വപ്പെട്ടവരെ ഏൽപിച്ചു. യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അപ്പോൾ തന്നെ മകന്റെ മുഖഭാവങ്ങൾ മാറിത്തുടങ്ങി. പിതൃവ്യന്റെ ഒട്ടകത്തിന്റെ കടിഞ്ഞാണിൽ പിടിച്ചു. ഉപ്പ എന്നെ ആരെയേൽപിച്ചിട്ടാണ് പോകുന്നത്. ഉമ്മയും ഉപ്പയുമില്ലാത്ത ഞാനിവിടെ ഒറ്റക്കായിപ്പോവില്ലേ? എന്നെയും കൂടെ കൊണ്ടുപോയി കൂടേ.? കണ്ണുകൾ ഈറനണിഞ്ഞു.
തന്നെ വിട്ടു പിരിയാനുള്ള മകൻ്റെ വേദന അബൂത്വാലിബിന് ബോധ്യമായി. വിരഹത്തിൻ്റെ വേദനയേൽപിക്കുന്ന മുറിവ് തിരിച്ചറിഞ്ഞു. അനുകമ്പയും വാത്സല്യവും പതഞ്ഞു പൊങ്ങി. മകനെ വാരിപ്പുണർന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. “അല്ലാഹു സത്യം! മോനെ ഞാൻ എന്റെ കൂടെ കൊണ്ടു പോകും. മോനെ വിട്ടു പിരിയുന്നത് എനിക്കും കഴിയുന്നില്ല. ഇല്ല, ഒരിക്കലും ഞാൻ വിട്ടു പോകില്ല”.
നാലു വർഷത്തെ വേർപിരിയാത്ത ജീവിതത്തിന്റെ തുടർച്ച. പന്ത്രണ്ടു വയസ്സുള്ള മുഹമ്മദ് ﷺ മൂത്താപ്പയോടൊപ്പം യാത്രാ സംഘത്തിൽ ചേരാൻ തീരുമാനിച്ചു. ശാമി(ആധുനിക സിറിയ)ലേക്കാണ് യാത്ര.
യാത്രാമധ്യേ ഇടത്താവളങ്ങളിൽ വിശ്രമിക്കും. ശേഷം യാത്ര തുടരും .അങ്ങനെയാണ് പതിവ്. യാത്രാ സംഘം ബുസ്റ (ആധുനിക സിറിയയിലെ ഹൗറാൻ) പട്ടണത്തിലെത്തി. സാധാരണ ഖുറൈശികളുടെ വ്യാപാര സംഘം തമ്പടിക്കുന്ന മരച്ചുവട്ടിൽ തന്നെ തമ്പടിച്ചു.
അതിനോടടുത്ത് ഒരു പുരോഹിതൻറെ ആശ്രമമുണ്ട്. അദ്ദേഹത്തിൻറെ പേര് ‘ജർജിസ്’ എന്നാണ്. അക്കാലത്തെ വേദജ്ഞാനികളിൽ ഒന്നാമനായിരുന്നു അദ്ദേഹം. ആത്മീയ ഗുരുപരമ്പരയിൽ ഈസാ നബി(അ)ക്കു ശേഷം ആറാമത്തെ ആളായിരുന്നു ജർജസ്. പരമ്പരയുടെ ക്രമം ഇങ്ങനെ വായിക്കാം. ഈസാ(അ) – യഹ്യ (അ) – ദാനിയേൽ(അ) – ദസീഖാ പുരോഹിതൻ – നസ്വ്തുറസ് പുരോഹിതൻ – മകൻ മൗഈദ് – ജർജിസ്. അബ്ദുല്ല അൽ ഇസ്വ്ബഹാനി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബഹീറാ’ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഗാധജഞാനമുള്ള വേദപണ്ഡിതൻ എന്നാണ് ബഹീറാ എന്നതിന്റെ അർത്ഥം. ജൂത മതത്തിലാണോ ക്രൈസ്തവ മതത്തിലാണോ ഇദ്ദേഹം ഉണ്ടായിരുന്നത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. ആദ്യം മൂസാനബിയുടെ മാർഗ്ഗത്തിലും തുടർന്ന് ഈസാ നബിയുടെ മാർഗത്തിലും എന്ന അഭിപ്രായ സമന്വയവും രേഖകളിൽ വന്നിട്ടുണ്ട്.
ജർജസ് ഖുറൈശീ യാത്രാ സംഘത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിന്റെ ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.
ബഹീറ ആലോചിച്ചു. ആർക്കു വേണ്ടിയായിരിക്കും ഈ സംഘത്തോടൊപ്പം മേഘം സഞ്ചരിക്കുന്നത്. മേഘം തണൽ നൽകുന്ന ആ വ്യക്തിയെ എങ്ങനെയാണൊന്ന് കണ്ട് മുട്ടുക. പൊതുവെ ഞാൻ പുറത്ത് പോകാറില്ല. യാത്രാ സംഘങ്ങൾ പലതും കടന്നു പോകും ഞാൻ ശ്രദ്ധിക്കാറുമില്ല. അവസാനം ഒരു ഉപായം കണ്ടെത്തി. ഒരു സദ്യ ഒരുക്കിയിട്ട് ഈ സംഘത്തെ ഒന്നു ക്ഷണിച്ചാലോ? ശരി. യാത്രാ സംഘം ക്ഷണം സ്വീകരിച്ചു. സദ്യക്ക് അവർ എത്തിച്ചേർന്നു. ഏവരെയും ആദരപൂർവ്വം സ്വീകരിച്ചിരുത്തി. ആഗതർക്ക് ബഹുമാനവും സന്തോഷവും വർദ്ധിച്ചു. ബുസ്റയിലെ ഉന്നത പണ്ഡിതനാണല്ലോ സദ്യക്ക് ക്ഷണിച്ചത്. പ്രകാശം തുളുമ്പുന്ന പ്രൗഢിയുള്ള മുഖം. കുലീനമായ പെരുമാറ്റം. ആതിഥേയനിൽ ആഗതർക്ക് അൽഭുതം.
പക്ഷേ, ബഹീറയുടെ നോട്ടം മറ്റൊന്നായിരുന്നു. മേഘം തണൽ നൽകുന്ന സഞ്ചാരിയെവിടെ?സദ്യക്കെത്തിയവരിൽ ആൾ വന്നിട്ടില്ലല്ലോ?
സംഘത്തോടായി പാതിരി പറഞ്ഞു, ഞാൻ നിങ്ങളുടെ സംഘത്തിലെ എല്ലാവരെയുമാണ് വിരുന്നിന് ക്ഷണിച്ചത്. ഒരാളും ഒഴിയാതെ എല്ലാവരും എത്തിയില്ലേ? ഇടയിൽ ഒരാൾ ചോദിച്ചു. ഞങ്ങൾ എത്രയോ പ്രാവശ്യം ഇത് വഴി കടന്നു പോയിട്ടുണ്ട്, ഇതെന്താ പതിവില്ലാത്ത വിധം ഇപ്പോൾ ഒരു സൽകാരം ഒരുക്കിയത്. ശരിയാണ് നിങ്ങൾ അഥിതികൾ ആണല്ലോ. ഒന്നു ക്ഷണിച്ചു എന്നു മാത്രം. ഇനിയും ആരോ വരാൻ ബാക്കിയുണ്ടല്ലോ?
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി