അനാഥത്വം ഒരു ദൗർഭാഗ്യമായി കാണാറുണ്ട്. അനാഥരായവർക്ക് പലപ്പോഴും പലതും ലഭിക്കാതെ പോകും. പ്രത്യേകിച്ചും ശരിയായ ഒരു ശിക്ഷണം ലഭിച്ചെന്നു വരില്ല. എന്നാൽ ഇതൊന്നും മുത്ത് നബി ﷺ യെ ബാധിച്ചിട്ടില്ല. എന്നു മാത്രമല്ല നബി ﷺയുടെ അനാഥത്വത്തിൽ ചിലതത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷയം സവിശേഷമായി പഠനം നടത്തിയവർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രവാചക കുടുംബ പരമ്പരയിലെ ഉന്നത ഇമാമായ ജഅ്ഫർ സ്വാദിഖ്(റ) പറഞ്ഞു. ആരോടും ഒരു കടപ്പാടുമില്ലാത്ത അവസ്ഥയിൽ വളരാൻ വേണ്ടിയായിരുന്നു അത്. മാതാപിതാക്കളോടുള്ള കടപ്പാട് ഏത് പ്രത്യുപകാരത്തിലും പൂർത്തിയാകുന്നതല്ലല്ലോ?
മറ്റൊരു വിശദീകരണം ഇങ്ങനെയാണ്. തങ്ങളുടെ മുഴുവൻ മഹത്വവും അല്ലാഹുവിൽ നിന്ന് നേരിട്ടുള്ളതാണ് എന്ന രൂപത്തിൽ പരിചരിക്കപ്പെടാനായിരുന്നു. ‘അല്ലാഹുവാണ് എനിക്ക് ശിക്ഷണം നൽകിയത്, അത് ഉത്തമശിക്ഷണമായിരുന്നു’ എന്ന് നബി ﷺ തങ്ങൾ പറഞ്ഞിട്ടുമുണ്ട്.
അല്ലാഹു ഔന്നിത്യം നൽകിയാൽ ആരും ഉന്നതരാകും, അനാഥത്വം അതിന്നു തടസ്സമല്ല. പ്രാരാബ്ധങ്ങൾ സഹിച്ചു വളർന്ന വ്യക്തിക്ക് പാവപ്പെട്ടവരുടെ വേദനകൾ വേഗം തിരിച്ചറിയാനാകും. എക്കാലത്തും വരുന്ന യതീമുകൾക്ക് എന്റെ മുത്തുനബിﷺയും യതീമായിരുന്നല്ലോ എന്ന ചിന്ത ആശ്വാസം നൽകും. പ്രവാചകരുടെ ﷺ എല്ലാ കഴിവും പ്രാപ്തിയും ദൈവദത്തമാണ്. ആരിൽ നിന്നും കടം കൊണ്ടതല്ല. ഇങ്ങനെ ഒരുപാട് തത്വങ്ങൾ ഈ അനാഥത്വത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. സർവ്വോപരി പടച്ചവൻ അവന്റെ ഹബീബിനെ നേരിട്ടുള്ള പരിചരണത്തിൽ വളർത്താൻ തീരുമാനിച്ചു. അതൊരു പദവിയും ഭാഗ്യവുമാണ്. പരിമിതിയോ പരിഭവമോ അല്ല. ഈ ആശയം ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അധ്യായം ഉൾകൊള്ളുന്നുണ്ട്.
മുത്ത് നബി ﷺ അബൂത്വാലിബിന്റെയൊപ്പം സന്തോഷപൂർവ്വം ജീവിക്കുകയാണല്ലൊ. പ്രവാചകരുടെ പ്രസന്നതയും ഉന്മേഷവും ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ ജീവിതാനുഭവങ്ങളിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്. ‘പ്രഭാതത്തിൽ എല്ലാവരും ഉറക്കച്ചടവോടെയായിരിക്കും എഴുന്നേൽക്കുക. എന്നാൽ പ്രവാചകരിൽ ﷺ അപ്രകാരം ഒരു ചടവോ ചുളിവോ കണ്ടിരുന്നില്ല. എപ്പോഴും നല്ല വൃത്തിയും ചിട്ടയും നിലനിന്നിരുന്നു. തലമുടി എപ്പോഴും ക്രമത്തിലും എണ്ണ പുരട്ടിയ പോലെ വൃത്തിയിലുമായിരുന്നു. ഊണിലും ഉറക്കിലും ഒപ്പം കൊണ്ടുനടന്ന അബൂത്വാലിബ് ഒരനുഭവം പങ്കുവെക്കുന്നു. ചെറുപ്പത്തിൽ ഞാൻ മുഹമ്മദ് ﷺ നെ വളർത്തിയിരുന്ന കാലം, എപ്പോഴും എനിക്കൊപ്പം തന്നെയുണ്ടാകും. ഒരിക്കൽ ഉറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു: മോനെ, ഇരുട്ടുള്ള രാത്രിയല്ലെ വസ്ത്രമഴിച്ച് വെച്ചിട്ടു കിടന്നോളൂ.(വിവസ്ത്രരായി ആളുകൾ കഅബയെ പ്രദക്ഷിണം ചെയ്യുന്ന കാലമാണത്) അപ്പോൾ തന്നെ മുഖത്ത് അനിഷ്ടം പ്രകടമായി. എന്നെ അനുസരിക്കണമല്ലോ എന്നതിനാൽ നിരസിക്കാനും വയ്യ. എന്നോട് പറഞ്ഞു: ‘നിങ്ങൾ എന്റെ ഭാഗത്തേക്ക് നോക്കാതെ മറുവശത്തേക്ക് നോക്കു. എന്റെ നഗ്നത ആരും കാണുന്നത് എനിക്കിഷ്ടമല്ല’. ഞാൻ തിരിഞ്ഞു കിടന്നു. അപ്പോഴേക്കും വസ്ത്രം മാറ്റി വിരിപ്പിൽ വന്നു കിടന്നു. രാത്രിയെപ്പോഴോ ഒന്നുണർന്നപ്പോൾ ഞാൻ മകനെയൊന്ന് പരതിനോക്കി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ഉന്നതവസത്രമണിഞ്ഞു കിടക്കുകയായിരുന്നു മോൻ. നല്ല കസ്തൂരിയുടെ ഗന്ധവും റൂമിൽ നിറഞ്ഞു നിന്നു. ഞാനാശ്ചര്യപ്പെട്ടു.
അബൂത്വാലിബ് തുടരുന്നു. പലരാത്രികളിലും ഉറക്കറയിൽ മകനെക്കാണാറില്ല. പെട്ടെന്ന് പരിഭ്രമിച്ച് ഞാൻ വിളിക്കും: മോനേ… ഞാനിവിടെത്തന്നെയുണ്ടേ എന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടും. പല പാതിരാത്രികളിലും എനിക്ക് പരിചയമില്ലാത്ത സംഭാഷണങ്ങൾ കേൾക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലും. ശേഷം “അൽഹംദുലില്ലാഹ്’എന്ന് ചൊല്ലും. ഇങ്ങനെയൊര് പതിവ് നേരത്തെ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല.
ബാല്യകാലത്ത് തന്നെ മുഹമ്മദ് ﷺ യിൽ കണ്ട പ്രത്യേകതകൾ പിതൃവ്യൻ തിരിച്ചറിഞ്ഞു. ഇതൊരു അസാധാരണ വ്യക്തിയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചില ആപൽഘട്ടങ്ങളിൽ മുഹമ്മദ് ﷺ യെ പ്രയോജനപ്പെടുത്തിയത് തുടർന്ന് വായിക്കാം… (തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി