പ്രവാചകത്വത്തിന്റെ മുദ്രയാണത്. “ഖാതമുന്നുബുവ്വ” എന്നാണ് അറബിയിൽ പറയുക. ജന്മനാ തന്നെ മുത്തു നബിയുടെ ചുമലിൽ മുദ്രയുണ്ട്. ഇപ്പോൾ സവിശേഷമായ ഒരു ശ്രദ്ധ അതിലേക്കെത്തിയന്നേയുള്ളൂ. മാടപ്രാവിന്റെ മുട്ടയുടെ ആകൃതിയിലുള്ള മാംസത്തിന്റെ തന്നെ ഒരു തടിപ്പ്. അൽപ്പം രോമാവൃതമായിട്ടുണ്ട്. ഇങ്ങനെയാണ് ഹദീസിൽ വന്നിട്ടുളളത്.
ഹലീമയും ഭർത്താവും ആലോചനയിലാണ്ടു, ഇനിയെന്ത് ചെയ്യും. എത്രയും വേഗം മക്കയിലേക്കു പോകാം. ഉമ്മയെ ഏൽപ്പിച്ച് കാര്യം ധരിപ്പിക്കാം. ഇതിനിടയിൽ മറ്റൊരു ഭയം കൂടി വന്നു. പ്രവാചകത്വ മുദ്രയുള്ള കുട്ടിയെ വേദക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. വാഗ്ദത്ത പ്രവാചകനാണ് ഇതെന്ന് അവർ മനസ്സിലാക്കി. ജൂതന്മാർ ശത്രുതയോടെയാണ് നോക്കുന്നത്.
ഹലീമ മകനെയും കൊണ്ട് മക്കയിലെത്തി ആമീന ബീവിയെ സമീപിച്ചു. കാര്യങ്ങൾ ചുരുക്കി പറയാമെന്ന് വെച്ചെങ്കിലും ആമിന വിശദാംശങ്ങൾ തേടി. ഒടുവിൽ എല്ലാം ഹലീമ തുറന്നു പറഞ്ഞു. ആമിനയിൽ പക്ഷേ ആശങ്കകൾ കണ്ടില്ല. പകരം ഹലീമയെ ആശ്വസിപ്പിച്ചു. “മഹത്തായ പദവികൾ എന്റെ മകനെ കാത്തിരിക്കുന്നു”. ഗർഭകാലത്തെ അനുഭവങ്ങൾ കൂടി ചേർത്തു പറഞ്ഞു.
എങ്കിൽ പിന്നെ മകനെയും കൊണ്ട് തന്നെ മടങ്ങാമെന്നായി ഹലീമ. പക്ഷേ ആമിന അനുവദിച്ചില്ല. ഹൃദയപൂർവ്വം യാത്രാ മംഗളങ്ങൾ നേർന്നു.
ഉമ്മയും മകനുമൊത്തുള്ള ജീവിതത്തിന്റെ നാളുകൾ. കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട മോൻ. സമപ്രായക്കാരായി കുടുംബത്തിൽ വേറെയും അംഗങ്ങളുണ്ട്. പിതാമഹന്റെയും പിതൃ സഹോദരന്മാരുടെയും മക്കൾ. പ്രത്യേകിച്ച് ഹംസയും സ്വഫിയ്യയും. പിതാമഹൻ അബ്ദുൽ മുത്വലിബിന്റെ മക്കളാണവർ. മൂന്നുപേരും തമ്മിൽ സുദൃഢമായ ബന്ധമായിരുന്നു. മധുരതരമായ മൂന്നു വർഷങ്ങൾ അങ്ങനെ കടന്നു പോയി.
കഅബയുടെ ചാരത്ത് അബ്ദുൽ മുത്വലിബിന് പ്രത്യേകം ഒരു ഇരിപ്പിടം ഉണ്ടായിരുന്നു. കുട്ടികൾ ആരും അതിൽ ഇരിക്കുമായിരുന്നില്ല. എന്നാൽ മുഹമ്മദ് മോന് അവിടെ അധികാരമുണ്ടായിരുന്നു. ഈ പരിഗണനയെ കുറിച്ച് പ്രമാണികൾ പലരും ചോദിച്ചു. ഈ മകനിൽ പല അത്ഭുതങ്ങളും ഞാൻ കാണുന്നു എന്നായിരുന്നു വല്യുപ്പയുടെ മറുപടി.
ആകർഷകമായ ഏറെ ഭാവങ്ങൾ മകനിൽ പ്രകടമായിരുന്നു. മകന് ആറു വയസ്റ്റായപ്പോൾ ഉമ്മ ആമിനക്ക് ഒരു മോഹം. മകനുമൊത്ത് യസ്‌രിബിലെ ബന്ധുക്കളെ ഒന്ന് സന്ദർശിച്ചാലോ. അധികം വൈകാതെ ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. പരിചാരക ഉമ്മു അയ്മൻ (ബറക)യും ഒപ്പമുണ്ടായിരുന്നു. രണ്ട് ഒട്ടകപ്പുറത്തായിട്ടാണ് യാത്ര ചെയ്തത്. യസ്‌രിബിലെത്തി ബന്ധുക്കളോടൊപ്പം ദിവസങ്ങൾ കഴിച്ചു കൂട്ടി. മകനുമായി പ്രിയപ്പെട്ട ഭർത്താവായിരുന്ന അബ്ദുല്ലയുടെ ഖബറിടം സന്ദർശിച്ചു.
അന്നത്തെ അനുഭവങ്ങൾ പിൽക്കാലത്ത് പ്രവാചകൻ ഓർത്ത് പറയാറുണ്ടായിരുന്നു. ഖസ്റജുകാരുടെ കുളത്തിൽ നീന്തിയതും കുട്ടികളോടൊപ്പം പട്ടം പറത്തിയതും. മക്കയിലേക്ക് മടങ്ങാറായി, യാത്ര ആരംഭിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആമിനക്ക് അസുഖം ബാധിച്ചു….
(തുടരും)