ഹലീമ തുടരുന്നു, ഞങ്ങള്‍ ബനൂ സഅദ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കുഞ്ഞ് കുടിലില്‍ പ്രവേശിച്ചു. എന്തെന്നില്ലാത്ത ഒരാനന്ദം. മുഹമ്മദ് മോന്റെ ആഗമനം എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ പകര്‍ന്നു. ഗ്രാമത്തിന്റെ ഛായ തന്നെ മാറി. ഒരു തരുവും ഇല്ലാതിരുന്ന നാടായിരുന്നു അത് ഇപ്പോള്‍ ഹരിതാഭമായിരിക്കുന്നു. നാല്‍കാലികള്‍ക്ക് ആവശ്യാനുസൃതം മേയാനുണ്ട്. എപ്പോഴും അകിട് നിറഞ്ഞിരിക്കുന്നു. അയല്‍പക്കത്തെ കാലികള്‍ക്ക് പാലില്ലാത്തപ്പോഴും ഞങളുടെ മൃഗങ്ങള്‍ക് പാലുണ്ട്. ചിലര്‍ പറയും ഹലീമയുടെ ആടുകളെ കെട്ടുന്ന സ്ഥലത്ത് നമുക്കും മേയ്ക്കാം പക്ഷേ അത് കൊണ്ട് മാത്രമായില്ല ഞങ്ങളുടെ ആടുകള്‍ എപ്പോഴും ക്ഷീര സമ്യദ്ധമായി.
രണ്ട് വയസ്റ്റ് വരെ ഞാന്‍ മുഹമ്മദ് മോനെ മുലയൂട്ടി. അപ്പോഴും പിന്നെയും അസാധാരണമായ ഒരു വളര്‍ച്ചയായിരുന്നു മോന്. ഇനിയിപ്പോള്‍ മാതാവിനെ തിരിച്ചേല്‍പിക്കാനുള്ള സമയമായി. വിട്ടു പിരിയാന്‍ മനസ്സനുവദിക്കുന്നില്ല. പൊന്നു മോന്റെ ആഗമനം ഞങള്‍ക്ക് നല്‍കിയ ആനന്ദവും ഐശ്വര്യവും വര്‍ണനാതീതമാണ്. ആമിന ഉമ്മയോട് ഒന്നു കൂടി പറഞ്ഞ് നോക്കാം. അക്കാലത്ത് മക്കയില്‍ ഒരു പ്ലേഗ് ബാധിച്ചിരുന്നു. ഞങളുടെ നിര്‍ബന്ധവും പ്ലേഗും കാരണം മനസ്സില്ലാ മനസ്സോടെ ഉമ്മ മകനെ ഒരിക്കല്‍ കൂടി വിട്ടു തന്നു. അത്യാനന്ദത്തോടെ വീട്ടില്‍ തിരിച്ചെത്തി. എന്റെ മകള്‍ ശൈമക്ക്് എന്തെന്നില്ലാത്ത ആശ്വാസം. അവളാണ് താരാട്ട് പാടുക. ഒക്കത്ത് വെച്ച് കൊണ്ട് നടക്കുക. അങ്ങനെ മാസങള്‍ കഴിഞ്ഞു. രണ്ട് കുഞ്ഞ് മക്കളും പുല്‍മേടില്‍ കളിച്ചു കൊണ്ടിരികുകയായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടു ചേര്‍ന്നു തന്നെയാണ് സ്ഥലം പെട്ടന്ന് ളംറ മോന്‍ ഓടി വന്നു. വിറച്ചു കൊണ്ട് പറയാന്‍ തുടങ്ങി. നമ്മുടെ ഖുറൈശി സഹോദരന്‍… രണ്ട് പേര്‍ വന്ന് എടുത്ത് കൊണ്ട് പോയി. വെള്ള വസ്ത്രം ധരിച്ചവരാണവര്‍, അല്‍പമകലെ മലര്‍ത്തി കിടത്തി. നെഞ്ച് പിളര്‍ത്തി കൈകള്‍ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു. ഞാനും ഭര്‍ത്താവും പേടിച്ചരണ്ടു. പെട്ടന്ന് തന്നെ ഓടിച്ചെന്നു. അതാ നില്‍ക്കുന്നു മുഹമ്മദ് മോന്‍. പക്ഷേ മുഖത്ത് ഒരു ഭാവമാറ്റം. പെട്ടന്ന് ഞാന്‍ വാരിയെടുത്ത് മാറോടണച്ചു. പൊന്നു മോനെ എന്ത് പറ്റി ? ഞാന്‍ ചോദിച്ചു. മോന്‍ ഇങ്ങനെ പറഞ്ഞു. വെളള വസ്ത്രം ധരിച്ച രണ്ട് പേര്‍ വന്നു എന്നെ മലര്‍ത്തിക്കിടത്തി നെഞ്ച് തുറന്നു ഉള്ളില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്തു എന്താണെന്നറിയില്ല. ഞാനും ഭര്‍ത്താവും പരിസരം മുഴുവന്‍ നോക്കി. ആരെയും കണ്ടില്ല. ദേഹത്ത് മുറിവോ ചോരപ്പാടോ ഒന്നും കാണാനില്ല. ദേഹപരിശോധന നടത്തിയപ്പോള്‍ ഒരത്ഭുതം കൂടി ശ്രദ്ധയില്‍ പെട്ടു. ചുമലില്‍ അതാ ഒരു മുദ്ര…
(തുടരും)