ശഹീദ് എന്ന് ആർക്കെല്ലാം പറയും? ഒരു വിശദവിവരം?
ഉത്തരം:
മൂന്ന് വിഭാഗത്തിന് ശഹീദ് എന്ന് പറയപ്പെടും. ഒന്ന്, ദുനിയാവിന്റെ വിധിയിലും ആഖിറത്തിലെ വിധിയിലും ശഹീദ്. മയ്യിത്ത് കുളി, നമസ്കാരം എന്നിവ നടത്തൽ നിഷിദ്ധമാണെന്നത് ശഹീദിന്റെ ദുൻയാവിലെ വിധിയും പ്രത്യേക കൂലിയും ബഹുമതിയും നൽകപ്പെടൽ ആഖിറത്തിലെ വിധിയുമാണ്. കാഫിരീങ്ങളോടുള്ള യുദ്ധം കാരണത്താൽ യുദ്ധം അവസാനിക്കുന്നതിനു മുമ്പ് മരണപ്പെട്ടവരാണിവർ. രണ്ട്, ആ ഖിറത്തിന്റെ വിധിയിൽ മാത്രം ശഹീദ്. ശുഹദാഇന്ന് പ്രത്യേകമായി ആഖിറത്തിൽ നൽകപ്പെടുന്ന കൂലികൾക്കിവർ അർഹരാണെന്ന് സാരം. ഉദരസംബന്ധമായ രോഗത്താലോ പ്ലേഗിനാലോ മരണപ്പെട്ടവർ, വെള്ളത്തിൽ മുങ്ങി മരിച്ചവർ, അത്യാഹിതത്തിൽ മരണപ്പെട്ടവർ മുതലായവരാണിവർ. മൂന്ന്, ദുൻയാവിന്റെ വിധിയിൽ മാത്രം ശഹീദ്. കുളിപ്പിക്കലും നമസ്കരിക്കലും പാടില്ലെന്നതല്ലാതെ ശുഹദാഇന്ന് ആഖിറത്തിൽ നൽകപ്പെടുന്ന പ്രത്യേക കൂലിക്ക് അർഹരല്ലാത്തവർ എന്നു സാരം. കാഫിരീങ്ങളോടുള്ള യുദ്ധത്തിൽ മരണപ്പെടുകയും യുദ്ധം ചെയ്തതിന്റെ ലക്ഷ്യം ഗനീമത്ത് മോഷണം, പ്രശസ്തി, ലോകമാന്യം മുതലായ (ഇസ്ലാമിന്റെ ഉയർച്ചയല്ലാത്ത ഭൗതിക) കാര്യങ്ങൾ ആയിരിക്കുകയും ചെയ്തവരാണ് മൂന്നാം വിഭാഗം ശുഹദാക്കൾ. ശർഹുൽ മുഹദ്ദബ് 5-264.