പ്രശ്നം: അമുസ്’ലിം സ്ത്രീകളെ തൊട്ടു മുസ്ലിം സ്ത്രീ പൂർണ്ണമായും മറപാലിക്കണമെന്നു ഫത്ഹുൽ മുഈനിലുണ്ടെന്ന് ഒരു മുസ്ലിയാർ പറഞ്ഞു. അതേസമയം, മുസ്ലിം പെണ്ണിന് അമുസ്ലിം പെണ്ണിനെ കൊണ്ടു തലയിൽ നിന്നു പേനെടുപ്പിക്കുന്നതിനു വിരോധമില്ലെന്നും തുഹ്ഫ:7-200ൽ ഉള്ളതായി വേറെ ഒരു മുസ്ലിയാരും പറഞ്ഞു. ഏതാണു ശരി? തല മറക്കേണ്ടതുണ്ടോ?

 

 

ഉത്തരം: മുസ്ലിം സ്ത്രീ അമുസ്ലിം സ്ത്രീയെ തൊട്ടു മറകൊള്ളൽ നിർബന്ധമാണെന്നു ഫത്ഹുൽ മുഈനിലുള്ളതു ശരിയാണ്. ഇതെങ്ങനെ എത്രത്തോളം എന്നു ഫത്ഹുൽ മുഈനിലില്ല. ഇതിന്റെ വിശദരൂപമാണു തുഹ്ഫ:7-200ൽ ഉണ്ടെന്നു മറ്റൊരു മുസ്ലിയാർ പറഞ്ഞത്. സാധാരണ ജോലി സമയത്തു വെളിവാകുന്ന ഭാഗം മുസ്ലിം സ്ത്രീയിൽ നിന്ന് അമുസ്ലിം സ്ത്രീ നോക്കലും കാണലും അനുവദനീയമാണെന്നാണു തുഹ്ഫ പ്രസ്തുത പേജിലുള്ളത്. (തല ജോലി സമയത്തു വെളിവാകുന്നതും കാണൽ അനുവദനീയമായതും കൊണ്ടാണ് തലയിൽ നിന്നു പേനെടുപ്പിക്കാമെന്നു മുസ്ലിയാർ പറഞ്ഞത്) ഇതും ശരിയാണ്. ചുരുക്കത്തിൽ മുസ്ലിം സ്ത്രീ പൂർണ്ണമായും മറയണമെന്നു ചോദ്യത്തിലുദ്ധരിച്ച മുസ്ലിയാർ ഫത്ഹുൽ മുഈനിന്റെ പേരിൽ പറഞ്ഞതാണ് നിങ്ങളുടെ സംശയത്തിനു വഴിവച്ചത്. അതങ്ങനെയില്ല. എന്നാൽ, അന്യ പുരുഷൻമാരെ തൊട്ടെന്ന പോലെ അമുസ്ലിം സ്ത്രീകളെ തൊട്ടും നമ്മുടെ സ്ത്രീകൾ മറപാലിക്കണമെന്ന് ഒരു സംഘം ഫുഖഹാഅ് ബലപ്പെടുത്തിയിട്ടുണ്ട്. മുഖം പോലുള്ള ഭാഗങ്ങൾ അമുസ്ലിം സ്ത്രീക്കു കാണത്തക്കവിധം തുറന്നിട്ടുകൊടുക്കൽ ഹറാമാണെന്ന് ഇമാം നവവി(റ) തന്നെ ഫത്’വാ നല്കിയിട്ടുമുണ്ട്. തുഹ്ഫ:7-200. അപ്പോൾ ഈ അഭിപ്രായം വളരെ ശ്രദ്ധിക്കേണ്ടതാണല്ലോ. ________