| ഫള് ലുറഹ്മാൻ സുറൈജി തിരുവോട്

1
ആ മരുപ്പരപ്പിൻ്റെ പൊള്ളലിനൊപ്പം ആരോ കരയുന്നുണ്ടല്ലോ.ഉമ്മുസലമ(റ)യാണ്.കുടുംബത്തോടൊപ്പം ഹിജ്റക്കിറങ്ങിയ അവരെ ഭർത്താവിൽ നിന്നും മകനിൽ നിന്നും കരുണ വറ്റിയ ശത്രുക്കൾ വേർപ്പെടുത്തിയിരിക്കുന്നു.
2
ഇയാശുബ്നു അബീ റബീഅ നടന്ന് സറഫ് താഴ് വാരത്തെത്തിയപ്പോയാണ് ചിലർ യാത്ര മുടക്കാൻ ഒരുങ്ങിയത്. ഉമ്മയുടെ പേരുപറഞ്ഞ് അനുനയിപ്പിച്ച് അവർ ഇയാശിനെ തിരികെ കൊണ്ടുപോയി ,ബന്ധിയാക്കി.ദിവസങ്ങൾ കഴിഞ്ഞാണ് ഹിജ്റക്ക് ഭാഗ്യമുണ്ടായത്
3
സർവ്വായുധ വിഭൂഷിതനായി നെഞ്ചുവിരിച്ച് കഅബയിൽ ത്വവാഫ് ചെയ്യുന്നത് ഉമർ(റ) ആണ്. മഖാമു ഇബ്റാഹിമിനു പിന്നിൽ നിന്ന് നിസ്കരിച്ച് ഉറക്കെ പോരാട്ട വെല്ലുവിളി.അതിനു മുന്നിൽ ജനം വെറുങ്ങലിച്ചു, പിന്മാറി. പ്രതിഷേധമുയർത്തിയ പരസ്യമായൊരു പലായനം
4
സൗർ ഗുഹയുടെ ഇരുൾ, പുറത്ത് ക്രൂരൻമാരുടെ കാൽ പെരുമാറ്റം.അബൂബക്കർ (റ) പേടിച്ചരണ്ടു. എന്തിനാകുലപ്പെടണം അല്ലാഹു നമ്മോടപ്പമുണ്ടെന്ന തിരുനബിയുടെ വാക്ക് കുളിർ കോരിയിട്ടു. ശത്രുക്കൾ വന്ന വഴിക്ക് പോയി.അബ്ദുല്ലാഹിബ്നു ഉറൈഖത്തിൻ്റെ കൂടെ ആ മലമ്പാതയിറങ്ങി അവരിരുവരും നടന്നു ഖുദൈദയിലൂടെ ഖസ്സാറും കടന്ന് മുർറത്ത് മലമ്പാത വഴി ലിഖ്ഫ, മിജാജ്, ദീകശ്ർ, അജ്റദ്, ദൂസലം തുടങ്ങി നിരവധി ഇടങ്ങളിലൂടെ നീണ്ട സാഹസിക യാത്ര ആരുടെ കണ്ണിലും പെടാതെ ദുർഘട വഴികളിലൂടെയിതാ കരിമ്പാറകൾ അതിരിട്ട ഈന്തപ്പനത്തോപ്പുകളുടെ നാട്ടിലേക്ക്.
പോകാൻ പുറപ്പെട്ട നേരം തിരിഞ്ഞു നിന്ന്
“മക്കാ…” യെന്ന വിളിയുടെ നീറ്റൽ അവിടെ തന്നെ തളം കെട്ടി നിൽക്കുന്നുണ്ടാവും
നമ്മൾ ഒറ്റ നോട്ടത്തിൽ അറിഞ്ഞ സംഭവങ്ങൾക്കിടയിൽ എന്താണ് അനുഭവപ്പെടുന്നത്. വിരഹ വേദനയുടെ കണ്ണീരുപ്പിനൊപ്പം ഈമാനിൻ്റെ സൗരഭ്യം അടിച്ചു വീശുന്നില്ലേ…. ?
ഹിജ്റയുടെ ഒരുക്കമാണ്. വിശ്വാസികളെ വീർപ്പുമുട്ടിക്കാൻ ഭൂരിപക്ഷം ഉടുത്തൊരുങ്ങിയപ്പോൾ സഞ്ജമാക്കിയ ക്രിയാത്മക പ്രതിരോധമായിരുന്നു ആ യാത്ര. പതുങ്ങലോ മുട്ടുമടക്കലോ തോറ്റു പിന്മാറ്റമോ ആയിരുന്നില്ല, കുതിപ്പിൻ്റെ ചുവടൊരുക്കമായിരുന്നു.
വിശ്വാസദാർഢ്യം, സമർപ്പണം, ധീരത, സാഹസികത, പ്രതിഷേധം, നെഞ്ചുറപ്പ്, സാഹോദര്യം, സ്നേഹം തുടങ്ങിയ അനേകം ഘടകങ്ങൾ ഉള്ളടക്കമായ പലായനം.തുടർന്നങ്ങോട്ട് വിജയകഥകൾ, പുതിയ സംസ്കാരം, ബൃഹത്തായ നാഗരികത, കരുത്തുറ്റ ഭരണകൂടം, ഭൂപടങ്ങൾ മുറിച്ചുകടന്ന് പടർന്നു പന്തലിച്ച ആ വിജയക്കൊടി ഒടുവിൽ ആട്ടിയോടിക്കാൻ നിന്ന ശത്രുക്കളുടെ നെഞ്ചത്ത് നാട്ടിയ ചരിത്രമാണതിൻ്റേത്.
ഹിജ്‌റ അഭയാർത്ഥികളുടെ പലായനമായിരുന്നില്ല, വേദന പേറിയുള്ള നാടുവിടലുമല്ല മറിച്ച് ഒരു രാഷ്ട്ര ശിൽപ്പിയുടെയും അനുയായികളുടെയും വിപ്ലവ സഞ്ചാരമായിരുന്നു, ഊഷര മേട്ടിൽ നിന്നും ഫലഭൂയിഷ്ഠമായ മേച്ചിൽപുറം തേടിയുള്ള സഞ്ചാരമാണ്, സ്ഫുടമായ ഒരൊഴുക്കാണ്.
പറഞ്ഞാൽ നീണ്ടു പോവും. ഇസ്ലാമിക ചരിത്രത്തിൻ്റെ നായികകല്ലാണത്. പക്ഷേ ആ ചരിത്രത്തിന് ഇന്നെന്തു പ്രസക്തി?.അതിന് വല്ല ഉത്പാദനക്ഷമതയുമുണ്ടോ?
ഈ ചോദ്യവും അതിനുള്ള ഉത്തരവും ചരിത്രത്തിൽ തന്നെയുണ്ട്. അതേ കുറിച്ചറിയാനാണ് ഈ കുറിപ്പ് നമ്മൾ വായിക്കുന്നതും.

പാഠം ഒന്ന്

ബഹുലമായ ത്യാഗത്തിൻ്റെ ആവിഷ്കാരമാണ് ഹിജ്റ .എന്താണ് ത്യാഗം ?മറ്റാര്‍ക്കും സാധിക്കാത്ത കാര്യം ചെയ്യുന്നതാണോ .? അല്ല,നമുക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സൗകര്യവും സ്വാതന്ത്ര്യവും എമ്പാടുമുള്ള കാര്യങ്ങള്‍, നമ്മുടെ ആവശ്യങ്ങള്‍ മാറ്റിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത്, മറ്റുള്ളവര്‍ക്കനുഭവിക്കാന്‍ നല്കുന്നതാണ് ത്യാഗമനസ്. ദേശ ത്യാഗത്തിനു പ്രസക്തിയില്ലാത്ത കാലത്തും ഈ ത്യാഗചിന്തക്ക് പ്രസക്തിയുണ്ടായിരിക്കും. അത് സജീവമായിരിക്കുന്ന കാലത്തോളം, വെടിയാനുള്ള താല്പര്യവുമുണ്ടാവും. വർജിക്കുന്നതിൽ പ്രധാനം വിലക്കപ്പെട്ടവതന്നെ. ഹിജ്‌റയുടെയുടെയും(ദേശ ത്യാഗം) വിലക്കുകളെ കരുതിയിരിക്കുന്നതിൻ്റെയും ആത്മാവ് ഒന്നാകുന്നു. ആരാണ് മുഹാജിര്‍ എന്ന് നബി(സ)യോട് ചോദിക്കുകയുണ്ടായി. നബി(സ) നല്കിയ മറുപടി ഹിജ്‌റയുടെ ആത്മാവ് എക്കാലത്തും സൂക്ഷിക്കാന്‍ ഉപയുക്തമാണ് .”അല്ലാഹു വിലക്കിയത് വെടിയുന്നവനാണ് മുഹാജിര്‍.”
വെടിയാനുള്ള ത്യാഗസന്നദ്ധത അതിന്റെ മൂര്‍ത്തഭാവം പ്രാപിക്കുമ്പോഴാണ് ഹിജ്‌റയുടെ സമര്‍പ്പണമെന്ന സന്ദേശം അന്വര്‍ഥമാകുന്നത്. ഉപേക്ഷിക്കേണ്ടതൊക്കെ മാറ്റിവെച്ചശേഷം, ജീവിതത്തില്‍ നന്മ കുറച്ചേയുള്ളൂവെങ്കിലും അതാര്‍ക്കു മുമ്പിലും സമര്‍പ്പിക്കാം. എന്നാല്‍ വെടിയേണ്ടവയുടെ സാന്നിധ്യത്തില്‍ നന്മകളുടെ തിളക്കം തീർത്തും കുറയും. അതിന്റെ ചുവടെ വളരുന്നത് തിന്മകളായിരിക്കും. കൃഷിക്ക് നല്കുന്ന വളവും വെള്ളവും ഊറ്റി കുടിച്ച് കള വളർനാലെങ്ങനെയിരിക്കും.?
മുഹാജിറുകളുടെ ഭൗതിക വിരക്തിയെ, വിശ്വാസി ജീവിതത്തിൽ പരമാവധി ആവിഷ്ക്കരിക്കപ്പെടണം.
ലൗകിക ജീവിതത്തിൻ്റെ സൗകര്യങ്ങളെ ദൈവിക പ്രീതിക്കും പ്രവാചക കൽപ്പനകൾക്കു മുമ്പിൽ അവർക്ക് വലുതല്ലായിരുന്നു. ബഹുലമായ ബിസിനസ്സ് വളർച്ച നേടി തന്ന സമ്പന്ന പദവിയെ തെല്ലും ഗൗനിക്കാതെ തിരുനബിക്കൊപ്പം ഇറങ്ങിപ്പോകാൻ ബഹുമാനപ്പെട്ട സുഹൈബ് (റ) തയ്യാറായത് അതുകൊണ്ട് തന്നെയാണ്. നിൻ്റെ സ്വർണഖനികളുടെ അധികാരം ഇനി ഞങ്ങളുടെ കയ്യിലിരിക്കട്ടെയെന്ന ഭീഷണി ആ ഒരുക്കത്തെ പുറകോട്ട് വലിച്ചില്ല. കരുത്തോടെ മുന്നോട്ട് തന്നെ.

പാഠം രണ്ട്

വിശ്വാസത്തേയും ആദർശ ജീവിതത്തെയും പ്രതികൂലമായ് ബാധിക്കുന്ന പശ്ചാത്തലങ്ങളെ കണ്ടറിഞ്ഞ് അനുകൂലമായ അവസ്ഥകളിലേക്ക് മനസ്സിനെ നയിക്കണം. മാനസികമായ ഹിജ്റകൾ വ്യക്തി ജീവിതത്തിൽ ഇടക്കിടെ അനിവാര്യമാണ്. നിങ്ങളെ വിചാരണ ചെയ്യും മുമ്പേ ആത്മവിചാരണ ചെയ്യണമെന്ന പാഠം അതാണ്.ക്രമം തെറ്റിയ സംസാര ദൃശ്യ ശ്രാവ്യങ്ങൾക്ക് അവസരമുണ്ടാകരുത്. അത്തരം അപായങ്ങളിൽ നിന്നും അകന്നു കഴിയണം. നമ്മുടെ ചുറ്റുപാടുകൾ സാംസ്കാരിക നിലവാരമുള്ള താക്കണം.മുജാലസാത്തു സ്വാലിഹീനൽ ഫുള്ളലാ എന്ന നല്ല പരിഹാരത്തെ സ്വീകരിക്കുക എന്ന് ചുരുക്കം.” താങ്കളെ കുഴപ്പത്തിലകപ്പെടുത്തി, നാം അയക്കുന്ന ദിവ്യസന്ദേശങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഈ ജനം ഒരു വീഴ്ചയും വരുത്തിയിട്ടില്ല. നീ സ്വയംകൃത വചനങ്ങള്‍ നമ്മുടെ പേരില്‍ ആരോപിക്കാന്‍ വേണ്ടി. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും അവര്‍ നിന്നെ സുഹൃത്തായി സ്വീകരിക്കും” (അല്‍ ഇസ്‌റാഅ്: 73). തിരുനബി(സ)ക്ക് മക്കയില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു പതിറ്റാണ്ടു കാലത്തെ അവസ്ഥയെപ്പറ്റിയാണ് പ്രസ്തുത സൂക്തം വിവരിക്കുന്നത്. മക്കയിലെ സത്യനിഷേധികള്‍ നബി(സ)യെ പ്രബോധനത്തില്‍നിന്ന് തെറ്റിക്കാനും അവര്‍ അനുവര്‍ത്തിച്ചു പോരുന്ന വികലവാദങ്ങളോട് സന്ധി ചെയ്യിക്കാനുമുള്ള തീവ്രശ്രമമാണ് നടത്തിയിരുന്നത്. ”ഈ മണ്ണില്‍നിന്ന് താങ്കളുടെ പാദമിളക്കാനും താങ്കളെ ഇവിടെനിന്ന് പുറത്താക്കാനും അവര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതു നടപ്പിലായാൽ പിന്നെ നിനക്കു ശേഷം അധികകാലമൊന്നും അവരവിടെ വാഴാന്‍ പോകുന്നില്ല” (അല്‍ ഇസ്റാഅ്: 76). മക്കയിലെ നിഷേധികള്‍ നബി തിരുമേനിയെ ദേശത്യാഗത്തിന് നിര്‍ബന്ധിതനാക്കുകയായിരുന്നു. പിന്നീട് എട്ടുവര്‍ഷത്തിലധികം വേണ്ടി വന്നില്ല, അവിടുന്ന് ജേതാവായി മക്കയില്‍ തിരികെ പ്രവേശിക്കാന്‍. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അറേബ്യന്‍ അര്‍ധദ്വീപ് സമ്പൂര്‍ണമായും ഇസ്‌ലാമിന്റെ വഴിയില്‍ നടന്നു.

”പ്രാര്‍ഥിക്കുക: ‘നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടു പോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കല്‍ നിന്നുള്ള ഒരു അധികാരശക്തിയെ എനിക്ക് തുണയാക്കി തരികയും ചെയ്യേണമേ!” (അല്‍ ഇസ്‌റാഅ്: 80). ഈ പ്രാര്‍ഥന ദേശത്യാഗ (ഹിജ്റ)ത്തിന്റെ സമയം ആസന്നമായിരിക്കുന്നുവെന്ന സൂചനയാണ് നല്‍കിയത്. സത്യം എപ്പോഴും താങ്കളുടെ കൂടെ ഉണ്ടായിരിക്കണമെന്നും എവിടെനിന്ന് പുറത്തു പോവുകയാണെങ്കിലും സത്യത്തിനു വേണ്ടി പുറത്തു പോവണമെന്നും എവിടെ പ്രവേശിക്കുന്നതും സത്യത്തോട് കൂടിയായിരിക്കണമെന്നുമാണല്ലോ പ്രാര്‍ഥന. അങ്ങനെ തങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ദൈവിക കല്‍പനകള്‍ക്കനുസൃതമായി എതോപ്യയിലേക്കും മദീനയിലേക്കും റസൂലും സ്വഹാബത്തും യാത്ര തിരിക്കുകയായിരുന്നു. വിശ്വാസി സമൂഹത്തിന്റെ ഉയിര്‍പ്പിന് വേണ്ടിയുള്ള യാത്ര. നാടുകളില്‍നിന്ന് നാടുകളിലേക്ക്, ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക്. ഈ യാത്രയാണ് നമുക്കെന്നും പ്രചോദനം. ഇരുള്‍ പരക്കുന്ന കാലത്തും പ്രതീക്ഷകളൊരിക്കലും അസ്തമിക്കുന്നില്ലെന്ന് ഹിജ്റ നമ്മോട് വിളിച്ച് പറയുന്നു.

പാഠം മൂന്ന്

തിരുനബിയുടെ പലായനം അതീവ ജാഗ്രതയോടെയും മികച്ച ആസൂത്രണത്തോടു കൂടിയുമായിരുന്നു.അത് പോലെ നന്മയെ, തേടിയുള്ള മനസിൻ്റെ പലായനവും സൂക്ഷ്മതയോടെ പഴുതടച്ചായിരിക്കണം. കുലീന വേഷമണിഞ്ഞ ചൂഷണങ്ങൾക്ക് പിടികൊടുക്കരുത്. സഞ്ചാര പാതയെ കുറിച്ച് നല്ല ബോധമുണ്ടാവണം. അതിനു പറ്റിയ വഴികാട്ടികളെ തിരഞ്ഞു പിടിക്കണം. വഴിമുടക്കികൾ ഭയപ്പെടുത്തി പിറകെ കൂടിയേക്കാം (സുറാഖയെ ഓർമ്മയില്ലേ?) ഭീതിയുടെ ഇരുട്ട് മൂടിയേക്കാം (സൗർ ഗഹ്വരം പോലെ ) അപ്രതീക്ഷിതമായ് വേദനകൾ കടന്നു വന്നേക്കാം ( സർപ്പം അബൂബക്കർ (റ)നെ കൊത്തിയിരുന്നല്ലോ?) നിങ്ങളുടെ പരാജയം കാണാൻ കൊതിച്ച് പലരും പിന്നുണർന്നേക്കാം (തിരുനബിയെ തേടി ശത്രുക്കൾ എത്രയാണ് നടന്നത്?! )ഇസ്ലാമിനെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുകയെന്നത് പ്രതിയോഗികളുടെ എക്കാലത്തെയും വലിയ ലക്ഷ്യമാണ്. അതിനു വേണ്ടി അവര്‍ ആസൂത്രണങ്ങളും തന്ത്രങ്ങളും നിരന്തരം മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെന്നല്ല, വര്‍ത്തമാനത്തിലും അതിനൊട്ടും കുറവ് വന്നിട്ടില്ല. തിരുനബിയെയും ഇസ്‌ലാമിനെയും നിഷ്‌കാസനം ചെയ്യാന്‍ ശത്രുക്കള്‍ നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പലയിടത്തായി വിവരിക്കുന്നുണ്ട്. ”നിന്നെ തടവിലാക്കുകയോ വധിച്ചു കളയുകയോ നാടു കടത്തുകയോ ചെയ്യുന്നതിന് വേണ്ടി സത്യവിരോധികള്‍ കുതന്ത്രങ്ങളാവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം കുതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിന് അതേ നാണയത്തിൽ പ്രതികരിക്കാൻ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ” (അല്‍ അന്‍ഫാല്‍: 30).
നബിക്ക് മുമ്പില്‍ പ്രതിയോഗികളുടെ നീക്കളൊക്കെയും പാളുകയാണ് ചെയ്തത്. ആസൂത്രണ മികവോടെ നടത്തിയ ഹിജ്‌റ എന്ന തന്ത്രം തടയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഹിജ്‌റ. അതിന് വേണ്ടി മണ്ണും മനസ്സും ഒരുപോലെ പാകപ്പെടുത്തുകയായിരുന്നു നബിയും കൂട്ടരും. എത്ര വലിയ പ്രതിബന്ധങ്ങളുണ്ടായാലും വേറൊരു നാട്ടില്‍ പോയി ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്ന ചിന്തയിലാണ് പ്രവാചകന്‍ പുറപ്പെട്ടത്. കൃത്യവും വിദഗ്ധവുമായ ആസൂത്രണമുണ്ടായിരുന്നു ഹിജ്‌റക്ക് പിന്നിലെന്ന് അതിന്റെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും.

ചരിത്രത്തില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് വരുമ്പോള്‍ ആധുനിക മുസ്ലിം പ്രതിസന്ധി ആസൂത്രണത്തിലെ വീഴ്ചകളാണെന്നു കാണാം. നിലനില്‍പ്പിനും പുരോഗതിക്കുമാധാരമായ ആസൂത്രണങ്ങളും നയതന്ത്രങ്ങളും കാലത്തിനനുസൃതമായി ആവിഷ്‌കരിക്കുകയാണ് മധ്യമ സമുദായത്തിൻ്റെ (ഉമ്മതുൻ വസ്വത്)ഉത്തരവാദിത്തം. ഹിജ്‌റ മുസ്‌ലിം സമൂഹത്തെയേല്‍പ്പിക്കുന്ന വലിയ ദൗത്യവും അത് തന്നെ.കലുഷിത കാലത്ത് ആരാധനയനുഷ്ഠിക്കുന്നത്, എന്നെ ലക്ഷ്യമിട്ട് ഹിജ്റ ചെയ്യുന്നതിന്ന് തുല്യമാണെന്ന ഹദീസ് (മുസ്ലിം, മിശ്കാത് 5391) ചേർത്തുവായിക്കണം.

പാഠം നാല്

മദീനയിലെ വിപ്ലവം, ബദ്റിൻ്റെ വിജയം, മക്കാവിജയം, ഇസ്ലാമിൻ്റെ വ്യാപനം
തുടങ്ങി അതിഗംഭീരമായ സ്മരണകൾ ഒരു പലായനത്തിൻ്റെ ഉത്പന്നമായിരുന്നെന്ന് തീർത്തു പറയാം.
ഗുഹയുടെ ഭീതിയുടെയും ശത്രുക്കളുടെ പോർവിളികൾക്കുമിടെ ആകുലതകൾ വേണ്ട ,അല്ലാഹു നമുക്കൊപ്പമുണ്ടെന്ന ദൃഢമായ സമർപ്പണബോധമായിരുന്നു എല്ലാറ്റിനും ഊർജമായത് .ശക്തമായ തവക്കുൽ ഉണ്ടായാൽ വിജയം കെട്ടിപ്പടുക്കാനാവും. പിന്നീട് എല്ലാം എളുപ്പമാവും. തീർച്ച സങ്കീർണതകൾക്കൊടുവിൽ ആയാസങ്ങളുണ്ട്.
ഒതുക്കി പറഞ്ഞാൽ ” ഒരു വ്യക്തി തൻ്റെ ഭവനത്തിൽ നിന്ന് അല്ലാഹുവിലേക്കും റസൂലിലേക്കും ഹിജ്റയിറങ്ങിത്തിരിക്കുകയും അവനെ മരണം പിടികൂടുകയും ചെയ്താൽ അല്ലാഹുവിങ്കൽ അവൻ്റെ പ്രതിഫലം ഉറച്ചു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ് (സൂറ:നിസാഅ , 100) എന്ന ഖുർആനിക വാക്യം ചരിത്രത്തിലൊതുക്കേണ്ടതല്ല. ആത്യന്തിക വിജയം നേടുംവരെയുള്ള, ഓരോ വിശ്വാസിയുടെയും ദൗത്യമായ നിരന്തര ഹിജ്റകൾ നടന്നുകൊണ്ടിരിക്കണം.അഥവാ സംശുദ്ധമായ ആദർശത്തിനെ ബാധിക്കുന്ന സർവ്വതിനെയും ഉപേക്ഷിക്കുന്ന പ്യൂരിഫിക്കേഷൻ പ്രക്രിയ ശീലമാക്കണം.