ആര്‍ത്തവ സമയമല്ലാത്തപ്പോള്‍ സ്രവിക്കുന്ന രക്തത്തിനാണ് ഇസ്തിഹാളത് എന്ന് പറഞ്ഞുവരുന്നത്. ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഢിതന്മാരുടെയും നിര്‍വ്വചനപ്രകാരം ആര്‍ത്തവത്തിന്റെ കൂടിയ ദിവസം(15ദിവസം) കഴിഞ്ഞിട്ടും രക്തം സ്രവിച്ച് കൊണ്ടേയിരിക്കുക എന്നാണ്.

ഇങ്ങനെയല്ലാതെ പുറപ്പെടുന്നതും ആര്‍ത്തവമല്ലാത്തതുമായ രക്തത്തിന് ദമുഫസാദ് (തകരാറ് സംഭവിച്ച രക്തം) എന്നവര്‍ പേര് പറയുന്നു. ഇപ്രകാരമുള്ള സ്ത്രീക്ക് ആര്‍ത്തവ ദിവസങ്ങള്‍ ഇന്നതാണെന്ന് മനസ്സിലാക്കാന്‍ വല്ല മാര്‍ഗേണയും സാധിക്കുമെങ്കില്‍ റമള്വാന്‍ മാസത്തിലെ ആ ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും കഴിഞ്ഞുപോയ ദിവസങ്ങളിലെ നോമ്പ് പിന്നീട് ഖ്വള്വാഅ് വീട്ടുകയും വേണം. ആര്‍ത്തവമല്ലാത്ത പ്രസ്തുത രക്തങ്ങള്‍ സ്രവിക്കുന്നത് നോമ്പിന് ഹാനി വരുത്തുന്നില്ലെന്ന് സംക്ഷിപ്തം.

ഇനി ഒരു മാര്‍ഗത്തിലൂടെയും ആര്‍ത്തവ ദിവസങ്ങള്‍ ഇന്നതാണെന്ന് മനസ്സിലാക്കാനാകാതെ പരിഭ്രാന്തിയിലായ സ്ത്രീ എങ്ങനെയാണ് നോമ്പനുഷ്ഠിക്കേണ്ടത്? പലരുടെയും സംശയമാണിത്. കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ പറയുന്നു: അവള്‍ റമള്വാന്‍ പൂര്‍ണമായും നോമ്പനുഷ്ഠിക്കുകയും ശേഷം പൂര്‍ണമായൊരു മാസം(30 ദിവസം) തുടര്‍ച്ചയായി തന്നെ നോമ്പനുഷ്ഠിക്കുകയും വേണം. ഇടവിട്ട് മുപ്പത് ദിവസം പൂര്‍ത്തിയാക്കിയാല്‍ മതിയാകില്ലെന്ന് ചുരുക്കം. ഈ രണ്ടു മാസത്തെ നോമ്പില്‍ നിന്ന് അവള്‍ക്ക് ശരിയായി കിട്ടുന്നത് ഇരുപത്തിയേഴോ ഇരുപത്തിയെട്ടോ ദിവസങ്ങള്‍ മാത്രമായിരിക്കും. റമള്വാന്‍ മുപ്പതുണ്ടായിരുന്നെങ്കില്‍ ഇരുപത്തിയെട്ടും ഇരുപത്തൊമ്പതായിരുന്നെങ്കില്‍ ഇരുപത്തേഴും ആയിരിക്കും കിട്ടുക. കാരണം, എല്ലാ മാസത്തിലും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടാകല്‍ പതിവാണ് അത് തന്നെ ആര്‍ത്തവത്തിന്റെ അധികപരിധിയായ പതിനഞ്ച് ദിവസം തന്നെയാകാനും, ആര്‍ത്തവം തുടങ്ങുന്നതും അവസാനിക്കുന്നതും പകല്‍ സമയങ്ങളിലാകാനും സാധ്യതയുമുണ്ട്. അപ്പോള്‍ രണ്ട് മാസങ്ങളിലെയും പതിനാറ് വീതം ദിവസങ്ങള്‍ അസാധുവായിരിക്കുന്നുവെന്ന് കരുതുന്നതാണ് സൂക്ഷ്മത.

അപ്പോള്‍ പിന്നെ ഓരോ മാസത്തിലും പതിനാല് ദിവസം വീതമേ നോമ്പ് സാധുവായി പരിഗണിക്കാനൊക്കുകയുള്ളൂ. ഇപ്പറഞ്ഞത് തന്നെ റമള്വാന്‍ മുപ്പത് ഉണ്ടെങ്കിലാണ്. ഇല്ലെങ്കില്‍ റമള്വാനിലെ പതിമൂന്നും മറ്റേ മാസത്തിലെ പതിനാലും കൂടി കൂട്ടുമ്പോള്‍ ഇരുപത്തേഴ് ദിവസങ്ങളാണ് സാധുവായി കിട്ടുന്നത്. രണ്ടനുസരിച്ചും ഇനിയും നോമ്പുകള്‍ അവള്‍ക്ക് ഖ്വള്വാഅ് വീട്ടാനുണ്ട്.(രണ്ടെണ്ണം ബാക്കിയുണ്ട്) അതും അത്ര എളുപ്പത്തില്‍ സാധ്യമാവുകയില്ല. അതിനുള്ള മാര്‍ഗം ഇപ്രകാരമാണ് കര്‍മശാസ്ത്രപണ്ഢിതന്മാര്‍ പറയുന്നത്.

തുടര്‍ന്നുള്ള പതിനെട്ട് ദിവസങ്ങളിലെ ആദ്യത്തെയും അവസാനത്തെയും മൂന്നുവീതം ദിവസങ്ങള്‍ അവള്‍ നോമ്പനുഷ്ഠിക്കുക. ഈ ആറു ദിവസത്തെ നോമ്പുകളില്‍ ഏത് സങ്കല്‍പ്പ പ്രകാരവും രണ്ടു ദിവസങ്ങള്‍ സാധുവായിക്കിട്ടും. കാരണം പതിനെട്ട് ദിവസങ്ങളിലെ ആദ്യദിവസമാണ് ആര്‍ത്തവം ആരംഭിക്കുന്നതെന്ന സങ്കല്‍പ്പപ്രകാരം പതിനാറാം ദിവസം ആര്‍ത്തവം മുറിഞ്ഞിരിക്കണം. ആര്‍ത്തവത്തിന്റെ അധിക പരിധി പതിനഞ്ച് ദിവസം (360 മണിക്കൂര്‍) മാത്രമായതാണ് കാരണം. അപ്പോള്‍ പതിനേഴ്, പതിനെട്ട് ദിവസങ്ങളിലെ നോമ്പുകള്‍ സാധുവാകുന്നു.

ഇനി പതിനെട്ട് ദിവസങ്ങളിലെ രണ്ടാം ദിവസമാണ് ആര്‍ത്തവം തുടങ്ങുന്നതെന്ന സങ്കല്‍പ്പ പ്രകാരം പതിനേഴാം ദിവസം ആര്‍ത്തവം അവസാനിച്ചതായി കണക്കാക്കണം. അപ്പോള്‍ ഒന്നാം ദിവസവും പതിനെട്ടാം ദിവസവും നോമ്പ് സാധുവായിക്കിട്ടുന്നു. ഇനി മൂന്നാം ദിവസത്തിലാണ് പ്രാരംഭമെന്ന സങ്കല്‍പ്പ പ്രകാരം ആദ്യത്തെ രണ്ടുദിവസങ്ങളിലെ നോമ്പുകള്‍ സാധുവാകുന്നുണ്ട്. ഇനി നോമ്പനുഷ്ഠിച്ച അവസാന മൂന്നുദിവസങ്ങളിലെ ഒന്നാമത്തേതും ആദ്യദിവസം മുതല്‍ക്കുള്ള പതിനാറാമത്തേതുമായ ദിവസത്തിലാണ് ആര്‍ത്തവം ആരംഭിക്കുന്നതെന്ന സങ്കല്‍പ്പ പ്രകാരം രണ്ട്, മൂന്ന് ദിവസങ്ങള്‍ സാധുവായി കിട്ടുന്നു. ഒന്നാം ദിവസം അതിന്റെ മുമ്പത്തെ ആര്‍ത്തവ ദിവസങ്ങളിലെ അവസാന ദിവസമായി പരിഗണിക്കേണ്ടതാണ്. ഇനി പതിനേഴാം ദിവസമാണ് ആര്‍ ത്തവം ആരംഭിച്ചതെന്ന സങ്കല്‍പ്പ പ്രകാരം മൂന്നാം ദിവസത്തെയും പതിനാറാം ദിവസത്തെയും നോമ്പുകള്‍ സാധുവായി ലഭിക്കുന്നു. ആദ്യത്തെ രണ്ടുദിവസങ്ങള്‍ മുമ്പത്തെ ആര്‍ത്തവ ദിവസങ്ങളില്‍ പെട്ടതാണെന്ന് വെക്കണം. ഇനി പതിനെട്ടാം ദിവസമാണ് ആര്‍ത്തവം ആരംഭിച്ചതെന്ന സങ്കല്‍പ്പ പ്രകാരം പതിനാറ്, പതിനേഴ് ദിവസങ്ങളിലെ നോമ്പുകള്‍ സാധുവായി ലഭിക്കും. ആദ്യത്തെ മൂന്നു ദിവസങ്ങളും മുമ്പത്തെ ആര്‍ത്തവ ദിവസങ്ങളില്‍ പെട്ടത് കൊണ്ട് അവ അസാധുവാണെന്ന് വെക്കണം (മഹല്ലി 1/107, 108 നോക്കുക).

ഏത് സങ്കല്‍പ്പ പ്രകാരവും ആര്‍ത്തവമല്ലെന്ന് കണക്കാക്കുന്ന സമയങ്ങളിലൊക്കെ അവര്‍ക്ക് നിസ്കാ രം നിര്‍ബന്ധമാണ്. പക്ഷേ, അവള്‍ നിത്യ അശുദ്ധിക്കാരിയായത് കൊണ്ട് നിസ്കാരത്തിന് വേണ്ടി ശുദ്ധി വരുത്തുന്നതില്‍ കഴിവിന്റെ പരമാവധി കണിശത പാലിക്കണം. ഓരോ ഫര്‍ള്വ് നിസ്കാരങ്ങള്‍ ക്കും അതിന്റെ സമയമായ ശേഷം രക്തം സ്രവിക്കുന്ന സ്ഥലം വൃത്തിയായി കഴുകുകയും ശേഷം പഞ്ഞി പോലുള്ളവ യോനിയില്‍ വെച്ച് ഭദ്രമായി കെട്ടുകയും ചെയ്യലാണത്. പക്ഷേ, നോമ്പനുഷ്ഠിക്കുന്ന ദിവസങ്ങളില്‍ പകല്‍ സമയത്ത് നിസ്കാരങ്ങള്‍ക്ക് വേണ്ടി ശുദ്ധി വരുത്തുമ്പോള്‍ കഴുകിയ ശേഷം ഭദ്രമായി വെച്ചുകെട്ടിയാല്‍ മതി. പഞ്ഞി പോലുള്ളവ യോനിയില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. അതുകൊണ്ട് നോമ്പ് അസാധുവായിതീരുന്നതാണ് (മഹല്ലി 1/101 നോക്കുക). എന്നാല്‍ ഈ പറഞ്ഞതെല്ലാം രക്തസ്രാവത്തിന്റെ ആധിക്യം കാരണം നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവിധം അവള്‍ അവശയായിട്ടില്ലെങ്കിലാണ്. നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവിധം അവശയാണെങ്കില്‍ രോഗം സുഖപ്പെട്ട ശേ ഷം അവള്‍ നോമ്പ് വീണ്ടെടുക്കണം.