ഉദയാസ്തമയ വ്യത്യാസമുള്ള പ്രദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ അവിടെയെത്തിയാല്‍ ആ പ്രദേശത്തുകാരുടെ അവസ്ഥക്ക് അനുസൃതമായാണു നോമ്പനുഷ്ഠിക്കേണ്ടത്. പുറപ്പെട്ട നാട്ടില്‍ അവര്‍ റമള്വാ ന്‍ മുപ്പത് പൂര്‍ണമായി അനുഷ്ഠിച്ചാലും എത്തിച്ചേര്‍ന്ന നാട്ടില്‍ മുപ്പത് തികഞ്ഞിട്ടില്ലെങ്കില്‍ അവര്‍ അ നുഷ്ഠിക്കുന്നത്രയും ദിവസം ഇവരും നോമ്പനുഷ്ഠിക്കുക തന്നെ വേണം. ഈ വിഷയത്തില്‍ ഇബ്നു ‘അബ്ബാസ്(റ) കുറൈബ്(റ)നോട് ആജ്ഞാപിച്ചത് ഇതിനു തെളിവാണ്.

ഇനി മാസം ദൃശ്യമായ ദേശത്തേക്കാണ് ഒരാള്‍ യാത്രപോയതെങ്കില്‍ ആ നാട്ടുകാരുടെ പെരുന്നാളാഘോഷത്തില്‍ ഇയാളും പങ്കുചേരണം. നോമ്പെടുക്കാന്‍ പാടില്ല. യാത്രക്കാരന്റെ നോമ്പ് ഇരുപത്തെട്ടുമാത്രമേ എത്തിയിട്ടുള്ളൂവെങ്കില്‍പോലും വിധി ഇങ്ങനെയാണ്. എന്നാല്‍ നിശ്ചിത ദിവസത്തിനു പോരായ്മയുള്ളത് പിന്നീട് പരിഹരിക്കണം. കാരണം അറബിമാസം 28 ദിവസമായി ചുരുങ്ങുന്ന പതിവില്ല. ഇരുപത്തൊമ്പത് വ്രതങ്ങള്‍ ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കേണ്ടതില്ല. എന്നാല്‍ ഇങ്ങനെ യാത്ര ചെയ്ത് എത്തിയ നാട്ടില്‍ നിന്നു പുറപ്പെട്ട നാട്ടിലേക്ക് സൂര്യാസ്തമയത്തിനു മുമ്പുതന്നെ തിരിച്ചെത്തുന്നുവെങ്കില്‍ വ്രതം തുടരാമെന്നു പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അസ്തമയ സമയത്ത് അയാള്‍ നോമ്പുള്ള നാട്ടില്‍ തന്നെയാണല്ലോ നിലകൊള്ളുന്നത്. യാത്രക്കാരന്‍ നോമ്പ് അവസാനിപ്പിക്കുന്ന സമയത്ത് യാത്രാ ആനുകൂല്യം പരിഗണിച്ചാണ് എന്നുകരുതല്‍ അനിവാര്യമാണ്.