നോമ്പുകാലം മനുഷ്യന് ആത്മീയൌന്നത്യം കരസ്ഥമാക്കാനുള്ള അവസരമാണ്. അതുകൊണ്ട് തെറ്റുകള്‍ പാടേ ഉപേക്ഷിച്ച്, സുഖാസ്വാദനമുക്തനായി, ഇലാഹീ സാമീപ്യത്തിനുവേണ്ടി പരിശ്രമിക്കണം. കേവലം ഉപരിപ്ളവമായ ചടങ്ങുകളിലൊതുങ്ങുന്ന നോമ്പ് ഉദ്ദിഷ്ടഫലം നേടിത്തരില്ല. വ്രതം ഫലവത്താകണമെന്നുണ്ടെങ്കില്‍ ആന്തരികമായ മൂല്യങ്ങള്‍ക്കും ചിട്ടകള്‍ക്കും വില കല്‍പ്പിക്കണം.

ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കേണ്ടത് സത്യവിശ്വാസിക്ക് എല്ലാ കാലത്തും നിര്‍ബന്ധം തന്നെയാണ്. എന്നാല്‍ റമള്വാന്‍ പരിഗണിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ചീത്ത പറയല്‍, പരദൂഷണം, കളവ് പറയല്‍ തുടങ്ങിയ നാവ് കൊണ്ടുള്ള എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും നോമ്പുകാരന്‍ ഒഴിവായി നില്‍ക്കല്‍ ശക്തിയാര്‍ജ്ജിച്ച സുന്നതാകുന്നു. നോമ്പി ന്റെ പ്രതിഫലത്തെ അവ ഇല്ലാതാക്കുമെന്നതാണ് കാരണം. കര്‍മശാസ്ത്രപണ്ഢിതന്മാര്‍ വ്യക്തമാക്കിയതാണിക്കാര്യം. സ്വഹീഹായ ഹദീസുകള്‍ ഇത് കുറിക്കുകയും ഇമാം ശാഫി’ഈ(റ)യും അവിടുത്തെ അസ്വ്ഹാബും ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നോമ്പു തന്നെ അസാധുവാകുമെന്ന്  പറഞ്ഞവരും പണ്ഢിതരിലുണ്ട്.

കളവുപറയല്‍ അനുവദനീയമായ ഘട്ടമാണെങ്കില്‍ പോലും റമള്വാനില്‍ അതൊഴിവാക്കുകയാ ണ് പുണ്യമെന്നു പണ്ഢിതന്മാര്‍ പറയുന്നു. രണ്ടുപേര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ആവശ്യമെങ്കില്‍ ആരോഗ്യകരമായ അസത്യം പറയാവുന്നതാണ്. എന്നാല്‍ റമള്വാനില്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതേസമയം കളവുപറയല്‍ നിര്‍ബന്ധമായി വരുന്ന അവസരത്തില്‍ അങ്ങനെ പറയുന്നതിന് റമള്വാനില്‍ പ്രത്യേക തടസ്സമില്ല. ഉദാഹരണത്തിന് ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ പറയുന്ന അസത്യം.

ശരീരം പൂര്‍ണമായി ഹറാമില്‍ നിന്നൊഴിവാക്കി നിര്‍ത്തല്‍ അനിവാര്യമാണ്. ഗീബത്ത് പോലെയുള്ള നിഷിദ്ധ പ്രവര്‍ത്തനങ്ങളാല്‍ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നാണ് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്. ആവശ്യത്തിനാണെങ്കില്‍ പോലും ചീത്തപറയലും മറ്റും റമള്വാന്‍ കാലത്ത് ഒഴിവാക്കേണ്ടതാണ്. ആരെങ്കിലും തന്നെ ചീത്ത പറഞ്ഞാല്‍ മനസ്സില്‍ ഞാനൊരു നോമ്പുകാരനാണല്ലോ എന്നോര്‍ക്കല്‍ നല്ലതാണ്. ലോകമാന്യഭാവം വരാത്ത സന്ദര്‍ഭത്തില്‍ ഇക്കാര്യം രണ്ടോ മൂന്നോ തവണ തുറന്നുപറയാവുന്നതാണ്. കാരണം ഇത് ഒരുപക്ഷേ, എതിരാളിയെ പിന്തിരിപ്പിക്കാന്‍ ഇടയാക്കിയേക്കാം. സ്വയം വിരമിക്കാനുമിതു സഹായകമായേക്കാം.

ഹറാമിന്റെ കലര്‍പ്പുള്ള ഭക്ഷണം, കാണലും കേള്‍ക്കലും അനുവദനീയമായ കാര്യങ്ങളാണെങ്കില്‍ ത ന്നെ അവമൂലമുള്ള ആസ്വാദനം, സുഗന്ധ സ്പര്‍ശനം, അത് വാസനിക്കല്‍ തുടങ്ങിയ കാര്യങ്ങളെ വെ ടിഞ്ഞ് നില്‍ക്കലും സുന്നതാണ്.. ഇത്തരം അനുവദനീയമായ ആസ്വാദനങ്ങള്‍ തന്നെ റമള്വാനില്‍ കറാഹത്താണെന്നു പണ്ഢിതാഭിപ്രായം. ഇതനുസരിച്ച് നേരം പോക്കിന് നാം ചെയ്യുന്ന പല കാര്യങ്ങളും റമള്വാനില്‍ ഒഴിവാക്കേണ്ടതാണ്.

സുഗന്ധമുപയോഗിക്കല്‍ എന്ന കറാഹത്തും സുഗന്ധത്തിനെ തിരസ്ക്കരിക്കല്‍ എന്ന കറാഹത്തും വൈരുദ്ധ്യമായി വരുമ്പോള്‍ ഉപയോഗിക്കല്‍ എന്ന കറാഹത്തിനെ പരിഗണിച്ച് അതിനെ ഉപേക്ഷിക്കുകയാണ് വേണ്ടത്. നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകുമെന്നത് കൊണ്ടു തന്നെ. ഒരാള്‍ തരുന്ന സുഗന്ധം റദ്ദ് ചെയ്തത് കൊണ്ട് നോമ്പിന്റെ പ്രതിഫലത്തിന് ചുരുക്കമൊന്നും വരുന്നില്ല. സുറുമയിടുന്നതിനെ ഉപേക്ഷിക്കലും നോമ്പുകാരന് അഭികാമ്യമാണെന്ന് ഇമാം റുഅ്യാനി(റ) ഹില്‍യയില്‍ പ്രസ്താവിച്ചിട്ടുണ്ട്.

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: നോമ്പ് തത്വത്തില്‍ തീറ്റയും കുടിയും ഒഴിവാക്കല്‍ മാത്രമല്ല. അനാവശ്യങ്ങളും ശരീരേച്ഛകളുംപാടേ നിയന്ത്രിക്കലാണ് നോമ്പിന്റെ കാതലായ വശം’ (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍, ഹാകിം). ഒരു ഹദീസില്‍ ചിലനോമ്പുകാരെക്കുറിച്ച് പ്രവാചകര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു.’എത്രയെത്ര നോമ്പുകാരാണ്. കേവലം ദാഹവും വിശപ്പും സഹിച്ചുവെന്നല്ലാതെ അവര്‍ക്ക് മറ്റൊന്നും ലഭിക്കുന്നില്ല’ (ഇബ്നുമാജ, നസാഇ, ഹാകിം).