റമള്വാന്‍ മാസത്തിലെ വിശേഷപ്പെട്ട ഭക്ഷണരീതിയാണ് അത്താഴം. അത്താഴം കഴിക്കല്‍ സുന്നത്താണ്. ഈ വിഷയത്തില്‍ ധാരാളം ഹദീസുകള്‍ കാണാം. ചിലത് ശദ്ധിക്കുക: അനസ്(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അത്താഴമുണ്ണുക. തീര്‍ച്ച, അത്താഴത്തില്‍ ബറകതുണ്ട്’(ബുഖാരി, മുസ്ലിം, തിര്‍മുദി, നസാഇ, ഇബ്നുമാജ), സല്‍മാന്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: മൂന്നു കാര്യത്തില്‍ പുണ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ ഒന്നാണ് അത്താഴം’(ത്വബ്റാനി). അംറുബ്നു ആസ്വി(റ)വില്‍ നിന്ന്, നബിതങ്ങള്‍ പറഞ്ഞു: ‘അഹ്ലുകിതാബിന്റെയും നമ്മുടെയും വ്രതങ്ങള്‍ തമ്മിലുള്ള വ്യത്യാസം അത്താഴഭോജനമാകുന്നു’(മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഖുസൈമ). ഇബ്നു ഉമര്‍ (റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: അല്ലാഹുവും അവന്റെ മാലാഖമാരും അത്താഴമുണ്ണുന്നവര്‍ക്ക് സ്തുതിയര്‍പ്പിക്കുകയും അവരുടെ ഗുണത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’(ത്വബ്റാനി, ഇബ് നുഹിബ്ബാന്‍).
അത്താഴ വിധികള്‍
ഹദീസുകളെ ആധാരമാക്കി കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ രൂപപ്പെടുത്തിയ അത്താഴവിധികള്‍ ശ്രദ്ധിക്കുക. (1) അത്താഴം കഴിയുന്നത്ര പിന്തിക്കല്‍ സുന്നത്താകുന്നു. (2) ഒരു ഇറക്ക് വെള്ളമാണ് അത്താഴമെങ്കില്‍ തന്നെയും അടിസ്ഥാനപരമായ സുന്നത്ത് ഉറപ്പുവരുത്താവുന്നതാണ്. (3) അത്താഴത്തിനു കാരക്ക ഉപയോഗിക്കുന്നത് പ്രത്യേകം പുണ്യമുള്ളതാണ്. (4) അര്‍ധരാത്രിയോടെയാണ് അത്താഴത്തിന്റെ സമയം.(5) പ്രഭാതമായെന്ന സംശയത്തിലാണെങ്കില്‍ അത്താഴം ഒഴിവാക്കുന്നതാണ് നല്ലത്. അത്തരമൊരവസ്ഥ വരെ വൈകിച്ച്, അ ത്താഴം പിന്തിക്കുക എന്ന പുണ്യം സ്വായത്തമാക്കാന്‍ ശ്രമിക്കരുത്. (6) അത്താഴം ഒഴിവാക്കുന്നത് കുറ്റകരമല്ല. (7) മിതമായ നിലയില്‍ അമ്പതു ഖുര്‍ആന്‍ വാക്യം ഓതിത്തീര്‍ ക്കാനെടുക്കുന്ന സമയം സ്വുബ്ഹി ബാങ്കിന് മുമ്പ് അവശേഷിക്കുന്നതുവരെ അത്താഴം പിന്തിക്കുകയായിരുന്നു പൂര്‍വ്വികരുടെ ശൈലി.
(8) അത്താഴം സുന്നത്തായതിനുപിന്നില്‍ പ്രധാനമായി രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ഒന്ന്: വ്രതത്തിനു ശക്തിപകരുക. രണ്ട്: വേദക്കാരുടെ നോമ്പിന്റെ ശൈലിയില്‍ നിന്നുള്ളമാറ്റം. (9) അത്താഴം പിന്തിക്കുന്നത് സംബന്ധമായി പ്രമുഖ പണ്ഢിതനായ ഇബ്നു അബീജംറ(റ) പറയുന്നത് കാണുക: നബി(സ്വ) ഈ വിഷയത്തില്‍ സമുദായത്തിനു കൂടുതല്‍ ഗുണപ്രദവും ആയാസരഹിതവുമായ വ്യവസ്ഥയാണ് നിര്‍ണയിച്ചു തന്നിരിക്കുന്നത്. അത്താഴം വേണ്ടെന്നുവെച്ചാല്‍ അത് ജനങ്ങള്‍ക്കു വിഷമകരമാകും. എന്നാല്‍ പാതിരാത്രിയില്‍ തന്നെ വേണമെന്നാണെങ്കില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ഉറക്കിന്റെ ആധിക്യത്താല്‍ ചിലരുടെ സ്വുബ്ഹി നഷ്ടപ്പെടാന്‍ കാരണമാകും. ഉറക്കൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രശ്നമാണ്. ഇതെല്ലാം അറിഞ്ഞുതന്നെയാണ് അത്താഴം പിന്തിക്കല്‍ സുന്നത്താണെന്നത് നിയമമാക്കിയിരിക്കുന്നത്’.
‘അത്താഴത്തില്‍ ബറകതുണ്ട്.’ എന്ന് പറഞ്ഞത് പ്രതിഫലത്തെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ അത്താഴ സമയത്തെ എഴുന്നേല്‍പ്പും ഉണര്‍വ്വും പ്രാര്‍ഥനയും അര്‍ഥമാക്കിയാകാം. ദിക്റ് ദുആകള്‍ക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന സമയമാണല്ലോ അത്.
ജനാബത് പോലെയുള്ള വലിയ അശുദ്ധിയുള്ളവര്‍ ഫജ്റി(സ്വുബ്ഹി)ന്റെ മുമ്പ് കുളിക്കലും സുന്നതാണ്. നോമ്പിന്റെ ആദ്യം മുതല്‍ തന്നെ ശുദ്ധിയുള്ളവനാകുന്നതിനും വുള്വൂഅ് മുറിയു ന്ന ഭാഗത്തേക്ക് വെള്ളം ചേരാതിരിക്കുന്നതിനും വേണ്ടിയാണിത്.