• തലപ്പാവണിയൽ സുന്നത്തില്ലെന്നും അതിന്ന് വ്യക്തമായ തെളിവുകളില്ലെന്നും ചിലർ പറയുന്നു. ഇത് ശരിയാണോ?

ഉത്തരം:- ശരിയല്ല. നബി (സ) തലപ്പാവ് ധരിച്ചിരുന്നതായി ധാരാളം ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം , അബു ദാവൂദ്, നസാഈ, ഇബ്നു മാജ (റ ഹും) തുടങ്ങിയവർ ബഹു: അംറുബ്നു ഹുറൈസി (റ)ൽ നിന്ന് നിവേദനം. നബി (സ) ഖുതുബ നിർവ്വഹിക്കുമ്പോൾ കറുത്ത തല പ്പാവണിഞ്ഞിരുന്നു.” (അത്തൽഖീസുൽ ഹബീർ വാ:2, പേ:70)

ഈ ഹദീസ് ഇബ്നു സഅദ് (റ), ഇബ്നു അബീ ശൈബ (റ), അ ഹ്മദ്ബ്നു ഹമ്പൽ (റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം

സുയൂഥി (റ) പറഞ്ഞതിന് ശേഷം നബി (സ)യും ധാരാളം സ്വഹാബാ ക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ ഹദീസുകൾ കൊണ്ട് തെളിയിച്ചിട്ടുണ്ട്.(ഫതാവാ സുയൂഥി വാ:1, പേ:76,77,78)

ബഹു: അലി (റ) ന് നബി (സ) തലപ്പാവണിയിച്ച് കൊടുത്തുവെന്ന്
ഇബ്നു അബീ ശൈബ (റ)യും അബൂ ദാവൂദ്ത്ത്വയാലസി (റ)യും
ബൈഹഖി (റ)യും നിവേദനം ചെയ്തിട്ടുണ്ട്.

അബൂ ഉമാമ (റ)യിൽ നിന്ന് ഇമാം ത്വബ്റാനി (റ) നിവേദനം: “നബി (സ) തലപ്പാവണിയിച്ച് കൊടുത്തിട്ടല്ലാതെ ഒരാളെയും കാര്യകർത്താ വാക്കിനിയമിക്കാറുണ്ടായിരുന്നില്ല.”
(അൽ ജാമിഉസ്സഗീർ വാ:2, പേ:14)
ഇത്രയും ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട സുന്നത്താണ് തലപ്പാവണിയൽ എന്ന് വ്യക്തമാകുമ്പോൾ ഇത് വെറും അറേബ്യൻ ആചാരമാണെന്നും സുന്നത്തല്ലെന്നും പറയുന്നത് മൗഢ്യമാണ്. ഇനി ആചാരമാണെന്ന് സമ്മതിച്ചാൽ തന്നെ നബി (സ)യുടെയും സ്വഹാബത്തിന്റെയും ശേഷമുള്ള സദ്വൃത്തരുടെയും ആചാരങ്ങൾ തന്നെയാണല്ലോ പിന്തുടരാൻ ഏറ്റവും അർഹമായത്. മാത്രമല്ല, മുൻകാല അമ്പിയാക്കന്മാരുടെയും മുർസലുകളുടെയും ചര്യയായിരുന്നു തലപ്പാവണിയൽ. ജിബ്രീൽ (അ) തലപ്പാ വണിഞ്ഞായിരുന്നു ഇറങ്ങി വന്നിരുന്നതെന്ന് ഹദീസിൽ വന്നതു തന്നെ മതിയായ തെളിവാണ്. അതൊരു വിഭാഗത്തിന്റെ ആചാരമല്ലെന്നതിന് തെളിവാണ് അബ്ദുർറഹ്മാൻ (റ)ന്ന് നബി (സ) തലപ്പാവണിയിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞത്. “ഇപ്രകാരം തലപ്പാവണിയുക, അതാണറ്റവും ഭംഗിയുള്ളത്.” ഇത്രയും കാര്യങ്ങൾ

അത്താജുൽ ജാമിഇലിൽ ഉസൂൽ വാ:1, പേ:150ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഇത് കൊണ്ട് തന്നെ ബഹു: ഇബ്നു ഹജർ (റ) പറയുന്നു: “നിസ്കാ രത്തിനും ഭംഗിക്കും വേണ്ടി തലപ്പാവണിയൽ സുന്നത്താണ്. കാരണം ധാരാളം ഹദീസുകൾ കൊണ്ട് തെളിഞ്ഞതാണത്. നബി (സ) കറുത്ത തലപ്പാവണിഞ്ഞിരുന്നുവെന്നും ബദ്റിൽ മലക്കുകളിറങ്ങിയപ്പോൾ മഞ്ഞതലപ്പാവണിഞ്ഞിരുന്നുവെന്നും സ്വഹീഹായി വന്നിട്ടുണ്ടെങ്കിലും അത് സാധ്യതകൾക്ക് വിധേയമായ സംഭവങ്ങളാണ്. വെള്ള വസ്ത്രം ധരിക്കാൻ നബി (സ) കൽപ്പിച്ചതായി സ്വഹീഹായ ഹദീസിൽ വന്നത് കൊണ്ട് തലപ്പാവ് വെള്ളയായിരിക്കലാണ് ഏറ്റവും ഉത്തമമായത്” (തുഹ്ഫ വാ:3, പേ:36) നോക്കുക)