ഇസ് ലാമിനോട് കഠിന ശത്രുതയുള്ള അമുസ്ലിമിനോട് സലാം പറയൽ ഹറാമാണ്. മുസ് ലിങ്ങളുടെ കൂടെ അവനുമുണ്ടെങ്കിൽ മനസ്സുകൊണ്ടെങ്കിലും അവനെ ഒഴിവാക്കണം.
മലമൂത്ര വിസർജ്ജനം, സംയോഗം, ശൗചം, തീറ്റ, കുടി എന്നീപാഥമികാവശ്യങ്ങളിൽ മുഴുകിയവരോടു സലാം പറയൽ സുന്നത്തില്ല. തിന്നുന്നവന്റെ വായിൽ ഉരുളയിരിക്കുമ്പോഴാണു അങ്ങോട്ടു സലാം പറയൽ സുന്നത്തില്ലാത്തത്. ദുർന്നടപടിക്കാർക്കും സലാം ആശംസിക്കേണ്ടതില്ല. പരസ്യമായി ദുഷ്ചെയ്തിയിൽ ഏർപ്പെടുന്നവനും പശ്ചാതാപം ഉണ്ടാകാത്തിടത്തോളം മഹാപാപിക്കും നവീനവാദിക്കും -ബിദ്അത്ത് കാരണം അവൻ പാപിയാകുന്നില്ലെങ്കിൽ- സലാം പറയാതിരിക്കലാണു സുന്നത്ത്. പ്രശ്നഭീതിയോ മറ്റു കാരണങ്ങളോ (ഉദാ: ചിലവ് മുടക്കുക) ഉണ്ടാകുന്നപക്ഷം പറയാം. നിസ്കാരം, സുജൂദ്, വാങ്ക്, ഇഖാമത്ത്, ഖുതുബാ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കു സലാം ആശംസിക്കുകയോ അവർ സലാം മടക്കുകയോ ചെയ്യേണ്ടതില്ല. എന്നാൽ ഖത്വീബിന്റെ ഖുതുബ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ശ്രോതാവ് മറ്റൊരാളുടെ സലാം മടക്കൽ നിർബന്ധമാണ്.
പ്രാഥമിക കൃത്യങ്ങളിലും ശൗചത്തിലും സംയോഗത്തിലും ഏർപ്പെട്ടിരിക്കുന്നവർ സലാം മടക്കൽ കറാഹത്താണ്. എന്നാൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വായിൽ ഉരുളയുണ്ടെങ്കിൽ പോലും സലാംമടക്കൽ സുന്നത്തുണ്ട്. എന്നല്ല, ഒരു പിടി വിഴുങ്ങിയതിനു ശേഷം അടുത്ത പിടി വായിലിടുന്നതിനു മുമ്പുള്ള ഇടവേളയിൽ അയാളോടു സലാം പറയൽ സുന്നത്തും അയാളതു മടക്കൽ നിർബന്ധവുമാണ്. കുളിമുറിയിൽ ആയിരിക്കെയും തൽബിയത്തു ചൊല്ലുന്ന വേളയിലും വാക്യരൂപത്തിലും നിസ്കാരം, വാങ്ക്, ഇഖാമത്ത് എന്നിവയിൽ വ്യാപൃത നായിരിക്കുമ്പോൾ ആംഗ്യഭാഷയിലും സലാം മട ക്കലാണു സുന്നത്ത്. അന്നേരം ആംഗ്യരുപേണ മടക്കുന്നില്ലെങ്കിൽ നിസ്കാരം, വാങ്ക്, ഇഖാമത്ത് എന്നിവ കഴി ഞ്ഞ് തെല്ലുനേരത്തിനകം മടക്കിയാൽ മതി. മടക്കൽ, ഇവർക്ക് നിർബന്ധമില്ല.