ഇബ്നുൽജസ് രി (റ) നശ്ർ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. അല്ലാഹു (സു.ത) വിശുദ്ധ ഖുർആനിന്റെ സംരക്ഷണം നിലനിർത്തുന്നതിന് വിശിഷ്ടരായ അഇമ്മത്തുകളെ പ്രത്യേകം നിലനിർത്തിയിരിക്കുന്നു. തിരുനബി ( സ്വ ) യിൽ നിന്ന് കൃത്യമായി അവരതിനെ സ്വീകരിക്കുകയും മാറ്റങ്ങൾ ഏൽക്കാതെ പിൽക്കാലത്തിന് കൈമാറുന്നതിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്തു. തെറ്റിദ്ധാരണകളും സംശയങ്ങളും വരാത്ത വിധം അവരതിന്റെ സംരക്ഷണച്ചുമതല നിർവ്വഹിച്ചു. സകലരും പൂർണ്ണമായി മന:പാഠം ചെയ്തവരായിരുന്നില്ല. പ്രത്യുത അൽപ്പ ഭാഗം മാത്രം മന:പാഠം ചെയ്തവരും അക്കൂട്ടത്തിലുണ്ട്.
ബിഅർ മഊനയിൽ 70 ഖാരിഉകളായ സ്വഹാബികൾ വഫാത്തായി. ഈ കാര്യം സ്വഹീഹായി വന്നിട്ടുണ്ട്. യമാമ: ദിവസം 500 ഖാരിഉകളും രക്തസാക്ഷികളായി. മേൽ വിവരണത്തിൽ നിന്നും ആദ്യ കാലഘട്ടത്തിൽ തന്നെ ധാരാളം ഖുർആൻ പാരായണ വ്യുൽപ്പത്തി നേടിയ പണ്ഡിതന്മാരുണ്ടായിരുന്നു വെന്ന് വ്യക്തമായി. തിരുനബി (സ്വ ) യിൽ നിന്ന് നേരിട്ട് ഖുർആൻ സ്വീകരിച്ച പണ്ഡിതരായ സ്വഹാബികൾ ഉണ്ട് .
1. അബൂബക്കർ സ്വിദ്ദീഖ് (റ)
2. ഉമർബ്നുൽ ഖത്വാബ്(റ)
3. ഉസ്മാൻ ബ്നു അഫാൻ (റ)
4. അലിയ്യുബ്നു അബീത്വാലിബ് (റ)
5. ഉബയ്യ്ബ്നു കഅബ് (റ)
6. സൈദ്ബ്നു സാബിത്ത് (റ)
7. അബ്ദുള്ളാഹിബ്നു മസ്ഊദ് (റ)
8. അബൂദർദാഅ് ( റ )
9. അബൂ മൂസൽ അശ്അരി (റ)
ഈ പ്രമുഖർ ആ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്.
അബ്ദുല്ലാഹിബ്ന് അബ്ബാസ് (റ) , അബൂഹുറൈറ (റ) , അബ്ദുല്ലാഹിബ്നു സാഇബ് (റ) തുടങ്ങിയ പ്രമുഖർ സ്വഹാബികളിൽ നിന്ന് ഖിറാഅത്ത് സ്വീകരിച്ചവരാണ്.
ഇവർക്ക് ശേഷമാണ് താബി ഈ പ്രമുഖർ ഈ രംഗത്ത് കടന്ന് വരുന്നത്. ആ നിര ദൈർഘ്യമേറിയതാണ്.