ചിലയാളുകള്‍ ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് ഇഖാമത്തില്‍ കേട്ടാല്‍ നിസ്കാരത്തിന് വേണ്ടി എഴുന്നേല്ക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷമാണ് എഴുന്നേറ്റ് നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ എപ്പോഴാണ് നിസ്കാരത്തിനു വേണ്ടി എഴുന്നേല്‍ക്കേണ്ടത്?
ഇഖാമത്ത് പൂര്‍ണമായും കഴിഞ്ഞതിന് ശേഷം എഴുന്നേറ്റ് നില്‍ക്കലാണ് സുന്നത്ത്, മറിച്ച് ‘ഖദ്ഖാമതിസ്സ്വലാ’ എന്ന് കേള്‍ക്കുമ്പോഴല്ല. കാരണം നിസ്കാരത്തില്‍ പ്രവേശിക്കേണ്ടത് ഇഖാമത്ത് കഴിഞ്ഞ ശേഷമാണ്. അതിന്റെ മുമ്പ് അവന് ഇഖാമത്തിന് ജവാബ് (പ്രത്യുത്തരം) നല്‍കുകയാണ് വേണ്ടത്. എന്നാല്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരുന്നാല്‍ ഇമാമിന്റെ കൂടെ തക്ബീറതുല് ഇഹ്റാം ചെയ്യുന്നതിന്റെ ശ്രേഷ്ഠത (ഇമാം തക്ബീറതുല് ഇഹ്റാം കെട്ടിയ ഉടനെ തക്ബീറതുല് ഇഹ്റാം നിര്‍വഹിക്കുക) നഷ്ടപ്പെടുമെന്ന് ഒരാള്‍ ഭയന്നാല്‍, എപ്പോള്‍ എഴുന്നേറ്റാലാണ് അവന് തക്ബീറതുല് ഇഹ്റാം ഇമാമിന്റെ കൂടെ ലഭിക്കുക ആ സമയത്ത് എഴുന്നേല്ക്കലാണ് ഇങ്ങനെ അവര്‍ക്ക് ശ്രേഷ്ഠമായത്.
ഇബ്നു ഹജറുല്‍ ഹൈതമി(റ) പറയുന്നു: ഇമാമിനോട് തുടര്‍ന്ന് നിസ്കരിക്കാനുദ്ദേശിക്കുന്നയാള്ക്ക് മുഅദ്ദിന് ഇഖാമത്തില്‍ നിന്ന് പൂര്‍ണമായി വിരമിക്കുന്നത് വരെ എഴുന്നേല്ക്കല് സുന്നത്തില്ല. അതായത്, ഇഖാമത്ത് കൊടുക്കുമ്പോള്‍ ഇരിക്കുകയാണെങ്കില്‍ അയാള്‍ക്ക് ഇഖാമത്ത് പൂര്‍ണമായി കഴിയുന്നത് വരെ നില്ക്കല് സുന്നത്തില്ല. എന്നാല്‍ ഇരുന്ന് നിസ്കരിക്കാന്‍ ഉദ്ദേശിച്ച ഒരാള്‍, അദ്ദേഹം കിടക്കുന്ന അവസ്ഥയിലാണ് ഇഖാമത്ത് കൊടുത്തതെങ്കില്‍ ഇഖാമത്ത് കഴിയുന്നത് വരെ ഇരിക്കലും സുന്നത്തില്ല.
ഇഖാമത്ത് പൂര്‍ണമായും കഴിയുന്നതിന് മുമ്പ് എഴുന്നേറ്റ് നില്ക്കല് സുന്നത്തില്ല എന്ന് പറയാന്‍ കാരണം ഇഖാമത്ത് കഴിഞ്ഞാണ് നിസ്കാരത്തില്‍ പ്രവേശിക്കേണ്ട സമയമെന്നതു കൊണ്ടാണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്ത് അതിന് ജവാബ് നല്‍കുകയാണ് വേണ്ടത്. സാവധാനം മാത്രം എഴുന്നേല്ക്കാന് കഴിയുന്ന ഒരാള്‍ ഇഖാമത്ത് കഴിയുന്നത് വരെ കാത്തുനിന്നാല്‍ ഇമാമിനോടൊപ്പമുള്ള തക്ബീറതുല് ഇഹ്റാമിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുമെന്നു കണ്ടാല്‍ എപ്പോള്‍ എഴുന്നേറ്റാലാണോ തക്ബീറതുല് ഇഹ്റാം ഇമാമിനോടൊപ്പം ലഭിക്കുക ആ സമയത്താണ് നില്‍ക്കേണ്ടത്.
ഇഖാമത്തിന്റെ സുന്നത്തുകളില്‍ കഴിവുള്ളവര്‍ നില്ക്കുക എന്ന് കാണാം. അത്കൊണ്ട് തന്നെ ഇഖാമത്ത് കൊടുക്കുന്നയാള്‍ അതിന്റെ മുമ്പ് തന്നെ എഴുന്നേല്ക്കല് സുന്നത്താണ്. ഇഖാമത്ത് കൊടുക്കുന്ന സമയത്തോ ഇഖാമത്ത് കൊടുക്കാനടുത്ത സമയത്തോ പ്രവേശിച്ചയാള്‍ക്ക് നിര്‍ത്തത്തില്‍ തുടരല്‍ തന്നെയാണ് നല്ലത്. കാരണം നിസ്കാരം നിര്‍വഹിക്കാതെ ഇരിക്കലും ആ സമയത്ത് സുന്നത്ത് നിസ്കരിക്കലും കറാഹത്താണല്ലോ. ഒരാള്‍ ഇഖാമത്ത് കൊടുക്കുന്ന വേളയില്‍ നില്ക്കുകയാണെങ്കില് അയാള്‍ക്ക് ഇരുന്ന് എഴുന്നേല്ക്കല് സുന്നത്തില്ല. അവന് പൂര്‍ണമായും ഇഖാമത്തിന് ജവാബ് നല്കുകയാണു വേണ്ടത്. അപ്പോള്‍ അവന് ഇരുത്തത്തിലുള്ളയാള് എഴുന്നേല്‍ക്കുന്നത് പോലെതന്നെയാണ് (തുഹ്ഫതുല്‍ മുഹ്താജ്: 2/350).
ഇമാം ശര്‍വാനി(റ) പറയുന്നു: മഅ്മൂം ദൂരത്താവുകയും അവന് ഒന്നാമത്തെ സ്വഫ് ഉദ്ദേശിക്കുകയും ചെയ്യുക. അവന് ഇഖാമത്ത് കഴിയുന്നത് വരെ പ്രതീക്ഷിച്ചു നിന്നാല്‍ ഇഖാമത്തിന് ശേഷം നിസ്കരിക്കുന്ന സ്ഥലത്തേക്ക് പോയാല്‍ അവന് തക്ബീറതുല് ഇഹ്റാം ഇമാമിനോടൊപ്പമാകുന്നതിന്റെ ശ്രേഷ്ഠത നഷ്ടപ്പെടും. ഇങ്ങനെയുള്ള ഒരാള്‍ക്കും സാവധാനം മാത്രം എഴുന്നേല്ക്കാന് പറ്റുന്നവരുടെ വിധിതന്നെയാണ് (ഹാശിയതുശ്ശര്‍വാനി: 2/350)